ADVERTISEMENT

അമേരിക്കൻ മലയാളിയുടെ സാധാരണവും അസാധാരണവുമായ ജീവിതം അതിന്റെ നന്മതിന്മകളോടെ, ഏറ്റക്കുറച്ചിലുകളോടെ, പുസ്തകത്താളുകളിലേക്ക് പകർത്തിയ എഴുത്തുകാരിയാണ് റീനി മമ്പലം. പ്രത്യേകിച്ചും അമേരിക്കയിലെ മലയാളി സ്ത്രീകളുടെ കഥകൾ. ഒറ്റപ്പെടലനുഭവിക്കുന്ന മലയാളിസ്ത്രീജീവിതം അത്ര സൂക്ഷ്മതയോടെ അവർ തന്റെ തൂലികകൊണ്ടു കോറിയിട്ടിരിക്കുന്നു. റീനിയുടെ ചില കഥകൾ മഞ്ഞുതുള്ളി പോലെ സ്നിഗ്ദ്ധമാണെങ്കിൽ, ചില കഥകൾ മൂർച്ചയുള്ള കത്തി പോലെ വായനക്കാരുടെ മനസ്സിനെ മുറിവേൽപിക്കുന്നു.    

അമേരിക്കൻ ജീവിതത്തിന്റെ നാനാ ഏടുകളിലൂടെ കഥകളുമായി റീനി നമ്മളെ കൊണ്ടുപോകുന്നു. സാധാരണ പ്രവാസിഎഴുത്തുകാരിൽ ഉറഞ്ഞു കൂടുന്ന കട്ട കെട്ടിയ ഗൃഹാതുരത്വം ഇല്ലെന്നുള്ളതാണ് ഈ കഥപറച്ചിലുകാരിയെ വ്യത്യസ്തയാക്കുന്നത്. അധികമാരും പറഞ്ഞിട്ടില്ലാത്ത പല വിഷയങ്ങളും റീനിയുടെ കഥകളിൽ കടന്നു വരുന്നു. ഒരു ചെറുപുഴയുടെ ഒഴുക്ക് പോലെയാണ് റീനിയുടെ കഥപറച്ചിൽ. കഥയുടെ ഒഴുക്കിനൊപ്പം അനായാസേന വായിച്ചെടുക്കുവാൻ പറ്റിയ ഭാഷയാണ് ഈ കഥാകാരിയുടെ വലിയ കൈമുതൽ.

വായനയുടെ വലിയ ലോകം തനിക്കു തുറന്നു തന്നെന്ന് അവകാശപ്പെടാവുന്ന മാതാപിതാക്കളോ പുസ്തകങ്ങൾ നിറഞ്ഞ ബുക്ക് ഷെൽഫുകളോ ഇല്ലാതിരുന്ന ബാല്യകാലമായിരുന്നു തന്റേതെന്ന് റീനി പറയുന്നു. വീടിനടുത്ത് ആകെയുള്ള ഒരു വായനശാല അന്നാട്ടിലെ ചെറുപ്പക്കാരുടെ ഒരു വിഹാരകേന്ദ്രവും. പിതാവാണ് അവിടെനിന്നു വല്ലകാലത്തും ചില പുസ്തകങ്ങൾ എടുത്തു തന്നിരുന്നത്. ഹൈസ്കൂൾ വരെയേ റീനി മലയാളം പഠിച്ചിരുന്നുള്ളൂ.കോളജിലെത്തിയപ്പോൾ സെക്കൻഡ് ലാംഗ്വിജ് ഹിന്ദിയായിരുന്നു.

