ADVERTISEMENT

പുസ്തകങ്ങളെ ജീവനു തുല്യം ഇഷ്ടപ്പെടുന്ന ഒരാളാണോ നിങ്ങൾ. എന്നാൽ തീർച്ചയായും നടിയും വ്ലോഗറും നർത്തകിയുമായ കൃഷ്ണപ്രഭ പങ്കുവയ്ക്കുന്ന ഒരു സീക്രട്ട് ടിപ്പിനെക്കുറിച്ച് നിങ്ങൾ അറിയണം. പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന യുട്യൂബ് വിഡിയോയിലൂടെയാണ് കൃഷ്ണപ്രഭ ആ രഹസ്യം പങ്കുവയ്ക്കുന്നത്.

 

ബുക്ക് ഷെയറിങ് വേണ്ട

 

അത്യാവശ്യം നല്ലൊരു പുസ്തകശേഖരം തനിക്കുണ്ടെന്നും എന്നാൽ ബുക്ക് ഷെയറിങ് എന്ന പരിപാടിയെ താൻ അത്ര കണ്ട് പ്രോത്സാഹിപ്പിക്കാറില്ലെന്നുമാണ് കൃഷ്ണപ്രഭ പറയുന്നത്. അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നാണ് ഈ സീക്രട്ട് ടിപ് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നതെന്നും അവർ പറയുന്നു. പ്രിയപ്പെട്ട പല പുസ്തകങ്ങളും വായിക്കാൻ പലരും കൊണ്ടുപോയിട്ടുണ്ട്. അതൊന്നും തിരികെ കിട്ടിയിട്ടില്ല. പിന്നീട് ഏതൊക്കെ പുസ്തകങ്ങൾ ആരുടെയൊക്കെ കൈയിലാണെന്ന് അറിയാത്ത അവസ്ഥയായി. അങ്ങനെയാണ് ബുക്ക് ഷെയറിങ് പരിപാടി നിർത്തിയത്. ഒരിക്കലും മറ്റുള്ളവരെ കാണിക്കാനായി പുസ്തകങ്ങൾ വായിക്കരുത്. നമുക്ക് പ്രയോജനപ്പെടുന്ന, അറിവു പകരുന്ന പുസ്തകം വായിക്കാം.

 

വായനയിലേക്കു കൈപിടിച്ചത് അച്ഛൻ

 

‘ഞങ്ങൾ എറണാകുളത്ത് പനമ്പിള്ളി നഗറിലാണ് ഇപ്പോൾ താമസം. മുൻപ് തൃക്കാക്കരയിലായിരുന്നു. കുട്ടിക്കാലത്ത് പാട്ടു പഠിക്കാൻ പോയിരുന്നത് ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലായിരുന്നു. അവിടെ കൊണ്ടു വിടുന്നതും തിരിച്ചു കൊണ്ടു പോകുന്നതും അച്ഛനോ സഹോദരനോ ആണ്. അവരെത്താൻ വൈകിയാൽ പാട്ടുക്ലാസിന്റെ എതിർവശത്തുള്ള ലൈബ്രറിയിൽ കയറിയിരിക്കണമെന്ന് അച്ഛന്റെ നിർദേശമുണ്ടായിരുന്നു. അങ്ങനെയിരുന്നിരുന്ന് പുസ്തകങ്ങളുടെ മോഹിപ്പിക്കുന്ന മണമുള്ള ലൈബ്രറിയെ വല്ലാതെയങ്ങിഷ്ടപ്പെട്ടു. അച്ഛനോട് പറഞ്ഞപ്പോൾ അവിടെ മെംബർഷിപ് എടുത്തു തന്നു. ആദ്യമായി വായിച്ച പുസ്തകം പെരുമ്പടവം ശ്രീധരന്റെ ‘ ഒരു സങ്കീർത്തനം പോലെ’ ആയിരുന്നു. അച്ഛന്റെ മരണശേഷം പനമ്പിള്ളി നഗറിലേക്കു മാറി. പിന്നെ പുസ്തകങ്ങൾ വായിച്ചത് എറണാകുളം പബ്ലിക് ലൈബ്രറിയിൽ വച്ചായിരുന്നു. അതൊരു വലിയ ലൈബ്രറിയാണ്. ഒരു ഫ്ലോറിൽ രണ്ട് തട്ടായാണ് പുസ്തകങ്ങളൊക്കെ അടുക്കി വച്ചിരിക്കുന്നത്. വിവിധ ഭാഷയിലുള്ള പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. ഞാൻ കൂടുതലും വായിച്ചിരുന്നത് മലയാള പുസ്തകങ്ങളായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചത് അവിടെ വച്ചാണ്. ഒരുപാടുപേർ വായിച്ചു വായിച്ചു പഴകിയ പുസ്തകമായിരുന്നു അത്.

