ADVERTISEMENT

മലയാള സാഹിത്യത്തിൽ തന്റേതായ ശൈലിയിലൂടെ അടയാളപ്പെടുത്തപ്പെട്ട വളരെ വ്യത്യസ്തനായ എഴുത്തുകാരനാണ് ജോസഫ് നമ്പിമഠം. അദ്ദേഹം ആധുനിക കവിതകൾക്കൊപ്പം നടക്കുവാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. കൃത്യമായി പറഞ്ഞാൽ നാല്പത്തിയാറു വർഷം. നൂതനവും അതേസമയം വ്യത്യസ്തവുമാണ് ആ കവിതാ വിഷയങ്ങൾ. കവിത വളരെ സാർവത്രികമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്തതയുടെ വെല്ലുവിളിയോടെ അതിനെ ഏറ്റെടുക്കുന്ന രീതിയാണ് നമ്പിമഠം സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിലെയും കേരളത്തിലെയും മിക്ക പ്രസിദ്ധീകരണങ്ങളിലും തന്റെ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നു. 1975 ലാണ് ആദ്യകവിതയായ പുതുയുഗപ്പിറവി പ്രസിദ്ധീകരിച്ചത്. ആദ്യകാലത്ത് മരിയാദാസ് നമ്പിമഠം എന്ന പേരിലും എഴുതിയിരുന്നു.

joseph-nambimadam-and-family
ജോസഫ് നമ്പിമഠം കുടുംബാംഗങ്ങളോടൊപ്പം

രണ്ടു കവിതാ സമാഹാരങ്ങൾ, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം ഇവയാണ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങൾ. നിസ്വനായ പക്ഷി, ഉഷ്ണമേഖലയിലെ ശലഭം, കൊച്ചു കാര്യങ്ങളുടെ അരുന്ധതി നക്ഷത്രം ഇവയെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത് മൾബറി ബുക്സ് ആണ്. 2004 ലാണ് തിരുമുറിവുകളിലെ തീ എന്ന കവിതാസമാഹാരം പാപ്പിയോൺ ബുക്സ് പ്രസിദ്ധീകരിച്ചത് . 2009 ൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച അമേരിക്കൻ മലയാളി കവിതകളുടെ ഗെസ്റ്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. തന്റെ പുതിയ കവിതകൾ ചേർത്ത് ഒരു പുസ്തകമാക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോൾ ഇദ്ദേഹം.  

തന്റെ ഓരോ കവിതയും ഒന്നിനൊന്നു വേറിട്ടതാക്കാൻ ശ്രമിക്കാറുണ്ടെന്നു കവി പറയുന്നു. ആവർത്തന വിരസത തെല്ലുമില്ലാതെ വായിച്ചു പോകാവുന്ന ചടുലമായ വരികളാണ് അവ. പല കവിതകളിലും സമൂഹത്തിലെ അധർമത്തോടും അനീതിയോടുമുള്ള ആത്മരോഷവും അസഹിഷ്ണുതയും മുന്നിട്ടു നിൽക്കുന്നതു കാണാം.

ധാരാളം പുരസ്‌കാരങ്ങൾ നമ്പിമഠത്തിനെ തേടി വന്നിട്ടുണ്ട്. ഫൊക്കാന, മലയാളവേദി, വേൾഡ് മലയാളി കൗൺസിൽ, വിചാരവേദി, ഈ മലയാളി, ലാന സാഹിത്യ പുരസ്കാരം എന്നീ അവാർഡുകൾ അവയിൽ ചിലതു മാത്രം.

1993 ൽ ഡാലസിൽ രൂപം കൊണ്ട കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ്) , 1997 ൽ രൂപം കൊണ്ട ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഇവയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ജോസഫ് നമ്പിമഠം. ഒരു പറ്റം സാഹിത്യ സ്നേഹികളുടെ കൂട്ടായ്മയുടെ ഫലമായി ഉടലെടുത്ത ഈ രണ്ടു സാഹിത്യ സംഘടനകളിലും വർഷങ്ങളോളം അധ്യക്ഷപദമുൾപ്പെടെയുള്ള നേതൃപദവികൾ വഹിച്ചിരുന്നു.

arundhathi-nakshathram-malayala-sahithyam-americayil-series-by-meenu-elizabeth-joseph-nambimadam-book

