ADVERTISEMENT

ഒരു ഭൂഖണ്ഡത്തിന്റെ ദൂരത്തിനപ്പുറം താൻ ജീവിച്ചിരിപ്പുണ്ടെന്നു മകനെ അറിയിക്കാൻ ജീവിതം തന്നെ സാഹസമാക്കിയ എഴുത്തുകാരി. ഹൃദയച്ചൂടിൽനിന്നു പറിച്ചെടുത്ത സ്വന്തം ചോരയെ വീണ്ടെടുക്കാൻ നിഷിദ്ധമെന്നു വിലക്കു കൽപിച്ച തൂലിക കയ്യിലെടുത്തേ മതിയാകുമായിരുന്നുള്ളൂ ഹൊമൈറ ഖദേരി എന്ന അമ്മയ്ക്ക്. ജന്മനാടിന്റെ പേടിപ്പെടുത്തുന്ന ഓർമകൾക്കിടയിലും മകൻ വായിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസത്തിലിരുന്ന് ഖദേരി എഴുതി; ‘ഡാൻസിങ് ഇൻ ദ് മോസ്ക്; ആൻ അഫ്ഗാൻ മദേഴ്സ് ലെറ്റേഴ്സ് ടു ഹെർ സൺ’. ജനിച്ച മണ്ണിൽ സാക്ഷിയായ ക്രൂരതകൾ, പോരാട്ടങ്ങൾ, തമ്മിലകറ്റിയ വിധി... അച്ഛൻ പറഞ്ഞു പഠിപ്പിച്ചതു പോലെ അമ്മ മരിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലും. 

 

താലിബാൻ അധിനിവേശ അഫ്ഗാനിസ്ഥാനിലായിരുന്നു ഖദേരിയുടെ ചെറുപ്പകാലം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ബാല്യങ്ങളുടെയും സ്വപ്നം കാണാൻ അവകാശമില്ലാത്ത കൗമാരങ്ങളുടെയും എഴുതിത്തള്ളപ്പെട്ട യൗവനങ്ങളുടെയും നാട്. നിറതോക്കുകളുമായി നിരത്തുകളിൽ കാവലുള്ള ഭീകരർ, എങ്ങു നിന്നെന്നില്ലാതെ ചീറിപ്പായുന്ന വെടിയുണ്ടകൾ, നിമിഷംപ്രതി മുറിവേറ്റു വീഴുന്ന മനുഷ്യർ, എല്ലാം പതിവു കാഴ്ച. വായനയ്ക്കും എഴുത്തിനും സ്കൂൾ പഠനത്തിനും വിലക്ക്. നിയന്ത്രണം ഭയന്നു തന്റെ പുസ്തകക്കൂട്ടത്തെ വീടിനു പിന്നിലെ മൾബറിമരച്ചോട്ടിൽ കുഴിച്ചിടേണ്ടി വന്നിട്ടുണ്ട് ഖദേരിയ്ക്ക്. 

 

എഴുതാൻ ഏറെ ഇഷ്ടമുള്ള മകൾ വായിച്ചു തന്നെ വളരണമെന്ന മോഹത്തിൽ മണ്ണുമണമുള്ള പുസ്തകങ്ങൾ ആരുമറിയാതെ തിരികെയെടുത്ത് ഉണക്കി സൂക്ഷിക്കുമായിരുന്നു അച്ഛൻ. വീടിനുള്ളിലും മതപഠനത്തിനു താലിബാൻ ഒരുക്കിയ കൂടാരപ്പള്ളിയിലിരുന്നും ജീവൻ പോലും അപായപ്പെടുത്തി കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുത്തു ഖദേരിയും. നിഷിദ്ധമായിരുന്ന നൃത്തപഠനത്തിനും വഴി കണ്ടെത്തി. പരോക്ഷമായ പ്രതികാരം കണക്കെ ഖദേരിയും കല പഠിച്ചെടുത്തു.

