ADVERTISEMENT

സ്വന്തം കവിതകളില്‍ അക്കിത്തത്തിന് പ്രിയപ്പെട്ടത് ഒന്നല്ല ഒരുപിടി കവിതകളാണ്. അവയില്‍ പ്രഥമ സ്ഥാനത്തുണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ബലിദര്‍ശനം, വാടാത്ത താമരയും കെടാത്ത സൂര്യനും കണ്ടവരുണ്ടോ, പശുവും മനുഷ്യനും, ആര്യന്‍, പണ്ടത്തെ മേശാന്തി, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കുണ്ടുണ്ണി, മാധവിക്കുട്ടി എന്നിവയാണ് കവി എടുത്തുപറഞ്ഞ സ്വന്തം കവിതകള്‍. സ്വന്തം സൃഷ്ടികളില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സംതൃപ്തിപ്പെടുത്തിയവ. 

 

അക്കിത്തത്തിന്റെ പ്രിയ കവിതകളുടെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നതു മനുഷ്യനാണ്. എല്ലാ മുറിവുകള്‍ക്കുമുള്ള പ്രത്യൗഷധമായ സ്നേഹവും. ക്ഷമാശീലനു മാത്രമേ സുഖമുള്ളൂ എന്നതാണ് അക്കിത്തത്തിന്റെ ആദര്‍ശം. അഥവാ സുഖം എന്നതു ദുഃഖത്തെ മറക്കല്‍ മാത്രമാണ്. ദുഃഖത്തിന് ഔഷധം സ്നേഹവും അതു വ്രതമായി ശീലിക്കുന്ന മനുഷ്യനും. 

 

വെണ്ണക്കല്ലിന്റെ കഥ എന്ന കവിത കാളിദാസന്‍ മുതല്‍ക്കുള്ള കവികള്‍ക്കുള്ള അക്കിത്തത്തിന്റെ ആദരവാണ്. അത് അദ്ദേഹത്തിന്റെ കവിതയ്ക്കും ചേരുന്ന ഉത്തമ വിശേഷണമായി മാറുന്നുണ്ട്. 

 

ഗായകന്റെ കീര്‍ത്തി എമ്പാടും പരന്നപ്പോള്‍ രാജാവ് ആജ്ഞാപിച്ചു: ഗായകരത്നം കൊട്ടാരത്തെ അലങ്കരിക്കണം. പ്രിയതമയെ ഗ്രാമത്തില്‍ വിട്ട് ഗായകന്‍ കൊട്ടാരത്തിലേക്ക്. എങ്കിലും അയാളുടെ ഓര്‍മയിലുണ്ട് കാമുകിയുടെ കണ്ണില്‍ അവസാനമായി കണ്ട വജ്രക്കല്ലിന്റെ തിളക്കം. കൊട്ടാരത്തിലെത്തിയ ഗായകന്‍ നര്‍ത്തകികളുടെ കാല്‍ത്താളത്തിനൊത്തു പാട്ടുപാടാന്‍ നിയുക്തനാകുന്നു. പെട്ടെന്നൊരുനാള്‍ അയാള്‍ വായ ഇറുക്കിയടച്ചു. പിന്നെ നിര്‍ത്താതെ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു ബോധം കെട്ടുവീണപ്പോള്‍ അയാളുടെ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. കാലം കടന്നുപോയി. രാജാവും നര്‍ത്തകിമാരും കൊട്ടാരവും മണ്ണടിഞ്ഞു. ഗായകന്റെ കണ്ണുനീര്‍ കാലത്തിന്റെ ശൈത്യത്തില്‍ കല്ലായുറച്ചുവളര്‍ന്നു. അതിനെയാണ് മണ്ണിലെമ്പാടും പരന്നുകിടക്കുന്ന വെണ്ണക്കല്ലെന്ന് നാം ഇന്നറിയുന്നത്. അക്കിത്തത്തിന്റെ കവിതകള്‍ പറയുന്നതും വെണ്ണക്കല്ലിന്റെ കഥകളാണ്.  ഉറഞ്ഞുകൂടിയ സ്നേഹത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും വെണ്ണക്കല്ലുകള്‍. 

