ADVERTISEMENT

മലയാളത്തിൽ നിരൂപണം ഇപ്പോൾ അത്ര സജീവമല്ല എന്നു പറയാറുണ്ട്. വിമർശനം അതിന്റെ യഥാർഥ അർഥത്തിൽ ഇപ്പോൾ സജീവമാണോ? കുട്ടികൃഷ്ണമാരാർ, എം.പി. ശങ്കുണ്ണിനായർ എന്നിവരെപ്പോലെ ഇപ്പോൾ ആരെങ്കിലും എഴുതുന്നുണ്ടോ? മറ്റു സാഹിത്യരൂപങ്ങളിൽനിന്നു വിഭിന്നമായി മലയാളത്തിൽ നിരൂപണത്തിൽ ശക്തമായ ഒരു പുതുനിര പ്രത്യക്ഷപ്പെട്ടില്ല. യുജിസി സെമിനാറുകളുടെ വിരസമായ പ്രബന്ധങ്ങളാണ് നിരുപണമായി ഇപ്പോൾ അറിയപ്പെടുന്നത്. അവർ ഒരു പ്രബന്ധഭാഷ തന്നെ രൂപീകരിച്ചിട്ടുണ്ടത്രേ. മലയാളനിരൂപണത്തിലെ ശ്രദ്ധേയസാന്നിധ്യമായ പ്രദീപ് പനങ്ങാട് ആണ് വെട്ടിത്തുറന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി എഴുത്തുവർത്തമാനത്തിൽ എത്തുന്നത്. അദ്ദേഹവുമായുള്ള സംഭാഷണം. 

∙ ചെറുപ്പകാലത്ത് ഒരു എഴുത്തുകാരനാവണമെന്ന് ആഗ്രഹിച്ചിരുന്നോ?

ഞാൻ ജനിച്ചത് പന്തളത്തിനടുത്ത് പനങ്ങാട് എന്ന നാട്ടിൻപുറത്താണ്. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ അവിടെ നടന്നിരുന്നു നിരവധി നേതാക്കൾ ഒളിവിലിരുന്നിട്ടുണ്ട്. അമ്പതുകളിൽത്തന്നെ സജീവമായ സാംസ്‌കാരിക പ്രവർത്തനങ്ങളും നടന്നിരുന്നു. ജനത ഗ്രന്ഥശാല അങ്ങനെയാണ് ഉണ്ടായത്. അവിടുത്തെ ആദ്യപുസ്തകങ്ങൾതന്നെ കമ്യൂണിസ്റ്റ് സാഹിത്യമാണ്. നാടകാവതരണങ്ങൾ,  നാടകക്കളരികൾ, ചൊൽകാഴ്ചകൾ, കവിയരങ്ങുകൾ തുടങ്ങിയവ പതിറ്റാണ്ടുകളായി ഗ്രാമത്തിൽ നടക്കുന്നു. കടമ്മനിട്ട, വിനയചന്ദ്രൻ, ഭരത് ഗോപി, കരമന ജനാർദ്ദനൻ നായർ, ഭരത് മുരളി, ശ്രീനിവാസൻ, നരേന്ദ്രപ്രസാദ്, മുല്ലനേഴി, വി.കെ. ശശിധരൻ, പി. ബാലചന്ദ്രൻ, കുക്കു പരമേശ്വരൻ, മധുപാൽ തുടങ്ങി എത്രയോ പേർ വിവിധ പരിപാടികളിൽ പങ്കാളികളായിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ എന്ന ആശയം തന്നെ ഈ ഗ്രാമത്തിൽ നിന്നാണ് ഉണ്ടായത്. ഈ പാരമ്പര്യവും അനുഭവങ്ങളുമാണ് എഴുത്തുകാരനാവാൻ പ്രേരിപ്പിച്ചത്. ആ ഗ്രാമത്തിന്റെ സുഗന്ധം എന്നോടൊപ്പം എപ്പോഴും ഉണ്ട്. 

pradeep-panangad-ezhuthuvarthamanagal-padmarajan-director-book-cover-image
പ്രിയപ്പെട്ട പത്മരാജൻ

∙ ആദ്യം എഴുതിത്തുടങ്ങിയത് ലേഖനങ്ങളും നിരൂപണവും ആയിരുന്നോ?

