ADVERTISEMENT

കുത്തുകൾകൊണ്ടൊരു കുറിമാനം: അവിശ്വസനീയം  

 

ആദ്യം കാണുകയാണ്... ഊർജ്ജ്വസ്വലനായ ഒരു മനുഷ്യൻ. പ്രസന്നതയും പ്രത്യാശയുമുള്ള മുഖം.. യാതൊരു ഔപചാരികതകളുമില്ലാതെ സംസാരം തുടങ്ങി.. സങ്കല്പിക്കാവുന്നതിനുമപ്പുറമുള്ള ചില വലിയ സ്വപ്നങ്ങളാണ് പങ്കു വയ്ക്കുന്നത്. നിർധനരായ മൂവായിരം പേർക്ക് ദിവസവും ഭക്ഷണമൊരുക്കുവാനുള്ള വൻ പദ്ധതിയാണ് മനസ്സിലുള്ളത്. മനസ്സിൽ എഴുതിയതൊന്നും പാഴാക്കാനുള്ളതല്ല എന്നാണ് ആ മനുഷ്യന്റെ നിശ്ചയദാർഢ്യം. ഇപ്പോൾത്തന്നെ വഴിയോരത്ത് അനാഥരായി കഴിയുന്ന നൂറിലേറെ പേർക്ക് ദിനംപ്രതി വീട്ടിൽ ഭക്ഷണമൊരുക്കി ഭാര്യയ്‌ക്കൊപ്പം വാഹനമോടിച്ച് തൃശൂർ പട്ടണത്തിൽ ഒരു നിശബ്‌ദ വിപ്ലവം നടത്തുന്നു. 

 

മെല്ലെ സംസാരം അദ്ദേഹം എഴുതിയ പുസ്തകത്തെ കുറിച്ചായി. ഫെയ്സ്ബുക്കിൽ എഴുതിയ അനുഭവങ്ങളും യാത്രകളും സമാഹരിച്ച്  ‘Connecting the Dots’ എന്ന ശീർഷകത്തിലൊരു പുസ്‌തകം തയാറാക്കിയിട്ടുണ്ട്. സാധാരണ നിലയ്ക്ക് ആദ്യമായി കാണുന്ന ഒരാളുടെ പുസ്തകം ഉടനെ വായിക്കാതെ നീട്ടിവയ്ക്കുകയാണ് പതിവ്. മാത്രവുമല്ല വളരെ പ്രധാനപ്പെട്ട ചില എഴുത്തുകൾ അടിയന്തരമായി പൂർത്തിയാക്കാനുമുണ്ട്. എന്നാൽ എന്തെന്നറിയില്ല, ആ പുസ്‌തകം വായിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വായന എന്നെ ഒഴുക്കിക്കൊണ്ടു പോയി എന്ന് തന്നെ പറയാം. അത്രയ്ക്കും വായനക്ഷമതയുള്ള പുസ്‌തകം. വായനയ്ക്കിടയിൽ എന്നെ ആസകലം മലർത്തിയടിച്ച പുസ്തകമായി മാറി. ഓരോ പേജിലും അത്ഭുതങ്ങളെ നിറച്ചുവച്ച പുസ്തകം. 

 

ഏതാണ്ട് എന്റെ പ്രായമുള്ള ഈ മനുഷ്യൻ ഇത്രയും കാലത്തിനിടയിൽ ഏകനായി നടത്തിയ വൈവിധ്യമാർന്ന സാഹസിക യാത്രകൾ അക്ഷരാർത്ഥത്തിൽ എന്നെ പിടിച്ചു കുലുക്കി, അമ്പരപ്പിച്ചു. കൗമാരത്തിൽ നിന്നും വിരിഞ്ഞിറങ്ങി വരുന്ന പതിനെട്ടാം വയസ്സിൽ ഒരു ഡ്രൈവിങ്ങ് ലൈസൻസുമായി ഡൽഹിയുടെ തെരുവുകളിൽ തൊഴിൽ തെണ്ടി നടക്കുന്നിടത്തു നിന്നാണ് ഈ അത്ഭുത കഥയുടെ ചുരുൾ നിവരുന്നത്. ആഖ്യാനം അത്രയ്ക്ക് നാടകീയവുമാണ്.        

