ADVERTISEMENT

എഴുത്തുകാരിയുടെ മൗലികമായ അനുഭവം നിസ്സഹായതയാണ്. നേട്ടത്തിന്റെ സന്തോഷമല്ല അവരെ കാത്തിരിക്കുന്നത്. ആഗ്രഹത്തിന്റെ തീവ്രത. ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതിരിക്കുന്നതിന്റെ വേദന. 

 

കവിയുടെ വിദ്യാഭ്യാസം എന്ന ലേഖനത്തിലാണ് എഴുത്തുകാരുടെ വിധിയായ അസ്വസ്ഥതയുടെ വേദനയെക്കുറിച്ചും എഴുതിയിട്ടും ആവിഷ്ക്കരിക്കാനായിട്ടില്ലാത്ത ഹൃദയ വികാരങ്ങളെക്കുറിച്ചും ലൂയി ഗ്ലിക്ക് എഴുതിയത്. എഴുതാന്‍ ആഗ്രഹിച്ചതെല്ലാം ഇതുവരെയും എഴുതാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 12 കാവ്യ സമാഹാരങ്ങള്‍ കൊണ്ടുതന്നെ ലൂയി ഗ്ലിക്ക് എത്തിക്കഴിഞ്ഞു നൊബേല്‍ സമ്മാനത്തില്‍. ആ കാവ്യപ്രതിഭയ്ക്കു നേരെ മുഖം തിരിക്കാതിരിക്കാന്‍ ആവാത്തതുകൊണ്ടുതന്നെയാണ് 2011 നു ശേഷം വീണ്ടും ഒരു കവി ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരത്തിന് അര്‍ഹയാകുന്നതും. 10 വര്‍ഷത്തിനിടെ നൊബേല്‍ സമ്മാനം നേടിയ കവി ടൊമസ് ട്രന്‍സ്ട്രോമറാണ്. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം മുന്‍പുതന്നെ നേടിയിട്ടുണ്ട് ഗ്ലിക്ക്. ഇപ്പോഴിതാ നൊബേല്‍ പുരസ്കാരവും. 

 

മരത്തില്‍ നിന്നു പുറത്തുവരാന്‍ കാത്തിരിക്കുന്ന വിത്തിന്റെ വേദനയെക്കുറിച്ച് ഗ്ലിക്ക് എഴുതിയത് ദ് ഹൗസ് ഓണ്‍ മാര്‍ഷ്‍ലാന്‍ഡ് എന്ന സമാഹാരത്തിലെ കവിതയിലാണ്. 

 

വരൂ വരൂ എന്റെ കൊച്ചു കുട്ടീ എന്നു വിളിക്കുന്ന ഭൂമിയിലേക്ക് വിത്ത് വീഴുന്നപോലെയാണ്, വളര്‍ന്നു വലുതാവുന്നതുപോലെയാണ് ഗ്ലിക്കിന്റെ കവിതകളും. പലപ്പോഴും ഒരു വികാരത്തിന്റെ അനുഭവത്തിന്റെ, അവസ്ഥയുടെ ദൈന്യമാണ് അവരുടെ കവിതകള്‍ വായനക്കാരുടെ മനസ്സില്‍ നിക്ഷേപിക്കുന്നത്. പിന്നെയാണ് വിത്ത് വളരുന്നതുപോലെ വേദന മനസ്സില്‍ തിടം വയ്ക്കുന്നതും. വളര്‍ന്നുകൊണ്ടേയിരിക്കുന്നതും. 

 

ഫസ്റ്റ് ബോണ്‍ ഉള്‍പ്പെടെയുള്ള ആദ്യ കാല കവിതകളില്‍ പ്രണയ നഷ്ടത്തിന്റെ വേദനയെക്കുറിച്ചാണ് അവര്‍ എഴുതിയത്. ജീവിതത്തെക്കുറിച്ച്.  മരണത്തെക്കുറിച്ച്. നഷ്ടങ്ങളെക്കുറിച്ച്. ക്രമേണ ഗ്ലിക്ക് ജീവിതത്തിന്റെ സമഗ്രതയിലേക്കു ചുവടു മാറുന്നു. സ്ത്രീ അവസ്ഥകളെക്കുറിച്ചും ജീവിതം എന്ന വിശാലമായ അരങ്ങിലെ നാടകങ്ങളെക്കുറിച്ചും. ഫസ്റ്റ്ബോണില്‍ നിറഞ്ഞുനില്‍ക്കുന്നത് വീടാണ്. അകത്തളങ്ങളിലെ വികാരങ്ങളും വിചാരങ്ങളുമാണ്. എന്നാല്‍ ദ് ഹൗസ് ഓണ്‍ മാര്‍ഷ് ലാന്‍ഡ് എന്ന 1975 ല്‍ പുറത്തുവന്ന സമാഹാരമായപ്പോഴേക്കും വീട്ടില്‍ നിന്നു പുറത്തിറങ്ങുന്ന ഗ്ലിക്കിനെ കാണാം. മുറ്റത്തേക്ക്. തൊടിയിലേക്ക്. ചെടികളുടെ ലോകം. മരങ്ങളുടെ ലോകം. പ്രകൃതി. 2006 ല്‍ പുറത്തിറക്കിയ അവെര്‍ണോയില്‍ എത്തുമ്പോഴേക്കും തത്വചിന്താപരമാകുന്നുണ്ട് ഗ്ലിക്ക്. 