വായനയും എഴുത്തും നെഞ്ചോടു ചേർത്തു വെച്ചിരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾക്കു കൂടിച്ചേരാൻ ഒരു വേദിയെന്ന നിലയിൽ തുടങ്ങിയതാണ് ഈ സംഘടനകൾ. ഇന്നത്തെ അവയുടെ വളർച്ചയിൽ അഭിമാനമുണ്ടെങ്കിലും എഴുത്തിൽ ഇനിയും നാം അനേകം കാതം മുന്നോട്ടു പോകുവാനുണ്ടെന്നു നമ്പിമഠം വിശ്വസിക്കുന്നു. ‘അമേരിക്കയുടെ മണ്ണിൽ മലയാള സാഹിത്യം ഇനിയും വളരേണ്ടിയിരിക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരൻ ഏതു നേരവും കേരളത്തിലേക്കു നോക്കിയിരുന്നു സൃഷ്ടി നടത്തേണ്ടതില്ല. കുടിയേറ്റ നാടായ അമേരിക്കയിൽ വേരുറപ്പിച്ചു കൊണ്ടുതന്നെ, മലയാള സാഹിത്യം ഈ മണ്ണിൽ വളർത്തുവാൻ നാം പ്രാപ്തരാവണം. അമേരിക്കയിലെയും കാനഡയിലെയും മലയാളി എഴുത്തുകാർ മത്സരിക്കേണ്ടത് ഇവിടെയുള്ളവരോടാണ്. ഇതിനെല്ലാം ആഴത്തിലുള്ള വായന അത്യാവശ്യവുമാണ്. ലോകക്ലാസിക്കുകൾ മുതൽ എല്ലാം നാം വായിക്കേണ്ടതുണ്ട്.’ ഇന്നും വിടാതെയുള്ള വായനയാണ് തനിക്കു വീണ്ടും എഴുതുവാനുള്ള ഊർജ്ജം തരുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്പ്രായം.  

ushnamekhalayile-salabam-malayala-sahithyam-americayil-series-by-meenu-elizabeth-joseph-nambimadam-book

ഇന്നത്തെ സാമൂഹിക - നവമാധ്യമങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?

സോഷ്യൽ മീഡിയയുടെ വരവോടെ, ആർക്കും എന്തും എഴുതാം, ആർക്കും എഴുത്തുകാരനാകാം, എഴുതിയാൽ ഉടൻ പ്രസിദ്ധീകരിക്കാം, അയച്ചു കൊടുത്തു മാസങ്ങൾ കാത്തിരിക്കേണ്ട, ആരുടെയും കാരുണ്യത്തിനു കാത്തു നിൽക്കണ്ട എന്നൊരു സാഹചര്യം ഉണ്ടായി. സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ കുത്തകയ്ക്ക് ഇതൊരു അടിയായി എന്നു പറയാമെങ്കിലും ഇതിനെ മറ്റൊരു രീതിയിലാണ് ഞാൻ കാണുന്നത്. എല്ലാവർക്കും വേണ്ടത് അവിടെയുണ്ട്. ഗുണവും ദോഷവും. എന്ത് വേണമെന്ന് അവനവൻ തീരുമാനിക്കുന്നു. അതുപോലെതന്നെ സോഷ്യൽ മീഡിയ സാഹിത്യത്തെയും കണ്ടാൽ മതി. മൂല്യമുള്ള രചനകൾ നിലനിൽക്കും, വായിക്കപ്പെടും, ചർച്ച ചെയ്യപ്പെടും. വാമൊഴിയിലൂടെ മാത്രം പാടി നടന്ന കൃതികൾ ഇന്നും നിലനിൽക്കുന്നതു പോലെ. നല്ല കൃതികൾ നിലനിൽക്കുന്നത് ഗുണമേന്മ കൊണ്ടും കാലത്തെ അതിജീവിക്കാനുള്ള കരൂത്തുകൊണ്ടുമാണ്; സ്തുതിപാഠകരായ പാണന്മാർ പാടി നടന്നതുകൊണ്ടോ കാശു കൊടുത്തു വാങ്ങിയ അവാർഡുകളുടെ പിൻബലം കൊണ്ടോ അല്ല.

ഗുണമേൻമയ്ക്ക് അത്ര സഹായകരമല്ലെങ്കിലും, സോഷ്യൽ മീഡിയ എഴുത്തിനെയും വായനയെയും കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്. സാഹിത്യത്തെ ഗൗരവമായിക്കാണുന്നവർ പിന്നീട് മികച്ച രചനകളുടെ വായനക്കാരായി, എഴുത്തുകാരായി നിലവാരമുള്ളവരായി പരിണമിച്ചുകൊള്ളും.

