കഥയിലേക്കു വായനക്കാരെ കൈപിടിച്ചു നടത്തുന്നത് ആദ്യത്തെ വാചകമാണ്. ഗോളിലേക്കുള്ള മികച്ച സ്ട്രൈക്കറുടെ ആദ്യത്തെ നീക്കം പോലെ. സൗമ്യമെങ്കിലും തന്ത്രപരമായി. നിഷ്കളങ്കമെങ്കിലും കൃത്യമായ ലക്ഷ്യത്തോടെ. നിസ്സംഗമെെന്നു തോന്നാവുന്ന ആദ്യത്തെ നീക്കത്തിന് ഗൂഢാലോചനയുടെ പരിവേഷമുണ്ടെന്നു മനസ്സിലാവുന്നത് ആ നീക്കം എതിര്‍ ഗോള്‍ പോസ്റ്റിന്റെ വല കുലുക്കുമ്പോള്‍ മാത്രം. സ്ട്രൈക്കറുടെ ഓരോ ചലനവും സ്ലോ മോഷനില്‍ പിന്നീടു കാണുമ്പോള്‍ മാത്രമായിരിക്കും ആദ്യത്തെ നീക്കത്തിന്റെ നിഗൂഢത എതിര്‍ കളിക്കര്‍ക്കുപോലും വ്യക്തമാകുക. ഓരോ നീക്കവും ഗോളിലെത്തിക്കുന്ന കിടയറ്റ സ്ട്രൈക്കറെപ്പോലെ മലയാളത്തിലെ വാക്കുകളും വാചകങ്ങളും ഉപയോഗിച്ച എഴുത്തുകാരനാണു സക്കറിയ. സാധാരണ വാക്കുകള്‍ പോലും സക്കറിയയുടെ കൈയിലെത്തുമ്പോള്‍ ആക്രമോത്സുകമാകുന്ന അതിശയമാണ് അദ്ദേഹത്തിന്റെ ഓരോ രചനയും. വാചകങ്ങളുടെ ഘടന അദ്ദേഹം മനഃപൂര്‍വം മാറ്റുമ്പോള്‍ ഇതു നമ്മുടെ മലയാളം തന്നെയോ എന്ന അമ്പരപ്പു പോലും വായനക്കാര്‍ക്കിടയിലുണ്ടാകും. അതാണു സക്കറിയയുടെ മാന്ത്രികത. മലയാള ഭാഷയില്‍ അദ്ദേഹം സൃഷ്ടിച്ച സമാനതകളില്ലാത്ത പൊളിച്ചെഴുത്തിന്റെ നിഗൂഢ സൗന്ദര്യം.
ഒരു തീവണ്ടി തടഞ്ഞു കൊള്ളയടിക്കാന്‍ രാജന്‍ അവസാനം തീരുമാനിച്ചു എന്ന അങ്ങേയറ്റം നിഷ്കളങ്കവും ലളിതവുമായ വാചകത്തിലാണ് സക്കറിയുടെ ആദ്യ കഥ തീവണ്ടിക്കൊള്ള തുടങ്ങുന്നത്. ലാളിത്യത്തിനുള്ളില്‍ പതിയിരിക്കുന്ന ഓരോ വാക്കും പിന്നീട് ഒരു ബോംബ് പോലെ പൊട്ടിച്ചിതറുന്നതാണു കഥ പുരോഗമിക്കുമ്പോള്‍ വായനക്കാര്‍ അനുഭവിക്കുന്നത്. പരിചിതമായ വാക്കുകള്‍ തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്നാല്‍ സ്നേഹിക്കപ്പെടുമ്പോള്‍ തെളിഞ്ഞുകത്തുന്ന മുഖം പോലെ, ഭക്തിയുടെ ഉന്നതിയില്‍ നിറഞ്ഞുകത്തുന്ന വിളക്കുപോലെ സക്കറിയ ഭാഷയെ തിളക്കുന്നു. നവീകരിക്കുന്നു. അപരിചിതവും അപരിമേയവും അത്ഭുതകരവുമായ പുതിയൊരു ലോകത്തേക്ക് വായനയെ നയിക്കുന്നു.
എഴുതിയും പറഞ്ഞും പുതുമ നഷ്ടപ്പെട്ട, അര്‍ഥത്തിനു ലോപം സംഭവിച്ച ക്ലീഷേകള്‍ ഏതു ഭാഷയുടെയും ശത്രുവാണ്. മലയാളത്തിലെ ക്ലീഷേകള്‍ക്കെതിരെ വിജയകരമായി പോരാട്ടം നടത്തിയ എഴുത്തുകാരുടെ മുന്‍നിരയിലാണ് സക്കറിയയുടെ സ്ഥാനം. 1969-ലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കഥാസമാഹാരം ‘ കുന്ന്’ പ്രസിദ്ധീകരിക്കുന്നത്. അപചയത്തിന്റെ താഴ്‍വരയില്‍നിന്ന് ഭാഷയുമായി പ്രതിഭയുടെ കുന്ന് കയറുകയായിരുന്നു അദ്ദേഹം. ഒ.വി.വിജയന്‍, കാക്കനാടന്‍, മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആധുനികതയ്ക്കു നാന്ദി കുറിക്കുകയായിരുന്നു അവര്‍. ഭാഷയിലും ഭാവനയിലും പുതിയൊരു സൂര്യന്റെ ഉദയം. ഭാവുകത്വത്തിന്റെ പുതിയൊരു ചക്രവാളം. ആ മുന്നേറ്റത്തിലെ മുന്നണിപ്പോരാളിയായി അന്നും ഇന്നും സക്കറിയയുണ്ട്. കിടയറ്റ കഥകളും നീണ്ട കഥകളും യാത്രാവിവരണങ്ങളും ഇംഗ്ലിഷില്‍ വ്യത്യസ്തമായ ഒരു നോവലുമായി. സക്കറിയ കീഴടക്കിയ ഭാഷയുടെ കുന്ന് ഇന്നും പുതിയ എഴുത്തുകാര്‍ക്കു പോലും വെല്ലുവിളിയാണ്.

