ADVERTISEMENT

കോവിഡ് മഹാമാരിയില്‍ ലോകം നടുങ്ങിവിറച്ചിരിക്കെ, ന്യൂസിലന്‍ഡില്‍ അത്യപൂര്‍വമായ ഒരു കൂട്ടക്കൊലയ്ക്ക് അരങ്ങൊരുങ്ങുന്നു. വ്യക്തികളുടെയല്ല, ലക്ഷക്കണക്കിനു പുസ്തകങ്ങളുടെ കൂട്ടക്കൊലയിലേക്കാണ് ന്യൂസിലന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണ്‍ നീങ്ങുന്നത്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ വേഗം ഇടപെട്ടില്ലെങ്കില്‍, ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാത്ത അമൂല്യമായ നിധിയായിരിക്കും ന്യൂസിലന്‍ഡിനു നഷ്ടപ്പെടാന്‍പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു പുസ്തക പ്രേമികളും എഴുത്തുകാരും. 

 

വെല്ലിങ്ടണിലെ നാഷണല്‍ ലൈബ്രറി ലോകത്തെ ഏറ്റവും മികച്ച വായനശാലകളിലൊന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അപൂര്‍വ പുസ്തകങ്ങളുടെ പോലും കോപ്പികള്‍ ലഭ്യമായ സ്ഥലം. ലക്ഷക്കണക്കിനു പുസ്തകങ്ങളില്‍ 2,200 എണ്ണം പ്രശസ്ത പുസ്തകങ്ങളുടെ ആദ്യ കോപ്പികള്‍ പോലുമാണ്. ദശകങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഈ പുസ്തകങ്ങളെങ്കിലും ഇനി കഥ മാറുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 6 ലക്ഷത്തിലധികം  പുസ്തകങ്ങള്‍ നാഷണല്‍ ലൈബ്രറി കയ്യൊഴിയാന്‍ പോകുന്നു. ന്യൂസിലന്‍ഡിനെക്കുറിച്ചുള്ള പുസ്തകങ്ങളായിരിക്കും പകരം നിറയ്ക്കാന്‍ പോകുന്നത്. 

 

പ്രശസ്ത ഇംഗ്ലിഷ് എഴുത്തുകാരി ജെയ്ന്‍ ഓസ്റ്റിന്റെ സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി, ഗ്രഹാം ഗ്രീനിന്റെ പവര്‍ ആന്‍ഡ് ഗ്ലോറി ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുടെ ആദ്യ കോപ്പികകളും ഈ ആറു ലക്ഷത്തില്‍ ഉള്‍പ്പെടുന്നു.

 

ഓരോ വര്‍ഷവും ന്യൂസിലന്‍ഡിനെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവയെല്ലാം ഇടം കിട്ടാതെ നാഷണല്‍ ലൈബ്രറിക്കു പുറത്ത് കാത്തുകിടക്കുകയാണത്രേ. ഇവയ്ക്ക് ഇടം കണ്ടെത്താനാണ് വിദേശ പുസ്തകങ്ങള്‍ അവയുടെ മൂല്യം നോക്കാതെ ലൈബ്രറി ഒഴിവാക്കുന്നത്. പുസ്തകങ്ങള്‍ നശിപ്പിക്കില്ലെന്നും രാജ്യത്തോ മറ്റു രാജ്യങ്ങളിലോ ഉള്ള ലൈബ്രറികള്‍ക്ക് അവ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രതിധേഷം വ്യാപകമായതോടെ നാഷണല്‍ ലൈബ്രറി അധികൃതര്‍ പറയുന്നു. എന്നാല്‍ പുസ്തകങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ പറയുന്നത് കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന കൂട്ടക്കൊലയാണ് ഇതെന്നാണ്. 

 

ന്യൂസിലന്‍ഡിനെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും ലോകത്തെ മറ്റൊരു ലൈബ്രറിയും സമാഹരിക്കില്ലെന്നും അവ തങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. 

 

ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ലൈബ്രറിയില്‍ നിന്ന് ഒഴിവാക്കുന്ന പുസ്തകങ്ങളുടെ പേര് കേട്ടപ്പോള്‍ കരയാനല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ലായിരുന്നു- പുസ്തക പ്രേമിയായ മൈക്കല്‍ പ്രിംഗിളിന്റെ വാക്കുകളിലുള്ളത് ആയിരക്കണക്കിനുപേരുടെ ഹൃദയവികാരം. 

 

English Summary: New Zealand's National library cull of 600000 books could be a disaster for researchers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com