അല്ല. ആഹ്ലാദനിർഭരമായ ചെറിയകാലത്തെ കാവ്യജീവിതം എനിക്ക് ഉണ്ടായിരുന്നു. ആദ്യകാലത്ത് പരിചയപ്പെട്ടവരൊക്കെ കവികളായിരുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ കവിസമ്മേളനങ്ങൾ കേൾക്കാൻ പോയിട്ടുണ്ട്. ഞാൻ സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് പന്തളം എൻഎസ്എസ് കോളജിൽ വച്ച് ഒരു വലിയ കവിയരങ്ങ് നടന്നു. മലയാളത്തിലെ മിക്ക കവികളും അവിടെ കവിത വായിച്ചു. ഒഎൻവി, തിരുനെല്ലൂർ, നാലാങ്കൽ, വെണ്ണിക്കുളം തുടങ്ങി പുതിയ തലമുറക്കാർ വരെ. അതൊരു വലിയ അനുഭവമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെ ഗ്രാമത്തിനടുത്ത് കുളനടയിൽ വച്ച്  ദേശാഭിമാനി സ്റ്റഡി സർക്കിൾ കവിയരങ്ങ് നടത്തി. അന്നത്തെ താരം കടമ്മനിട്ട ആയിരുന്നു. കുറത്തി, കാട്ടാളൻ തുടങ്ങിയ കവിതകൾ ചൊല്ലി. അത് വലിയൊരനുഭവമായിരുന്നു. കവിതയുടെ കരുത്തും ശക്തിയും തിരിച്ചറിഞ്ഞത് അപ്പോഴാണ്. പിന്നീടും കടമ്മനിട്ട കവിത ചൊല്ലുന്നതു കേട്ടു. വിനയചന്ദ്രനും പരിചിതനായി. ഈ അനുഭവങ്ങളാണ് കവിതയെഴുത്തിലേക്കു നയിച്ചതെന്നു തോന്നുന്നു. 

malayalam-writer-pradeep-panangad-ezhuthuvarthamanagal-m-sukumaran-book-cover
എം സുകുമാരൻ കഥയും സിനിമയും

എൺപതുകളുടെ തുടക്കത്തിലായിരുന്നു കലാലയ പഠനം തുടങ്ങുന്നത്. അന്ന് ക്യാംപസുകൾ കാവ്യമുഖരിതമായിരുന്നു. ലിറ്റിൽ മാഗസിനുകളും പോസ്റ്റർ കവിതകളും ഏറെ പരിചയിച്ചു. കൂടുതൽ ആഭിമുഖ്യം കവിതകളോടായി. കോളജ് കവിതാ മത്സരങ്ങളിൽ സമ്മാനങ്ങൾ കിട്ടി. ആധുനിക കവിതകളോടൊപ്പം തന്നെ വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമൻ നായർ തുടങ്ങിയവരെയും വായിച്ചു. അതിൽ ഇടശ്ശേരിക്കവിതകൾ ആകർഷിച്ചു. അതിന്റെ അടിസ്ഥാനം എന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ആ കാലത്ത് കൊല്ലത്തും ആലപ്പുഴയിലും നടന്ന കേരള സർവകലാശാല യൂത്ത് ഫെസ്റ്റിവലിൽ കവിതയ്ക്ക് സമ്മാനം കിട്ടി. ആലപ്പുഴയിൽ വച്ച് ഒന്നാം സമ്മാനം കിട്ടി. യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ എൻ.എൻ. കക്കാട് പുരസ്‌കാരവും എനിക്കു കിട്ടി. അത് ഇടശ്ശേരിയെ അനുസ്മരിച്ച് എഴുതിയ ‘ഒരു പൊന്നാനിക്കാരൻ തിരിച്ചു പോകുന്നു’ എന്ന കവിതയ്ക്കായിരുന്നു. അൻവർ, അനിത തമ്പി, ഗിരീഷ് പുലിയൂർ തുടങ്ങിയവർ അക്കാലത്ത് എഴുതുന്നുണ്ടായിരുന്നു. കൂടുതൽ കാവ്യപരിചയം വന്നതോടെ എഴുതുന്ന കവിതകളുടെ പരിമിതികൾ മനസ്സിലായി. മാത്രമല്ല സച്ചിദാനന്ദൻ, അയ്യപ്പൻ തുടങ്ങിയവരുടെ അനുകരണങ്ങൾ പോലെ എന്റെ രചനകൾ തോന്നുകയും ചെയ്തു. ക്രമേണ കവിതാരചന മാഞ്ഞു പോയി. പിന്നീട് ലേഖനങ്ങൾ എഴുതിതുടങ്ങി

pradeep-panangad-ezhuthuvarthamanagal-m-g-radhakrishnan-music-director-book-cover-image
എം ജി രാധാകൃഷ്ണൻ, ജീവിതം സംഗീതം ഓർമ്മ

