ADVERTISEMENT

കാര്യങ്ങൾ ശരിയായി ചെയ്യുന്നതിനെക്കാൾ പ്രധാനം ശരിയായ കാര്യങ്ങൾ ചെയ്യുന്നതാണ്. നന്നായി പഠിച്ചു എന്നതല്ല, പഠിച്ച കാര്യങ്ങൾ നല്ലതിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പഠനത്തെ മികവുറ്റതാക്കുന്നത്. പഠിക്കാത്തവരുടെ അറിവില്ലായ്മയല്ല പഠിച്ചവരുടെ നെറിവില്ലായ്മയാണ് എല്ലാ നശീകരണ പ്രവർത്തനങ്ങൾക്കും കാരണം. പഠിച്ചില്ലെങ്കിൽ പാണ്ഡിത്യമുണ്ടാകില്ല എന്നു മാത്രമേയുള്ളൂ; പക്ഷേ, ശരിയായതു പഠിച്ചില്ലെങ്കിൽ അപായമുണ്ടാകും. 

ഒരാൾ എവിടെനിന്നു പഠിച്ചിറങ്ങി, എന്നു പഠനം പൂർത്തിയാക്കി എന്നിവയെക്കാൾ പരിഗണിക്കേണ്ടത് പഠിച്ച കാര്യങ്ങൾ കൊണ്ട് അയാൾ എന്തു ചെയ്യുന്നു എന്നതാണ്. പഠിക്കുന്ന കാര്യങ്ങൾക്കെല്ലാം ഉപയോഗങ്ങളും ദുരുപയോഗങ്ങളും ഉണ്ട്. ഒരു സാധനമോ സിദ്ധാന്തമോ എങ്ങനെ ഉപയോഗിക്കണമെന്നു മാത്രമല്ല, എന്തിനു വേണ്ടി ഉപയോഗിക്കണമെന്നു കൂടി പഠിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. 

നേടിയെടുക്കുന്ന ബിരുദങ്ങൾക്കും സമ്പാദിച്ച സാമർഥ്യത്തിനും പ്രയോജനക്ഷമതയുടെ കഥ പറയാനില്ലെങ്കിൽ ആ പഠനവും പാഠ്യക്രമവും ഹാനികരമാണ്. 

ഉള്ളടക്കത്തെക്കാൾ പ്രാധാന്യമുള്ളതാണ് ഉപയുക്തത. മാർക്കിനെക്കാൾ മുൻഗണന മൂല്യങ്ങൾക്കു തന്നെയാണ്. പാഠഭാഗം പഠിപ്പിച്ചു തീരുന്നതിനൊപ്പം, അവ പകരേണ്ട അന്തഃസത്ത കൂടി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് പഠിപ്പിക്കുന്നവർ ഉറപ്പുവരുത്തണം. പുസ്തകങ്ങൾക്കും പരീക്ഷകൾക്കുമപ്പുറത്തേക്ക് അധ്യയനം വളരുന്നില്ലെങ്കിൽ എല്ലാവരും തന്നിഷ്ടക്കാരും തൻകാര്യപ്രസക്തരുമാകും. നാടു നശിക്കുന്നത് അറിവില്ലാത്തവരുടെ വിവരക്കേടു കൊണ്ടല്ല, അറിവുള്ളവരുടെ വിവേകരാഹിത്യം മൂലമാണ്. ‌‌

English Summary : Subhadinam - Why is learning beyond the classroom important?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com