ADVERTISEMENT

കല്ലായി പുഴയോരത്ത് മാർച്ച് അവസാന വാരം പ്രകാശനം ചെയ്യാൻ ഫോട്ടോഗ്രാഫർ പി.മുസ്തഫയുടെ നേതൃത്വത്തിൽ മീൻ തോണിയൊക്കെ ഒരുക്കി നിർത്തിയ നേരത്താണ് കോവിഡും ലോക് ഡൗണും ഒക്കെയായി ലോകം വീടുകളിലേക്ക് ചുരുങ്ങിയത്. പിന്നെയും 7 മാസം കഴിഞ്ഞുള്ള പുസ്തക പ്രകാശനത്തിലേക്ക് , കോവിഡ് കാലത്തെ ഓൺലൈൻ പ്രകാശന ചടങ്ങിലേക്ക് പ്രമുഖർ എത്തിയ വഴികളിലൂടെ ഒരു സഞ്ചാരം.

 

GOVERNOR-RELEASEING
മിസോറമിലെ രാജ് ഭവനിലിരുന്ന് ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം നിർവഹിക്കുന്നു.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രസംഗകർ . അതും മീൻ കൊതിയുള്ള സാഹിത്യ സാമൂഹിക സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖർ .  4000 കിലോ മീറ്റർ അകലെ മിസോറമിലെ ഐസ്വാളിലെ രാജ് ഭവനിലിരുന്ന് ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്തത് ഏറ്റുവാങ്ങിയത് തൃശൂരിലിരുന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി.

 

VENU
വേണു, ഛായാഗ്രാഹകൻ

തിരുവനന്തപുരത്തേക്കാണ് പുസ്തകങ്ങൾ ആദ്യം അയച്ചത് . നാട്ടുകാരനും സുഹൃത്തുമായ പി.വിനോദായിരുന്നു ആ ദൗത്യം എറ്റെടുത്തത്. ആലപ്പുഴയിലെ   എൻസിഎസ് ടാറ്റാ സെയിൽസ് ഹെഡായ വിനുവിന് ഒരു മാസത്തേക്ക് ജോലി തിരുവനന്തപുരത്തെ കിയ കാർ വിഭാഗത്തിലേക്കായി . സഖാവ് എം.എ.ബേബിക്കും വേണുച്ചേട്ടനും മജീഷ്യൻ ഗോപിനാഥ് മുതുകാടിനുമുള്ള പുസ്തകം വിനു എന്റെ സഹപ്രവർത്തകൻ റിങ്കുരാജ് മട്ടാഞ്ചേരിയിലിനു കൈമാറി . റിങ്കുവാണ് എകെജി ഫ്ലാറ്റിലും ഗോപിച്ചേട്ടന്റെയും വേണുച്ചേട്ടന്റെയും വീട്ടിലും രുചി മീൻ സഞ്ചാരം എത്തിച്ചത് . പുസ്തകം കിട്ടിയ ഉടൻ ‘‘ സഖാവേ പുസ്തകം കിട്ടി ’’  എന്നു പറഞ്ഞ് എം.എ.ബേബിയുടെ മറുപടിയെത്തി.  

രുചിയെഴുത്തായത് കൊണ്ട് ആശംസയായി എന്തു പറയണമെന്ന ആശങ്കയുണ്ടായിരുന്നു വേണുച്ചേട്ടന് , പുസ്തകം വായിച്ചതോടെ അതു മാറിയെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തി. കോഴിക്കോട്ട് ലിറ്ററേച്ചർ ഫെസ്റ്റിനെത്തിയപ്പോൾ ഫിഷ് ട്രെയിൽ ഓഫ് കേരള ചിത്ര പ്രദർശനം കണ്ട് പുസ്തകം ആക്കണം എന്ന് ആദ്യം പറഞ്ഞത് അദ്ദേഹമായിരുന്നു.

