അനുരാധയുടെ ഗന്ധര്‍വന്മാര്‍; സംവിധായകൻ രഞ്ജിത് ശങ്കർ എഴുതിയ കഥ

anuradayude-gandharvanmar
വര: ടി.വി. ശ്രീകാന്ത്
SHARE

അന്നു കണ്ട ആ സ്വപ്നത്തില്‍ അനുരാധ പാലക്കാട്ടെ ആശുപത്രിയില്‍ മരണക്കിടക്കയില്‍ ആണ്. മോള് മരിയ്ക്കാന്‍ പോകുന്നതറിഞ്ഞ് അമ്മയുമച്ഛനും അലറിക്കരയുന്നത് അവള്‍ക്ക് കൃത്യമായി കേള്‍ക്കാമായിരുന്നു. കിടക്ക അവിടെനിന്നു പൊടുന്നനെ ഒരു കുഴലിലൂടെ താഴേക്ക് പോയി. അതൊരു പേടിപ്പിക്കുന്ന ഗര്‍ത്തമായിരുന്നു. കിടക്കയില്‍നിന്നു വലിച്ചെറിയപ്പെട്ട് ശൂന്യതയിലൂടെയാണ് ഇപ്പോഴത്തെ അവളുടെ സഞ്ചാരം.

അനുരാധയ്ക്ക് തല കറങ്ങുന്നുണ്ടായിരുന്നു. എവിടെനിന്നോ തണുത്ത ഒരു കൈ വന്ന് അവളെ താങ്ങി നിറുത്തി. അയാള്‍ ഒരു സുന്ദരനായ പുരുഷനായിരുന്നു. പേടിക്കേണ്ടതില്ലെന്ന് അയാളവളെ ആശ്വസിപ്പിച്ചു. ഭംഗിയുള്ള ഒരു പൂന്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ജോലി ചെയ്യുന്ന ഒരുപാടു പേര്‍ക്കിടയില്‍ അവള്‍ മരിച്ചുപോയ അമ്മൂമ്മയെ കണ്ടു, പഴയ കൂട്ടുകാരിയെ കണ്ടു. ഈ ലോകത്തിനെ ഇനിമേല്‍ പേടിക്കേണ്ടതില്ലെന്ന് അയാള്‍ അവളോട്‌ പറഞ്ഞു; അവള്‍ക്കവിടെ പ്രവേശിക്കാന്‍ സമയമായിട്ടില്ലെന്നും. പൊടുന്നനെ അവിടെനിന്ന് അനുരാധ എടുത്തുയര്‍ത്തപ്പെട്ടു. താഴേക്കുവീണ അതേ വേഗത്തില്‍ അവള്‍ ആശുപത്രിക്കിടക്കയിലെ ശരീരത്തിലേക്കു തിരിച്ചെത്തി. കണ്ണു തുറന്ന് അമ്മയെ നോക്കി ചിരിച്ചു. 

രാവിലെ ഉറക്കമുണര്‍ന്ന അനുരാധ ഈ സ്വപ്നത്തെ പറ്റി പ്രസാദിനോടും പിള്ളേരോടും പറഞ്ഞു. അവര്‍ക്കൊക്കെ അതു തമാശയായി തോന്നിയത് എന്തു കൊണ്ടാണെന്ന് ആ മരുഭൂമിയിലെ നഗരത്തിലൂടെ ഓഫിസിലേക്കു വണ്ടിയോടിക്കുമ്പോള്‍ അവള്‍ക്കു മനസ്സിലാക്കാനേ കഴിഞ്ഞില്ല. സ്വപ്നത്തിന് ഇത്രയും തെളിച്ചവും ഓര്‍മയും ആയുസ്സും ഉണ്ടാവുന്നതെങ്ങിനെ? സ്വപ്നമല്ലെങ്കില്‍ അതുപിന്നെ എന്താണ്? സ്വപ്നത്തില്‍ പ്രസാദിനെയും പിള്ളേരെയും എന്തുകൊണ്ടു കണ്ടില്ല?