 

കടന്നു വരുന്ന ഓരോ നിമിഷത്തെയും വെല്ലുവിളികളായി ഏറ്റെടുക്കുന്ന ഒരു മനുഷ്യൻ. യാദൃശ്ചികതകളെ സാധ്യതകളാക്കി മാറ്റാനുള്ള രസതന്ത്രമറിയുന്ന ഒരാൾ. ആത്മശക്തിയാണ് നീതിബോധത്തിനാധാരം എന്ന് തിരിച്ചറിഞ്ഞ ഒരാൾ. തനിക്കുള്ളിലെ ഏറ്റവും നല്ലതിനെ, സൗന്ദര്യമുള്ളതിനെ അപകടകരമായി പുറത്തെടുക്കാനുള്ള ആത്മശക്തിയിൽ അപാരമായി  വിശ്വസിക്കുന്ന ഒരാൾ, ‘ഏതൊന്നിലും നാമർപ്പിക്കുന്ന തീവ്രതയിലാണ് ഈശ്വരീയത’ എന്ന് ആഴത്തിൽ ബോധ്യപ്പെട്ട ഒരാൾ...ഇ ങ്ങനെയൊക്കെയാണ് ജോസഫ് ജോൺ എന്ന ഗ്രന്ഥകാരനെ പുസ്‌തകത്തിലൂടെ തൊട്ടറിഞ്ഞത്.

 

പരിസരങ്ങളോട് ഓരോ ഇഞ്ചിലും പൊരുതുക, സ്വന്തം സ്വപ്നങ്ങൾക്ക് മൂർച്ച കൂട്ടി, അടിസ്ഥാന വാസനകളോട് വിട്ടുവീഴ്ചകളില്ലാതെ. വിജയത്തിലും പരാജയത്തിലും സമചിത്തത വെടിയാതെ, മതേതരമായ മാനവികതയിലുറച്ചു നിന്ന് കൊണ്ട് ജീവിച്ചതിന്റെ കുത്തുകളും വരകളുമാണ് ഈ പുസ്തകം. ചെറിയ വിജയങ്ങളേക്കാൾ വലിയ പരാജയങ്ങൾ ഏറ്റുവാങ്ങുന്നതിലാണ് അയാൾക്ക് സാഫല്യം. ഭാവനകളെ അതിശയിപ്പിക്കുന്ന അനുഭവങ്ങളാണ് അയാളുടെ മൂലധനം.

 

എല്ലാ മനുഷ്യർക്കും കടന്നുപോകാനൊരു ഭൂപ്രകൃതി മുൻകൂട്ടി കരുതിവച്ചിട്ടുണ്ടാകും. യേശുവിന് പലസ്തീനാമരൂഭൂമിയും നബിക്ക് അറേബ്യൻ മരുഭൂമിയും താണ്ടിക്കടക്കണം. ആ കഠിനയാത്രകളിലാണവരുടെ ജീവിതസത്യങ്ങൾ പുറത്തു വരുന്നത്. ഈ ഭൂമിയിൽ അർത്ഥവത്തായ ചിലത് ചെയ്‌തുതീർക്കണമെന്ന് വാശിയുള്ളവർക്ക് ഇത്തരം ഏതെങ്കിലുമൊരു മരുഭൂമി താണ്ടണം. ജോസഫ് ജോൺ അങ്ങനെ താണ്ടിക്കടന്ന ജീവിതത്തെയാണ് ഈ പുസ്‌തകത്തിൽ പകർത്തിയിരിക്കുന്നത്. 

 

രുചികളുടെ ഒരു ആഗോളവിസ്മയമാണ് ഈ പുസ്തകം. ലോകത്തിലെ വൈവിധ്യങ്ങളുടെ എല്ലാ പാചകക്കൂട്ടുകളുമായി അദ്ദേഹം ആത്മബന്ധം സ്ഥാപിച്ചിട്ടുണ്ട്. അപൂർവ്വരുചികളുടെ ഇതുമാതിരിയൊരു ആഖ്യാനം ഞാനാദ്യമായി വായിക്കുകയാണ്.

 

ഞാനാരാണ്, എന്താണ്, എങ്ങനെയാണ് എന്ന ചോദ്യത്തെ ധീരമായി ആർജവത്തോടെ നേരിട്ട ഒരു മനുഷ്യന്റെ അസാധാരണമായ യാത്രകളുടെ ആത്മകഥയാണിത്. പാതയിൽ പതിഞ്ഞ കുത്തുകളെ പരസ്‌പരം ചേർത്തുവയ്ക്കുന്ന ഈ പുസ്‌തകത്തിന് മറ്റൊരു ശീർഷകം ഞാൻ കൊടുക്കും. അതിതാണ് ‘അവിശ്വസനീയം!.’

 

(വി.ജി. തമ്പി പുസ്തകത്തിനായി എഴുതിയ അവതാരിക)

 

പുസ്തകം വാങ്ങുവാനും വിവരങ്ങൾക്കും ജോസഫ് ജോൺ – 9945567978

 

English Summary: Connecting the dots book written by Joseph John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com