ADVERTISEMENT

വായനയുടെയും എഴുത്തിന്റെയും സ്വപ്നഭൂമിയാണ് അന്ന് കൽക്കട്ട. വായനക്കാരും എഴുത്തുകാരും അങ്ങോട്ടു കുടിയേറുക അക്കാലത്തെ പതിവാണ്. ജെകെവിയും ചെയ്തത് അതാണ്. ഡിഗ്രി പൂർത്തിയാക്കി ജേണലിസം പഠിക്കാൻ കൽക്കട്ടയിലേക്കു പോയി, അവിടെ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ സബ് എഡിറ്ററായി. ഒരു രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി ചൗരംഗി സ്ക്വയറിലൂടെ നടക്കുമ്പോൾ മുൻപില്ലാത്ത ഒരു അസ്വസ്ഥത. മുറിയിൽ എത്തി കടലാസുകൾ എടുത്തുവച്ച് എഴുതിത്തുടങ്ങി. ‘ജീവിതം ധന്യമാണ്’. അന്ന് വയസ്സ് 22 തികഞ്ഞിട്ടില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എൻ.വി. കൃഷ്ണവാരിയർക്ക് അത് അയച്ച ശേഷം മറന്നു. നാളുകൾ ഏറെ കഴിഞ്ഞു. ഒരു കത്ത്. എൻവിയുടേതാണ്. ആദരവോടെ തുറന്നു. ‘ജോസഫ് കാഞ്ഞിരത്തിങ്കൽ വർക്കി എന്ന പ്രിയ ജോസഫ് താങ്കൾ ജെകെവി എന്ന മൂന്നക്ഷരത്തിൽ ഒളിച്ചിരിക്കുവാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ അങ്ങനെ, കഥ നന്നായി. ആഴ്ചപ്പതിപ്പിൽ ചേർക്കുന്നു. ഇനിയും എഴുതണം. സ്നേഹപൂർവം എൻവി.’ സ്വപ്നസാക്ഷാൽക്കാരമായ ആ കത്ത് നെഞ്ചോടു ചേർന്ന പോക്കറ്റിലിട്ട് കുറെ ദിവസം നടന്നു. അങ്ങനെയാണ് ജെകെവി എന്ന സാഹിത്യകാരൻ ജനിച്ചത്.

വായന മാത്രം വിനോദോപാധിയായിരുന്ന ആ കാലത്ത് ജെകെവി ഒന്നിനു പിറകേ ഒന്നായി വൈവിധ്യം നിറഞ്ഞ കഥകൾ എഴുതി. മീനച്ചിൽ താലൂക്കിലെ കടനാടുകാരുടെ കഥയായിരുന്നു ഏറെയും. മലബാറിലെ ചന്ദനയ്ക്കാംപാറയിൽ കൃഷിയാരംഭിച്ച കാലത്ത് കഥയുടെ ഇതിവൃത്തങ്ങൾ‌ മലബാറിൽ നിന്നായി. ‘ധ്യാനത്തിന്റെ അരുവിയിൽ’ എന്ന നോവൽ ഒരു കുടിയേറ്റ സമൂഹത്തിലെ സംഭവത്തെ ആസ്പദമാക്കിയാണ്. 

ഇംഗ്ലിഷ് സാഹിത്യത്തിലുള്ള താൽപര്യവും പരന്ന വായനയും ജെകെവിയുടെ ക്യാൻവാസിനെ ലേശം കൂടി വികസിപ്പിച്ചു. സ്വർഗം പ്രാപിച്ച അതിസമർഥരായ രാഷ്ട്രീയ സാഹിത്യ ശാസ്ത്ര ലോകത്തെ വ്യക്തിത്വങ്ങളുടെ മരണാനന്തര ജീവിതം ചിത്രീകരിക്കുന്ന ഒരു നോവൽ എഴുതി ‘ഇവിടെ അവിടെ അപ്പുറവും’. പെറു ആൻഡീസ് പർവതനിരയിൽ ശക്തമായ ഭൂചലന വാർത്ത വന്നത് എഴുപതുകളുടെ മധ്യേ. എല്ലാവരുടെയും തലയ്ക്കു മീതെ അതു വാർത്തയായി കടന്നുപോയി. ജെ.കെ.വിയുടെ തലച്ചോറിൽ അതു വീണു കിളിർത്ത് കഥയായി. അന്യനാടിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട മലയാള കൃതികളിൽ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്, ‘ഹംസഗാനം’ എന്ന ഈ നോവൽ.

ഇടക്കാലത്തു വന്ന ആരോഗ്യ പ്രശ്നങ്ങൾ ജെകെവിയുടെ എഴുത്തിനെ തടസ്സപ്പെടുത്തി, ഒരു ദീർഘമായ വേളയ്ക്കു ശേഷം എഴുത്തു പുനരാരംഭിച്ചെങ്കിലും പഴയ ജെകെവിയായി മടങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എങ്കിലും എഴുതി. ചന്ദ്രു എന്ന മാനിന്റെ കഥ. ജാതിമതദേശ അതിർത്തികളെ ലംഘിക്കുന്ന ആ മാൻ ജെകെവി തന്നെ എന്ന് ഡോ. കെ.എം. തരകൻ ഒരിക്കൽ ആ കഥയെക്കുറിച്ചു പരാമർശിച്ചു. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. 