reeni-mampalam-family-photo
റീനി മമ്പലം കുടുംബാംഗങ്ങളോടൊപ്പം

എഴുത്തിലേക്കുള്ള വരവ്

‘കോളജ് കാലത്താണ് ആദ്യമായി എഴുതുന്നത്. ഒരു രസത്തിനു കഥയെഴുതിത്തുടങ്ങി. അത് സുഹൃത്തുക്കൾക്ക് വായിക്കുവാൻ കൊടുക്കും. അടുത്ത ഒരു സുഹൃത്തായിരുന്നു അവ കൂടുതലും വായിച്ചിരുന്നത്. ഞങ്ങൾ അന്യോന്യം കഥകൾ കൈമാറിയിരുന്നു എന്നു പറയുന്നതാണ് ശരി.  അന്ന് എഴുത്തൊന്നും ഗൗരവമായി എടുത്തിരുന്നില്ലെങ്കിലും നല്ല വായനശീലമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് 1977 അമേരിക്കയിൽ എത്തുമ്പോൾ ഭർത്താവിന്റെ പുസ്തകശേഖരത്തിലതാ ധാരാളം  പുസ്തകങ്ങൾ. ഇടയ്ക്ക് അതൊക്കെ വായിക്കും. അന്നൊന്നും അമേരിക്കയിൽ മലയാളം പത്രമോ മാസികകളോ ഇല്ല. നാട്ടിൽ പോയാലല്ലാതെ പുസ്തകങ്ങൾ കിട്ടാൻ വഴിയുമില്ല. പിന്നെപ്പിന്നെ കുടുംബിനി, അമ്മ റോളുകളിലുള്ള ഓട്ടം. ഒന്നിനും സമയമില്ലാതെയായി. രണ്ടാമത്തെ മകൾ കോളജിൽ പോകും വരെ അങ്ങനെതന്നെയായിരുന്നു. 

ആയിടയ്ക്ക് നാട്ടിലുള്ള ഒരു ബന്ധുകുടുംബത്തിലെ ഒരു കുഞ്ഞുമകന്റെ അപ്രതീക്ഷിതമായ അപകടമരണം എന്നെ വല്ലാതെയുലച്ചു. അതിനുമുൻപ് ഞാൻ നാട്ടിൽ പോയപ്പോൾ അവനെ കണ്ടതാണ്. ദുഃഖം സഹിക്കാനാവാതെ അത് കടലാസ്സിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചു കൊടുത്തു. കേരളം വിട്ടതിനു ശേഷം ഞാനെഴുതുന്ന ആദ്യത്തെ സൃഷ്ടി അതായിരുന്നു. എന്നിലെ കഥാകാരിയെ ഞാൻ തിരിച്ചറിയുക കൂടിയായിരുന്നു. പിന്നീട് ഒരു അടുത്ത സുഹൃത്തിന്റെ സംഭവബഹുലമായ ജീവിതം കഥയായി എഴുതി. സാഹിത്യപ്രേമിയായ ഒരു നല്ല സുഹൃത്തിന്റെ പ്രോത്സാഹനവും എനിക്കുണ്ടായിരുന്നു.

1993 ലാണ് ന്യൂയോർക്കിൽനിന്നു മലയാളപത്രം എന്ന വാരാന്ത്യ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ‘വിടവാങ്ങിയ വസന്തം’ എന്ന ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് മലയാളം പത്രമാണ്. അയച്ചുകൊടുത്ത എല്ലാ കഥകളും നല്ല ചിത്രങ്ങളോടെ അവർ പ്രസിദ്ധീകരിച്ചിരുന്നത് നല്ല പ്രോത്സാഹനമായിരുന്നു. കഥയെഴുതുന്നതിനും അത് പ്രസിദ്ധീകരിച്ചു കാണുന്നതിനുമൊക്കെ ഭർത്താവ് ജേക്കബ് തോമസിന്റെ പിന്തുണയുമുണ്ടായിരുന്നു. നാട്ടിലായിരുന്നപ്പോൾ അദ്ദേഹവും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല വായനക്കാരനുമാണ്. എല്ലാ സാഹിത്യ മീറ്റിങ്ങുകൾക്കും ഒപ്പം ജേക്കബും ഉണ്ടാകും.  അങ്ങനെ എന്നിലെ കഥാകാരി എഴുത്താരംഭിച്ചു.  കഥകളും ലേഖനങ്ങളും അമേരിക്കയിലെയും കേരളത്തിലെയും മിക്ക മാസികകളിലും പ്രസിദ്ധീകരിച്ചു. വായനക്കാരുമായി സംവദിച്ചു. കേരളത്തിലെ പല എഴുത്തുകാരെയും അങ്ങനെ പരിചയപ്പെടുവാൻ സാധിച്ചു.

