ADVERTISEMENT

ഒരു കവി എങ്ങനെയാകണം? മാമുനിമാരെ വിട്ടുകളയുക. അവർ പലതും പറയും. അങ്ങനെയല്ലാതെ പച്ചജീവിതത്തിൽ ഒരു കവി എങ്ങനെയായിരിക്കണം? ഇതിനെപ്പറ്റി ചിന്തിക്കാം. കവിത എഴുതിത്തുടങ്ങിയ കലാലയനാളുകളിൽ ഞങ്ങളുടെ മനസ്സിൽ ഇതു സംബന്ധിച്ച കൃത്യമായ ധാരണ ഉണ്ടായിരുന്നു. 

 

 

കവിയാകുന്നെങ്കിൽ  ബാലചന്ദ്രൻ ചുള്ളിക്കാടിനെപ്പോലെ ! അത്രയും ഉത്തമമായ ഒരു കവിമാതൃക ചുള്ളിക്കാട് ഞങ്ങളുടെ ഹൃദയങ്ങളിൽ നിർമിച്ചുതന്നു. അതുപ്രകാരം യഥാർഥകവി കവിതകൾ എഴുതിയാൽ പോരാ. അയാൾ വിപ്ലവകാരിയും സാഹസികനും നിഷേധിയും ആയിരിക്കണം. ഘനഗംഭീര ശബ്ദം ഉണ്ടായിരിക്കണം. വിശ്വവിഖ്യാത സാഹിത്യകാരന്മാരുടെ ഉദ്ധരണികൾ തുരുതുരേ ഉതിർക്കാൻ കഴിയണം. കന്യകമാരുടെ ഹൃദയം കവരാൻ പറ്റുന്ന തരത്തിൽ കാൽപനിക പ്രതിച്ഛായ വേണം. ഇതുകൂടാതെ ഏതു മദ്യവും ഒരു തുള്ളി വെള്ളംപോലും ചേർക്കാതെ ഒറ്റ വലിക്കു കുടിക്കാൻ പറ്റണം. സ്വാമി പുകയ്ക്കണം. ഈ യോഗ്യതകൾ ഒത്തു വന്നില്ലെങ്കിൽ മലയാള കവിയാകാൻ ബുദ്ധിമുട്ടാണ്! ഞങ്ങൾ കലാലയ കുരുന്നുകൾ അങ്ങനെ ഉറച്ചു വിശ്വസിച്ചു.

 

 

എസ്ഡി കോളജിലെ പഠനം പൂർത്തിയാക്കി മഹാരാജാസിൽ ചേർന്ന ശേഷവും മേൽപറഞ്ഞ വിശ്വാസം ഇളകിയില്ല. അങ്ങനെ ജീവിച്ചുപോകേ, ഒരുച്ചനേരം വരാന്തയിലൂടെ ഒരു ചെറുപ്പക്കാരൻ നീങ്ങുന്നതു കണ്ടു. വളവിൽ തിരിഞ്ഞപ്പോൾ മുഖം തെളിഞ്ഞു കണ്ടു, ബാലചന്ദ്രൻ ചുള്ളിക്കാട് ! അതേ നിൽപ്പിൽ നിന്നുപോയി. അപ്പോൾ ‘ആനത്തലയൻ’ പറഞ്ഞു, ‘‘അയാൾ ഇവിടെ എപ്പഴും വരും. മലയാളത്തിൽ ചെന്നാൽ കാണാം’’. ചുള്ളിക്കാട് പടിയിറങ്ങുന്നതുംനോക്കി ഞാൻ ഗോവണിയുടെ താഴെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം താഴേക്കു വന്നു. ഞാൻ താണു തൊഴുതു. കണ്ണുകളിൽ കനിവ് ഒരു തരിയെങ്കിലും ഉണ്ടായിരുന്നില്ല. നാട്ടുഭാഷയിൽ പറഞ്ഞാൽ, പൃഷ്ഠം കൊണ്ടുപോലും നോക്കിയില്ല! വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹവുമായി പരിചയം ഉണ്ടായി. അതങ്ങു പതിയേ വളർന്നു. ‘ഒപ്പം’ സിനിമയ്ക്കുവേണ്ടി ഞാനെഴുതിയ ‘എനിക്കു നേരേ എടുത്തു ചൂണ്ടിയ കറുത്ത വിരലുകളേ’ എന്നു തുടങ്ങുന്ന കവിത ചുള്ളിക്കാട് അതിഗംഭീരമായി അവതരിപ്പിച്ചപ്പോൾ ഞാനും സ്റ്റുഡിയോയിൽ ഇരുപ്പുണ്ടായിരുന്നു.

