വൈറ്റ് ഹൗസില്‍ ഇനി കവിത ചൊല്ലുന്ന പ്രസിഡന്റ്

HIGHLIGHTS
  • ബൈഡനിഷ്ടം ഷീമസ് ഹീനിയുടെ കവിതകൾ
us-politician-joe-biden-campaign
Joe Biden. Photo Credit : Tasos Katopodis / Getty Images / AFP
SHARE

അമേരിക്കന്‍ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ് പ്രചാരണം മുന്‍പില്ലാത്ത വാശിയോടെ പുരോഗമിച്ചപ്പോഴും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആവര്‍ത്തിച്ചതു മാറ്റത്തെക്കുറിച്ചാണ്. മാറ്റം വരുമെന്ന് ഉറച്ചു വിശ്വസിക്കാനും. വിജയത്തിന്റെ നിമിഷം അടുത്തെത്തിയപ്പോഴും ഭൂരിപക്ഷം മറികടന്നപ്പോഴും അദ്ദേഹം മാറ്റം എന്ന വിശ്വാസത്തില്‍ തന്നെ സന്തോഷം കണ്ടെത്തി. പ്രതീക്ഷയുടെ മറുതീരത്തേക്ക് ഒരുമിച്ചുപോകാന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്തു. മാറ്റത്തിലും പ്രതീക്ഷയിലും വിശ്വസിക്കാന്‍  ബൈഡനെ പ്രേരിപ്പിച്ചത് കവിതയെന്ന് അപ്പോഴേക്കും അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞിരുന്നു. പ്രശസ്ത ഐറിഷ് കവി ഷീമസ് ഹീനി ഉള്‍പ്പെടെയുള്ളരുടെ കവിതകള്‍. ഇപ്പോള്‍ വൈറ്റ് ഹൗസില്‍ ബൈഡന്‍ എത്തുമെന്ന് ഉറപ്പായതോടെ അമേരിക്കയില്‍ തരംഗം സൃഷ്ടിക്കുന്നത് ബൈഡന്‍ കവിത ചൊല്ലുന്ന വിഡിയോയാണ്. സംഘര്‍ഷത്തിന്റെ നടുവില്‍ നിന്ന് ഷീമസ് ഹീനി പ്രതീക്ഷാ നിര്‍ഭരമായി ഉരുവിട്ട വാക്കുകള്‍. 

പ്രതികാരത്തിന്റെ അങ്ങേയറ്റത്ത് 

മാറ്റത്തിന്റെ ഇളകിമറിയുന്ന 

കടലിനുവേണ്ടി കാത്തിരിക്കാം. 

ഇവിടെനിന്ന് അകലെയുള്ള തീരത്ത് 

എത്താമെന്നുതന്നെ വിശ്വസിക്കുക. 

അത്ഭുതങ്ങളില്‍ വിശ്വസിക്കുക 

സുഖപ്പെടുന്നതിലും മുറവുണക്കുന്നതിലും. 

ജോ ബൈഡന് വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും ഇപ്പോള്‍ അമേരിക്കക്കാര്‍ ഏറ്റവും കൂടുതല്‍ വില കല്‍പിക്കുന്നത് കവിതയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിനുതന്നെ. കവിത ചൊല്ലുന്ന ഒരാള്‍ വൈറ്റ് ഹൗസില്‍ എത്തുന്നു എന്നതില്‍ ലോകം മുഴുവന്‍ ആഹ്ലാദിക്കുന്നുമുണ്ട്. കാരണം ബൈഡന്‍ ആവര്‍ത്തിച്ചുചൊല്ലുന്ന കവിതകള്‍ സംഘര്‍ഷത്തെ അതീജവിച്ചു പിറക്കുന്ന സമാധാനത്തെക്കുറിച്ചും ഏറ്റവും മോശമായ കാലത്തെ പിന്നിട്ടു ജനിക്കുന്ന പ്രതീക്ഷയെക്കുറിച്ചുമാണ്. 

ബൈഡന്‍ ഇതാദ്യമല്ല ഷീമസ് ഹീനിയുടെ കവിതകളോടുള്ള ഇഷ്ടം തുറന്നുപറയുന്നത്. ഡെമോക്രറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ അദ്ദേഹം ഹീനിയുടെ കവിതയില്‍ നിന്ന് ഉദ്ധരിച്ചിരുന്നു. പ്രചാരണം വാശിയോടെ മുന്നോട്ടുപോയപ്പോഴും വിജയാഘോഷത്തില്‍ പ്രസംഗിച്ചപ്പോഴുമെല്ലാം അദ്ദേഹം ഹീനിയുടെ കവിതകള്‍ ആവര്‍ത്തിച്ചു. കവിതയില്‍ ആശ്വാസം കണ്ടെത്തുന്ന മനസ്സ് അമേരിക്കന്‍ ജനിതയ്ക്കു മുന്നില്‍ വെളിപ്പെടുത്തി. 