 

Russell-Shahul-1

ആദ്യം കൊടുത്ത കൊറിയർ ഓഫിസ് മിസോറമിലേക്ക് സർവീസ് ഇല്ലെന്നു പറഞ്ഞ് മടക്കി . രണ്ടാമത്തെ കൊറിയർ കമ്പനിയാണ് വടക്കു കിഴക്കേ അതിർത്തിയിലെ രാജ് ഭവനിലേക്ക് എത്തിക്കാമെന്നു പറഞ്ഞ് കവർ വാങ്ങിയത്.   കൊൽക്കത്തയിൽ ഇറങ്ങി തുടർ യാത്ര നടത്തിയ പുസ്തകം ഐസ്വാളിലെ  രാജ്ഭവനിൽ വളരെ വൈകിയാണ്  എത്തിയത്. ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ   ടി.എച്ച് .വത്സരാജ് അത് കൃത്യമായി ഫോളോ അപ് ചെയ്തു കൊണ്ടിരുന്നു.

 

നാട്ടുകാരനും ഇപ്പോൾ പാലായിൽ താമസിക്കുന്ന അധ്യാപകനുമായ ബാലുവാണ് സഫാരി ടെലിവിഷൻ ഓഫിസിലെത്തിച്ച് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ബുക്ക് കൈമാറിയത്. അദ്ദേഹം അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

 

ജോയ് മാത്യുവിനുള്ള കോപ്പി കാക്കനാട്ടെ ഫ്ലാറ്റിൽ ഞാൻ തന്നെ എത്തിച്ചു. ദൃശ്യം 2 സിനിമയുടെ ഇടവേളയിൽ ജോയേട്ടൻ പുസ്തകം വായിച്ച് മീൻ കൊതിയുള്ള ആശംസ ആദ്യമേ അയച്ചു. അനുജൻ ജാഫറാണ് ഷേണോയി റോഡിലെ അപാർട്ട്മെന്റിലെത്തി ലാൽ ജോസിനു പുസ്തകം കൈമാറിയത്. പുതിയ സിനിമയുടെ പാട്ട് കമ്പോസിങിന്റെ തിരക്കിനിടയിൽ അദ്ദേഹവും ആശംസ അയച്ചു. അടുത്ത സിനിമകളുടെ ആലോചനകളും ചർച്ചകളും ഒക്കെയായി തിരക്കിലായിരുന്നിട്ടും ബിജു മേനോനും യാത്ര ചെയ്തു കൊണ്ട് തന്നെ ജയസൂര്യയും ആശംസകൾ നേർന്നു. ഇരുവർക്കും താമസസ്ഥലത്താണ് പുസ്തകം കൈമാറിയത്.

 

കാസർകോട് സി.വി.ബാലകൃഷ്ണനുള്ള കോപ്പി ഡിസിയിൽ നിന്ന് അയച്ചെങ്കിലും കൊറിയർ താമസം മൂലം എത്തിയില്ല. മറ്റൊരു കൊറിയർ വഴി ഞാനയച്ചത് അടുത്ത ദിവസം തന്നെ അവിടെത്തി. കണ്ണൂർ ജില്ലയിലെ കൊറിയർ സമരം കാരണം മുകുന്ദേട്ടനും ഡിസിയിൽ നിന്നയച്ച കവർ വൈകി. വടകര മനോരമയിലേക്ക് എത്തിച്ച ബുക്ക് സുഹൃത്തും ഫൊട്ടോഗ്രാഫറുമായ വിജീഷ് ലിയോ മയ്യഴിയിൽ മുകുന്ദേട്ടന്റെ വിട്ടിലെത്തിച്ചു. ചടങ്ങിലെ അധ്യക്ഷൻ കോഴിക്കോട്ടുള്ള കമാൽ വരദൂറിനുള്ളത് വയനാട്ടിലൊക്കെ സഞ്ചരിച്ചാണ് കയ്യിലെത്തിയതെന്ന് കൊറിയർ ട്രാക്ക് ട്രാക്ക് ചെയ്തപ്പോൾ അറിഞ്ഞു ! ! കോട്ടയ്ക്കലെ വീട്ടിലേക്കു പോയ സഹ പ്രവർത്തകൻ ഉണ്ണി കോട്ടക്കലാണ് എം.പി.അബ്ദുസമദ് സമദാനിക്കുള്ള പുസ്തകം കൈമാറിയത്.