 

ഒരിക്കൽ മഹാരാജാസിലെ മെയിൻ ഹാളിൽ നടന്ന കവിയരങ്ങിൽ ചുള്ളിക്കാട് കവിത അവതരിപ്പിക്കുന്നതും കണ്ടു. കവിയരങ്ങ് തുടങ്ങി കുറേനേരം കഴിഞ്ഞാണ് അദ്ദേഹം വന്നത്. വാതിലിലൂടെയല്ല, വേദിയുടെ പുറകിലെ വലിയ ജനാലവഴി ചാടിക്കയറി വരികയായിരുന്നു. ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് കെടുത്താതെതന്നെ അദ്ദേഹം ഒന്നാമത്തെ നിരയിൽ കാലുകൾ നീട്ടി വച്ചിരുന്നു, പുക ശ്രോതാക്കളുടെ നേരേ ഊതിവിട്ടു. ഈ സമയം ജോസ് വെമ്മേലി ‘കോണകം’ എന്ന കവിത ചൊല്ലുകയായിരുന്നു. ഞാൻ കേട്ടില്ല, ഹാളിലെ മറ്റു വിദ്യാർഥികളെപ്പോലെ ഞാനും ചുള്ളിക്കാടിനെ വീരാരാധനയോടെ നോക്കിക്കൊണ്ടിരുന്നു. 

 

 

മഹാരാജാസിൽനിന്നു മാറ്റംവാങ്ങി കുസാറ്റിൽ ചേർന്നപ്പോൾ അവിടുത്തെ എന്റെ ഗുരുനാഥൻ യശഃശരീരനായ ഷണ്മുഖൻ പുലാപ്പറ്റ സാറുമായി ചുള്ളിക്കാടിനു വളരെ അടുത്ത ബന്ധം ഉണ്ടെന്ന കാര്യം മനസ്സിലായി. അതിലൂടെ ചുള്ളിക്കാടുമായി ക്ലേശിച്ചാണെങ്കിലും ഒരു കുഞ്ഞുബന്ധം ഉണ്ടാക്കിയെടുത്തു. അതിൽപിന്നെ അദ്ദേഹം താമസിച്ചിരുന്ന കലൂരിലെ ജേണലിസ്റ്റ് കോളനിയിൽ പോയി വല്ലപ്പോഴും കാണും. അൽപസ്വൽപം സംസാരിക്കും. വിജയലക്ഷ്മി അക്കയും അവിടെ ഉണ്ടാകും. “ഇതാരാ ?” എന്നവർ ചോദിക്കുമ്പോൾ ചുള്ളിക്കാട് പറയും, ‘‘നമ്മടെ ഒരു പയ്യൻ’’. അന്നൊക്കെ അതൊരു വലിയ ബഹുമതിയായിരുന്നു.

 

 

കുസാറ്റിൽ പഠിക്കുമ്പോൾ കെ.ടി. ബാലഭാസ്കരൻ, പോൾ വി. ജോൺ, അരുൺകുമാർ എന്നീ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ലിറ്റിൽ മാഗസിൻ പ്രസിദ്ധീകരിച്ചു, ‘അയനം’. ഒരു രൂപ വില. അഞ്ചാറു ലക്കങ്ങളേ നീണ്ടുനിന്നുള്ളൂ. ചില വിവാദങ്ങൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പൂട്ടിക്കെട്ടി. അതിന്റെ അച്ചടി പഴയ കളമശ്ശേരിയിൽ, റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള ലെറ്റർ പ്രസ്സിലായിരുന്നു. മൂലയിൽ ഇട്ടിരുന്ന കാലിളക്കമുള്ള കസേര മുഖ്യപത്രാധിപരുടെ സിംഹാസനവും. ആദ്യലക്കം പ്രകാശനം ചെയ്യാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിക്കാൻ തീരുമാനിച്ചു. ചെന്നു കണ്ടു. ഒരു എതിർപ്പുമില്ലാതെ സമ്മതിച്ചു. 