return-flight-reeni-mampalam-novel-book-cover

എഴുത്തുകാരനും തികഞ്ഞ ഭാഷാസ്നേഹിയുമായ  മനോഹർ തോമസിന്റെ നേതൃത്വത്തിലുള്ള ന്യൂയോർക്കിലെ സർഗ്ഗവേദി സാഹിത്യക്കൂട്ടായ്മയിൽ സ്ഥിരം പങ്കെടുക്കുമായിരുന്നു. 2006 ൽ എം. മുകുന്ദന്റെ നേതൃത്വത്തിൽ ഒരു സാഹിത്യശിൽപശാല സർഗ്ഗവേദിയിൽ നടന്നു. എങ്ങനെ കഥകൾ നന്നാക്കാമെന്നുള്ള ഒരു പഠനക്കളരിയായിരുന്നു അത്. അതൊരു നല്ല പ്രോത്സാഹനമായിരുന്നു. വീട്ടിൽനിന്ന് ഒന്നര മണിക്കൂർ ദൂരമുണ്ടായിരുന്നെങ്കിലും, ഞായറാഴ്ച വൈകുന്നേരങ്ങളിൽ ആയിരുന്നിട്ടും സർഗവേദിയിൽ സ്ഥിരമായി പോകാറുണ്ടായിരുന്നു. കേരളത്തിൽ നിന്നെത്തിയ പല എഴുത്തുകാരെയും അവിടെവച്ച് പരിചയപ്പെടാനും സാധിച്ചു. പല കാരണങ്ങളാലും കഴിഞ്ഞ മൂന്നുനാലു വർഷമായി സർഗവേദിയിൽ പോകുവാൻ കഴിയാത്തതിൽ വിഷമമുണ്ട്.’  

റീനിയുടെ ആദ്യ ചെറുകഥാ സമാഹാരം ‘റിട്ടേൺ ഫ്ലൈറ്റ്’ 2010 ലെ നോർക്ക റൂട്ട്സിന്റെ അവാർഡ് നേടിയിരുന്നു. പ്രശസ്‌തി പത്രവും ശിൽപവും അൻപതിനായിരം രൂപയുമായിരുന്നു സമ്മാനം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫാണ് പുരസ്കാരം സമ്മാനിച്ചത്.  2015 ലാണ് അമേരിക്കൻ പശ്ചാത്തലത്തിൽ എഴുതിയ ‘അവിചാരിതം’ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. 2018 ൽ ‘ശിശിരത്തിൽ ഒരു ദിവസം’ എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി. ന്യൂ ബുക്ക്സ് തൃശൂർ ആണ് പ്രസാധകർ. ഇതും അമേരിക്കയുടെ പശ്ചാത്തലത്തിലാണ്.

‘പറിച്ചു നടപ്പെടുന്ന സംസ്കാരത്തിന്റെ വേദന, മുറുകെ പിടിക്കാൻ ശ്രമിക്കുന്ന നല്ലതും തീയതുമായ പൈതൃകങ്ങൾ, രഹസ്യമായി കൊണ്ടുനടക്കുന്ന പുരുഷ കേന്ദ്രീകൃത സങ്കൽപങ്ങൾ, അവയ്ക്കിടയിൽ ഉണ്ടാകുന്ന സ്ത്രീയാലോചനകളുടെ പ്രശ്‌ന പരിസരങ്ങൾ- റീനി മമ്പലം എഴുതുമ്പോൾ ഇവയൊക്കെ കഥാപാത്രങ്ങളായും കഥാഭാവങ്ങളായും വേഷപ്പകർച്ചയാടുന്നുണ്ട്.’ –  പ്രശസ്ത സാഹിത്യകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, റീനിയുടെ ‘റിട്ടേൺ ഫ്ലൈറ്റി’ന്റെ അവതാരികയിൽ കുറിച്ച വരികളാണിവ.