 

മാധവിക്കുട്ടി എന്ന കവിതയില്‍ സ്വാഭാവിക വികാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴുള്ള പെണ്ണിന്റെ ക്ഷോഭവും ത്യാഗവുമാണു പ്രമേയം. കവിയുടെ മറ്റു കവിതകളില്‍ നിന്നുതന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്നു മാധവിക്കുട്ടി. 

 

പൊലീസുകാരന്‍ പരമനെ പ്രേമിച്ച മാധവിക്കുട്ടി അയാള്‍ ഒരു വലിയ കുടുംബത്തിന്റെ നാഥനാണെന്നും പത്നിയെയും മക്കളെയും സ്നേഹിക്കുന്നവനാണെന്നും അറിയുന്ന നിമിഷത്തില്‍ പൊട്ടിത്തെറിക്കുന്നു. സിംഹിയെപ്പോലെ ചീറുന്നു. എന്നാല്‍ അയാളുടെ കണ്ണു നിറ‍ഞ്ഞതോടെ ശാന്തയാകുന്നു. മിഥ്യാധാരണകളുണ്ടാക്കാന്‍ താന്‍ ഒരുമ്പെട്ടിട്ടില്ലെന്ന് അയാള്‍ ബോധ്യപ്പെടുത്തുന്നതോടെ പേടമാനിനെപ്പോലെ പ്രശാന്തയാകുകയാണു മാധവിക്കുട്ടി. സ്നേഹത്തിന്റെ പേരിലുള്ള വിശുദ്ധ ത്യാഗത്തിലൂടെ മാധവിക്കുട്ടി  സായൂജ്യം കണ്ടെത്തുന്നു. മഴമേഘങ്ങളെ സ്വപ്നം കണ്ടുറങ്ങിയ മാധവിക്കുട്ടി, മുളയ്ക്കാനുള്ള മോഹത്തില്‍ തപിക്കുന്ന സര്‍ഗ്ഗവാസനയുടെ യുവതി ഒടുവില്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാനരുതാത്ത വ്യക്തിയായി മാറുന്നു. പ്രണയം തകരുന്നതോടെ ബധിരം, നിശ്ചലം, മൂകം;  സ്തംഭിക്കുന്നു ചരാചരം. എങ്കിലും തന്റെ നഷ്ടം തന്റേതുമാത്രമായി കാത്തുവയ്ക്കുകയാണ് മാധവിക്കുട്ടി. 

 

മുന്നറിയിപ്പ് എന്ന കവിതയില്‍, കാമുകി താമസിക്കുന്നത് എവിടെയുമായിക്കോട്ടെ, ഒരുകാലത്ത് ഇരുവരും ഒരുമിച്ചുചേരും എന്ന പ്രതീക്ഷയാണു പങ്കുവയ്ക്കുന്നത്. 

 

അക്കിത്തത്തിന്റെ നൂറു കണക്കിനു കവിതകള്‍ എടുത്തുനോക്കിയാലും അവയില്‍ പ്രതിബിംബിക്കുന്നതു വാടാത്ത താമര തന്നെ. താമരയെ  ചുംബിച്ചുണര്‍ത്തുന്ന കെടാത്ത സൂര്യന്‍ തന്നെ. ഏതു കാലത്തും ഏതു നേരത്തും മലയാളിക്ക് അക്കിത്തത്തിന്റെ കവിതകളില്‍ മുഖം നോക്കാം. മനസ്സ് വായിക്കാം. ഉദിച്ചുയരുന്ന കിരണങ്ങളേറ്റു വിടരുന്ന താമരപ്പൂവാകാം. 

 

English Summary : Akkitham Achuthan Namboothiries Personal Favorite Poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com