∙ കലാലയകാലത്തും പിന്നീടും രാഷ്ട്രീയാഭിമുഖ്യം ഉണ്ടായിരുന്നോ?

എൺപതുകളിലെ കലാലയ രാഷ്ട്രീയം സാംസ്‌കാരിക ഉള്ളടക്കം പേറിയതായിരുന്നു. കലയ്ക്കും സാഹിത്യത്തിനും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. അക്കാലത്തെ സാഹിത്യം ഇടത് തീവ്രആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. സച്ചിദാനന്ദൻ, കെജിഎസ്, എം. സുകുമാരൻ, പട്ടത്തുവിള തുടങ്ങിയവരുടെ രാഷ്ട്രീയ ഭാവുകത്വമുള്ള കൃതികൾ ഏറെ ആകർഷിച്ചു. എസ്എഫ്ഐയോട് ചേർന്നു നിൽക്കുമ്പോഴും ഈ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തി. അതിന്റെ തുടർച്ചകളാണ് പിന്നീടും ഉണ്ടായത്. ഒരു ആന്തരികവിമർശകൻ (critical insider) ആവാനാണ് എപ്പോഴും ശ്രമിച്ചത്. മതേതരത്വത്തിലും കമ്യൂണിസത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. ഇടതുപക്ഷത്തിന്റെ സാധ്യതകളിൽ തന്നെയാണ് ഇപ്പോഴും വിശ്വാസം. കേസരിയും എം.ഗോവിന്ദനും മുന്നോട്ടു കൊണ്ടുപോയ സ്വതന്ത്രചിന്തയുടെ വഴികളും പരിഗണിക്കാറുണ്ട്. ആ രാഷ്ട്രീയത്തോട് ഒരിക്കലും അഭിമുഖ്യം ഉണ്ടായിരുന്നില്ല.

writer-pradeep-panangad-ezhuthuvarthamanagal-profile-photo
പ്രദീപ് പനങ്ങാട്

∙ ഇപ്പോഴത്തെ എഴുത്തുകൾ പലതും സാഹിത്യ പത്രപ്രവർത്തനത്തിന്റെ സ്വഭാവമുള്ളതാണല്ലോ?

മലയാളത്തിൽ സാഹിത്യ പത്രപ്രവർത്തനം അത്ര സജീവമല്ല. എം. കൃഷ്ണൻ നായർ സാഹിത്യ പത്രപ്രവർത്തനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു. ആ വഴി പിന്തുടരാൻ പലരും ശ്രമിച്ചു പരാജയപ്പെട്ടു. കാരണം അനുഭവവും അറിവും വായനയും അവർക്ക് പരിമിതമായിരുന്നു കൃഷ്ണൻ നായരുടെ സഹജമായ നർമവും സിനിസിസവും അവർക്കു കിട്ടിയില്ല. എന്റെ വഴി അതല്ല. ഒരു കാലഘട്ടത്തിന്റെ കലയും സംസ്കാരവും ചരിത്രവും എഴുത്തും പ്രസാധനവുമെല്ലാം കണ്ടെത്താനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. അറുപതുകളിൽ തുടങ്ങുന്ന ആധുനികതയും എഴുപതുകളോടെ ഉയർന്നുവന്ന ബദൽ സാംസ്‌കാരിക പ്രസ്ഥാനങ്ങളുമാണ് എന്റെ മുഖ്യവിഷയം. മലയാള സമാന്തര മാസിക ചരിത്രം (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്), മറുവഴി പുതുവഴി (ഡിസി ബുക്സ്) എന്നീ പുസ്തകങ്ങൾ അത്തരം അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ചരിത്രം, വിമർശനം, അന്വേഷണം ഇതെല്ലാം കൂടി ചേർന്നതാണിത്. കാലം മറന്നുപോയ നിരവധി എഴുത്തുകാരെ വീണ്ടും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കഥാകാരൻ ജയനാരായണൻ, ചിത്രകാരൻ എ.സി.കെ. രാജ, പുളിമാന പരമേശ്വരൻ പിള്ള, രാജൻ കാക്കനാടൻ, സുരാസു തുടങ്ങി നിരവധി പേരെക്കുറിച്ച് എഴുതി. അത്തരം അന്വേഷണങ്ങളാണ് ഇപ്പോഴും നടത്തുന്നത്. സാഹിത്യ പത്രപ്രവർത്തനത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. അത് എഴുത്തുകാരുടെ അടുക്കളയെക്കുറിച്ച് എഴുതുന്നതല്ല, കാലത്തെ കണ്ടെത്തുന്നതാവണം. അത് ചരിത്രത്തെ പുനരാനയിക്കണം.