 

 

പ്രകാശനദിവസം ക്യാംപസിലെ ഒരു കൂട്ടുകാരൻ സ്കൂട്ടർ എടുത്തുപോയി, അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നു. കാർ വിട്ടുകൊടുക്കാനുള്ള നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല. ചുള്ളിക്കാട് എത്തിക്കഴിഞ്ഞിട്ടും മാഗസിൻ എത്തിയിട്ടില്ല. ഞാൻ ഓടിച്ചെന്നപ്പോൾ ‘ആശാനെ’ന്നു ഞാൻ വിളിക്കാറുള്ള പ്രസ്സുടമ സണ്ണി തിരക്കിട്ട ജോലിയിലാണ്. ഏതോ രാഷ്ട്രീയകക്ഷിയുടെ വിശദീകരണം അച്ചടിക്കുന്നു. “ആശാനേ, നമ്മടെ മാഗസിൻ എവിടെ ?” ഞാൻ പരിഭ്രമത്തോടെ ചോദിച്ചു. “നാളത്തേക്കല്ലേ, ശരിയാക്കാം”. ആശാൻ നിസ്സാരമായി പറഞ്ഞുകളഞ്ഞു. എന്റെ നല്ല ജീവൻ പോയി. പ്രകാശനം ചെയ്യാൻ തയ്യാറായി യുവകവി ബാലചന്ദ്രൻ ചുള്ളിക്കാട് കാത്തിരിക്കുകയാണ്. എന്തു ചെയ്യും? 

 

 

ഇതുപോലത്തെ പല പ്രതിസന്ധി ഘട്ടങ്ങളിലും പ്രയോഗിച്ചിട്ടുള്ള ഒരു തറവേല ആശാൻ ഉപദേശിച്ചു. മറ്റു മാർഗങ്ങളില്ലാതെ, മാഗസിന്റെ പുറംകവറും അപ്പോൾ അച്ചടിച്ചുകൊണ്ടിരുന്ന, മഷിയുണങ്ങാത്ത നോട്ടിസി ലെ അഞ്ചാറെണ്ണവും കയ്യിലെടുത്തുകൊണ്ട് ഞാൻ ഹിന്ദി വിഭാഗത്തിലേക്കു കുതിച്ചു. അവിടെയായിരുന്നു പരിപാടി. വന്നതേ ചുള്ളിക്കാടിനെ മാറ്റിനിർത്തി ഞാൻ കരയുന്നതുപോലെ പറഞ്ഞു, “ബാലേട്ടാ, പ്രസ്സുകാരൻ വഞ്ചിച്ചു!”. ഞാൻ കയ്യിലിരുന്ന കടലാസുപൊതി ചുള്ളിക്കാടിനെ കാണിച്ചു. “ചേട്ടൻ ഇതിനെ ഇങ്ങനെതന്നെ എടുത്തു പ്രകാശനം ചെയ്യണം. ഒരു കാരണവശാലും തുറക്കരുത്, കുഴപ്പമാകും”. ‘ഇതൊക്കെ എത്ര കണ്ടതാ’ എന്ന മട്ടിൽ ചുള്ളിക്കാട് ധൈര്യം തന്നു, “വാടാ, നീ പരിപാടി തൊടങ്ങ്’’. തുടങ്ങി. നിറഞ്ഞ കയ്യടികൾക്കു നടുവിൽ ചുള്ളിക്കാട് ‘അയനം’ പ്രകാശിപ്പിച്ചു. സ്വന്തം അനുഭവങ്ങളും കലർത്തി ലിറ്റിൽ മാഗസിനുകളെപ്പറ്റി ഗംഭീരമായി പ്രസംഗിച്ചു. ‘പോകൂ പ്രിയപ്പെട്ട പക്ഷി’യും ചൊല്ലി. പരിപാടി മൊത്തത്തിൽ അടിപൊളിയായി.