ജെകെവിയുടെ അവസാനകാലം. എന്തിന് തൂലികാനാമം മൂന്നക്ഷരങ്ങളിൽ ഒതുക്കി എന്ന എന്റെ ചോദ്യത്തിന് രോഗശയ്യയിൽ നിന്ന് അദ്ദേഹം പറഞ്ഞ ഉത്തരം വിസ്മയിപ്പിക്കുന്നതാണ്. ജാതിമതവർഗ ലിംഗ ദേശ പരിമിതികൾ ബാധിക്കാതിരിക്കാൻ. സ്വാതന്ത്ര്യത്തെ പ്രണയിച്ച ജെകെവി, ഭാര്യയ്ക്കും മക്കൾക്കും അതു വേണ്ടുവോളം നൽകി.

എനിക്ക് 16 വയസ്സുണ്ട്. എല്ലാവരും സർവസ്വതന്ത്രരായി എല്ലായിടത്തും പുകവലിക്കുന്ന കാലം. ഒരു സന്ധ്യമയക്കത്തോടെ ചങ്ങനാശേരി എസ്ബി കോളജിന്റെ മുന്നിലെ കടയിൽ നിന്ന് ഞാൻ രണ്ടു സിഗരറ്റ് വാങ്ങി. ഒന്ന് ഏകാന്തമായി കോളജ് ക്യാംപസിലെ മരച്ചുവട്ടിലിരുന്നു വലിച്ചു. മറ്റേതു പോക്കറ്റിലിട്ടു വീട്ടിലെത്തി. ഷർട്ടൂരിയിട്ടു കുളിക്കുമ്പോഴേക്കും ആറു വയസ്സുകാരനായ എന്റെ ഏക കൂടെപ്പിറപ്പ് ആ സിഗരറ്റ് കണ്ടെടുത്ത് തൊണ്ടിയായി അമ്മയുടെ മുന്നിൽ ഹാജരാക്കി.  പ്രഫസർ കൂടിയായ അമ്മ പൊട്ടിത്തെറിച്ചു. ജെകെവി അന്ന് പാലായിൽ അധ്യാപകനാണ്. രാത്രി അദ്ദേഹം മടങ്ങിയെത്തുമ്പോൾ തൊണ്ടിമുതലുമായി അനുജൻ അവിടെയുമെത്തി സംഭവം വിവരിച്ചു.  പ്രതീക്ഷിച്ച പ്രതികരണം കിട്ടാതെ അവൻ നിരാശനാകുന്നത് ഞാൻ ജനാലയിലൂടെ കണ്ടു.

ഒരു ശാസന കൂടി പ്രതീക്ഷിച്ച് ഞാൻ എന്റെ മുറിയിൽ കതകു ചാരി കാതോർത്തിരുന്നു. കാൽപെരുമാറ്റവും കതകിൽ മുട്ടും ‘സന്തോ’ എന്ന വിളിയും വന്നു. മഹാപരാധം ചെയ്ത ഞാൻ കുറ്റബോധത്തോടെ എഴുന്നേറ്റു. അദ്ദേഹം ചേർന്നു നിന്നു പറഞ്ഞു. ‘നീ ഇന്ന് സിഗരറ്റു വലിച്ചു. അമ്മ വഴക്കുണ്ടാക്കി കരഞ്ഞു. ഒക്കെ ഒപ്പിച്ചത് നിന്റെ അനുജൻ എല്ലാം ഞാൻ അറിഞ്ഞു. ഈ പ്രായമുള്ള മകൻ പുകവലിച്ചാൽ ശാസിക്കേണ്ടത് സ്നേഹിക്കുന്ന അമ്മയുടെ കടമയല്ലേ? അതാ അമ്മ ചെയ്തത്.’

ഇത്രയും പറഞ്ഞ് അദ്ദേഹം മുറിവിട്ടിറങ്ങി നടന്നു. ഒന്നു കൂടി മടങ്ങിവന്നു. ലേശം വൈകി. വളരെ ശാന്തനായി എന്നെ ചേർത്തുപിടിച്ചു പറഞ്ഞു. ‘നീ അവനോടു വിരോധം വിചാരിക്കരുത്. ഈ പ്രായത്തിലെ കുട്ടികൾ അങ്ങനെയൊക്കെ ചെയ്യും. പിന്നെ സിഗരറ്റുവലി.... സുഖം തരുന്ന ദുശ്ശീലം തന്നെ. ഈ പ്രായത്തിൽ അതു വേണ്ട’. കൂടുതൽ ചേർത്തുപിടിച്ചു പറഞ്ഞു. ‘വിഷമിക്കാനൊന്നുമില്ല. ഒരു അത്യാഹിതവും സംഭവിച്ചിട്ടില്ല. ഒരു പതിനാറുകാരന്റെ കൊച്ചു കുസൃതി നീ കാട്ടി. ഒരു ആറു വയസ്സുകാരന്റെ വികൃതി അവനും. ഒരു സ്നേഹമുള്ള അമ്മ ചെയ്യേണ്ടതെന്തോ അത് അവരും ചെയ്തു. ഒരു അപ്പൻ ചെയ്യേണ്ടത് ഞാനും ചെയ്തു. നീ സമാധാനമായി ഉറങ്ങിക്കോ. നാളെ എല്ലാം ശരിയാകും.’ രണ്ടു പതിറ്റാണ്ടിലേറെയായി ജെകെവി എന്ന പിതാവ്, ജെകെവി എന്ന കഥാകാരൻ സ്വർഗത്തിലേക്ക് യാത്രയായിട്ട്.

ഇന്ന് അദ്ദേഹത്തിനു നവതി.

English Summary : Writer KJV 90th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com