ADVERTISEMENT

ബുദ്ധഗുരുവിന്റെ വീട്ടിൽ കള്ളൻ കയറി. ഗുരു ഞെട്ടിയെഴുന്നേറ്റു ചോദിച്ചു – ആരാ? അയാൾ പറഞ്ഞു: ഞാൻ കള്ളനാണ്. ഗുരു ചോദിച്ചു: എന്തിനാണ് ഇവിടെ കയറിയത്? ‘പണത്തിന് അത്യാവശ്യമുണ്ടായിരുന്നു. എന്തെങ്കിലും കിട്ടുമോ എന്നറിയാൻ വന്നതാ’. ഗുരു പൊട്ടിച്ചിരിച്ചു. ‘എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്?’. ഗുരു പറഞ്ഞു:  പകൽവെളിച്ചത്തിൽ ഈ മുറി മുഴുവൻ അരിച്ചുപെറുക്കിയിട്ടും എനിക്കൊരു നാണയം പോലും കിട്ടിയില്ല. എന്നിട്ടാണ് നീ ഇരുട്ടത്തു തപ്പുന്നത്. വല്ലതും കിട്ടുകയാണെങ്കിൽ പറയണേ!  

ഒന്നുമില്ലാത്തവന് എന്തു നഷ്ടപ്പെടാൻ? ഒന്നും നഷ്ടപ്പെടാനില്ലാതെ ജീവിക്കുക എന്നതിനെക്കാൾ വലിയ സ്വാതന്ത്ര്യം എന്താണുള്ളത്? എന്തു കിട്ടും, എന്തു നഷ്ടപ്പെടും തുടങ്ങിയ ചിന്തകളാൽ ബന്ധിതമാണ് പലരുടെയും പ്രവർത്തനങ്ങൾ.  

അടുത്തു വരുന്നവർക്ക് എന്തെങ്കിലും നൽകുന്നതാണോ ഒന്നും നൽകാനില്ലാത്തതാണോ യഥാർഥ നഷ്ടം?  എന്തെങ്കിലും നൽകിയാൽ ആ നൽകുന്നതു മാത്രമല്ലേ നഷ്ടമാകൂ; അതും നഷ്ടമെന്നു വിളിക്കാനാകില്ലല്ലോ. കൊടുക്കുന്നതെല്ലാം മറ്റൊരാളുടെ ജീവിതത്തിനു പ്രതീക്ഷയാകുന്നുണ്ട്. 

എന്തു ചോദിച്ചാലും ഒന്നും കൊടുക്കാനില്ലാത്തതല്ലേ യഥാർഥ നഷ്ടം? കൊള്ളയടിക്കാൻ വരുന്നവനു കൊള്ളവസ്തു നൽകണമെന്നല്ല; അയാളിൽ ഒരു തിരിച്ചറിവ് അവശേഷിപ്പിക്കാൻ കഴിഞ്ഞാൽ മതി. 

എല്ലാം നൽകാൻ തയാറായി നിൽക്കുന്നവരിൽനിന്ന് ആര് എന്തു തട്ടിപ്പറിക്കാൻ; സ്വീകരിക്കാൻ തയാറുള്ളവരിൽ ആര് എന്ത് അടിച്ചേൽപിക്കാൻ? കൊടുക്കുന്നതും വാങ്ങുന്നതും മനംനിറഞ്ഞുള്ള സ്വാഭാവിക പ്രക്രിയയാണെങ്കിൽ പിന്നെ മോഷ്ടാവും ഇല്ല, ഇരയും ഇല്ല. 

English Summary : Subdhadinam : Why is it important to have freedom?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com