 

മടങ്ങിപ്പോകാൻ നേരം അദ്ദേഹത്തിനു ഞാൻ അമ്പതു രൂപ കൊടുത്തു. ഒന്നും പറഞ്ഞില്ല. അപ്പോൾ ഷണ്മുഖൻ സാർ വികാരഭരിതനായി. “നോക്കടാ, സാഹിത്യ അക്കാദമിയുടെ അവാർഡ് പോലും ഉപേക്ഷിച്ച കവിയാണ്. ‘സംസ്‌കൃതി പ്രതിഷ്ഠാൻ’ കൊടുത്ത ഇരുപത്തയ്യായിയിരം രൂപ പുല്ലുപോലെ വേണ്ടെന്നുവച്ച മനുഷ്യനാണ്, നിന്റെയൊക്കെ പിച്ചക്കാശ് സന്തോഷത്തോടെ സ്വീകരിക്കുന്നത്! കവിത ഇയാൾക്ക് കാശുണ്ടാക്കാൻ ഉള്ളതല്ല. ഇതാണെടാ കവി, യഥാർഥകവി”. ഷണ്മുഖൻ സാർ നല്ല ആവേശത്തിലായിരുന്നു. അദ്ദേഹം പറഞ്ഞ വരികളിൽനിന്നും ഒരു കവിലക്ഷണം കൂടി ഞാൻ കണ്ടെടുത്തു. എന്നു മാത്രവുമല്ല ‘കൊണ്ടുവിടാൻ ഓട്ടോ ഏർപ്പാടാക്കട്ടേ ബാലേട്ടാ’ എന്നു ചോദിച്ചതിനു തന്ന മറുപടിയിലൂടെ അതിനെ ചുള്ളിക്കാട് പിന്നെയും വികസിപ്പിച്ചു, ആ മറുപടി ഇതായിരുന്നു, “ഓട്ടോ ഒന്നും വേണ്ടടാ, ആ ചെറുക്കനെ വിളിക്ക്. സ്കൂട്ടർ മതി.’’

 

ബാലചന്ദ്രൻ ചുള്ളിക്കാട് പോയി. ഞാൻ ഹാളിലേക്കു മടങ്ങി. ഒഴിഞ്ഞുകിടന്ന കസേരകൾ കണ്ടപ്പോൾ ചുമ്മാ ഒരാവേശം തോന്നി. പ്രസംഗപീഠത്തിൽ ചെന്നു നിന്നു. ഹാൾ നിറഞ്ഞു കവിഞ്ഞതായി അങ്ങു സങ്കൽപിച്ചു, പിന്നെ ചുള്ളിക്കാടിനെ അനുകരിച്ചുകൊണ്ട് തൊണ്ടകീറുമാറ് പ്രസംഗം തുടങ്ങി. ‘പാപശാപങ്ങൾ കടുമഞ്ഞൾക്കളം വരച്ചാടി ഇരുളാണ്ടൊരെൻ കർമപഥങ്ങൾ’ എന്നിങ്ങനെ നാലഞ്ചു വരി കവിതയും അലറിച്ചൊല്ലി. പരിസരബോധം വന്നപ്പോൾ വാതിൽക്കൽ എന്റെ കോപ്രായങ്ങൾ നോക്കി അന്തിച്ചുനിൽക്കുന്ന പ്യൂൺ വർഗീസു ചേട്ടനെ കണ്ടു. 

 

 

അകത്തുള്ളതെല്ലാം പുറത്തായതുപോലെ തോന്നി! ചേട്ടൻ പറഞ്ഞു, ‘എടോ, താനിങ്ങനെ  ഇരുട്ടത്തുകെടന്ന് വല്ലോരേംപോലെ കൊരച്ചു കൂട്ടീട്ട് എന്തോ കാര്യം? ആരും കാണിക്കാത്തതോ ചെയ്യാത്തതോ വല്ലോം കയ്യിലൊണ്ടോ, എങ്കി എടുക്ക്. അപ്പോ ആളുകള് നോക്കും. ഇല്ലെങ്കി ഇപ്പണിക്ക് നിക്കല്ല് !’ എന്നെ ബലത്തിൽ പിടിച്ചു പുറത്താക്കി, ഹാളും പൂട്ടി സൈക്കിളിൽ കയറി, പ്യൂൺ മണവാളൻ വർഗീസ് പോയി. പക്ഷേ അയാളുടെ കയ്യിലിരുന്ന താക്കോൽക്കൂട്ടം എന്റെ എഴുത്തുമുറിയിൽ ഇപ്പോഴും കിലുങ്ങിക്കൊണ്ടിരിക്കുന്നു.

 

(ലേഖകൻ ചലച്ചിത്രഗാന രചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിലെ പ്രഫസറുമാണ്.)

 

English Summary : Dr Madhu Vasudevan Talks About Balachandran Chullikad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com