ADVERTISEMENT

ഒരു വണ്ടിക്കവികളുമായവരെത്തി 

ഇവിടെത്തി 

ഇവിടെത്തീ... 

എന്ന് കവി കൂട്ടായ്മയെ പരിഹസിച്ചത് ഒരു കവി തന്നെയാണ്. മലയാളത്തിലെ ലക്ഷണമൊത്ത ഒരു കവി. കാല്‍പനികതയുടെ മോഹനിദ്രയില്‍ നിന്ന് ആധുനികതയുടെ വന്യ  തീക്ഷ്ണതയിലേക്ക്  മലയാളത്തെ വിളിച്ചുണര്‍ത്തിയ കവി. 

 

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി- 

പ്പിറകെ വരൊല്ലെ, വരൊല്ലെ !

അവസാനമവസാന യാത്ര പറഞ്ഞു നീ-

യിനിയും വരൊല്ലെ വരൊല്ലെ ! 

 

എന്നെഴുതിയയും അദ്ദേഹം തന്നെ. 

 

കവിതയുടെ ‘ ചിരകാലവിരഹത്തിരുനാള്‍’  അനുഭവിക്കുന്ന മലയാളം 

‘ഉലയാത്ത മാമരം’ പോലെയും ‘ പുതുമോഹയാമം’ പോലെയും 

‘ നവപുഷ്പ രാഗാര്‍ദ്ര സുസ്മേര’ മായും ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന മരണമില്ലാത്ത കവി അയ്യപ്പപ്പണിക്കര്‍. 

 

വേദനയുടെ നാളുകളില്‍ വയ്യപ്പപ്പണിക്കര്‍ എന്നു തന്നെത്തന്നെ പരിഹസിച്ച കവിയുടെ നവതിയാണിന്ന്. ഇന്നത്തെയും എന്നത്തെയും പകലുകളിലും രാത്രികളിലും കവിതയെ സ്നേഹിക്കുന്നവരുടെ കാതുകളില്‍  മുഴങ്ങുന്നുണ്ട് കുരുക്ഷേത്ര യുദ്ധത്തിന്റെ പടഹധ്വനിയോടെ അലയടിച്ചെത്തിയ അയ്യപ്പപ്പണിക്കര്‍ കവിതകള്‍. 

 

1960-ലാണ് കുരുക്ഷേത്രം പ്രസിദ്ധീകരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി മലയാളത്തിലെ ഒരു മുന്‍നിര സ്ഥാപനത്തിന് കവി അയച്ചുകൊടുത്തത്. പ്രസിദ്ധ കവിയും പണ്ഡിതനും എഡിറ്ററുമായ എന്‍.വി.കൃഷ്ണവാര്യര്‍ നിഷ്കരുണം തിരസ്കരിച്ച കവിത. പിന്നീട് ദേശബന്ധു എന്ന ചെറിയ പ്രസിദ്ധീകരണത്തിലൂടെ വെളിച്ചം കണ്ട കുരുക്ഷേത്രമാണ് മലയാള കവിതയെ ആധുനികതയിലേക്ക് കൈ പിടിച്ചാനയിച്ചത്. 1924 ല്‍ വേസ്റ്റ്ലാന്‍ഡ് എന്ന കവിതയിലൂടെ ടി.എസ്.എലിയറ്റ്  ഇംഗ്ലിഷ് കവിതയില്‍ വരുത്തിയ അതേ മാറ്റത്തിന്റെ മാറ്റൊലി. 

 

കണ്ണു കണ്ണീര്‍ കുടിക്കുന്നു; വേവും 

ചെന്നിണം കുടിക്കുന്നു സിരകള്‍. 

മജ്ജ വീണ്ടും നുണഞ്ഞിറക്കുന്നി- 

തസ്ഥിമാടം തൊലി കരളുന്നു... 

ഞെട്ടിയുണരാന്‍ വിളഞ്ഞു കിടപ്പൂ 

തൊട്ടിലില്‍ താനേ ശയിക്കും ശവങ്ങള്‍. 

അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു നവ ഭാവുകത്വത്തിന്റെ ചെന്നിണമായി ഒരു തലമുറയുടെ സിരകളില്‍ പടര്‍ന്നൊഴുകിയ, വീര്യമുള്ള വരികള്‍. 