pradeep-panangad-ezhuthuvarthamanagal-padmarajan
പത്മരാജനോടൊപ്പം പ്രദീപ് പനങ്ങാട്

∙ ലിറ്റിൽ മാഗസിൻ ഗവേഷണത്തിലേക്ക് എത്തിയത് എങ്ങനെയാണ്? 

പഠിക്കുന്ന കാലത്തുതന്നെ ലിറ്റിൽ മാഗസിനുകൾ കണ്ടിരുന്നു. പ്രേരണ, സംക്രമണം തുടങ്ങിയവ. പന്തളം കോളജിൽനിന്ന് സിര എന്ന പേരിൽ ഒരു ചെറുമാസിക ഞങ്ങൾ നടത്തി. അത്തരം പ്രസിദ്ധീകരണങ്ങളോട് എപ്പോഴും താൽപര്യം ഉണ്ടായിരുന്നു. സുഹൃത്തുക്കൾ നടത്തിയിരുന്ന ആൾക്കൂട്ടം, പക്ഷിക്കൂട്ടം തുടങ്ങിയവയിൽ സഹകരിച്ചിരുന്നു. 2015 –ൽ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഒരു പരിപാടി നടത്താൻ തീരുമാനിച്ചു. അതിനോടനുബന്ധിച്ച് ഒരു ഇൻസ്റ്റലേഷൻ നടത്താമോയെന്നു ഫൗണ്ടേഷൻ സെക്രട്ടറി പ്രിയദാസ് മംഗലത്ത് ചോദിച്ചു. ഞാൻ തയാറായി. ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ എന്ന പേരിൽ ലിറ്റിൽ മാഗസിനുകളുടെ ഇൻസ്റ്റലേഷൻ നടത്തി. അതിനു വേണ്ടി സംഭരിച്ച ലിറ്റിൽ മാസികകളിൽ നിന്നാണ് മലയാള സമാന്തര മാസിക ചരിത്രം എഴുതുന്നത്. ധാരാളം മാസികകൾ ശേഖരിച്ചിരുന്നു. ഈ മേഖലയിലുണ്ടായ ആദ്യ പുസ്തകമാണിതെന്നു തോന്നുന്നു. ഈ പുസ്തകം അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ ഗവേഷണ പഠനങ്ങൾ നടക്കുന്നുണ്ട് 

∙ നിരവധി ജീവചരിത്ര പുസ്തകങ്ങൾ എഴുതുകയും എഡിറ്റ്‌ ചെയ്യുകയും ഉണ്ടായല്ലോ? 