 

അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത്, ആദ്യ കാലങ്ങളിൽ എഴുതിയിരുന്നവർക്ക് രചനകൾ പ്രസിദ്ധീകരിക്കാനോ വായിക്കപ്പെടാനോ ചർച്ച ചെയ്യപ്പെടാനോ ഇന്നുള്ളതുപോലെ മാധ്യമങ്ങളോ വായനക്കാരോ സൗകര്യങ്ങളോ ഇല്ലായിരുന്നു. ഇന്ന് അതിനൊക്കെ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഇവിടെ എഴുതുന്നതിൽ പലരുടെയും രചനകൾ കേരളത്തിലെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ‘കുബ്ബൂസ്’ എന്ന എന്റെ കവിത വാക്കനൽ എന്ന ഫെയ്സ്ബുക് പേജിൽ ചർച്ചയ്ക്കു വരികയും ധാരാളം പേർ ആ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സുകുമാർ അഴീക്കോടിന്റെ പേരിലുള്ള തത്വമസി സാംസ്കാരിക അക്കാദമിയുടെ അംഗമാക്കുകയും പല കവിതകളും അവിടെ പ്രസിദ്ധീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

ശക്തരായ നിരൂപകരുടെ അഭാവം മലയാളസാഹിത്യം നേരിടുന്ന ഒരു പ്രശ്‌നമല്ലേ?

അമേരിക്കയിലെ മാത്രമല്ല, പൊതുവേ മലയാള സാഹിത്യത്തിൽ ഇന്ന് മികച്ച നിരൂപകർ ഇല്ല എന്നതാണ് സത്യം. മാരാരും മുണ്ടശ്ശേരിയും എം. പി.പോളും അഴീക്കോടും തുടങ്ങി ഇങ്ങേ അറ്റത്ത് എം. കൃഷ്ണൻ നായരുടെ കാലവും കഴിഞ്ഞപ്പോൾ മലയാള സാഹിത്യ നിരൂപക സാമ്രാജ്യം ഏതാണ്ട് അന്യംനിന്നു പോയതു പോലെയാണ് തോന്നുന്നത്. നിരൂപകൻ ഇല്ലാത്ത കാലം എന്നാൽ, കാലനില്ലാത്ത കാലം പോലെ ആണ്. നല്ല നിരൂപണം, എഴുത്തുകാർക്ക് പ്രചോദനം നൽകുക മാത്രമല്ല കൃതികളുടെ മൂല്യം കണ്ടെത്താനും സഹായിക്കും. ഭാവി എഴുത്തുകാർക്കും സാഹിത്യ വിദ്യാർഥികൾക്കും ഗവേഷകർക്കും പഠനവിഷയമാകുകയും ചെയ്യും.

ഇന്നത്തെ അവാർഡ് മാഫിയകളെക്കുറിച്ചു എന്താണ് അഭിപ്രായം?

niswanaya-pakshi-malayala-sahithyam-americayil-series-by-meenu-elizabeth-joseph-nambimadam-book

ഒരു പുസ്തകം പ്രസിദ്ധീകരിച്ചാൽ ഉടനെ, നാട്ടിലും എവിടെയുമുള്ള ചില മഴക്കൂൺ സംഘടനകളുടെ സ്വാധീനം ഉപയോഗിച്ച് പലരും അവാർഡുകൾ തരപ്പെടുത്തി അമിത പ്രാധാന്യം കൈവരിക്കുന്നത് കണ്ടിട്ടുണ്ട്. പണവും സ്വാധീനവും ഉണ്ടെങ്കിൽ അവാർഡുകൾ കിട്ടാനും കൊടുക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിനൊന്നും പോകാത്തവർ പലരും എത്ര എഴുതിയാലും എത്ര നിലവാരമുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. ഉത്സവത്തിന് പൊയ്‌ക്കാൽ കെട്ടിയവൻ എന്നും അതിൽ നടക്കില്ലല്ലോ. ഒരിക്കൽ അത് അഴിച്ചു വയ്ക്കേണ്ടിവരും, വെറും മണ്ണിൽ നടക്കേണ്ടതായും വരും. അതിനൊന്നും പോകാത്തവർ എന്നും മണ്ണിൽ തന്നെ നിൽക്കും.

വർഷങ്ങളുടെ സാഹിത്യ അനുഭവങ്ങളുടെ വാക്കുകളാണിവ. 