യാത്ര തുടങ്ങുമ്പോഴുള്ള പ്രതീക്ഷകള്‍ ചിന്നിച്ചിതറിയാലും 

പ്രതീക്ഷകള്‍ക്കു നിലനില്‍ക്കേണ്ടതുണ്ടെന്ന് എഴുതിയിട്ടുണ്ട് ഹീനി.

ജീവിതത്തിലും രാഷ്ട്രീയത്തിലും കഠിന നിമിഷങ്ങളെ നേരിട്ടപ്പോള്‍ ബൈഡനു കരുത്തായതും ഹീനിയുടെ കവിത തന്നെ. നൊബേല്‍ സമ്മാനം നേടിയ ഹീനി ലോകത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയ കവിതയാണ്. 

പ്രതീക്ഷിക്കരുതെന്നാണ് ചരിത്രം പഠിപ്പിക്കുന്നതെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും നീതിയുടെ തിരയടിയുണ്ടാകും എന്നുറച്ചു വിശ്വസിച്ച കവി. നീതി ചരിത്രത്തിനൊപ്പം ചേര്‍ന്നു മുന്നോട്ടുപോകുമെന്ന് ലോകത്തെ വിശ്വസിപ്പിച്ച കവി. അദ്ദേഹത്തിന്റെ ദ് ക്യുഎ്ര്‍ അറ്റ് ട്രോയ് എന്ന കവിതയാണ് ബൈഡന് ഏറ്റവുമിഷ്ടം. ആ കവിതയില്‍നിന്നുള്ള വരികളാണ് അദ്ദേഹം ഏറ്റവുമധികം ഉദ്ധരിച്ചിട്ടുള്ളതും. ഹീനി കഴിഞ്ഞാല്‍ ഗ്രീക്ക് നാടകകൃത്ത് ഐസ്കലസിനെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് ഇഷ്ടം. അമേരിക്കന്‍ കവികളായ ലാങ്സ്റ്റണ്‍ ഹഗ്സ്, റോബര്‍ട് ഹെയ്ഡന്‍ എന്നിവരുടെ കവിതകളും അദ്ദേഹം ആവര്‍ത്തിച്ചുവായിക്കാറുണ്ട്. പ്രിയപ്പെട്ട നിമിഷങ്ങളില്‍ ചൊല്ലാറുണ്ട്. 

മനുഷ്യര്‍ കഷ്ടപ്പെടുന്നു, 

അന്യോന്യം പീഡിപ്പിക്കുന്നു, 

അവര്‍ക്കു മുറിവേല്‍ക്കുന്നു, 

കഠിനമായി കടന്നുപോകുന്നു. 

നേരിട്ടതോ സഹിച്ചതോ ആയ 

തെറ്റിനെ ശരിയാക്കാന്‍ 

കവിതയ്ക്കോ നാടകത്തിനോ

പാട്ടിനോ കഴിയണമെന്നില്ല. 

ചരിത്രം പറയുന്നത് പ്രതീക്ഷകള്‍

പാടില്ലെന്നാണ്. 

എന്നാല്‍ ജീവിതത്തില്‍ 

ഒരിക്കല്‍ നീതി തിരയടിച്ചുയരും 

പ്രതീക്ഷ ചരിത്രത്തിനൊപ്പം 

ചേര്‍ന്നു സഞ്ചരിക്കും. 

2013 ല്‍  അന്തരിച്ച ഹീനി ഇപ്പോഴും വ്യാപകമായി വായിക്കപ്പെടുന്നുണ്ട്. ബൈഡനിലൂടെ വീണ്ടും ഹീനി മുഴങ്ങുമ്പോള്‍ അമേരിക്കക്കാര്‍ ആശ്വസിക്കുന്നു; കവിത ചൊല്ലുന്ന പ്രസിഡന്റ് വൈറ്റ് ഹൗസില്‍ എത്തുന്നതില്‍ സന്തോഷിക്കുന്നു. 

English Summary: Joe Biden love for Seamus Heaney poetry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;