ADVERTISEMENT

പുറമല്ല അകം. രണ്ടും തമ്മിൽ സാദൃശ്യമോ ബന്ധമോ ഉണ്ടാകണമെന്നില്ല. വർണപ്പകിട്ടുകൊണ്ടും വാസനകൊണ്ടും മോടിപിടിപ്പിച്ചതാണ് പലതിന്റെയും പുറംഭാഗം. അവയെ ആരാധിക്കുന്നവരും അനുകരിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടാകും. അതാണു ശരിയെന്നു കരുതി സ്വന്തം ശീലങ്ങളെയും സ്വഭാവികതയെയും തിരുത്തിയെഴുതുന്നവരുമുണ്ട്. ആരാണു പുറം നന്നാക്കുന്നതു പോലെ അകം നന്നാക്കുന്നത്? വീടിന്റെ പുറംഭാഗത്തെ പെയിന്റിങ് ആകർഷകമാകണം; അകത്ത് ഇത്തിരി ഭംഗി കുറഞ്ഞാലും കുഴപ്പമില്ല. പൂന്തോട്ടത്തിന്റെ എല്ലാവരും ശ്രദ്ധിക്കുന്ന ഭാഗത്തു വർണവൈവിധ്യമുണ്ടാകണം; ഉൾഭാഗത്ത് അൽപം കള വളർന്നാലും പ്രശ്നമില്ല. വാഹനത്തിന്റെ പുറത്തുള്ള ചെറിയ പോറൽപോലും മിനുക്കിയെടുക്കണം. അകത്തു പൊടികിടന്നാലും ആരും കാണില്ലല്ലോ! ഇങ്ങനെയൊക്കെയാണു ചിന്തിക്കാറ്. 

 

അകത്താണ് എല്ലാവരും ജീവിക്കുന്നതെന്നും അതുകൊണ്ട് അകമാണു വൃത്തിയാക്കേണ്ടതെന്നും തിരിച്ചറിയുമ്പോഴേക്കും പുനർനിർമിക്കാനാകാത്തവിധം പലരുടെയും അകം അശുദ്ധമായിട്ടുണ്ടാകും. പുറം വൃത്തിയാക്കിയാൽ മോടി കൂടും; അകം വൃത്തിയാക്കിയാൽ ആരോഗ്യവും. പുറത്തറിയരുതാത്ത കാര്യങ്ങൾ ഒളിപ്പിച്ചുവച്ച് വീർപ്പുമുട്ടുന്നതിനെക്കാൾ ശുഭകരം, പുറത്തുള്ളവർക്കു കൂടി കണ്ട് ഇഷ്ടപ്പെട്ട് പിന്തുടരാൻ പറ്റുന്നവിധം അകം ചൈതന്യമുള്ളതാകുന്നതല്ലേ? 

ബാഹ്യാക്രമണത്തെക്കാൾ ഭയക്കേണ്ടത് ആന്തരിക അശുദ്ധിയെത്തന്നെയാണ്. അകത്ത് ഏൽപിക്കപ്പെടുന്ന മുറിവുകളിലൂടെയാണ് എല്ലാ നാശവും സംഭവിക്കുന്നത്. അകം തിരുത്താതെ പുറം തേച്ചുമിനുക്കിയിട്ട് ഒരു കാര്യവുമില്ല. അകത്തുള്ളതെല്ലാം അനുകൂല സാഹചര്യങ്ങളിൽ പുറത്തെത്തും. 

മറ്റുള്ളവർക്കു വേണ്ടി പുറം ക്രമീകരിക്കുന്നതും അവനവനു വേണ്ടി അകം ക്രമീകരിക്കാത്തതും ഒരുപോലെ തെറ്റ്. പൈപ്പിലെ വെള്ളം മോശമായതിന് പൈപ്പിനു പെയിന്റടിക്കുകയാണോ ടാങ്ക് വൃത്തിയാക്കുകയാണോ വേണ്ടത്?  

English Summary : Subhadinam : What is the difference between transformation and reformation?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com