 

ഈ വഴികളിലൂടെയെല്ലാമാണ്  ഒക്ടോബർ 19 ന് വൈകിട്ട് 6 മണിക്ക് ഡിസി  ബുക്സിന്റെ സോഷ്യൽ മീഡിയ പേജിൽ റിലീസ് ചെയ്ത, പുസ്തകം സഞ്ചരിച്ചത്.

 

 

ഇതാ അവരെല്ലാം രുചി മീൻ സഞ്ചാരത്തെ രുചിച്ചു പറഞ്ഞത്...

 

TN-PRATHAPAN
ടി.എൻ. പ്രതാപൻ എംപി

സി.വി.ബാലകൃഷ്ണൻ , പുസ്തക പരിചയം 

 

‘‘ മലയാളത്തെ സംബന്ധിച്ച് സമാനതകളില്ലാത്ത കൃതിയാണ് ‘ രുചി മീൻ‌ സഞ്ചാരം ’ .  ഇതിൽ ഉത്സുകനായ സഞ്ചാരിയുണ്ട് , അന്വേഷണ കുതുകിയായ ഫോക്‌ലോറിസറ്റുണ്ട് , ഒരു പാചക വിദഗ്ധനുണ്ട് , ഒരു ഭക്ഷണ പ്രിയനുണ്ട് ഒപ്പം പ്രഗത്ഭമായ ഒരു ഫോട്ടോഗ്രാഫറും .  ഇൗ താൽപ്പര്യങ്ങളുടെയെല്ലാം സമ്മിശ്രതയാണ് രുചി മീൻ സഞ്ചാരം പ്രതിഫലിപ്പിക്കുന്നത്. കൊതിപ്പിക്കുന്ന ഒരു യാത്രയുടെ ഉപലബ്ദിയാണ് ഈ പുസ്തകം. നിരന്തരമായ യാത്രയും അന്വേഷണവും നടത്താനുള്ള  മനസ്സും ഇതിലാകെ സ്പന്ദിച്ച് നിൽക്കുന്നു. ഹൃദ്യമായ ഭാഷയിൽ അനുഭവങ്ങൾ വിവരിച്ച് അനുവാചകരെ ഒപ്പം കൊണ്ടു പോകുന്നു ’’

 

 

കമാൽ വരദുർ , അധ്യക്ഷൻ

‘‘ വ്യത്യസ്ഥമാണിത് , സഞ്ചാര സാഹിത്യ ശാഖയിൽ സവിശേഷമായ ഇടം നേടുന്ന 

 പുസ്തകമാണിത് . സാധാരണ സഞ്ചാര സാഹിത്യത്തിന്റെ ശൈലി നമ്മൾ കാണുന്ന നാട് പരിചയപ്പെടുത്തുന്നു എന്നതാണ് , എന്നാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മീനുകളുടെ രുചിയിലുടെ കേരളത്തിന്റെ കഥ പറയുന്ന പുസ്തകമാണിത് ’’

 

ഐസ്വാളിലെ രാജ്ഭവനിലിരുന്ന് പുസ്തകം പ്രകാശനം ചെയ്ത മിസോറം ഗവർണർ  പി.എസ്.ശ്രീധരൻ പിള്ള

 

‘‘ ഫോട്ടോഗ്രാഫിയിലെ മികവിനൊപ്പം പ്രാദേശിക ചരിത്രവും ഓരോ പ്രദേശത്തെ

രുചി ഭേദങ്ങളെപ്പറ്റിയുള്ള ഗവേഷണവും സമ്മേളിക്കുന്നതാണ് രുചി മീൻ സഞ്ചാരം. മീനുകളിലൂടെ കേരളത്തിന്റെ കഥ പറയുന്ന പുസ്തകം യാത്രാ വിവരണത്തിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്നിരിക്കുകയാണ്. മിസോറമിൽ ഇരിക്കുന്ന തനിക്ക് നാട്ടുമീൻ വിഭവങ്ങൾ നാട്ടിലെ അതേ രുചിയോടെ കഴിക്കാൻ കൊതി ഉണർത്തി ,  ഈ പുസ്തകം ’’

