വളർച്ചയ്ക്ക് അനുകൂലമായ ഒരു പടിയും അവഗണിക്കരുത്

subhadinam-ways-to-stimulate-personal-growth
SHARE

ഒരു ഡോളർ ഉയർത്തിക്കാട്ടി പ്രസംഗകൻ പറഞ്ഞു: ‘നിങ്ങളിൽ ആർക്കു വേണമെങ്കിലും ഈ ഡോളർ നൽകാം’. ഒരു പ്രതികരണവും ഉണ്ടാകാത്തതിനാൽ അദ്ദേഹം വീണ്ടും പറഞ്ഞു: ‘ആരെങ്കിലും എഴുന്നേറ്റ് എന്റെയടുത്തു വന്നാൽ ഈ ഡോളർ തരാം’. ഒരു ഡോളർ എന്ന നിസ്സാര തുകയെ ചിലർ അവഗണിച്ചു. ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കണമല്ലോ എന്നതുകൊണ്ട് വേറെ ചിലർ അനങ്ങിയില്ല. ഒരു കുട്ടി എഴുന്നേറ്റു പോകാൻ തുടങ്ങിയപ്പോൾ അമ്മ വിലക്കി – മറ്റുള്ളവർ കണ്ടാൽ നാണക്കേടാകും; അവിടെയിരിക്ക്. കുറച്ചു കഴിഞ്ഞപ്പോൾ പിറകിൽനിന്ന് ഒരു വയോധിക എഴുന്നേറ്റു വന്ന് ആ ഡോളർ വാങ്ങി. പ്രസംഗകൻ തുടർന്നു: മുന്നിൽ വരുന്ന അനുഗ്രഹങ്ങളെ സ്വീകരിക്കാനുള്ള വിമുഖതയാണ് വളർച്ച മുരടിക്കാനുള്ള കാരണം.

സ്വയം നിർമിക്കുന്ന നിബന്ധനകൾക്കുള്ളിൽനിന്നു പുറത്തുകടക്കാതെ ഒരാളും വളരില്ല. അവനവൻ കെട്ടിപ്പൊക്കിയ ധാരണകളുടെയും തീരുമാനങ്ങളുടെയും മതിലിനുള്ളിലാണ് ഓരോരുത്തരും. അവയ്ക്കു വിപരീതമായ ചെറിയ കാര്യങ്ങളോടു പോലും ക്രിയാത്മകമായി പ്രതികരിക്കാൻ പലർക്കുമറിയില്ല. പതിയെ വളരണം – ചെടി വളരുന്നതു പോലെ, അദൃശ്യമായി, നിരന്തരം. വളർച്ചയ്ക്ക് അനുകൂലമായ ഒരു പടിയും അവഗണിക്കരുത്. ഒരു രാത്രികൊണ്ടോ പകലുകൊണ്ടോ വളർന്നു വലുതാകുന്നതിൽ അനുഭവക്കുറവിന്റെയും അസ്ഥിരതയുടെയും അപകടമുണ്ട്. ചെറിയ ചുവടുകളിലൂടെയുള്ള വളർച്ച അടുത്ത പടിയിലേക്കുള്ള അറിവും അനുഭവവും സമ്മാനിക്കും. ചെറുതെന്നും അപ്രധാനമെന്നും കരുതി അവഗണിച്ചവയെല്ലാം ഒരിക്കൽ പടർന്നുപന്തലിച്ചു നിൽക്കുമ്പോൾ, വളർച്ച എത്ര സാവധാനവും ദൃഢവുമാണെന്നു മനസ്സിലാകും. എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളുടെ സുഖാനുഭൂതിയിൽ വിശ്രമിക്കുമ്പോൾ, ചെറിയ നേട്ടങ്ങളിലേക്കു നടന്നടുക്കുന്നവർക്കു ലഭിക്കുന്നത് പരിഹാസവും അപമാനവും ആയിരിക്കും. കാതടച്ച്, കണ്ണടച്ച് മുന്നോട്ടു നീങ്ങുന്നവർക്കു മുന്നിൽ പുതിയ വാതിലുകൾ തുറക്കപ്പെടും.

English Summary : Subhadinam : Ways to stimulate personal growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;