 

പെൺകുട്ടികളായാൽ കണ്ണുകളിൽ ഭീതി വേണമെന്ന നാട്ടുചൊല്ലിന്റെ പൊരുളറിയാൻ കണ്ണാടിക്കു മുൻപിൽ നിൽക്കുക പതിവായിരുന്നു ആ കൗമാരക്കാരി. വിവേചനങ്ങളോടു പടപൊരുതുമ്പോഴും ശരീരം പലപ്പോഴും ശത്രുവായി. രണ്ടുതവണ മതാധികാരികളാൽ ലൈംഗിക പീഡനം. പ്രതിഷേധിച്ചെങ്കിലും പതിനേഴാം വയസ്സിൽ വിവാഹമല്ലാതെ മറ്റൊരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവുമുണ്ടായില്ല. പഠനത്തിനു സൗകര്യമൊരുക്കാമെന്ന വാക്കുറപ്പിൽ നിയമവിദ്യാർഥിയായ ഭർത്താവിനൊപ്പം ടെഹ്റാനിലേക്കു പോകുമ്പോൾ സ്വപ്നങ്ങൾ പതുക്കെ ചിറകുവിരിച്ചു തുടങ്ങിയിരുന്നു.

 

പ്രതീക്ഷ തെറ്റിയില്ല. തന്റേടികളായ സ്ത്രീകളെ ആദരിക്കുന്ന പുതിയ അന്തരീക്ഷം. തമ്മിൽ പ്രായവ്യത്യാസം ഏറെയുണ്ടെങ്കിലും സമാധാനപരമായ വിവാഹ ജീവിതവും. പഠിച്ചു, ജോലി നേടി, അധ്യാപികയും എഴുത്തുകാരിയുമായി. ഖദേരി സന്തുഷ്ടയായിരുന്നു. ആത്മവിശ്വാസത്തോടെ അഫ്ഗാനിലേക്കു മടക്കം. നാട്ടിലെത്തി അധികം കഴിയും മുൻപ് ഭർത്താവിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. തനിക്കു മറ്റൊരു വിവാഹം കഴിക്കണം.! കൃത്യമായ കാരണമുണ്ടായിരുന്നു പക്കൽ. തന്നെക്കാൾ നല്ല വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ള ഭാര്യയോടൊപ്പം ജീവിക്കാൻ സംസ്കാരം അനുവദിക്കുന്നില്ല, പൗരുഷത്തിനും വിരുദ്ധം. വിവാഹബന്ധം വേർപെടുത്തുന്നതിനൊപ്പം ജനിച്ചു പത്തൊൻപതു മാസം മാത്രമായ കുഞ്ഞു മകനെയും വിട്ടുകൊടുക്കേണ്ടി വന്നു ഖദേരിക്ക്. അമ്മ മരിച്ചുപോയെന്ന അച്ഛന്റെ വാക്കുകൾക്കു മുന്നിൽ നിശബ്ദമാക്കപ്പെട്ട ഹൃദയ വേദന.

 

സാഹിത്യ അധ്യാപികയും സാമൂഹികപ്രവർത്തകയും രാഷ്ട്രീയ ഉപദേഷ്ടാവുമായ ഖദേരി ഇന്ന് അമേരിക്കയിലെ കലിഫോർണിയയിലാണുള്ളത്. ജീവിതമെഴുതിയ പുസ്തകത്തിലെ ഓരോ അധ്യായത്തിനുമൊടുവിൽ മകനുള്ള അമ്മയുടെ കുറിപ്പുകളുണ്ട് ; ലിംഗ വിവേചനങ്ങളൊഴിയുന്ന ജന്മനാട്ടിൽ വൈകാതെ ഒന്നിച്ചു കാണാമെന്ന പ്രതീക്ഷയും.

 

പ്രിയ സിയാവഷ്, 

ഈ വർഷങ്ങളിലത്രയും അമ്മ ജീവിച്ചിരുന്നു എന്നറിയുമ്പോൾ നിനക്കു സഹിക്കാൻ കഴിയില്ലെന്നറിയാം. കുഞ്ഞേ, രചിച്ചുകൊണ്ടിരിക്കുന്ന പുതിയ ചരിത്രത്തിൽ നീ വിശ്വസിക്കുക. കറുത്തിരുണ്ട മഴമേഘങ്ങൾ മാറി, നിറഞ്ഞു തെളിഞ്ഞ ചക്രവാളങ്ങളെ നീലാകാശം നമുക്കു കാട്ടിത്തരും. സൃഷ്ടികളെല്ലാം തുല്യരാകുന്ന ദിവസം വന്നുചേരും. 

 

English Summary : Dancing in the Mosque: An Afghan Mother's Letter to Her Son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com