കല്യാണം കഴിക്കുന്നതിനു മുന്‍പുതന്നെ, തനിക്കുണ്ടായിരുന്ന പ്രേമങ്ങളെക്കുറിച്ച് അനുരാധ പ്രസാദിനോടു പറഞ്ഞിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ആദ്യത്തേത്. പാലക്കാട്ടെ കൂള്‍ബാറില്‍ ഐസ്ക്രീം കഴിക്കാന്‍ പോവുന്നതായിരുന്നു ആ പ്രേമത്തിലെ ഏറ്റവും വലിയ സാഹസം. ആ പ്രേമം പിന്നെ സ്വാര്‍ഥതയായി, പിടിച്ചുവയ്ക്കലായി... അവള്‍ ഒരുപാട് പാടുപെട്ടു അതൊന്നവസാനിപ്പിക്കാന്‍. ശരിക്കും ഇഷ്ടപ്പെട്ട ആളെ അനുരാധ കണ്ടത് അതിനു ശേഷമാണ്. കാഴ്ചയിലേ ഇഷ്ടപ്പെട്ടു, ഞെട്ടിച്ചുകൊണ്ട് ആദ്യമേ അയാള് വന്നു കല്യാണം കഴിക്കുമോ എന്ന് ചോദിച്ചു. അവൾ സമ്മതിക്കുകയും ചെയ്തു. അതൊരു തമാശയാണെന്നു കരുതിയാവണം കോളജ് കഴിയുന്നതു വരെ അവർ സംസാരിച്ചതേയില്ല. ചില നോട്ടങ്ങള്‍, മൗനങ്ങള്‍ അങ്ങിനെയതു കഴിഞ്ഞപ്പോഴേക്കും പ്രസാദിന്റെ കല്യാണാലോചന വന്നു. കാര്യം പുരോഗമനമൊക്കെ പറഞ്ഞാലും മോളെ സമയത്തു കെട്ടിക്കുന്ന കാര്യത്തില്‍ അച്ഛനു നിര്‍ബന്ധമായിരുന്നു. പരിചയമെങ്കിലും തോന്നുന്ന ഒരാളായിരിക്കണമേന്നേ ഉണ്ടായിരുന്നുള്ളൂ അനുരാധയ്ക്ക്. പ്രസാദിനോട് പെട്ടെന്നു പരിചയം തോന്നുകയും ചെയ്തു. 

കല്യാണം കഴിഞ്ഞ് കുറച്ചുനാള്‍ ഡല്‍ഹിയില്‍ ജോലി ചെയ്ത ശേഷം അവര്‍ നമീബിയയിലേക്കു പോയി. അവിടെവച്ചാണ് ഇതുപോലുള്ള സ്വപ്‌നങ്ങള്‍ അനുരാധ ആദ്യമായി കണ്ടുതുടങ്ങിയത്. 

anuradayude-gandharvanmar-2

ആദ്യം ഗര്‍ഭിണിയിരുന്ന ഒരു പകലിലാണ് ഏതോ ഒരു ശക്തി അവളെ കട്ടിലില്‍ വരിഞ്ഞു മുറുക്കിയത്. പേടിച്ച് കരയാന്‍ പോലുമാകാതെ, അനങ്ങാനാവാതെ അവളാ കട്ടിലില്‍ ബന്ധനസ്ഥയാക്കപ്പെട്ടു. പിന്നെപ്പോഴോ അവള്‍ മോചിതയായി. അതിനെക്കുറിച്ചു പറഞ്ഞപ്പോ പ്രസാദ് കുറേ കളിയാക്കി, അതൊരു തോന്നലായിരുന്നെന്ന് അവളും വിശ്വസിച്ചു. 

  

പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു. ആദ്യം കണ്ടിരുന്ന ആ രൂപം പതിയെ അവള്‍ക്കുമുന്‍പില്‍ തെളിയാന്‍ തുടങ്ങി. കുളിമുറിയില്‍, വരാന്തയില്‍, ടിവിക്കരികിലൊക്കെ ഒരു മിന്നായം പോലെ അതിനെക്കണ്ട് അവള്‍ ഭയന്നു കരഞ്ഞു. ആരും അവളെ വിശ്വസിച്ചില്ല. പ്രസവം കഴിഞ്ഞ് അവള്‍ ഡല്‍ഹിയിലേക്കു തിരിച്ചുപോയി. അവിടെ അവള്‍ക്കൊരു ശല്യവുമുണ്ടായില്ല. പകരം അവള്‍ക്ക് ഒരു അജ്ഞാത മെയില്‍ വന്നു. അവളില്ലാത്ത സമയത്തുള്ള പ്രസാദിന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ച് അതില്‍ വിശദമായി എഴുതിയിരുന്നു. അവള്‍ക്കതു വായിച്ച് തമാശയാണു തോന്നിയത്. പ്രസാദിനത് അയച്ചു കൊടുത്ത്, തങ്ങളെ തെറ്റിക്കാന്‍ നോക്കുന്ന കൂട്ടുകാരന്‍ ആരാണെന്നു കണ്ടുപിടിക്കാന്‍ അവള്‍ പറഞ്ഞു. പിന്നെയതും മറന്നു. 