sishirathile-oru-divasam-reeni-mampalam-novel-book-cover

എഴുത്തിൽ വളരെ സിലക്ടീവാണ് റീനി മമ്പലം. താൻ എഴുതാൻ വേണ്ടി എഴുതാറില്ലെന്നും എഴുതുന്നതെല്ലാം പ്രസിദ്ധീകരിക്കണമെന്ന വാശിയുള്ളയാളല്ലെന്നും അവർ തുറന്നു പറയുന്നു. അമേരിക്കൻ മലയാളികളുടെ പ്രധാന സംഘടനകളിലൊന്നായ ഫോമയുടെ ലിറ്റററി അവാർഡ്, കണക്റ്റിക്കട്ട് കേരളാ അസോസിയേഷന്റെ ലിറ്റററി അവാർഡ്, മെരിലാൻഡ് മലയാളി അസോസിയേഷന്റെ ചെറുകഥാ അവാർഡ് ഇവയെല്ലാം റീനിയുടെ സർഗശേഷിയെ തേടിയെത്തിയ പുരസ്‌കാരങ്ങളാണ്.

അമേരിക്കയിലെ മലയാളിസ്ത്രീക്കു വായന തീരെയില്ലെന്നു തോന്നുന്നുണ്ടോ?

അമേരിക്കയിലെ ആദ്യകാല മലയാളിസ്ത്രീകൾക്കു വായിക്കാൻ നേരമുണ്ടായിരുന്നില്ല എന്നതാണു സത്യം. അന്നത്തെ മിക്ക കുടുംബങ്ങളിലും സ്ത്രീയായിരുന്നു മുഖ്യ സാമ്പത്തിക സ്രോതസ്സ്. ഒരു ജോലിയിൽനിന്നു മറ്റൊന്നിലേക്കും പിന്നെ വീട്ടിലെ അടുക്കളപ്പണിയിലേക്കും മക്കളുടെ കാര്യങ്ങളിലേക്കും ഷിഫ്റ്റ് മാറുന്ന അവൾക്ക് എന്തു വായന? ഇന്നിപ്പോൾ പുതിയ കുടിയേറ്റക്കാരുടെയിടയിൽ– പ്രത്യേകിച്ച് ഐ ടി മേഖലയിലൊക്കെ– പുരുഷനും സ്ത്രീയും ജോലിക്കാരാണ്. ഏകദേശം തുല്യവരുമാനക്കാരാണ്. വിവിധ കാരണങ്ങളാൽ പുറത്തു ജോലിക്കു പോകാത്ത സ്ത്രീകളുമുണ്ട്. പക്ഷേ ഇവരിലും നല്ലൊരു വിഭാഗത്തിനു വായന കുറവായിട്ടു തന്നെയാണ് കാണുന്നത്. .  

avicharitham-reeni-mampalam-novel-book-cover

ഇവിടെ എഴുത്തുകാരുടെ സംഘടനകളിൽപോലും സ്ത്രീകൾ കുറവാണെന്നു തോന്നിയിട്ടില്ലേ? 

