ADVERTISEMENT

നീ ചെയ്യുന്നതെന്താണെന്ന് നിനക്കറിയാമല്ലോ അല്ലേ...? 

ഹണ്ടറിനോട് ജോ ബൈഡന്‍ അതു മാത്രമാണു ചോദിച്ചത്. 

എനിക്കറിയാം എന്നായിരുന്നു ഹണ്ടറിന്റെ മറുപടി. അതു തെറ്റാണെന്നു പീന്നീട് കാലം തെളിയിച്ചു. അതിന്റെ ഫലം ഇപ്പോഴും ബൈഡന്‍ അനുഭവിക്കുന്നു. എന്നാല്‍ പിന്നീട് തെറ്റു തിരിച്ചറിഞ്ഞ ഹണ്ടര്‍ പശ്ചാത്തപിച്ചു. തന്റെ പിതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാളാകയാല്‍, വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിനില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ബൈഡന്‍ അതു മുന്‍കൂട്ടി കണ്ടിരിക്കണം. കാരണം തിരിച്ചടിയില്‍ നിന്നാണ് അദ്ദേഹം ഉയര്‍ന്നുവന്നിട്ടുള്ളത്. ഇന്നോളം. ഇപ്പോഴും. ഒരുപക്ഷേ ഇനിയെന്നും. വീണാലും വീണ്ടും എഴുന്നേല്‍ക്കുന്ന ആ കഴിവിന് അമേരിക്കന്‍ ജനത അംഗീകാരം കൊടുക്കുമോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനിടെ ചര്‍ച്ചയാകുകയാണ് ബൈഡനും മകനും തമ്മിലുള്ള ബന്ധവും ബൈഡന്റെ ജീവിതവും ചര്‍ച്ച ചെയ്യുന്ന പുസ്തകം ജോ ബൈഡന്‍: അമേരിക്കന്‍ ഡ്രീമര്‍. ഇവാന്‍ ഒസ്നോസ് എഴുതിയ ബൈഡന്റെ ജീവചരിത്രം ഒരു ചൂണ്ടുപലകയാണ്. 78-ാം വയസ്സില്‍ ഡോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആകുമോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടി അടങ്ങിയിരിക്കുന്ന പുസ്തകം. 

 

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോ ബൈഡനാണ് നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. എന്നാല്‍ നാലു വര്‍ഷം മുന്‍പും ഇതുതന്നെയായിരുന്നു സ്ഥിതി. തിരഞ്ഞെടുപ്പിന്റെ അവസാന ദിനം വരെ. ഒടുവില്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാണിച്ചിട്ടുണ്ട് പ്രവചനക്കാരും. അതുകൊണ്ടുതതന്നെ ഇപ്പോഴേ ഒന്നും ഉറപ്പിച്ചുപറയാനാവില്ല. എങ്കിലും പഠിക്കാനേറെയുണ്ട് ബൈഡന്റെ ജീവിതത്തില്‍ നിന്ന്. തകര്‍ച്ചകളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ നിന്ന്. അതിനു തെളിവുകള്‍ നിരത്തുന്നുണ്ട് ഇവാന്‍ ഒസ്നോസിന്റെ പുസ്തകം. 

 

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആരായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് ഒസ്നോസിന്റെ പുസ്തകം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും. 

Biden-book

 

ഇപ്പോഴത്തെ സ്ഥിതിയില്‍ ഞാന്‍ സംതൃപ്തനാണ്. ഇതൊരു വലിയ പോരാട്ടമാണെന്ന് എനിക്കറിയാം. എന്നാല്‍ എനിക്ക് പ്രതീക്ഷയുണ്ട്- ബൈഡന്‍ ഒസ്നോസിനോട് പറയുന്നു. 

 

മുന്‍പ് പല തവണ ബൈഡന്റെ സ്വപ്നം പാതിവഴിയില്‍ പൊലിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹം ദൃഡനിശ്ചയത്തിലാണ്. 

1972 -ലാണ് ബൈഡന്‍ ആദ്യമായി സെനറ്റില്‍ എത്തുന്നത്. 29-ാം വയസ്സില്‍. എന്നാല്‍ അന്ന് ആഘോഷത്തിനു പകരം അദ്ദേഹം ഒരു ദുരന്തത്തിന്റെ തീവ്ര സ്മരണകളിലായിരുന്നു. വാഷിങ്ടണില്‍ സ്വന്തം ഓഫിസ് സ്ഥാപിക്കുന്നതിന്റെ തിരക്കുകളില്‍ അദ്ദേഹം വ്യാപൃതനായപ്പോള്‍ ഒരു ട്രക്ക് കടന്നുപോയത് അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലൂടെയായിരുന്നു. ബൈഡന് അന്നത്തെ അപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ടു. നവോമി എന്ന മകളെ നഷ്ടപ്പെട്ടു. പരുക്കേറ്റെങ്കിലും ബോയെയും ഹണ്ടറിനെയും തിരിച്ചുകിട്ടി. 

എന്നാല്‍ ഹണ്ടര്‍ പിന്നീട് ബൈഡന് തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്. മയക്കുമരുന്നതിന്റെ അടിമയായപ്പോഴും വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധത്തിന്റെയും പേരില്‍. അത്തരമൊരു ബന്ധം തലവേദനയായി മാറിയപ്പോഴാണ് ബൈഡന്‍ ഹണ്ടറിനോട് എന്താണു ചെയ്യുന്നതെന്ന് അറിയാമല്ലോ എന്നു ചോദിച്ചതും അറിയാം എന്ന് ഹണ്ടര്‍ മറുപടി പറഞ്ഞതും. 

 

ഇത്തവണ അമേരിക്കക്കാര്‍ വോട്ട് ചെയ്യുമ്പോള്‍ തിരിച്ചടികളില്‍ നിന്നു തിരിച്ചുവരാനുള്ള ബൈഡന്റെ കഴിവിനാണോ മാര്‍ക്ക് ഇടുന്നതെന്ന് അറിയാന്‍ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. എന്നാല്‍ ഒസ്നോസിന്റെ പുസ്തകം ഇപ്പോള്‍ തന്നെ അമേരിക്കയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 

 

English Summary: Joe Biden: American Dreamer book by Evan Osnos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com