ADVERTISEMENT

നിയമപരമായി സ്ത്രീയാണെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടതിന്റെ പേരില്‍ ഇനി തന്നെ പുരസ്കാരത്തിന് പരിഗണിക്കേണ്ടതില്ലെന്ന ആവശ്യവുമായി ഇന്ത്യന്‍ ബന്ധമുള്ള നൈജീരിയന്‍ എഴുത്തുകാരി. ബഹുവചനത്തിലൂടെ മാത്രം സ്വയം വിശേഷിപ്പിക്കുന്ന അക്‍വേക് എമേസിയാണ് സ്ത്രീ പുരസ്കാരത്തിന് ഭാവിയില്‍ തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നൈജീരിയക്കാരനാണ് എമേസിയുടെ പിതാവ്. അമ്മ തമിഴ്നാട്ടുകാരിയും. ഭിന്ന വ്യക്തിത്വത്തിന്റെ സങ്കീര്‍ണതകളില്‍നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍വേണ്ടി അഞ്ചാം വയസ്സുമുതല്‍ കഥകളെഴുതുന്ന എമേസിയുടെ ആദ്യ നോവല്‍ ഫ്രഷ് വാട്ടര്‍ 2019-ല്‍ പ്രശസ്ത സ്ത്രീ സാഹിത്യ പുരസ്കാരത്തിന് അര്‍ഹമായിരുന്നു. എന്നാല്‍ രണ്ടാമത്തെ നോവല്‍ ഈ വര്‍ഷത്തെ പുരസ്കാരത്തിന് നിര്‍ദേശിച്ചപ്പോഴാണ് എമേസി നിയമപരമായി സ്ത്രീയാണെന്നു വ്യക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ നോവലുകള്‍ പുരസ്കാരത്തിന് പരിഗണിക്കരുതെന്ന് എമേസി ആവശ്യപ്പെട്ടിരിക്കുന്നത്.

 

1991 ല്‍ വിമന്‍സ് പ്രൈസ് എന്ന സ്ത്രീ എഴുത്തുകാര്‍ക്ക് മാത്രമായുള്ള പുരസ്കാരം ഏര്‍പ്പെടുത്തുന്നതുതന്നെ പ്രതിഷേധത്തിന്റെ ചുവടുപിടിച്ചായിരുന്നു. ആ വര്‍ഷത്തെ ബുക്കര്‍ പുരസ്കാര പട്ടികയില്‍ ഒരു സ്ത്രീ എഴുത്തുകാരിയെപ്പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെയാണ് എല്ലാ വര്‍ഷവും മികച്ച വനിതാ എഴുത്തുകാരിക്ക് പുരസ്കാരം നല്‍കാന്‍ തീരുമാനിക്കുന്നത്. ഈ പുരസ്കാരമാണ് കഴിഞ്ഞ വര്‍ഷം എമേസിക്ക് ലഭിച്ചത്. എന്നാല്‍ പിന്നീട് മാത്രമാണ് എമേസിയുടെ ദ്വന്ദ വ്യക്തിത്വത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സംഘാടകര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

 

‘ഞാനല്ല ഇവിടെ പ്രശ്നം. എന്നെ മറന്നേക്കൂ. എന്നാല്‍ ഇത്തരത്തില്‍ നിയമപരമായി സ്ത്രീയാണെന്നു തെളിയിക്കണം എന്നൊക്കെ ആവശ്യപ്പെടുന്നത് എത്ര അസംബന്ധമാണെന്നു നോക്കൂ. ഞാന്‍ ഒരു സ്ത്രീയേ അല്ല. അതുകൊണ്ടുതന്നെ എനിക്ക് സ്ത്രീ പുരസ്കാരവും വേണ്ട. എന്നാല്‍ നിയമം മൂലം വ്യക്തിത്വം തെളിയിക്കണം എന്നാവശ്യപ്പെടുന്നത് അനുവാദമില്ലാതെ സ്ത്രീ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം പ്രയോഗിക്കുന്നതിനു തുല്യമാണ്’- എമേസി പറയുന്നു. 

 

എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രം എന്നു വ്യക്തമാക്കപ്പെട്ട പുരസ്കാരമായതിനാലാണ് നിയമപരമായി സ്ത്രീയാണെന്നു തെളിയിക്കണം എന്നാവശ്യപ്പെട്ടതെന്നാണ് സംഘാടകര്‍ പറയുന്നത്. ഇംഗ്ലിഷ് ഭാഷയില്‍ സ്ത്രീകള്‍ എഴുതുന്ന ഏതു നോവലും പരിഗണിക്കാം. എന്നാല്‍ സ്ത്രീയായല്ലാതെ ജീവിക്കുന്ന, സ്ത്രീ അല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരാളെ എങ്ങനെ പരിഗണിക്കും എന്നാണ് സംഘാടകര്‍ ചോദിക്കുന്നത്. തങ്ങള്‍ ഒരു തരത്തിലുള്ള വിവേചനവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. 

 

അവന്‍, അവള്‍ തുടങ്ങിയ ഏകവചനങ്ങള്‍ സ്വയം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാത്ത എമേസി അവര്‍ എന്ന വാക്കാണ് പകരം ഉപയോഗിക്കുന്നത്. 

 

English Summary: Akwaeke Emezi shuns Women’s Prize for Fiction after being asked for details of their sex as defined ‘ by law’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com