എനിക്ക് നേരിട്ട് അറിയുന്ന, ഏതെങ്കിലും തരത്തിൽ എന്റെ എഴുത്തിനെയോ താല്പര്യങ്ങളെയോ സ്വാധീനിച്ചവരെക്കുറിച്ചുള്ള പുസ്തകങ്ങളാണ് രൂപപ്പെടുത്തിയത്. പത്മരാജൻ, നരേന്ദ്രപ്രസാദ്, വിനയചന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ, യു.ആർ. അനന്തമൂർത്തി, സി.പി. പത്മകുമാർ, എം. സുകുമാരൻ എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങൾ എഡിറ്റ് ചെയ്തു. പത്മരാജൻ സാറിന്റെ കൂടെ ഒരു ചിത്രത്തിൽ ഞാൻ സംവിധാന സഹായിയായി പ്രവർത്തിച്ചു–സീസൺ. മാത്രമല്ല അദ്ദേഹത്തിന്റെ കഥകൾ എന്നെ ഏറെ ആകർഷിച്ചിരുന്നു; സിനിമകളും. ആ ആദരവാണ് ‘പ്രിയപ്പെട്ട പത്മരാജൻ’ എന്ന പുസ്തകം ഇറക്കാൻ പ്രേരണയായത്. നരേന്ദ്രപ്രസാദുമായി പഠിക്കുന്ന കാലം മുതലുള്ള ബന്ധം ഉണ്ടായിരുന്നു. അതുപോലെ വിനയചന്ദ്രനുമായും. അവരെക്കുറിച്ചുള്ള പുസ്തകങ്ങൾ താറാക്കി. സംഗീത സംവിധായകനായ എം.ജി. രാധാകൃഷ്ണനെ കുറിച്ച് ഒരു ടെലിവിഷൻ ചാനലിനു വേണ്ടി ഒരു ദീർഘ ഡോക്യുമെന്ററി നിർമിച്ചിരുന്നു. അക്കാലത്തെ അടുപ്പം മറക്കാൻ കഴിയില്ല. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം ഇറക്കിയത്. എന്നെ ഒരുപാട് സ്വാധീനിച്ച ഇന്ത്യൻ എഴുത്തുകാരനാണ് അനന്തമൂർത്തി. നോവലുകളും ആശയങ്ങളും ആകർഷിച്ചിട്ടുണ്ട്. ആ ജീവിതത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലമാണ് ‘യു.ആർ.  അനന്തമൂർത്തി: സംസ്കാരം രാഷ്ട്രീയം ജീവിതം’ എന്ന പുസ്തകം. എം. സുകുമാരനുമായി ആദരണീയ സൗഹൃദം ഉണ്ടായിരുന്നു. ‘എം. സുകുമാരൻ: സിനിമയും കഥയും’ എന്ന പുസ്തകം അതിന്റെ അടയാളമാണ് ചലച്ചിത്ര സംവിധായകൻ സി.പി. പത്മകുമാർ എന്റെ ആത്മാവിന്റെ അയൽക്കാരനായിരുന്നു. അങ്ങനെയാണ് ‘സി.പി. പദ്മകുമാർ സ്മൃതി’ എന്ന പുസ്തകം രൂപപ്പെടുത്തിയത്. നടൻ മുരളിയുമായി അടുപ്പം ഉണ്ടായിരുന്നു. ആ ജീവിതം നേരിട്ട് അറിയാമായിരുന്നു. അങ്ങനെയാണ് ‘ഭരത് മുരളി’ എന്ന ജീവചരിത്രം എഴുതുന്നത് ജി.അരവിന്ദനെ കുറിച്ച് ‘അരവിന്ദായനം’ എന്നൊരു പുസ്‌തകവും ഉണ്ട്‌. എനിക്ക് ഏറ്റവും താല്പര്യമുള്ള മേഖലയാണ് ജീവചരിത്ര രചന.

pradeep-panangad-ezhuthuvarthamanagal-u-r-anathamurhty-book-cover-image
യു ആർ അനന്തമൂർത്തി എഴുത്ത് ജീവിതം രാഷ്ട്രീയം

∙ മലയാളത്തിൽ നിരൂപണം ഇപ്പോൾ അത്ര സജീവമല്ല എന്നു പറയറുണ്ട് അതിനെ എങ്ങനെ കാണുന്നു? 