 

പുസ്തകം ഏറ്റുവാങ്ങിയ ടി.എൻ.പ്രതാപൻ എംപി , ( മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് ) 

‘‘ ഇതിന് മുൻപ് ആസ്വദിക്കാത്ത രുചി . കൊതി തോന്നുന്ന രചനാ ശൈലി . കേരളത്തിലെ ഉൾനാടൻ ജലാശങ്ങളെ ആസ്പദമാക്കിയ ഈ രുചിക്കൂട്ട് എല്ലാ മലയാളിക്കും ഇഷ്ടമാകും അടുക്കളയിലും തീൻ മേശയിലും രുചിയിലൂടെ നാവിൻ തുമ്പിലും മലയാളി ഈ പുസ്തകം സൂക്ഷിക്കും  ’’ 

 

എം.എ.ബേബി സിപിഎം പൊളിറ്റ് ബ്യുറോ അംഗം

 

‘‘ രുചി മീൻ സഞ്ചാരം സവിശേഷ പ്രാധാന്യമുള്ളതാണ്.  നീലേശ്വരത്തു നിന്നു തിരുവനന്തപുരം വരെ സഞ്ചരിച്ച ക്യാമറ ഒപ്പിയെടുത്തത് കേരളത്തിന്റെ മത്സ്യ വൈവിധ്യമാണ് , ഉൾനാടൻ മത്സ്യ സമൃദ്ധിയും ഓരോ പ്രദേശത്തെയും വ്യത്യസ്ഥ പേരുകളും  രുചിക്കൂട്ടുകളും പരിചയപ്പെടുത്തുന്നു. രുചി വൈവിധ്യത്തിന്റെ രാഷ്ട്രീയം , സംസ്ഥാനത്തെ മലയാള ഭാഷ തന്നെ പലയിടത്തും വ്യത്യസ്തമായിരിക്കുന്നതു പോലെ  തന്നെ രുചിയുടെ വൈവിധ്യം ,  ജീവിതത്തിന്റെ വൈവിധ്യം , സംസ്കാരത്തിന്റെ വൈവിധ്യം ഒക്കെ ഈ പുസ്തകം പറയാതെ പറയുന്നു. അഷ്ടമുടിക്കായലിലെ സ്വാദേറിയ മീനുഭവങ്ങളും ഓർമയിലെത്തി.  ജലാശയങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണന്ന ആശയവും ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നു ’’ 

 

എം.പി. അബ്ദുസമദ് സമദാനി 

 

‘‘ അനന്യ സാധാരണമായ പുസ്തകം. വളരെ പ്രസക്തം. മീൻ എന്ന കൗതുകത്തെ സാഹിത്യം , കല , പുസ്തകം , വായന എന്നിവയുടെ ഭാവങ്ങളെയും കൗതുകത്തിന്റെയും മേഖലയുമായി ബന്ധിപ്പിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. പുതുമയുള്ള പ്രമേയം , വലിയ സഞ്ചാരവും ഗവേഷണവും ഇതിനു വേണ്ടി വന്നിട്ടുണ്ട് . മനോഹരമായി , ആർദ്ര സുന്ദരമായി എഴുതിയിരിക്കുന്നു ’’

 

 

എം.മുകുന്ദൻ

 

‘‘ ഒറ്റ ഇരിപ്പിൽ ഒരു നോവൽ വായിക്കുന്നതു പോലെ വായിച്ചു , അത്രയധികം പാരായണ സുഖം തരുന്ന പുസ്തകമാണ് ‘ രുചി മീൻ‌ സഞ്ചാരം ’  . മയ്യഴിക്കാർക്ക് ഈ പുസ്തകം കൂടുതൽ ഇഷ്ടപ്പെടും , മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. രാവിലെ രണ്ട് മയ്യഴിക്കാർ കണ്ടു മുട്ടിയാൽ ഗുഡ് മോണിങ് എന്നു പറയില്ല , പകരം മീനെന്താണ് കിട്ടിയത് എന്നാണ് ചേദിക്കുക ? മീനുകളെ അന്വേഷിച്ച് സഞ്ചരിക്കുമ്പോൾ കൂട്ടത്തിൽ പ്രാദേശിക സങ്കൽപ്പങ്ങളും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു. മീനുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് നമ്മുടെ നാടിന്റെ കൊച്ചു കൊച്ചു ചരിത്രവും വെളിപ്പെടുത്തുന്നു അതു കൊണ്ട് കൂടി , ഈ പുസ്തകം കൂടുതൽ ഇഷ്ടപ്പെടുന്നു ’’

 

പി.എ.കുര്യാക്കോസ്, ചീഫ് ന്യുസ് എഡിറ്റർ , മലയാള മനോരമ

 

‘‘ മീനുകളുടെ പുറകെ നീന്തി പോകുന്ന മനസ്സ് , പുഴകളോടും മത്സ്യങ്ങളോടുമുള്ള  കൗതുകം ഇതെല്ലാം ഇതിലുണ്ട്.  യാത്രാ വിവരണവും നല്ല മനുഷ്യത്തമുള്ള സഞ്ചാരിയുടെ കുറിപ്പ് , ദേശങ്ങളെയും ആളുകളെയും പരിചയപ്പെടുത്തുന്ന രചന. മീനുകൾക്കൊപ്പം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും പറയുന്നു . പാചകക്കുറിപ്പും എല്ലാം ചേരുമ്പോൾ ഇത് വായിച്ചത് പോല്ലല്ല ,  രുചിച്ചത് പോലാണ് തോന്നുന്നത്. നല്ല മീനിനെക്കുറിച്ച് പണ്ട് നാട്ടിൽ പറഞ്ഞിരുന്ന പോലെ , ഒന്നും കളയാനില്ല , മുള്ളു പോലും എന്നു പറഞ്ഞത് പോലാണീ പുസ്തകം’’ 

 

സന്തോഷ് ജോർജ് കുളങ്ങര

‘‘ വ്യത്യസ്ഥമായ രീതിയിലുള്ള യാത്രാ വിവരണം . വായനക്കാരനെ രുചിയുടെ ലേകത്തേക്ക് കൊതിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന രചനാ ശൈലി ’’

 

 

ഗോപിനാഥ് മുതുകാട് 

‘‘ ഓരോ സഞ്ചാര വഴികളും വായിച്ചപ്പോൾ പലതും എന്റെ കൂടി അനുഭവമായി തോന്നി , നിലമ്പൂരിലെ  വീടിനടുത്ത കവളമുക്കട്ടയിലെ മുക്കട്ട തോട്ടിലും കാടിനകത്തുള്ള കാരീരി പാടത്തും നെറ്റിയിൽ കെട്ടിവച്ച ടോർച്ചും വലയും പെട്രോമാക്സും ഒക്കെയായി പോയി മീൻ പിടിക്കുന്ന ഓർമ്മകളിലേക്കും പലതരം രീതിയിലുള്ള അമ്മയുടെ പാചകത്തിലേക്കും  പല വട്ടം കൂട്ടി കൊണ്ടു പോയി . കേരളത്തിൽ ഉടനീളം യാത്ര ചെയ് മീൻ വിഭവങ്ങൾ കഴിച്ച പ്രതീതി . പല മീൻ പിടിത്തം നേരിൽ കണ്ട പ്രതീതി , മനോഹരമായ ഫോട്ടോഗ്രാഫുകൾ , മീൻ കഴിക്കുന്ന ഓരോ മലയാളിയും അടുക്കളയിലെ അലമാരയിൽ സൂക്ഷിച്ചു വയ്ക്കേണ്ട പുസ്തകം ’’

 

 

വേണു , ഛായാഗ്രാഹകൻ

‘‘ ഇത്രയധികം മീൻ പിടിക്കുന്ന രീതീകളും ചിത്രങ്ങളും  ആദ്യമായാണ് കാണുന്നത് . വളരെ അർഥവത്താണ് ഈ പുസ്തകം.  പ്രകൃതിയുമായി ചേർന്നു പോകുന്ന ചിന്തകൾ പങ്കുവയ്ക്കുന്നു. രുചിയും മീനും സഞ്ചാരവും എല്ലാം പറയുന്നു ’’

 

 

ജോയ് മാത്യു 

‘‘ ഏറെ ആസ്വാദ്യകരമായി വായിച്ചു നോക്കിയ പുസ്കമാണിത് എന്നല്ല പറയേണ്ടത് , ഏറെ അസൂയയോടെ ഞാൻ രുചിച്ചു നോക്കിയ പുസ്തകമാണിത്. ജീവ സന്ധാരണത്തിനായി അതി സാഹസികമായി മീൻ പിടിക്കുന്നതും , അതിനെ അവനവന്റെ പരിസ്ഥിതിക്കിണങ്ങും വിധം ആഹാര കൗതുകങ്ങളുമായി ചേർത്ത് ഭക്ഷിക്കുന്ന ശീലത്തെ പിന്തുടരുന്ന പുസ്തകമാണിത്. കാണുന്ന കാര്യങ്ങളുടെ ഭംഗി ഒട്ടും ചോർന്നു പോകാതെ നാട്ടു വഴിയിലൂടെ നടന്നു പോകുന്ന ഒരു ഗ്രാമീണന്റെ മനസ്സോടെ ഓരോ വാക്കും സൂക്ഷിച്ച് കൈകാര്യം ചെയ്തിരിക്കുന്നു. ഒരോ അനുഭവവും മനസ്സിലേക്ക് പകർന്നു തരുന്നു. ഇതൊരു ചരിത്ര രേഖയാണ് ’’ 

 

ലാൽ ജോസ്

‘‘ കേരളത്തിലെ വ്യത്യസ്ഥമായ മീൻ രുചികളിലുടെ വ്യത്യസ്ഥമായ സഞ്ചാരം ,  കൊതിപ്പിക്കുന്ന രുചികൾ . ലൈബ്രറിക്ക് മുതൽക്കൂട്ടാകുന്ന പുസ്തകം ’’  

 

ബിജു മേനോൻ

‘‘ രുചി മീൻ സഞ്ചാരം ഒരു പാട് കൊതിയോടെ വായിച്ചു ’’

 

ജയസൂര്യ

‘‘ കേരളത്തിലെ മീൻ പിടിക്കുന്ന രീതികളും രുചികരമായ പാചകവും പറയുന്ന അതി മനോഹരമായ പുസ്തകം. പുസ്തകത്തെ പറ്റി പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന രചനാ ശൈലി ’’ 

 

ബിനോയ് കെ. ഏലിയാസ്, എഡിറ്റർ , മനോരമ ട്രാവലർ

 

‘‘ മനോരമ ട്രാവലറിൽ 14 മാസം പ്രസിദ്ധീകരിച്ച ‘ ഫിഷ് ട്രെയിൽ ഓഫ് കേരള ’ എന്ന കോളം പുസ്തക രൂപത്തിൽ കണ്ടതിൽ സന്തോഷം ’’ 

(മലയാള മനോരമ തൃശൂർ യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രാഫറായ റസൽ ഷാഹുൽ മനോരമ ട്രാവലറിൽ 14 ലക്കങ്ങളായി പ്രസിദ്ധീകരിച്ച ‘ ഫിഷ് ട്രെയിൽ ഓഫ് കേരള’ എന്ന കോളം  ഡിസി ബുക്ക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചതാണ് ‘ രുചി മീൻ സഞ്ചാരം ) 

English Summary: Ruchi meen sancharam book written by Russell Shahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com