ADVERTISEMENT

പുതിയ നോവല്‍ പുറത്തുവന്നയുടന്‍ വിവാദത്തിന്റെ തിരികൊളുത്തി ഹാരിപോട്ടര്‍ എഴുത്തുകാരി ജെ.കെ.റൗളിങ്. റോബര്‍ട്ട് ഗാല്‍ബ്രെയ്ത്ത് എന്ന തൂലികാനാമത്തില്‍ എഴുതുന്ന ഡിറ്റക്റ്റീവ് നോവല്‍ പരമ്പരയിലെ ഏറ്റവും പുതിയ പുസ്തകമാണ് പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ വിവാദത്തില്‍പെട്ടിരിക്കുന്നത്. നോവലിന്റെ പ്രമേയത്തെക്കുറിച്ചു സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി നൂറുകണക്കിനുപേരാണ് എത്തുന്നത്. 

 

ട്രബിള്‍ഡ് ബ്ലഡ് എന്നാണ് പുതിയ നോവലിന്റെ പേര്. സ്ത്രീകളുടെ വേഷം ധരിച്ച് ഒട്ടേറെ സ്ത്രീകളെ കൊലപ്പെടുത്തുന്ന ഒരു പരമ്പര കൊലയാളിയെക്കുറിച്ചാണ് പുതിയ നോവല്‍. ജേക്ക് കെറിഡ്ജ് എന്ന നിരൂപകന്‍ ഈ നോവലിന്റെ പ്രമേയത്തെക്കുറിച്ചു നല്‍കിയ സൂചനയാണ് പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. സ്ത്രീകളുടെ വേഷം ധരിച്ച പുരുഷനെ ഒരിക്കലും വിശ്വസിക്കരുത് എന്ന സന്ദേശമാണ് നോവല്‍ തരുന്നതെന്നുകൂടി കെറിഡ്ജ് എഴുതിയതോടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളില്‍നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. 

 

ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ച് റൗളിങ് അടുത്തകാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനുപിന്നാലെയാണ് അതുമായി ബന്ധപ്പെട്ട നോവല്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമായി. സ്ത്രീകളെയും പുരുഷന്‍മാരെയും അംഗീകരിക്കാമെങ്കിലും രണ്ടുമല്ലാത്തവരെ അംഗീകരിക്കുന്നത് ആലോചിക്കാനേ വയ്യെന്ന തരത്തില്‍ റൗളിങ് നടത്തിയ പരാമര്‍ശം ലോകവ്യാപകമായി ചര്‍ച്ച ചെയ്തിരുന്നു. ഒടുവില്‍ വിശദീകരണവുമായി എഴുത്തുകാരി തന്നെ രംഗത്തെത്തി. താന്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് എതിരല്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നും റൗളിങ് വിശദീകരിച്ചിരുന്നു. പരാമര്‍ശത്തിന്റെ പേരില്‍ ഒരു പുരസ്കാരവും അവര്‍ക്കു തിരിച്ചുകൊടുക്കേണ്ടിവന്നു. പുരസ്കാരം നല്‍കുന്ന സംഘടന ട്രാന്‍സ്ജെന്‍ഡറുകളെ എതിര്‍ക്കുന്ന റൗളിങ്ങിന്റെ നയത്തിനെതിരെ രംഗത്തുവന്നതിനു പിന്നാലെയായിരുന്നു ഇത്. ട്രാന്‍സ്ജെന്‍ഡറുകളെ അപഹസിക്കുന്ന റൗളിങ്ങിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹാരിപോട്ടര്‍ സിനിമകളിലെ കഥാപാത്രങ്ങളായി അഭിനയിച്ചവരും രംഗത്തെത്തിയിരുന്നു. 

ഇതിനുപിന്നാലെയാണ് ട്രാന്‍സ്ജെന്‍ഡറുകളെ മോശം പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന പുതിയ നോവല്‍ ട്രബിള്‍ഡ് ബ്ലഡ് പുറത്തുവന്നത്. 

പരമ്പര കൊലയാളിയായി ട്രാന്‍ഡ്ജെന്‍ഡറുകളെ ചിത്രീകരിക്കുന്ന നോവല്‍  വായിക്കുന്ന പുതിയ തലമുറയെ ലിംഗസമത്വത്തെക്കുറിച്ച് എങ്ങനെ ബോധ്യപ്പെടുത്തുമെന്നാണ് പലരുടെയും ചോദ്യം. 

 

ഹാരിപോട്ടര്‍ നോവലുകള്‍ ജെ.കെ.റൗളിങ് എന്ന പേരില്‍തന്നെയാണ് എഴുതുന്നതെങ്കിലും ഡിറ്റക്ടീവ് നോവലുകള്‍ റോബര്‍ട്ട് ഗാല്‍ബ്രെയ്ത്ത് എന്ന തൂലികാനാമത്തിലാണ് അവര്‍ എഴുതുന്നത്. 

 

English Summary: JK Rowling's novel sparks row with a transgender serial killer 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com