ടിക്കറ്റിലും ടിഷ്യു പേപ്പറിലും നോവലെഴുത്ത്; ഇതു ജപ്പാനിലെ പിരപ്പൻകോടുകാരൻ

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • ജപ്പാനിൽ ജീവിക്കുന്ന അമൽ മലയാളിക്കു മുന്നിൽ മറ്റൊരു എഴുത്തുമുഖം കൂടി തുറക്കുന്നു
manoramaonline-literature-puthuvakku-talk-with-writer-amal-pirappancode
അമൽ പിരപ്പൻകോട്
SHARE

അടുപ്പക്കാരെയെല്ലാം ‘ദാദ’ എന്നു വിളിക്കുന്ന എഴുത്തുകാരനാണയാൾ. ദാദ എന്നാൽ ബംഗാളിയിൽ ചേട്ടായി എന്നർഥം. മലയാളത്തിൽ ഇറങ്ങുന്ന മാസികകളിലെ കