ADVERTISEMENT

ഒരു പുസ്തകം വായിക്കുമ്പോൾ അതു റിവ്യൂ എഴുതാനോ അക്കാദമിക പഠനത്തിനോ വേണ്ടിയാണെങ്കിൽ ബോറടിച്ചാലും പൂർത്തിയാക്കാതെ വയ്യ. എന്തൊരു പ്രയാസമാണത്, നിങ്ങൾക്ക് ഇഷ്ടമില്ലാത്തവ മുഴുവനായും വായിക്കേണ്ടിവരുന്നത്. അവിടെയും തീർന്നില്ല, എഴുതാനിരിക്കുമ്പോൾ ചിലപ്പോൾ ഒന്നു കൂടി മറിച്ചുനോക്കേണ്ടതായും വരും. പുസ്തകറിവ്യൂ ജോലിയുടെ ഭാഗമായി ചെയ്യുന്നവരാണ് ഈ വിഷമം സ്ഥിരമായി അനുഭവിക്കുന്നത്. ഇതിനെ നിർബന്ധിത വായനയെന്നാണു വിളിക്കുക. താൽപര്യമില്ലാത്ത കവിതയോ കഥയോ നോവലോ പഠിപ്പിക്കേണ്ടിവരുന്ന അധ്യാപകരും അതു പഠിക്കുന്ന വിദ്യാർഥികളും ഇതേ സ്ഥിതിയിലാണ്. സ്കൂളിൽ മലയാള പദ്യം കാണാപ്പാഠം പഠിപ്പിക്കേണ്ടിവന്നതിനാൽ കവിത വെറുത്തുപോയവരുണ്ടു നാട്ടിൽ. ചില ജേണലിസ്റ്റുകളും അധ്യാപകരും കാലക്രമേണ സാഹിത്യത്തോടുള്ള അനുരാഗവും ആസക്തിയും നഷ്ടപ്പെട്ടവരായി, അതിനെ യാന്ത്രികമായി കൊണ്ടുനടക്കുന്നവരുമായി മാറാനുള്ള ഒരു കാരണം നിർബന്ധിത വായനയാണ്.  

 

roberto-balono-2666-cover

2000 ന്റെ തുടക്കത്തിൽ ഞാൻ ബുക് റിവ്യൂ ചെയ്തിരുന്നു. ഇംഗ്ലിഷിലെ പല പ്രസാധകരും പുതിയ പുസ്തകങ്ങൾ അയച്ചുതരുമെങ്കിലും അടുത്ത പുസ്തകം കിട്ടണമെങ്കിൽ ആദ്യത്തേതിന്റെ റിവ്യൂ കൊടുക്കണമെന്ന ഒരു വ്യവസ്ഥയുണ്ടായിരുന്നു. പുതിയവ കിട്ടാനായി, അക്കാലത്തു കേണുനിലവിളിച്ചു പല ബോറൻ പുസ്തകങ്ങളും വായിച്ചുതീർത്തിട്ടുണ്ട്. ഉടൻ എഴുതാൻ വേണ്ടി തിടുക്കപ്പെട്ടു വായിച്ചതുകൊണ്ട് ബൊലാനോയുടെ 2666 ന് താനെഴുതിയ റിവ്യൂ അബദ്ധമായിരുന്നുവെന്നു ചിലിയൻ കവിയും നോവലിസ്റ്റുമായ അലഹന്ത്രോ സാംബ്ര പറഞ്ഞത് ഈയിടെയാണു ഞാൻ കണ്ടത്. ഭാഗ്യവശാൽ ബൊലാനോയൊക്കെ വായിക്കുമ്പോഴേക്കും ഞാൻ റിവ്യു നിർത്തിയിരുന്നു. 

 

മലയാള പുസ്തകങ്ങളെപ്പറ്റി എഴുതുമ്പോൾ ആദ്യകാലത്തു ഞാൻ ചെയ്ത മറ്റൊരു സൂത്രം, പലതും മറ്റൊരു പേരിൽ എഴുതുക എന്നതാണ്. ഭാഗ്യവശാൽ അങ്ങനെ ഞാനെഴുതിയ ഭയങ്കരൻ നിരൂപണങ്ങളെല്ലാം സാങ്കൽപികപേരുകളുടെ മറപറ്റി വിസ്മൃതിയിലേക്കു പറന്നുപോയെന്നു സമാധാനിക്കാം.

 

ezhuthumesha-book-review-vkn
വി.കെ. എൻ

നിർബന്ധിത വായനയിൽനിന്ന് ഇഷ്ട വായനയിലേക്കു പോകുമ്പോളാണു നാം വായനയുടെ സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കുക. ബോറടിച്ചാൽ അപ്പോൾ നിർത്തിവയ്ക്കാനും അടുത്തതിലേക്കു പോകാനും കഴിയണം. ആ പോക്ക് മനോഹരമാണ്. വിരസത കൊണ്ടുമാത്രമല്ല, ബുദ്ധിമുട്ടു കൊണ്ടും ചിലപ്പോൾ നാം ചില വായനകൾ പാതിവഴിക്കു നിർത്താറുണ്ട്. പേരു കേട്ട കൃതികളായാലും അതിലേക്കു പ്രവേശിക്കാൻ നമ്മെ അനുവദിക്കാത്ത എന്തൊക്കെയോ തടസ്സങ്ങളുണ്ടാകും. 

 

നല്ല പുസ്തകങ്ങൾ വായിക്കുന്തോറും നമ്മുടെ ജിജ്ഞാസ ഏറുന്നുണ്ടെന്നതു ശരി തന്നെ, പക്ഷേ വായന മുന്നേറുമ്പോൾ ഏറെയും തടസ്സങ്ങളാണ്. ഇങ്ങനെ തടസ്സപ്പെടുത്തുന്ന പുസ്തകങ്ങളെ നാം നിർത്തുന്നതു ബോറടിച്ചടിച്ചിട്ടല്ല, ബുദ്ധിമുട്ടായിട്ടാണ്, മറ്റൊരിക്കൽ വായിക്കാമെന്നു വിചാരിച്ചും.

 

ezhuthumesha-ov-vijayan
ഒ.വി. വിജയൻ

ചിലപ്പോൾ മറ്റുള്ളവരാൽ മനോഹരമെന്നു വിശേഷിപ്പിക്കപ്പെട്ട കൃതികളും വിരസമോ ബുദ്ധിമുട്ടുള്ളതോ ആയിത്തീർന്നേക്കാം. എന്നാൽ കൃതിയുടെ മഹത്വം കാരണം അത് ഉപേക്ഷിക്കാനും വയ്യ. തിരിച്ചടികളോ നിരുത്സാഹപ്പെടുത്തലോ ഉണ്ടാകുമ്പോഴും ചില ബന്ധങ്ങൾ ഉപേക്ഷിക്കാൻ മനസ്സു വരാത്തതുപോലെയാണു നാം ചില വലിയ കൃതികളിൽനിന്നു വിട്ടുപോകാതെ അവിടെ പിടിച്ചുനിൽക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ. 

ezhuthumesha-cv-raman-pillai
സി.വി. രാമൻപിള്ള

 

എന്റെ വികെഎൻ വായനകൾ ഏറെയും ഇങ്ങനെയായിരുന്നു. വർഷങ്ങളോളം വാരികകളിലും പുസ്തകങ്ങളിലും വികെഎന്നിനെ മുടങ്ങാതെ വായിച്ചിട്ടും അത് എനിക്കു രസകരമായിത്തീർന്നില്ല. ഒരിക്കൽ ആശുപത്രിയിലെ കാത്തിരിപ്പുമുറിയിലിരുന്നു വികെഎൻ കഥകളുടെ ഭീമൻ സമാഹാരം വായിക്കവേ, അടുത്തിരുന്ന ആൾ എന്നോട് ഇടതടവില്ലാതെ വികെഎൻ മഹത്വം വിവരിച്ചു വശക്കേടാക്കി പോയിട്ടുണ്ട്. 

 

ഇനി, ആസ്വദിച്ചു വായിക്കുന്ന ചില പുസ്തകങ്ങൾ വായന പൂർത്തിയാകുമ്പോൾ കൈവിട്ടു പോകുന്നതു കാണാം. അതായത് അതിലെ വിസ്മയകരമായ അനുഭൂതികളിൽനിന്ന് പൊടുന്നനെ കൈവിട്ടു യാഥാർഥ്യത്തിലേക്കു വീണുപോകുന്നു. ഹറുകി മുറകാമിയുടെ നോവലുകൾക്ക് ഇത്തരമൊരു പ്രശ്നം ഉണ്ടെന്നു പറയാറുണ്ട്. അതായത് ഫിക്‌ഷനിലെ ലോകവും യഥാർഥ ലോകവും തമ്മിലുള്ള വിഭജനം മൂർച്ചയേറിയതാണ്. ആ വായ്ത്തലകൾ നമ്മെ വേഗം മുറിവേൽപ്പിക്കുകയും ചെയ്യും. 

 

സാഹിത്യം മതിയെന്നു തോന്നി ഇടക്കാലത്തു സാഹിത്യേതര വിഷയങ്ങളിലേക്കു പോയ പലരെയും എനിക്കറിയാം. ഞാനും കുറച്ചുകാലം അതു ചെയ്തിട്ടുണ്ട്. ഇത് എനിക്ക് സാഹിത്യത്തിൽനിന്നു കുറച്ച് അകന്നു നിൽക്കാൻ അവസരം നൽകി. 

 

ചിലപ്പോൾ, നാം കഥയും കവിതയും വായിക്കുന്നതു നിർത്തിയിട്ടു ഭൗതിക ശാസ്ത്രമോ സാമൂഹികചരിത്രമോ വായിക്കാൻ പോകണം. മതവും ജന്തുശാസ്ത്രവും മന്ത്രവാദവും. തമോഗർത്തങ്ങളെക്കുറിച്ച് അല്ലെങ്കിൽ മിന്നാമിനുങ്ങുകളെയോ മുതലകളെയോ കുറിച്ച്.  അൽഫ്‌ ഹിൽത്തുബൈത്തലിന്റെ മഹാഭാരത പഠനങ്ങൾ എനിക്ക്‌ അങ്ങനെയൊരു പോക്കിൽ കിട്ടിയതാണ്‌. ബൈത്തൽ യുധിഷ്ഠിരനെയും ദ്രൗപദിയെയും മുൻനിർത്തി എഴുതിയ പഠനങ്ങൾ ഫിക്‌ഷൻ വായിക്കുന്നതിനെക്കാൾ വലിയ ഹരമായിരുന്നു. 

 

അങ്ങനെയിരിക്കെ  മുസ്‌ലിം ജീസസ് എന്നൊരു പുസ്തകം കിട്ടി. മധ്യപൗരസ്ത്യ ദേശത്ത് ഇസ്‌ലാമിക പാരമ്പര്യത്തിൽ യേശുവിനെക്കുറിച്ചു പ്രചാരത്തിലുള്ള കഥകൾ സമാഹരിച്ചതായിരുന്നു ആ പുസ്തകം. പുതിയ നിയമത്തിൽ നാം വായിക്കുന്ന യേശുവിന്റെ ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളെല്ലാം മറ്റൊരു രീതിയിൽ അതിലുണ്ടായിരുന്നു. രാമകഥ ഏഷ്യയിലെ പല രാജ്യങ്ങളിലും വ്യത്യസ്ത പാരമ്പര്യങ്ങളാകുന്നതുപോലെ. നോൺ ഫിക്‌ഷൻ വായിക്കുന്നതിന്റെ ഒരു പ്രധാന നേട്ടം അതു നമ്മുടെ ഫിക്‌ഷൻ അനുഭവം ആഴമുള്ളതാക്കുമെന്നതാണ്‌; ബുദ്ധിമുട്ടേറിയതെന്നു നാം കരുതിയത്‌ അപ്പോൾ സുഗമമാകും. അതുകൊണ്ടാണ്‌ രണ്ടാം ലോകയുദ്ധവും ഹോളോകോസ്റ്റും സംബന്ധിച്ച ചരിത്രം അറിയുമെങ്കിൽ ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യം നാം കൂടുതൽ വ്യക്തതയോടെ, അടുപ്പത്തോടെ വായിക്കുന്നത്‌. 

 

ചിലപ്പോൾ  ഫിക്‌ഷൻ നമുക്ക് ഇഷ്ടമല്ലാതെ വരും. കവിതകൾ പോലെ അർഥശൂന്യമായ ഒരു ഇടപാട് വേറെയില്ലെന്നും തോന്നും. ബിരുദവിദ്യാർഥിയായിരിക്കെയാണ് എനിക്ക് സാഹിത്യത്തോട് ആദ്യം അനിഷ്ടം തോന്നിയത്. പ്രിയപ്പെട്ട ഒരു പെൺകുട്ടിക്ക് അവധിക്കാലത്തെഴുതിയ കത്തുകൾക്ക് ഒന്നിനും മറുപടി വന്നില്ല. ചിലപ്പോൾ അവൾക്ക് അതു കിട്ടുന്നില്ലേ എന്നു സംശയിച്ചെങ്കിലും  എഴുത്തു തുടർന്നു. പിന്നീട് നേരിട്ടു കണ്ടപ്പോൾ, ആ കത്തുകളിലെ സാഹിത്യഭാഷ മടുപ്പിച്ചെന്ന് അവൾ പറഞ്ഞു. ആ വാക്യങ്ങൾ യഥാർഥത്തിൽ ഇല്ലാത്ത വികാരങ്ങൾ നടിക്കുകയാണ്, ഒരു  സ്നേഹം ഭാവന ചെയ്യുന്നതാണ്.. 