 

അവിടെയൊരു ബാസ്കറ്റിലുണ്ട് ഒരു പീച്ച് പഴം. 

അവിടെയൊരു പാത്രത്തില്‍ പഴങ്ങളുണ്ട്. 

അന്‍പതു വര്‍ഷങ്ങള്‍. 

വാതില്‍നിന്ന് മേശയിലേക്കുള്ള നീണ്ടയാത്ര. 

 

10 ഭാഗങ്ങളുള്ള റൈപ്പ് പീച്ച് എന്ന കവിതയില്‍ മധ്യവയസ്സിന്റെ നിസ്സഹായത ഗ്ലിക്ക് അനുഭവിപ്പിക്കുന്നത് നാലേ നാലു വരികളില്‍. 

2001 ല്‍ പുറത്തിറങ്ങിയ ദ് സെവന്‍ ഏജസ് എന്ന സമാഹാരത്തിലാണ് റൈപ്പ് പീച്ച് എന്ന കവിതയുള്ളത്. അസ് യു ലൈക്ക് ഇറ്റില്‍ ഷേക്സ്പിയര്‍ മനുഷ്യജീവിതത്തെ ഏഴ് ഭാഗങ്ങളാക്കി  വിഭജിക്കുന്നതുപോലെ സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുകയാണ് ഗ്ലിക്ക്. സ്ത്രീയവസ്ഥ വിശാലമായ അര്‍ഥത്തിലുള്ള മനുഷ്യാവസ്ഥതന്നെയാണെന്ന് അവര്‍ തുറന്നെഴുതുന്നു. 

 

ഒരു ശരീരത്തിന്റെ ബാഹ്യചിത്രം വരയ്ക്കുകയാണ് കുട്ടി. 

അവള്‍ക്കു കഴിയാവുന്നതുപോലെയാണ് അവള്‍ വരയ്ക്കുന്നത്. നിറയെ വെള്ളനിറം. ശരീരത്തിനുള്ളിലുള്ളത് എന്താണെന്ന് അറിയാമെങ്കിലും അവള്‍ക്കതു പൂര്‍ത്തീകരിക്കാനാവില്ല. 

പിന്തുണയില്ലാത്ത വരികള്‍ക്കുള്ളില്‍ 

ജീവിതം ചോര്‍ന്നുപോകുകയാണെന്ന് അവള്‍ക്കറിയാം. 

 

ജീവിതത്തില്‍ നിന്ന് ചോര്‍ന്നുപോയവയെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചു തന്നെയാണ് ഗ്ലിക്ക് എഴുതിയത്. അതുകൊണ്ടുതന്നെയാണ് അമേരിക്കക്കാരുടെ പ്രിയപ്പെട്ട കവിയായി ഗ്ലിക്ക് മാറിയതും. സമരങ്ങളില്‍ പങ്കെടുക്കുകയോ രാഷ്ട്രീയത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ലെങ്കിലും കറുത്തവരെ അമേരിക്കന്‍ ജീവിതത്തില്‍നിന്ന് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടത്. 

 

മുറിയുടെ പാതി തുറന്ന ജനാലയിലൂടെയാണ് എമിലി ഡിക്കിന്‍സണ്‍ ജീവിതം കണ്ടെതെങ്കില്‍ ഗ്ലിക്ക് മുറിക്കു പുറത്തേക്കിറങ്ങി ജീവിതം കണ്ടു. അനുഭവിച്ചു. ആസ്വാദ്യകരമായി എഴുതി. എമിലിക്കൊപ്പം തന്നെ ഇനി അമേരിക്കാരുടെ മാത്രമല്ല ലോകത്തിന്റെ മനസ്സിലുമുണ്ടാകും ഗ്ലിക്ക് എന്ന കാവ്യചൈതന്യം. 

 

English Summary: Poet Louise Gluck Is Awarded the 2020 Nobel Prize in Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com