വിമർശനം അതിന്റെ യഥാർഥ അർഥത്തിൽ ഇപ്പോൾ സജീവമാണോ? കുട്ടികൃഷ്ണമാരാർ, എം.പി. ശങ്കുണ്ണിനായർ എന്നിവരെപ്പോലെ ഇപ്പോൾ ആരെങ്കിലും എഴുതുന്നുണ്ടോ? കെ.പി. അപ്പൻ, വി. രാജകൃഷ്ണൻ, നരേന്ദ്ര പ്രസാദ്, ബി. രാജീവൻ, ആഷാ മേനോൻ, പ്രസന്നരാജൻ, വി.സി. ശ്രീജൻ എന്നിവരുടെ തലമുറയ്ക്ക് ശേഷം അത്ര ശക്തമായ മറ്റൊരു നിര പ്രത്യക്ഷപ്പെട്ടില്ല. നിരവധി പുതിയ വിമർശകർ എഴുതുന്നുണ്ട്. അവർ പുതിയ സിദ്ധാന്തങ്ങളുടെ ദഹിക്കാത്ത ആവർത്തനങ്ങളാണ് നടത്തുന്നത്. യുജിസി സെമിനാറുകളുടെ വിരസമായ പ്രബന്ധങ്ങളാണ് നിരൂപണമായി ഇപ്പോൾ അറിയപ്പെടുന്നത്. അവർ ഒരു പ്രബന്ധഭാഷ തന്നെ രൂപീകരിച്ചിട്ടുണ്ടത്രേ!

∙ മലയാളത്തിന് വലിയ പുരസ്‌കാരങ്ങൾ കിട്ടുന്നു. എഴുത്തുകാർ ആഘോഷിക്കപ്പെടുന്നു. വലിയ മാറ്റങ്ങൾ ഉണ്ടാവുന്നല്ലോ?‌

നോവൽ, കഥ, യാത്രാവിവരണം, പരിഭാഷ ഈ മേഖലകളിൽ സവിശേഷരചനകൾ ഉണ്ടാവുന്നുണ്ട്. സുഭാഷ് ചന്ദ്രന്റെ രണ്ടു നോവലുകളും രൂപത്തിലും ഉള്ളടക്കത്തിലും വലിയ വിസ്മയങ്ങളാണ് സൃഷ്ടിച്ചത്. ടി.ഡി. രാമകൃഷ്ണൻ, വി.ജെ. ജയിംസ്, ഇ. സന്തോഷ്‌ കുമാർ, കരുണാകരൻ അമൽ, എസ്.ആർ. ലാൽ, വി. ഷിനിലാൽ, മനോജ്‌ കുറൂർ എന്നിവരുടെ നോവലുകൾ വായനയിലെ വലിയ അനുഭവങ്ങളാണ്. സന്തോഷ്‌ ഏച്ചിക്കാനം, മധുപാൽ. ഉണ്ണി ആർ, കെ.രേഖ, ബി.മുരളി, ജി.ആർ. ഇന്ദുഗോപൻ, ഫ്രാൻസിസ് നൊറോണ, സി. അനൂപ്, പി.വി. ഷാജികുമാർ, എസ്. ഹരീഷ്, വിനോയ് തോമസ്, സിതാര, യമ, വി.കെ. ദീപ, അനന്തപത്മനാഭൻ തുടങ്ങി നിരവധി കഥാകൃത്തുക്കൾ വിഭിന്ന കഥാശില്പങ്ങൾ സൃഷ്ടിക്കുന്നു. ചരിത്രവും രാഷ്ട്രീയവുമൊക്കെ അവരുടെ കഥയുടെ ഉള്ളടക്കത്തെ സവിശേഷമാക്കുന്നു. വരാനിരിക്കുന്ന കാലത്ത് വലിയ ജീവിത ശില്പങ്ങൾ സൃഷ്ടിക്കാൻ ഇവർക്കു കഴിയും.

pradeep-panangad-ezhuthuvarthamanagal-narendraprasad
നരേന്ദ്രപ്രസാദിനോടൊപ്പം പ്രദീപ് പനങ്ങാട്

∙ പുതിയ എഴുത്തു പരിപാടികൾ എന്തെല്ലാമാണ്?

പി.എ. ബക്കർ, നരേന്ദ്രപ്രസാദ് എന്നിവരുടെ ജീവചരിത്രം തയാറാക്കുന്നു. പന്തളത്തിന്റെ സാമൂഹിക– രാഷ്ട്രീയ ചരിത്രം എഴുതണമെന്ന് ഉദ്ദേശിക്കുന്നു. അയ്യപ്പപ്പണിക്കർ, വി.പി. ശിവകുമാർ എന്നിവരെ കുറിച്ചുള്ള പുസ്തകങ്ങൾ എഡിറ്റ് ചെയ്യുന്നു. സക്കറിയയെ കുറിച്ച് ഒരു പുസ്തകവും ഉണ്ടാവും

English Summary: Ezhuthuvarthamanangal Column by T.B. Lal - Talk with Pradeep Panangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com