പന്തലായിനിയുടെ അഘോരശിവന്‍

HIGHLIGHTS
  • പന്തലായിനിക്കു കഥകളിലൂടെ സ്മാരം നിര്‍മിച്ച യു.എ.ഖാദറും ശാന്തമൂര്‍ത്തി തന്നെ
  • പന്തലായിനിക്കപ്പുറത്തേക്കു നാടുകടത്തിയാല്‍ അവര്‍ ഇല്ലാതാകും.
U.A Khader With M.T Vasudevan Nair, Shathrukhnan
എം.ടി. വാസുദേവൻ നായർ, യു.എ. ഖാദർ, ശത്രുഘ്നൻ എന്നിവർ. ചിത്രം: അബു ഹാഷിം
SHARE

ശാന്തമൂര്‍ത്തിയാണ് അഘോരശിവന്‍; പന്തലായിനിയുടെ കാവല്‍ദൈവം. പന്തലായിനി കോവില്‍ക്കണ്ടി ദേശത്തിന്റെ അധിപന്‍. പന്തലായിനിക്കു കഥകളിലൂടെ സ്മാരം നിര്‍മിച്ച യു.എ.ഖാദറും ശാന്തമൂര്‍ത്തി തന്നെ. പക്ഷേ, അക്ഷരങ്ങളാകുന്ന ആയുധമെടുത്ത് എഴുതാന്‍ തുടങ്ങുമ്പോള്‍ അലൗകികമായ ഒരു ശക്തിക്കു വിധേയനാകുന്നു ഖാദര്‍. വാക്കുകളിലൂടെയും വരകളിലൂടെയും അദ്ദേഹം ഉറയുകയാണ്; ഉറഞ്ഞുതുള്ളുകയാണ്. പന്തലായിയുടെ തത്സ്വരൂപത്തിന്റെ ആവേശത്തില്‍ മറ്റൊരാളായി മാറുന്നു. ചുറ്റും ബന്ധുമിത്രാദികളില്ല. കര്‍മബന്ധങ്ങളും ഇല്ല. കാലുകളില്‍ ചിലങ്ക. അരയില്‍ ഓട്ടുമണിയരഞ്ഞാണം. കൈയില്‍ ത്രിശൂലം. ഉറക്കെ അലറുന്നു: ഹിയ്യേ...ഹിയ്യേ....ഹീയ്യേ...

മണ്‍നിറഞ്ഞ തുറവായയില്‍ കാണായ ദിവ്യദൃശ്യങ്ങള്‍ അലൗകികമായ ഒരു തട്ടകത്തില്‍ അദ്ദേഹത്തെ തളച്ചുനിര്‍ത്തിയിരിക്കുന്നു. പന്തലായിനിയില്‍നിന്ന് അദ്ദേഹത്തിന്റെ പ്രജ്ഞകള്‍ക്ക് ഒരിക്കലും മോചനമില്ല. മോചനം  ആഗ്രഹിക്കുന്നുമില്ല. ഒരിക്കലും ഒരു കാരണവശാലും ആരാലും പുറത്തെറിയപ്പെട്ടുപോകരുതേ എന്നാണ്  പ്രാര്‍ഥന. സ്വത്വം ചോര്‍ന്നുപോകരുതേയെന്നും പ്രാര്‍ഥന. അഘോരശിവം.. ശാന്തം.... 