ഡല്‍ഹിയില്‍നിന്ന് അവള്‍ മെല്‍ബണില്‍ പോയി. രണ്ടാമത്തെ മകള്‍ ജനിക്കുന്നത് അവിടെ വച്ചാണ്. ആ ഭംഗിയുള്ള ഫ്ലാറ്റിലെ ഒരു പകലില്‍ അവള്‍ പുതിയൊരു രൂപത്തെ കണ്ടു. അത് പുതിയതായതു കൊണ്ടുതന്നെ അവള്‍ പഴയതിലും അധികം പേടിച്ചു. നാട്ടില്‍നിന്ന് അമ്മ അവള്‍ക്കൊരു രക്ഷ അയച്ചു കൊടുത്തു. അതരയില്‍ കെട്ടിയപ്പോള്‍ അവള്‍ക്ക് താന്‍ മാധവിക്കുട്ടിയായതു പോലെ തോന്നി. കണ്ണാടി നോക്കി അവള്‍ ബുദ്ധിയുള്ളവളെപ്പോലെ ചിരിക്കാന്‍ ശ്രമിച്ചു. 

രണ്ടാമത്തെ കാമുകനെ അനുരാധ വീണ്ടും കാണുന്നതും മെല്‍ബണില്‍ വച്ചാണ്. രണ്ടു പ്രസവിച്ചതിനും ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ക്കും ശേഷം അന്നാദ്യമായി അവര്‍ ഒരുപാട് സംസാരിച്ചു. അവള്‍ കാണുന്ന രൂപങ്ങളെക്കുറിച്ച് കാമുകന്‍ അയാളുടെ തിയറി പറഞ്ഞു. 

ഈ ഭൂമിയില്‍ ഇല്ലാത്ത പുരുഷന്മാരെ ആകര്‍ഷിക്കുന്ന ശരീരമാണ് അനുരാധയുടേത്. പല രൂപത്തില്‍, പല രാജ്യങ്ങളില്‍ അവരെ കാണുന്നത് അതുകൊണ്ടാണ്. അവരുമായി സൗഹൃദമുണ്ടാക്കുക എന്നതായിരിക്കും ഏറ്റവും അപകടകരം. 

അനുരാധയ്ക്ക് അത് സത്യമാണെന്നു തോന്നി. തന്റെ വെറും കഥകളല്ല അതെന്നു വിശ്വസിക്കാനെങ്കിലും ഒരാളുണ്ടായല്ലോ. നേരിട്ടും ചാറ്റിലും അവള്‍ രണ്ടാമത്തെ കാമുകനോട് അതേക്കുറിച്ച് ഒരുപാടു സംസാരിച്ചു. തനിക്കുചുറ്റും മിന്നായം പോലെ തിളങ്ങിമറയുന്ന ആ വെളിച്ചങ്ങളെ അവള്‍ അവഗണിക്കാന്‍ ശ്രമിച്ചു. രണ്ടാമത്തെ കാമുകനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ അവള്‍ക്കു തോന്നി എന്നതാണ് സത്യം. പക്ഷേ എന്തുകൊണ്ടോ അതു സംഭവിച്ചില്ല. 