 

സാഹിത്യഭാഷയ്ക്കെതിരായ ആ വിമർശനം എന്നെ നിസ്സഹായനാക്കി. സാഹിത്യഭാഷയിലല്ലാതെ ഒരു പെൺകുട്ടിക്കു കത്തെഴുതാനാകുമോ എന്ന് ഞാൻ ആലോചിച്ചു. അവളുടെ മതിപ്പു നേടാനാവാത്ത സാഹിത്യത്തോട് അന്ന് എനിക്കു കഠിനമായ അനിഷ്ടം തോന്നി.

 

കത്തുകളെ വിരസമാക്കുന്നവയാണു സാഹിത്യഭാഷയെങ്കിൽ അവ വച്ചെഴുതിയ പുസ്തകങ്ങളെ എത്രത്തോളം ദുസ്സഹമാക്കുന്നുണ്ടാവും. ഒ.വി. വിജയന്റെ ഭാഷയുടെ അനുകർത്താക്കൾ പിന്നീട് ആ എഴുത്തുകാരനെ ഫീച്ചർ ജേണലിസ്റ്റുകളുടെ ഗുരുവാക്കിയതുപോലെ.. സാഹിത്യഭാഷയുടെ ഔന്നത്യം മൂലം വായന ഇടയ്ക്കു മുടങ്ങിയ ഒരു നോവൽ സിവിയുടെ രാമരാജാബഹദൂർ ആയിരുന്നു. വായന ഇടയ്ക്കു നിർത്തി അടുത്ത പുസ്തകത്തിലേക്കു പോകുന്ന പതിവ് ശക്തമായ ഒരു കാലത്തായിരുന്നു അത്. 

 

മനസ്സിലാകാതെയോ രസിക്കാതെയോ നാം ഉപേക്ഷിച്ച നോവലുകളിലേക്കോ കവിതകളിലേക്കോ രണ്ടാമതും മൂന്നാമതും മടങ്ങിച്ചെല്ലാൻ അവസരമുണ്ട് എന്നതാണു വായനയുടെ മറ്റൊരു ഹരം. ആ പുസ്തകങ്ങൾ നമ്മെ കാത്ത് അവിടെത്തന്നെ തുടരുന്നുണ്ട്.. 

 

ഓരോ വായനക്കാരനും തന്റെ അഭിരുചിക്ക് അനുസരിച്ചാണു തിരഞ്ഞെടുപ്പുകൾ നടത്തുക. എന്നാൽ സാഹസികരായ ചിലർക്കു സ്വന്തം ഭാവുകത്വത്തെ മാറ്റിമറിക്കണമെന്നു തോന്നും. അത്തരക്കാർ അതുവരെ ശീലിച്ച പുസ്തകങ്ങളെ മാറ്റിവച്ച് പുതിയവയിലേക്കും പോകും. അഗതാ ക്രിസ്റ്റിയിൽ നിന്നു വിർജിനീയ വുൾഫിലേക്കു പോകാൻ കഴിയുന്നത് അപ്പോഴാണ്. അല്ലെങ്കിൽ അയാൾ തന്റെ കാലത്തിനു രസിക്കാത്ത എഴുത്തുകാരെ വായിച്ചുകൊണ്ടാവും സ്വയം അട്ടിമറിക്കാൻ ശ്രമിക്കുക. അത് വായനക്കാരന്റെ അപാരമായ സ്വാതന്ത്ര്യത്തിൽനിന്നു സംഭവിക്കുന്നതാണ്. നാം വായിക്കുന്ന കഥയിലെ കഥാപാത്രങ്ങൾ സെകുലർ ലോകത്തിലെ പുണ്യവാളന്മാരാണെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. സത്യമാണത്. ആർട്ട് ഓഫ് റൈറ്റിങ് എന്ന കൃതിയിൽ ആർ.എൽ. സ്റ്റീവൻസൺ പറയുന്നത്, യഥാർഥ ജീവിതത്തിൽ ഉള്ള സുഹൃത്തുക്കളെക്കാൾ തന്നെ സ്വാധീനിച്ചത് ഹാംലെറ്റും റോസലിൻഡും ആണെന്നാണ്. ഇപ്പറഞ്ഞ രണ്ടു പേരും ഷേക്സ്പീയർ കഥാപാത്രങ്ങളാണ്. രണ്ടാമത്തേത് As You Like It ലെ കഥാപാത്രം. ഷേക്സ്പീയറും പാഠപുസ്തകത്തിന്റെ ഭാഗമായതിനാൽ അത് എന്നന്നേക്കുമായി ബോറടിച്ചുപോയവർക്കു പക്ഷേ, ഈ സ്വാധീനം അതിശയോക്തിയായി തോന്നാം.

 

English Summary : Ezhuthumesha Column - What does a book reviewer do?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com