പന്തലായിനി തീവണ്ടി ഓഫിസില്‍നിന്നുമാണ് ഖാദറിന്റെ, സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അഘോരശിവം തുടങ്ങുന്നത്; അവസാനിക്കുന്നതും. ചാമി അയ്യരുടെ ചായക്കട. ഉപ്പൂത്തിയുടെ വട്ടയിലയില്‍ ദോശയും മീതെ കട്ടിച്ചട്ടിണിയും വിളമ്പി നീട്ടുന്ന ചാമി അയ്യര്‍. ഇടയ്ക്കിടെ ദുരെ എവിടേയ്ക്കോ പേടിയോടെ നോക്കുന്നുമുണ്ട് ചാമി അയ്യര്‍. അദ്ദേഹത്തിന്റെ പേടിയുടെ കാരണം അഘോരശിവത്തിന്റെ അവസാനം മാത്രമേ വെളിപ്പെടുന്നുള്ളൂ. അതാകട്ടെ, ആസക്തിയുടെയും പ്രലോഭനത്തിന്റെയും ഒളിസേവയുടെയും പാപത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ്. കൃഷ്ണക്കുറുപ്പിന്റെ കഥയിലുമുണ്ട് വികാരങ്ങളുടെ ഉറഞ്ഞാട്ടം. വേറെയും എത്രയോ പന്തലായിനിക്കാര്‍. ദാമോദരന്‍ സെറാപ്പ്. ദിവാകരന്‍. നാരായണിയമ്മ. ജാനകി. മണ്ണുണ്ണി. കിരാതമൂര്‍ത്തി. ശിവാനന്ദയോഗി. കളരിക്കാവിലെ കണ്ണക്കുട്ടി.

നാടന്‍ശീലുകളും പഴമൊഴികളും ഇഴചേര്‍ത്ത വടക്കന്‍മലയാളത്തിന്റെ ഈണം കേള്‍പ്പിക്കുന്ന വാമൊഴിയിലൂടെ ഉയരുന്ന വായ്ത്താരിയാണ് അഘോരശിവം; ഖാദറിന്റെ മറ്റെല്ലാ സൃഷ്ടികളുമെന്നപോലെ. വന്യവും ഹീനവുമായ സ്പര്‍ദ്ധകളാലും മൃഗീയവാസനകളാലും നയിക്കപ്പെടുന്നവര്‍. മണ്ണിന്റെ മക്കള്‍. പന്തലായിനിക്കപ്പുറത്തേക്കു നാടുകടത്തിയാല്‍ അവര്‍ ഇല്ലാതാകും. കാരണം അവര്‍ കഥാപാത്രങ്ങളല്ല; കഥകള്‍ തന്നെയാണ്. മണ്ണില്‍നിന്നു മുളച്ചുപൊന്തി അതില്‍ത്തന്നെയടിയുന്ന കഥകള്‍. വിസ്മരിക്കപ്പെടാതിരിക്കാന്‍ സ്വന്തം നാടിന്റെ കഥ രേഖപ്പെടുത്തുകയാണു ഖാദര്‍. പന്തലായിനിയുടെ ഉണര്‍ച്ചയും ഉയിരും ഉത്സവവും കൊടിയിറക്കവവുമാണ് അഘോരശിവം. 

പന്തലായിനിയുടെ സുകൃതങ്ങള്‍ വിരചിക്കുന്ന തെളിമയുറ്റ നിരവധി ചിത്രങ്ങള്‍ കാണുന്നു. വാ നിറയെ തിളങ്ങുന്ന മണല്‍ത്തരികളില്‍ പ്രതിബിംബിക്കുന്ന വിശുദ്ധദൃശ്യങ്ങള്‍...വിസ്മയദൃശ്യങ്ങള്‍....

കാലം അതിന്റെ നിയതമായ വഴിച്ചാലുകളിലൂടെ അനന്തമായി സഞ്ചരിക്കുന്നു. ഒരിടത്തും തളംകെട്ടി നില്‍ക്കാത്ത അനുസ്യൂതപ്രവാഹം. പലതും ഇല്ലാതാവുകയും പുതിയവ കിളുത്തു പൊങ്ങുകയും ചെയ്യുന്നു.  

