ADVERTISEMENT

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്. നിങ്ങള്‍ പറയുന്നതു കേള്‍ക്കുന്നു. നിങ്ങളെ കാണുന്നു. അംഗീകരിക്കുന്നു. സ്നേഹിക്കുന്നു. ഈ ലോകത്തെ ഞങ്ങള്‍ സ്നേഹിക്കുന്നതു നിങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്. 

 

ലോകത്തെ 200- ല്‍ അധികം എഴുത്തുകാര്‍ ഒപ്പിട്ട ഒരു കത്തിലാണ് ഈ വാചകങ്ങളുള്ളത്. ജീനറ്റ് വിന്റര്‍സ്റ്റന്‍, മലോറി ബ്ലാക്ക്മാന്‍, കിരണ്‍ മില്‍വുഡ് ഹാര്‍ഗ്രേവ്, ഡെയ്സി ജോണ്‍സണ്‍, മാക്സ് പോര്‍ട്ടര്‍, നികേഷ് ശുക്ല, മേരിന്‍ ജീന്‍ ചാന്‍ എന്നീ പ്രമുഖര്‍ ഉള്‍പ്പെട്ട എഴുത്തുകാര്‍ കത്തെഴുതിയിരിക്കുന്നത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക്. 

 

സ്നേഹത്തിന്റെയും ഐക്യദാര്‍ഡ്യത്തിന്റെയും സന്ദേശം എന്ന പേരിലെഴുതിയ കത്തിലാണ് എഴുത്തുകാര്‍ ട്രാന്‍സ്ജെന്‍ഡറുകളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നത്. 

 

വിദ്വേഷത്തിനെതിരെ എന്ന പേരില്‍ ഹാരി പോട്ടര്‍ എഴുത്തുകാരി ജെ.കെ. റൗളിങ്ങിനെ പിന്തുണച്ച് ഏതാനും എഴുത്തുകാര്‍ കഴിഞ്ഞ ദിവസം ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഞങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പം എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒട്ടേറെ എഴുത്തുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ സ്ത്രീകള്‍ തന്നെയാണെന്ന് കത്തില്‍ ഉറപ്പിച്ചു പറയുന്നുമുണ്ട്.

 

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് എതിരെ എന്നു വ്യാഖ്യാനിക്കാവുന്ന ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന പുറത്തുവന്നതിനുപിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. സ്ത്രീ വേഷം കെട്ടിയതുകൊണ്ടു മാത്രം എല്ലാവരെയും സ്ത്രീകളായി  അംഗീകരിക്കാന്‍ കഴിയില്ലെന്ന് റൗളിങ് നേരത്തെ പറഞ്ഞിരുന്നു. ലൈംഗികത സ്ത്രീയും പുരുഷനും തമ്മിലാകുമ്പോള്‍ മാത്രമേ അംഗീകരിക്കാന്‍ കഴിയൂ എന്നു കൂടി അവര്‍ കടത്തിപ്പറഞ്ഞതോടെ പ്രതിഷേധവും വ്യാപകമായി. ലൈംഗികതയ്ക്കും സ്ത്രീ എന്ന സങ്കല്‍പത്തിന്റെ പരിശുദ്ധിക്കും വേണ്ടി നിലകൊള്ളുകയാണ് എന്ന മട്ടില്‍ റൗളിങ് നടത്തിയ പരാമര്‍ശങ്ങള്‍ സമാനതകളില്ലാത്ത  വിവാദങ്ങള്‍ക്കാണു കാരണമായത്. പിന്നാലെ പുറത്തുവന്ന റൗളിങ്ങിന്റെ ഏറ്റവും പുതിയ നോവല്‍ വിവാദത്തെ വീണ്ടും ചൂടുപിടിപ്പിച്ചു. ട്രബിള്‍ഡ് ബ്ലഡ് എന്നാണ് നോവലിന്റെ പേര്. സ്ത്രീ വേഷം കെട്ടിയ പുരുഷന്‍ സ്ത്രീകളെ വശീകരിക്കുന്നതും ആഗ്രഹപൂര്‍ത്തിക്കുശേഷം കൊലപ്പെടുത്തുന്നതുമാണ് ട്രബിള്‍ഡ് ബ്ലഡിന്റെ വിഷയം. 

 

ട്രാന്‍സ്ജെന്‍ഡറുകളെ മോശമായി ചിത്രീകരിക്കുന്നതാണ് നോവല്‍ എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ബ്രിട്ടനില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത് ഈ നോവലാണ്. ഹിറ്റ് ചാര്‍ട്ടുകളില്‍ ആഴ്ചകളായി ഒന്നാം സ്ഥാനത്തു തന്നെയാണ് നോവല്‍. എന്നാല്‍ റൗളിങ്ങിനെതിരെ പ്രതിഷേധവും വ്യാപകമായിക്കൊണ്ടിരുന്നു. 

 

പിന്നാലെയാണ് റൗളിങ്ങിനെ വേട്ടയാടുന്നത് നിര്‍ത്തുക എന്നഭ്യര്‍ഥിച്ച് ഒരുകൂട്ടം എഴുത്തുകാര്‍ രംഗത്തുവന്നത്. പിന്നാലെ കൂടുതല്‍ എഴുത്തുകാര്‍ തങ്ങള്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പമാണ് എന്ന് തുറന്നുപ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ലോകവ്യാപകമായി എഴുത്തുകാര്‍ക്കിടയില്‍ വിഷയത്തിലുള്ള ഭിന്നതയും പുറത്തുവന്നിരിക്കുന്നു. 

 

58 എഴുത്തുകാരാണ് റൗളിങ്ങിനെ പിന്തുണച്ച് രംഗത്തെത്തിയതെങ്കില്‍ 200- ല്‍ അധികം പേരാണ് ട്രാന്‍സ്ഡെന്‍ഡറുകള്‍ക്ക് പിന്തുണയുമായി എത്തിയത് എന്നതും ശ്രദ്ധേയം. 

 

English Summary: More than 200 writers and publishers sign letter in support of trans and non binary people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com