 

സ്വന്തം പുസ്തകങ്ങൾ തന്നെ വായിക്കണമെന്ന വാശി

 

nireeshwaran

വായിക്കുന്നത് സ്വന്തമായി വാങ്ങുന്ന പുസ്തകങ്ങളാകണമെന്ന വാശി തോന്നാൻ ഒരു കാരണമുണ്ട്. പനമ്പിള്ളി നഗറിലെ ഞങ്ങളുടെ ഫ്ലാറ്റിനു താഴെ ഒരു പുസ്തകശാല തുറന്നു. അവിടെ പരിപാടികൾ നടക്കുമ്പോൾ ക്ഷണം ലഭിക്കുമായിരുന്നു. അങ്ങനെ ഒരുപരിപാടിയിൽ പങ്കെടുത്തു മടങ്ങിയപ്പോൾ അവർ 10 പുസ്തകങ്ങൾ സമ്മാനമായി തന്നു. സ്വന്തം ബുക്കുകൾ വായിക്കുന്നതിന്റെയൊരു ഫീൽ കിട്ടിയത് അങ്ങനെയാണ്. പിന്നീട് ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങി വായന തുടങ്ങി. ഇപ്പോൾ അത്യാവശ്യം നല്ല പുസ്തകശേഖരമുണ്ട്. സ്വന്തമായി വാങ്ങിയ പുസ്തകങ്ങൾ തന്നെ വായിക്കണമെന്ന വാശി അങ്ങനെയാണുണ്ടായത്.

 

ഏറെയിഷ്ടം തോന്നിയ അഞ്ചു പുസ്തകങ്ങൾ

 

പുസ്തകങ്ങളോടുള്ള ഇഷ്ടം കേവലം അഞ്ചെണ്ണത്തിൽ ഒതുക്കാൻ സാധിക്കില്ല. വായിച്ച പുസ്തകങ്ങളുടെ ക്രമത്തിലോ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളെ അഞ്ചായി ചുരുക്കിയോ അല്ല പറയാൻ ശ്രമിച്ചത്. മനസ്സിന് ഏറെയിഷ്ടം തോന്നിയ അഞ്ചു പുസ്തകങ്ങളിവയാണ്:

 

1. മനുഷ്യന് ഒരു ആമുഖം

 

സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന പുസ്തകം ഒരിക്കലും മിസ് ചെയ്യരുത്. എറണാകുളത്ത് ആലുവയിൽ നടന്ന ഒരു സംഭവമാണ് നോവലിന്റെ ഇതിവൃത്തം. മനുഷ്യജീവിതത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഒരു പുസ്തകം. അതിലെ പ്രധാന കഥാപാത്രമായ നാറാപിള്ളയെ ഒരിക്കലും നമ്മൾ മറക്കില്ല. ഹൃദയത്തെ ഏറെ സ്പർശിച്ച ഒരു പുസ്തകമായിരുന്നു അത്.

 

2. നിരീശ്വരൻ

 

വി.ജെ. ജയിംസിന്റെ ‘നിരീശ്വരൻ’ എന്ന നോവലിനെപ്പറ്റി പറയുകയാണെങ്കിൽ  നമ്മൾ ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്ന കാര്യങ്ങളാണ് അതിലെ ഇതിവൃത്തം. ഏറെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു ട്രാക്കിലൂടെയാണ് ആ നോവൽ വായനക്കാരെ കൊണ്ടുപോവുക. മൂന്നു ചെറുപ്പക്കാരുടെ കഥയാണത്. പേരിന്റെ ആദ്യത്തെ അക്ഷരം വച്ച് ഒരു സ്ട്രീറ്റിനു പേരിടുന്നതും അവർ മൂന്നു പേരും ചേർന്നു കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ സൃഷ്ടിക്കുന്ന കോലാഹലവുമൊക്കെ നോവലിനെ ഏറെ രസകരമാക്കുന്നുണ്ട്. ഒരുപാട് കഥാപാത്രങ്ങളുണ്ടതിൽ. അതിലെ ഒരു വരി എനിക്കേറെയിഷ്ടമാണ്. ‘മനുഷ്യ മനസ്സിനേക്കാൾ ശക്തിയുള്ള ഒരു പ്രതിഭാസമില്ല. ഓം നിരീശ്വരായ നമഃ’ എന്നതാണത്. 

 

3. സമുദ്രശില

 

സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ എന്ന പുസ്തകം ഏറെ പ്രിയപ്പെട്ടതാണ്. അംബ എന്ന സ്ത്രീയാണ് പ്രധാന കഥാപാത്രം. ആ നോവലിൽ പലയിടങ്ങളിൽ വെള്ളയാങ്കല്ല് എന്ന സ്ഥലത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ആ സ്ഥലത്തു പോകണമെന്ന് മോഹം തോന്നി. നോവലിസ്റ്റും സുഹൃത്തുക്കളും ചേർന്നു നടത്തിയ വെള്ളയാങ്കല്ല് യാത്രയെക്കുറിച്ചും അംബയുടെ ഫോൺകോൾ വന്നതിനെക്കുറിച്ചുമൊക്കെ ഒരു ട്രാവൽ മാഗസിനിൽ നോവലിസ്റ്റെഴുതിയത് ഞാൻ വായിച്ചിരുന്നു. ബേപ്പൂരിൽനിന്നു ബോട്ടുമാർഗ്ഗം കടലിലൂടെ സഞ്ചരിച്ചെത്തുന്ന ദ്വീപുപോലെയുള്ള ആ സ്ഥലത്തേക്ക് ഒരിക്കൽ ഞാനും യാത്ര പോകും.