പന്തലായിനി എന്ന പേരുപോലും കാലാന്തരത്തില്‍ നഷ്ടപ്പെട്ട് അഘോരശിവന്റെ വിളക്കിന്റെ പ്രഭയില്‍ തിളങ്ങിയ ഗ്രാമം നഗരവത്കരിക്കപ്പെടുന്നതിനും എഴുത്തുകാരന്‍ സാക്ഷിയാണ്. പേരക്കുട്ടിക്കൊപ്പം നാടു കാണാനിറങ്ങുന്ന കഥാകാരന്‍ തന്റെ കഥകളുടെ ജന്‍മഭൂമി മറ്റൊരു ദേശമായി മാറുന്ന ദുരന്തം ആഴത്തില്‍ അറിയുന്നു. കണ്ണീരിന്റെ വേദനിക്കുന്ന അക്ഷരങ്ങളില്‍ പകര്‍ത്തുന്നു. മദ്രാസ് കോളജ് ഓഫ് ആര്‍ട്സില്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കിയ ഖാദറിന്റെ വാക്കുകള്‍ വര്‍ണങ്ങളാലും വരകളാലും പൂര്‍ത്തിയാകുന്ന ചിത്രങ്ങളായി സ്ഥിരപ്രതിഷ്ഠ നേടുന്നു.

കഥകളിലും നോവലുകളിലും ദൃശ്യസാധ്യതയെ ഖാദറിനോളം ഉപയോഗപ്പെടുത്തിയ എഴുത്തുകാര്‍ അപൂര്‍വമാണ് മലയാളത്തില്‍. കാഴ്ചകളുടെ ഉത്സവമാണ് അദ്ദേഹത്തിന്റെ വിവരണങ്ങള്‍. വായിച്ചുപോകെ മനസ്സില്‍ വര്‍ണശബളമായ വര്‍ണങ്ങള്‍ വിരിയിക്കുന്ന മാന്ത്രികവിദ്യയാണ് അദ്ദേഹത്തിന് എഴുത്ത്. പന്തലായിനിയുടെ പുതിയ തലമുറയ്ക്കുപോലും മായ്ക്കാനാവാത്ത മായികവര്‍ണങ്ങളുടെ പത്തരമാറ്റ്. തൃക്കോട്ടൂര്‍പെരുമ പോലെ അഘോരശിവവും ഖാദറിന്റെ മാസ്റ്റര്‍പീസാണ്; കാലത്തിന്റെ കല്ലില്‍ കൊത്തിയ, രൂക്ഷവര്‍ണങ്ങളാല്‍ വരഞ്ഞിട്ട പന്തലായിനിയുടെ ചിത്രസത്യം. 

മണ്ണില്‍നിന്നു മറഞ്ഞാലും മനസ്സില്‍നിന്നു മറയാത്ത ഖാദര്‍ ഇനിയും പന്തലായിനി വിട്ട് എങ്ങോട്ടെങ്കിലും പോകുമെന്നു വിശ്വസിക്കാനാവില്ല. ‘എന്റെ ശരീരഭാരം താങ്ങാനുള്ള കരുത്ത് ഇയ്യിടെയായി എനിക്കു നഷ്ടപ്പെടുകയാണല്ലോ. എന്റെ പാരവശ്യം മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ പറഞ്ഞു: മതി, നമുക്കിന്നു വീട്ടിലേക്കു തിരിച്ചുപോകാം. ഗ്രാമം കാണലും ക്ഷേത്രസന്നിധിയില്‍ പോകലും ഇനിയൊരിക്കലാവാം. അടുത്തൊരുനാള്‍’. 

പോരാ, ഇന്നു സന്ധ്യാവിളിക്കിനു തിരിനാളങ്ങള്‍ തെളിയുമ്പോള്‍ നമുക്കവിടെയുണ്ടാകണം...’

പന്തലായിനിയിലെ അഘോരശിവസന്നിധി; ഖാദറിന്റെ യാത്രകളുടെ തുടക്കവും ഒടുക്കവും അവിടെത്തന്നെ. 

English Summary : Panthalayiniyile Akhora Shivan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;