മെല്‍ബണില്‍ നിന്നാണ് അവളീ മരുഭൂമിയിലെ നഗരത്തില്‍ എത്തിയത്. ഇപ്പൊ വര്‍ഷങ്ങള്‍ കുറച്ചു കഴിഞ്ഞിരിക്കുന്നു. കുട്ടികള്‍ വലുതായി. ഇതിനിടയില്‍ ഏതാണ്ട് പത്തോളം ഫ്ലാറ്റുകള്‍ അവര്‍ താമസം മാറി. പല സ്ഥലത്തും അവള്‍ മുടക്കമില്ലാതെ ആ രൂപങ്ങളെ കണ്ടു. അത് കാര്യമാക്കാത്തതു കൊണ്ട് പിന്നെയത് അവള്‍ ആരോടും പറയാതെയായി. 

മരുഭൂമിയിലെ നാലാമത്തെ ഫ്ലാറ്റില്‍ താമസിക്കുമ്പോഴാണ് പ്രസാദിന്റെ ആദ്യത്തെ അവിഹിതത്തെ കുറിച്ച് അവള്‍ അറിയുന്നത്. ആ പെണ്ണ് പ്രസാദിനെ ചീത്ത വിളിച്ച് ബ്ലോഗൊക്കെ എഴുതിയിരിക്കുന്നു. അതെല്ലാവരുമറിഞ്ഞാലുള്ള പ്രയാസങ്ങളെ കുറിച്ച് പ്രസാദ് കരഞ്ഞുപറഞ്ഞപ്പോള്‍ അവള്‍ക്കും അതു ശരിയാണെന്നു തോന്നി. അന്നു രാത്രി പ്രസാദിനൊപ്പം ആ കുട്ടിയുടെ ഫ്ലാറ്റിലേക്ക് അനുരാധയും പോയി. ഒരുപാട് ശ്രമിച്ച് ആ കുട്ടിയെ കൊണ്ട് ആ ബ്ലോഗ്‌ പിന്‍വലിപ്പിച്ചു. തിരിച്ചു വണ്ടിയോടിക്കുമ്പോള്‍ പ്രസാദിനു വേണ്ടി ആദ്യമായി തനിക്കൊരു കാര്യം ചെയ്യാന്‍ കഴിഞ്ഞുവെന്ന സന്തോഷമായിരുന്നു അവള്‍ക്ക്. 

ഇതിനിടയ്ക്ക് വെക്കേഷന് പാലക്കാട് പോയപ്പോൾ ആദ്യത്തെ കാമുകനെ അനുരാധ വീണ്ടും കണ്ടു. അയാളൊരു ഡ്രൈവിന് ക്ഷണിച്ചപ്പോൾ അവള്‍ പോയി. ആ യാത്ര എന്തുകൊണ്ടോ അവള്‍ക്കിഷ്ടപ്പെട്ടു. അയാളവളെ തൊട്ടതുപോലുമില്ല. അവള്‍ക്ക് അതില്‍ തെല്ലു വിഷമവും തോന്നി. വീട്ടില്‍ വന്ന് അച്ഛനെയും പരിചയപ്പെട്ടാണ് ആദ്യത്തെ കാമുകന്‍ പോയത്. ആള് ആരോഗ്യവാനായിരുന്നെങ്കിലും അച്ഛനു മരിക്കാനുള്ള സമയമായി എന്ന് അനുരാധയ്ക്ക് അന്ന് വെറുതെ തോന്നി. 

മരുഭൂമിയില്‍ മടങ്ങിയെത്തിയപ്പോഴാണ് പ്രസാദിന്റെ രണ്ടാമത്തെ അവിഹിതത്തെക്കുറിച്ച് അവളറിയുന്നത്. ആദ്യത്തെ കാമുകി പ്രസാദിനു വേണ്ടി വിവാഹമോചനം നേടിയിരിക്കുന്നുവത്രേ. അതായിരുന്നു ആ കുട്ടിയുടെ പ്രശ്നം. ആദ്യത്തെ കാമുകിയുടെ കൂട്ടുകാരിയാണ്‌ ഈ രണ്ടാമത്തെ കാമുകി. സൗഹൃദത്തിലെ ആ കള്ളക്കളിയാണ് ആദ്യത്തെ കാമുകിയെ ബ്ലോഗ്‌ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് അവള്‍ക്കപ്പോഴാണു മനസ്സിലായത്. പ്രസാദ്‌ തന്നെ ഡൈവോഴ്സ് ചെയ്യുമോയെന്ന പേടിയാണ് ഇത്രയധികം കാമുകിമാരുണ്ടെന്നറിഞ്ഞപ്പോൾ അനുരാധയ്ക്ക് ആദ്യം തോന്നിയത്. അയാളത് ചെയ്യില്ലായിരിക്കും എന്നവള്‍ വെറുതേ ആശ്വസിച്ചു. 

