ADVERTISEMENT

സന്യാസിയെ കാണാനെത്തിയ രണ്ടുപേർ പറഞ്ഞു: ‘ഞങ്ങൾ കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്. അവയുടെ കുറ്റബോധം ഞങ്ങളെ വേട്ടയാടുന്നു’. സന്യാസി ചോദിച്ചു: നിങ്ങൾ എന്തു തെറ്റാണു ചെയ്തത്? ഒന്നാമൻ പറഞ്ഞു: ഞാൻ ചെയ്തതു ഗൗരവമുള്ള തെറ്റാണ്. അതുകൊണ്ട് എന്റെ മനസ്സ് അസ്വസ്ഥമാണ്. രണ്ടാമൻ പറഞ്ഞു: എന്റേതു നിസ്സാര തെറ്റുകളാണ്. പക്ഷേ, ഞാനവ ആവർത്തിക്കുന്നു. സന്യാസി അവരോട് അവരുടെ തെറ്റുകൾക്കനുസരിച്ചുള്ള കല്ലുകൾ ശേഖരിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആദ്യത്തെയാൾ ഒരു വലിയ കല്ലും രണ്ടാമൻ കുറെ ചെറിയ കല്ലുകളും സഞ്ചിയിലാക്കി കൊണ്ടുവന്നു. സന്യാസി പറഞ്ഞു: ഇനി ഈ കല്ലുകൾ യഥാസ്ഥാനത്തു തിരിച്ചുവയ്ക്കുക. ഒന്നാമൻ പെട്ടെന്നുതന്നെ തന്റെ കല്ല് തൽസ്ഥാനത്തു നിക്ഷേപിച്ചു. രണ്ടാമൻ ഏതു കല്ല് എവിടെ വയ്ക്കുമെന്നറിയാതെ അവിടെത്തന്നെ നിന്നു.

നിസ്സാരമെന്നു കരുതുന്നവയുടെ ഗൗരവം മനസ്സിലാകാത്തതുകൊണ്ടാണ് അബദ്ധങ്ങൾ ആവർത്തിക്കപ്പെടുന്നത്. നിരുപദ്രവകരമെന്നു കരുതി ആവർത്തിക്കപ്പെടുന്ന തെറ്റുകളുടെ സമാഹാരമാണ് ഗൗരവമെന്നു കരുതുന്ന ഒരു തെറ്റിനെക്കാൾ അപകടകരം. തെളിയിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും സാധ്യതയില്ലാത്ത എണ്ണമറ്റ തെറ്റുകളാണ് പലരുടെയും ജീവിതത്തിൽ ഇരുൾവീഴ്ത്തുന്നത്. തിരിച്ചടികൾ കിട്ടാത്തതൊന്നും തിരിച്ചറിയാനോ തിരുത്താനോ ആരും ശ്രമിക്കില്ല. പക്ഷേ, അവ മൂലം മുന്നോട്ടുള്ള ജീവിതം പോലും അസാധ്യമാകുന്നവരുണ്ടാകും.

വലുതിനെക്കാൾ ശ്രദ്ധിക്കേണ്ടതു ചെറുതിനെയാണ്. വലിയ പ്രതിസന്ധികളെ പെട്ടെന്നു തിരിച്ചറിയാനും മുൻകരുതലെടുക്കാനും കഴിയും. സൂക്ഷ്മനിരീക്ഷണത്തിലൂടെയും കർശന വിലയിരുത്തലിലൂടെയും മാത്രം ദൃശ്യമാകുന്ന ‘വലിയ’ നിസ്സാരകാര്യങ്ങളാണു കൂടുതൽ അപകടകരം. വലുതാണോ ചെറുതാണോ എന്നതല്ല പ്രവൃത്തികളുടെ അളവുകോൽ; ശരിയാണോ എന്നതാണ്. 

ആവർത്തിക്കപ്പെടുന്നവയെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമാകും. എങ്കിൽ‌പിന്നെ, ശരികൾ ആവർത്തിച്ചുകൂടെ; അവ എത്ര ചെറുതാണെങ്കിലും? 

English Summary : Subhadinam : How do you realize your mistakes?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com