 

മലയാളം ഏറ്റവും കൂടൂതല്‍ ഏറ്റുപാടിയ രണ്ടു കവിതകളിലൊന്നും 

അയ്യപ്പണിക്കരുടേതു തന്നെ. കടമ്മനിട്ടയുടെ കുറത്തിക്കൊപ്പം ഇന്നും വാക്കുകളുടെ ആലക്തിക ആഘാതം അനുഭവിപ്പിക്കുന്ന പകലുകള്‍ രാത്രികള്‍. 

 

ഒരു സെപ്റ്റംബര്‍ 4-നാണ് പകലുകള്‍ രാത്രികള്‍ തുടങ്ങുന്നത്. 

മനസ്സൊരു പാഴ്‍വേലയാണ് 

ചിന്ത ഒരു തന്ത്രവും 

എന്ന വരികളുമായി. 

ഒക്ടോബര്‍ 10 -15 എന്ന തീയതിയിട്ട് പണിക്കര്‍ എഴുതിയ വരികള്‍ 

ഒരു തലമുറ ഏറ്റുവാങ്ങിയത് ഹൃദയത്തിലേക്ക്. 

 

അറിയുന്നു ഞാനിന്നു 

നിന്റെ വിഷമൂര്‍ഛയില്‍ 

പിടയുന്നുവെങ്കിലും സന്ധ്യേ 

ചിരി മാഞ്ഞുപോയൊരെന്‍ 

ചുണ്ടിന്റെ കോണിലൊരു 

പരിഹാസമുദ്ര നീ കാണും. 

ഒരു ജീവിതത്തിന്റെ-

യൊരു സൗഹൃദത്തിന്റെ 

മൃതിമുദ്ര നീയതില്‍ കാണും. 

 

അഭിമുഖങ്ങള്‍ക്ക് നിന്നുകൊടുക്കാത്ത കവി കൂടിയായിരുന്നു അയ്യപ്പപ്പണിക്കര്‍. അഭുമുഖങ്ങളെ അപലിച്ച് കവിതകള്‍ തന്നെയും എഴുതിയിട്ടുമുണ്ട്. കാടെവിടേ മക്കളേ എന്നു ചോദിച്ച അദ്ദേഹം പ്രഗത്ഭനായ നിരൂപകനും ഗവേഷകനും കൂടിയായിരുന്നു. കിടയറ്റ വിവര്‍ത്തകനും എഡിറ്ററും. 

 

രാഷ്ട്രീയ കവിതകള്‍ക്കും കാര്‍ട്ടൂണ്‍ കവിതകള്‍ക്കും മലയാളത്തില്‍ വിലാസമുണ്ടാക്കിയ അദ്ദേഹത്തിന്റെ ‘ കടുക്ക’  പോലുള്ള കവിതകള്‍ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ക്ക് ബോംബിനെക്കാള്‍ ശക്തിയുണ്ടായിരുന്നു. 

 

കടുക്കത്തോടിടിച്ചിട്ടു കലക്കിക്കഷായമാക്കി 

കഴുത്തില്‍ക്കൂടിറക്കുമ്പോള്‍ അമ്മച്ചി 

കടിച്ചല്ലേ പിടിച്ചല്ലേ കടുപ്പം കാട്ടല്ലേ 

കടുക്ക ഞാന്‍ കുടിച്ചേക്കാം. 

 

വൃത്തം ദീക്ഷിച്ച് മികച്ച താളബോധത്തില്‍ കവിതയെഴുതിയ അതേ അയ്യപ്പണപ്പിക്കര്‍ തന്നെയാണ് ഗദ്യകവിതയെ പരിചയപ്പെടുത്തി പ്രചാരത്തിലാക്കിയതും. 

 

സുഗതകുമാരിയുടെ ‘ കൃഷ്ണ നീയെന്നെയറിയില്ല’ എന്ന കവിത പോലെ തന്നെ പ്രസിദ്ധമായി ആ കവിതയ്ക്കു മറുമൊഴി പോലെയെഴുതിയ അയ്യപ്പപ്പണിക്കരുടെ ഗോപികാദണ്ഡകം. 

 

അറിയുന്നു നീയുമിന്നെന്നെ നിന്നകതാരി- 

നകതാരിലലിവൂറി നില്‍ക്കുന്ന മൃദുകേസരത്തില്‍ 

പരാഗകണികയായറിയുന്നു ഗോപീകേ, 

നീ നിന്നെയും പിന്നെയറിവായറിവിന്റെ 

നിറവായി നിറമായി നിനവായി മാറുന്നു നാം 

നമ്മളിരുവരും ഗോപീകേ. 

 

English Summary: Remembering Ayyappa Paniker on his 90 th birthday 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com