അമേരിക്കയിൽ പൊതുവേ എല്ലാ സംഘടനകളിലും സ്ത്രീസാന്നിധ്യം കുറവാണ്. സ്ത്രീകളെ മനഃപൂർവം ഒഴിവാക്കുകയാണ്. എവിടെയും സ്തീകൾക്ക് കുടുംബം ചങ്ങലയാണ്. അവരിൽനിന്ന് കുടുംബം പലതും പ്രതീക്ഷിക്കുന്നു. അതുകൊണ്ട് സ്ത്രീകളും മുന്നോട്ടുവരുവാൻ മടിക്കുന്നു. പുരുഷകേന്ദ്രീകൃതമാണല്ലോ നമ്മുടെ സമുദായം. അതിന്റെ പ്രതിഫലനം തന്നെ നാം ഇവിടെയും കാണുന്നു. എന്നാൽ പുതിയ തലമുറയിലെ ചെറുപ്പക്കാരുടെ സംഘടനയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കാണാനും ഉണ്ട്.

writer-reeni-mampalam-file-photo
റീനി മമ്പലം (ഫയൽ ചിത്രം)

കോട്ടയം ജില്ലയിലെ പള്ളം സ്വദേശികളായ മമ്പലത്തു ജോർജ് സഖറിയയും അച്ചാമ്മയുമാണ് റീനിയുടെ മാതാപിതാക്കൾ. റീനിക്ക് ആറു സഹോദരിമാരാണുള്ളത്. പള്ളം ബുക്കാനൻ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിലായിരുന്നു തുടർ പഠനം. ചെങ്ങന്നൂർ പാണ്ടനാട് മൂലേത്തറയിൽ ജേക്കബ് തോമസാണ് റീനിയുടെ ഭർത്താവ്. നല്ലൊരു വായനക്കാരനും കവിയുമാണ് ജേക്കബ്. കണക്റ്റിക്കട്ടിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് രണ്ടു പെൺമക്കളാണ്– വീണയും സപ്‌നയും.   

നാല് പതിറ്റാണ്ടോളം അമേരിക്കയിൽ ജീവിച്ച റീനി മമ്പലത്തിന് ഇന്നും മലയാളഭാഷയും കേരളവും പ്രിയങ്കരം തന്നെ. ഇന്ത്യ വിട്ട് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കാലെടുത്തു കുത്തുമ്പോൾ മുതൽ സ്വന്തം ഭാഷയെയും രാജ്യത്തെയും പുച്ഛിക്കുന്നവരും തള്ളിപ്പറയുന്നവരുമായ ധാരാളം പേരുള്ള ഈ കാലത്താണ് ഈ പള്ളംകാരി, കണക്റ്റിക്കട്ടിലെ തന്റെ വീട്ടിലിരുന്നു മനോഹരങ്ങളായ മലയാളം കഥകൾ രചിക്കുന്നത്. അമേരിക്കയിൽ ഇവർ കണ്ട കാഴ്ചകൾ, അനുഭവങ്ങൾ, എല്ലാം ഭാഷയുടെ തനിമ ചോരാതെ, അതിഭാവുകത്വമില്ലാതെ, തന്റെ തൂലികത്തുമ്പിലൂടെ കോറിയിടുന്നു. കഥകൾക്ക് തിരഞ്ഞെടുക്കുന്ന വൈവിധ്യമാർന്ന പ്രമേയങ്ങൾ റീനി മമ്പലത്തെ വ്യത്യസ്തയാക്കുന്നു. തന്റെ കഥകളിലൂടെ റീനി മമ്പലം അമേരിക്കൻ മലയാളി മലയാളിയുടെ നേർചിത്രമാണ്, ചരിത്രമാണ് എഴുതുന്നതെന്നു പറയാം. അമേരിക്കൻ പ്രവാസത്തിന്റെ ചൂരും ചൂടുമുള്ള കഥകൾ പല വെല്ലുവിളികൾക്കുമിടയിലും അവർ എഴുതിക്കൊണ്ടേയിരിക്കുന്നു; സ്വച്ഛന്ദം.

English Summary : Malayala Sahityam Americayil - Series by Meenu Elizabeth - Reeni Mampalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com