പ്രസാദിന്റെ രണ്ടാമത്തെ കാമുകി ഒരു ദിവസം അനുരാധയുടെ കാറിന്റെ പുറകെ വന്നു. വാശിയില്‍ അവളുടെ ചെറിയ കാറിനെ ഇടിച്ചു തെറിപ്പിക്കാന്‍ കാമുകിയുടെ വലിയ കാര്‍ കുറച്ചുനേരം ശ്രമിച്ചു. രണ്ടാമത്തെ കാമുകിക്ക് പ്രസാദ് വിവാഹ വാഗ്ദാനം കൊടുത്തിരുന്നുവെന്നും അവളും വിവാഹ മോചനം നേടിയെന്നും പിന്നെയാണ് അനുരാധയ്ക്ക് മനസിലായത്. പ്രസാദിന് ഇത് എന്തിന്റെ കേടാണെന്നാണ് അവള്‍ക്ക് വീണ്ടും വീണ്ടും തോന്നിയത്. പ്രസാദില്ലെങ്കിലും മക്കളുണ്ടാകുമല്ലോ എന്ന് അവള്‍ ആദ്യമായി ആലോചിച്ചു. 

അച്ഛനു തീരെ വയ്യാതാകുന്നത് ആയിടയ്ക്കാണ്. അമ്മയ്ക്ക് അച്ഛനെ നോക്കാന്‍ വയ്യാത്തതു കൊണ്ട് അവള്‍ ലീവെടുത്ത് നാട്ടില്‍ എത്തി അച്ഛന്റെ അടുത്തു നിന്നു. ദിവസവും അമ്പലത്തില്‍ പോയി. പ്രാര്‍ഥിച്ചപ്പോള്‍ അവള്‍ക്ക് പെട്ടന്ന് ഒരു കാര്യം തോന്നി. പ്രസാദിന്റെ ആദ്യ കാമുകിയെ കുറിച്ചറിഞ്ഞതിനു ശേഷം അവള്‍ അവളുടെ രൂപങ്ങളെ കണ്ടിട്ടേയില്ല, അവരെ കേട്ടിട്ടേയില്ല. അവര്‍ക്കൊക്കെ എന്തുപറ്റിയിട്ടുണ്ടാകും?

അച്ഛന് അസുഖം കൂടുതലായ ഒരു ദിവസം രണ്ടാമത്തെ കാമുകി അവളെ മരുഭൂമിയില്‍നിന്നു വിളിച്ചു, ഒരുപാട് ചീത്ത പറഞ്ഞു. ‘Slut’ എന്ന് വിളിച്ചത് ഉച്ചത്തിലായതുകൊണ്ട് അമ്മ കേട്ടോ എന്നവള്‍ പേടിച്ചു. 

പിറ്റേന്ന് അച്ഛന്‍ മരിച്ചു. ഒറ്റമകള്‍ ആയതുകൊണ്ട് വൈദ്യുത ശ്മശാനത്തിലേക്ക് അവളും പോയി. അല്ലായിരുന്നെങ്കിലും താന്‍ പോകുമായിരുന്നില്ലേ എന്നാണാ യാത്രയില്‍ അവള്‍ ചിന്തിച്ചത്. 

ശ്മശാനത്തില്‍ പ്രസാദിനും ഒന്നാമത്തെ കാമുകനും രണ്ടാമത്തെ കാമുകനും ഇടയിലൂടെയാണ് അവള്‍ അകത്തേക്കു നടന്നത്. അച്ഛനെ കിടത്താന്‍ പോകുന്ന ആ കുഴലിലേക്ക് അനുരാധ സൂക്ഷിച്ചു നോക്കി. അതന്ന് സ്വപ്നത്തില്‍ അവള്‍ ആശുപത്രിക്കിടക്കയില്‍നിന്ന് ഊര്‍ന്നുവീണ അതേ കുഴലായിരുന്നു. 

English Summary: Anuradayude Gandharvanmar, Malayalam Short Story witten by filmmaker Ranjith Sankar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;