ADVERTISEMENT

രാജാവ് എല്ലാ വർഷവും സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. നിശ്ചിത ദിവസം കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്തു തന്നെ അവസാനിക്കും. ആ വർഷം രാജാവ് എത്താൻ ഒരു മിനിറ്റു വൈകി. ഉടനെ സേനാംഗങ്ങൾ ക്ലോക്ക് ടവറിലെ സമയം ഒരു മിനിറ്റ് പിറകോട്ടാക്കി, രാജാവു കൃത്യസമയത്തു തന്നെ എത്തിയെന്നു വരുത്തിത്തീർത്തു. ക്ലോക്ക് ടവറിൽ നോക്കി രാജാവ് പ്രസംഗം ആരംഭിച്ചു: ഒരു മിനിറ്റ് താമസിച്ചെത്തിയതിൽ ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുന്നു!

‌അനുസരണം അടിമത്തമല്ല; വിധേയത്വം ദാസ്യവൃത്തിയുമല്ല. അനുസരണം നല്ലതാണ്; അടിമത്തം അപകടകരവും. നയിക്കുന്നവർ ചെയ്യുന്നതെല്ലാം ശരിയെന്നു വരുത്തിത്തീർക്കാനുള്ള അണികളുടെ ശ്രമം സാമൂഹികതിന്മയാണ്. അനുസരിക്കണം എന്നതിന്റെ അർഥം അന്ധമായി അനുകരിക്കണമെന്നോ അംഗീകരിക്കണമെന്നോ അല്ല. തെറ്റുപറ്റുക എന്ന മാനുഷികവീഴ്ച എല്ലാ നേതാക്കൾക്കും സംഭവിക്കുന്നതാണ്. തെറ്റു പറ്റുന്നതിനെക്കാൾ വലിയ തെറ്റ് ആ തെറ്റിനെ മഹത്വപ്പെടുത്താനോ പുതിയ ശരിയാക്കി രൂപപ്പെടുത്താനോ ഉള്ള ശ്രമമാണ്. തന്റെ തെറ്റുകൾ കണ്ടുപിടിക്കാനും തിരുത്താനും ധൈര്യമുള്ള അണികളെ സൃഷ്ടിക്കുന്നവനാണ് യഥാർഥ രാജാവ്. ജാഗരൂകരായ അണികളുള്ള രാജ്യം അനുദിനം വളരും.

ചൂണ്ടിക്കാണിക്കപ്പെട്ട ശേഷം തിരുത്തുന്നതിനെക്കാൾ സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നതിലാണ് മാഹാത്മ്യം. സ്വന്തം തെറ്റുകൾ സ്വയം കണ്ടെത്താനും സ്വയം തിരുത്താനുമുള്ള കഴിവു നോക്കിവേണം ആരെയും നേതാവാക്കാൻ. അവരെ വിശ്വസിച്ചു പിന്തുടരാം; തെറ്റില്ലാത്തതു കൊണ്ടല്ല, തെറ്റിയാലും തിരിച്ചു നടക്കും എന്നതുകൊണ്ട്.

അടിമകളെ ഭരിക്കുന്നവർ നേതാക്കളല്ല, യജമാനന്മാർ മാത്രം. സ്വന്തം തെറ്റുകളെ മറ്റുള്ളവർ പുകഴ്ത്തിപ്പാടുമ്പോഴും അവ തെറ്റാണെന്നു സ്വയം അംഗീകരിക്കാൻ തയാറുള്ളവർക്കു മാത്രം അവകാശപ്പെട്ടതാണ് നേതൃത്വം.

English Summary : Subhadinam : Be humble to see your mistakes, courageous to admit them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com