ചങ്ങനാശ്ശേരിക്കടുത്തു വടക്കേക്കരയിൽ നമ്പിമഠത്തു ദേവസ്യ സാറിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച നമ്പിമഠത്തിന് ആറു സഹോദരൻമാരും രണ്ടു സഹോദരിമാരുമാണുള്ളത്. ചങ്ങനാശേരി എസ്ബി കോളജിൽനിന്ന് ഇംഗ്ലിഷ് ലിറ്ററേറ്റച്ചറിൽ ബിരുദമെടുത്ത ശേഷം 1985 ലാണ് കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറുന്നത്. ഡാലസിലെ ഒരു പ്രമുഖ ആശുപത്രിയിൽ റേഡിയോളജി ടെക്‌നോളജിസ്റ്റ് ആയിരുന്ന ഇദ്ദേഹം റിട്ടയർമെന്റിനു ശേഷം കൂടുതൽ സമയം എഴുത്തിനും വായനയ്ക്കുമായി മാറ്റിവയ്ക്കുന്നു. വിശാലമായ തന്റെ ഹോം ലൈബ്രറിയിൽ ലോക്ഡൗൺ കാലത്തിന്റെ മടുപ്പറിയാതെ സാഹിത്യ രചനയിൽ ഏർപ്പെടുന്നു.

thirumurivile-thee-malayala-sahithyam-americayil-series-by-meenu-elizabeth-joseph-nambimadam-book

ഭാര്യ റോസമ്മയോടൊപ്പം ടെക്‌സസിലെ ഡാലസിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഇവർക്ക് രണ്ടു ആൺമക്കളും ഒരു മകളുമാണുള്ളത്. അടുത്തിടെ വല്യപ്പച്ചനായ നമ്പിമഠത്തിന് കോവിഡ് കാലമായതിനാൽ തന്റെ പേരക്കുട്ടിയെ യഥേഷ്ടം ലാളിക്കുവാൻ കിട്ടുന്നില്ലെന്നൊരു വിഷമവും ഉണ്ട്. ‘എത്രയും വേഗം കോവിഡിന് വാക്‌സീൻ കണ്ടു പിടിച്ച് സ്ഥിതിഗതികളൊക്കെ സാധാരണ ഗതിയിലാകട്ടെ’ ..അദ്ദേഹം പറഞ്ഞു നിർത്തി.  

വർത്തമാനകാലത്തോട് സംവദിച്ചും സ്വയം പുതുക്കിയുമാണ് നമ്പിമഠം തന്റെ കവിതകളെ സമീപിക്കുന്നത്. പാരമ്പര്യ കവിതാ ശൈലിയിൽനിന്നു വിട്ടു നിൽക്കുമ്പോഴും പുരാണവും ഇതിഹാസങ്ങളും പ്രണയവുമെല്ലാം ഈ ചങ്ങനാശ്ശേരിക്കാരന്റെ കവിതകളിൽ കടന്നു വരുന്നു. ‘വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും നമ്പിമഠം ശ്രദ്ധേയനാണ്’– ഡോ. അയ്യപ്പപ്പണിക്കർ നമ്പിമഠത്തിന്റെ ‘നിസ്വനായ പക്ഷി’ എന്ന കാവ്യ സമാഹാരത്തിന്റെ അവതാരികയിൽ കുറിച്ച വരികളാണവ. അതെ, വളരെ പച്ചയായ, ചോരയിറ്റുന്ന വരികളാണ് അദ്ദേഹത്തിന്റെ കവിതകളിൽ നമുക്ക് ദർശിക്കാനാവുക. തന്റെ കവിതകൾ പോലെ തന്നെയാണ് കവിയും. പരിചയമില്ലാത്തവർക്കു പരുക്കനെന്നു തോന്നിയേക്കാവുന്ന പച്ചമനുഷ്യൻ, അടുത്ത സുഹൃത്തുക്കൾക്ക് ശാന്തനും സൗമ്യനുമാണ്‌. കടൽ കടന്നു വന്നു കാലങ്ങൾ കഴിഞ്ഞിട്ടും സ്വന്തം നാടിനെയും ഭാഷയെയും നെഞ്ചോടു ചേർത്തുവച്ച് കവി ജോസഫ് നമ്പിമഠം അനസ്യൂതം എഴുത്തു തുടരുന്നു; സധൈര്യം. സുശക്തം,

English Summary : Malayala Sahityam Americayil - Series by Meenu Elizabeth - Joseph Nambimadam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com