മുഖം നോക്കാതെ വിമര്‍ശിക്കാന്‍ മടിക്കാത്ത പൊതു ജീവിതത്തിലെ വിമത ശൈലി തന്നെയാണു കഥയിലും അദ്ദേഹം പിന്‍തുടര്‍ന്നത്. നിര്‍ഭയമായ ആ ശൈലിയുടെ ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍. ഇന്നലെ വൈകിട്ട് ഞാന്‍ ഞങ്ങളുടെ പറമ്പിന്റെ വടക്കേവശത്തുകൂടി പോകുന്ന വഴിയിലൂടെ ബാറിലേക്കു പോകുമ്പോള്‍ ദൈവം എതിരെ വരുന്നു.
‘‘നിനക്കെന്നെ ഓര്‍മയുണ്ടോ’’? ദൈവം ചോദിച്ചു.
ലൈന്‍മേന് എവിടെയോ നേരത്തേ പോകാനുണ്ടായിരുന്നിരിക്കണം. വഴിവിളക്കുകള്‍ പകലേ തെളിഞ്ഞു.
‘‘എന്റെ ദൈമേ’’! ഞാന്‍ പറഞ്ഞു. എന്നിട്ട് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ഞാനുറങ്ങാന്‍ പോകുംമുമ്പായ് എന്ന കഥയില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ പിതാവും മകനും ദൈവവുമായി കൂടിക്കാണുന്നതാണു സക്കറിയയുടെ വിഷയം. വേറെയും കഥകളിലും അദ്ദേഹത്തിന്റെ നോവലിലും ദൈവം കഥാപാത്രമായി വരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. മലയാളത്തിലെ ജനപ്രിയ ഗാനങ്ങള്‍ മൂളുന്ന സാധാരണക്കാരനായ ദൈവം.
ദൈവത്തെ കഥയിലേക്ക് ഇറക്കിക്കൊണ്ടുവന്ന സക്കറിയയുടെ കഥകള്‍ മലയാള സാഹിത്യത്തിലെ വഴിവിളക്കുകളാണ്. ഓരോ വാക്കും ചെത്തിക്കൂര്‍പ്പിച്ച് കൃത്യമായ ലക്ഷ്യത്തില്‍ എറിഞ്ഞുകൊള്ളിക്കുന്ന അസാധാരണത്വത്തിന്റെ മാതൃകകള്‍.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 2001-ലാണ് ഒ.വി.വിജയന് എഴുത്തഛന്‍ പുരസ്കാരം ലഭിക്കുന്നത്. മറുപടി പ്രസംഗത്തില്‍ ഭാഷയെക്കുറിച്ചാണു വിജയന്‍ ആശങ്കപ്പെട്ടത്. തുള വീണ ഭാഷയെക്കുറിച്ച്. നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണെന്ന് അന്നദ്ദേഹം സ്വയം വിശേഷിപ്പിക്കുകയുണ്ടായി.
എല്ലാ എഴുത്തുകാരും തച്ചന്‍മാരാണ്. എന്നാല്‍ ചിലരുടെ വാക്കുകള്‍ പ്രകൃതിക്ഷോഭത്തെ അതിജീവിക്കുന്ന കാതലുള്ള മരം പോലെ കാലത്തിനു പിടികൊടുക്കാതെ കാറ്റിനെ ജയിക്കുന്നു.സക്കറിയയുടെ സ്ഥാനം അവര്‍ക്കൊപ്പമാണ്.
സക്കറിയയുടെ കഥകള്‍ നിങ്ങള്‍ക്കു വെറുതെ വായിക്കാം. ചുമ്മാ രസിക്കും. ഇതോടൊപ്പം നിങ്ങള്‍ മനുഷ്യനെയും അവന്റെ ലോകത്തെയും ഗാഡമായി സ്പര്‍ശിക്കുന്നു എന്നെഴുതിയതു കെ.പി.അപ്പനാണ്. മൗലികത അവകാശമാക്കിയ സക്കറിയന്‍ വാക്കുകള്‍ക്കു ലഭിച്ച പുരസ്കാരം. ഇപ്പോഴിതാ എഴുത്തഛന്‍ പുരസ്കാരവും സക്കറിയയെ തേടിയെത്തിരിക്കുന്നു. അഭിമാനിക്കുന്നതു മലയാളമാണ്; സക്കറിയയിലൂടെ നവീകരിക്കപ്പെട്ട, നവോന്‍മേഷം വീണ്ടെടുത്ത നല്ല മലയാളം.
English Summary : Writer Paul Zacharia selected for Ezhuthachan Puraskaram