ADVERTISEMENT

പുതിയ പുസ്തകവുമായി പിറന്നാൾ ആഘോഷിച്ച് പ്രശസ്ത എഴുത്തുകാരി സുധാ മൂർത്തി. 70–ാം ജൻമദിനത്തിലാണ് കന്നഡ, ഇംഗ്ലിഷ് എഴുത്തുകാരി സുധാ മൂർത്തി പുതിയ പുസ്തകം പ്രഖ്യാപിച്ചത്. 20 കഥകളുടെ സമാഹാരത്തിന്റെ പേര് ഗ്രാൻഡ് പേരന്റ്സ് ബാഗ് ഓഫ് സ്റ്റോറീസ്. ഇതിനു മുൻപു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ തുടർച്ചയാണ് പുതിയ പുസ്തകം. ഗ്രാൻഡ്മാസ് ബാഗ് ഓഫ് സ്റ്റോറീസ് ആയിരുന്നു ഇതിനു മുൻപ് സുധാ മൂർത്തി പുറത്തിറക്കിയത്. പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പ്രസാധകർ. ബുധനാഴ്ച പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് പുസ്തകത്തിന്റെ വിശദ വിവരങ്ങളും മുഖചിത്രവും പുറത്തിറക്കിയത്. പുസ്തകം വായിക്കാൻ അടുത്ത നവംബർ വരെ കാത്തിരിക്കേണ്ടിവരും. 

 

നോവൽ, യാത്രാവിവരണം, സാങ്കേതിക വിജ്‍ഞാനം, കഥകൾ, ലേഖനങ്ങൾ എന്നീ വിഭാഗങ്ങളിൽ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് സുധാ മൂർത്തി. കുട്ടികൾക്കുള്ള പുസ്തകങ്ങളും ഒട്ടേറെ എഴുതിയിട്ടുള്ള സൂധാ മൂർത്തിക്ക് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇൻഫോസിസ് സഹ സ്ഥാപകൻ എൻ. ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപഴ്സനുമാണ് എൻജിനീയറിങ് കോളജിൽ അധ്യാപികയായിരുന്ന സുധാ മൂർത്തി. പത്മശ്രീ പുരസ്കാരവും നേടിയിട്ടുണ്ട്. 

 

ഈ ലോക്ഡൗൺ കാലത്ത് ഞാൻ കുട്ടികളെക്കുറിച്ചാണ് ചിന്തിച്ചത്. 10–12 വയസ്സുള്ള ഒരു കുട്ടിയായിരുന്നു ഞാൻ എങ്കിൽ എത്ര വിരസമായിരുന്നേനേം എന്റെ ജീവിതം. വിരസത ഒഴിവാക്കാൻ ഞാൻ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടിൽ പോകുമായിരുന്നു. അവരോടപ്പമിരുന്ന് അവരുടെ കഥകൾ കേൾക്കും. സഹജീവികളെ സഹായിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കും. അങ്ങനെ ഞാൻ ചിന്തിച്ചു: ഒരു കുട്ടിയായി എന്നെത്തന്നെ സങ്കൽപിച്ച്. അങ്ങനെ ഞാൻ കൽപിച്ചുകൂട്ടിയ കഥകളാണ് പുതിയ സമാഹാരം. അവ വായിക്കാൻ ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു: സുധാ മൂർത്തി പുതിയ പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു. 

 

മുത്തച്ഛനും മുത്തശ്ശിയും കഥ പറയുന്ന രീതിയിലാണ് പുസ്തകം. രാജാക്കൻമാരുണ്ട്. കാടും വന്യമൃഗങ്ങളുമുണ്ട്. എന്നാൽ വെറും തമാശ കഥകൾ മാത്രമല്ല. ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങൾ ഓരോ കഥയിലുമുണ്ട്. 

 

ലോക്ഡൗൺ കാലത്താണ് സുധാ മൂർത്തി ഈ കഥകൾ എഴുതിയത്. ഈ കഠിനകാലത്തും കഥകളുടെ മനസ്സ് കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരിയെ ആദരിച്ചേ പറ്റൂ. വായനക്കാരുടെ ഹൃദയം നിറയ്ക്കുന്ന കഥകളാണ് ഇവ. ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നവ. ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്നവ. ഭാവനയുടെ ചിറക് വിടർത്താൻ സഹായിക്കുന്നവ. കഥകളല്ലാതെ ഈ കാലത്ത് മറ്റന്താണ് നമുക്ക് സാന്ത്വനം നൽകുക ? ഈ സമാഹാരത്തോടുള്ള വായനക്കാരുടെ പ്രതികരണത്തിനായി ഞാൻ കാത്തിരികുന്നു– പെൻഗ്വിൻ റാൻഡം ഹൗസ് കുട്ടികളുടെ വിഭാഗത്തിലെ സോഹിനി മിത്ര പറയുന്നു. 

 

English Summary: Author Sudha Murty announces new collection of stories on 70th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com