 

4. മാമാ ആഫ്രിക്ക

 

ടി.ഡി. രാമകൃഷ്ണന്റെ ‘മാമാ ആഫ്രിക്ക’യാണ് പ്രിയപ്പെട്ട മറ്റൊരു പുസ്തകം. മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ മിത്തുകളെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ‘മാമാ ആഫ്രിക്ക’ എന്ന നോവലിലെ പ്രധാന കഥാപാത്രം താരയാണ്. ആഫ്രിക്കയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചാണ് നോവൽ. കഥ നടക്കുന്നത് ആഫ്രിക്കയിലാണെങ്കിലും കഥാപാത്രം മലയാളിയായ

തിനാൽ കേരളത്തെക്കുറിച്ചുള്ള ഒരുപാടു പരാമർശങ്ങൾ നോവലിൽ പല ഭാഗത്തുമുണ്ട്. ഒരു മുത്തശ്ശിക്കഥ പോലെ വായിച്ചു തീർക്കാൻ പറ്റുന്ന ഒരു നോവലാണിത്. ആഫ്രിക്കൻ പ്രസിഡന്റായ ഈദി അമീനുമായി താര നടത്തുന്ന സ്ട്രഗിൾ, അവർ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ, അവരുടെ യാത്രകൾ, എഴുത്തിലൂടെ അവർ വിപ്ലവം തീർക്കുന്നത് എന്നിവയെക്കുറിച്ചാണ് നോവൽ. ഒരിക്കലും അവസാനിക്കല്ലേ എന്ന പ്രാർഥനയോടെ നമ്മൾ വായിച്ചിരുന്നു പോകും 440 പേജുകളുള്ള ഈ നോവൽ.

 

ലോക്ഡൗൺ സമയത്താണ് പുസ്തകം ബുക്ക് ചെയ്തത്. അൺലോക്കിങ് സമയത്ത് ആദ്യമായി കൊറിയറിലെത്തിയത് ഈ പുസ്തകമാണ്. വായനയെ രസകരമാക്കുന്ന എല്ലാ ചേരുവകളും സമാസമം ചേരുന്ന ഒരു നോവലാണിത്. ടി.ഡി. രാമകൃഷ്ണൻ എന്ന എഴുത്തുകാരന്റെ വലിയ ഫാനായത് ഒരൊറ്റ ബുക്ക് വായിച്ചതോടു കൂടിയാണ്. ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന പുസ്തകമാണത്. കുന്നംകുളത്ത് നടക്കുന്ന ഒരു സംഭവത്തെക്കുറിച്ചാണ് ത്രില്ലർ മൂഡിലുള്ള ആ പുസ്തകം. കോരപ്പാപ്പൻ എന്നയാൾ പ്രധാന കഥാപാത്രമായെത്തുന്ന നോവൽ വായിച്ചത് നാലഞ്ചു വർഷം മുൻപാണ്. ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’, ‘ആൽഫ’, ‘അന്ധർ ബധിരർ മൂകർ’ എന്നീ പുസ്തകങ്ങളാണ് അദ്ദേഹത്തിന്റേതായി ഇനി വായിക്കാനുള്ളത്.

 

5. ദ് മാജിക് സ്ട്രിങ്സ് ഓഫ് ഫ്രാങ്കി പ്രസ്റ്റോ

 

മിഷ് ആൽബമിന്റെ ‘ദ് മാജിക് സ്ട്രിങ്സ് ഓഫ് ഫ്രാങ്കി പ്രസ്റ്റോ’ ഏറെയിഷ്ടമുള്ള ഒരു പുസ്തകമാണ്. ഒരു മ്യുസീഷ്യന്റെ കഥ പറയുന്ന ആ പുസ്തകം എല്ലാ ആർട്ടിസ്റ്റുകളും വായിക്കണം എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. പിന്നെ ‘കൊടകര പുരാണം’ വളരെയിഷ്ടമുള്ള പുസ്തകമാണ്. ഹ്യൂമർ ട്രാക്കിലുള്ള ആ പുസ്തകം പറയുന്നത് കുട്ടിക്കാല കോലാഹലങ്ങളെല്ലാം ഒരുമിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്നതിനെക്കുറിച്ചാണ്. ബെന്യാമിന്റെ ‘ആടുജീവിതം’, ‘മഞ്ഞവെയിൽ മരണങ്ങൾ’ എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, ‘കുട നന്നാക്കുന്ന ചോയി’ അങ്ങനെ വേറെയും ഒരുപാടു പുസ്തകങ്ങൾ സജസ്റ്റ് ചെയ്യാനാഗ്രഹമുണ്ട്.

 

English Summary: Actress Krishna Praba talks about her 5 favourite books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com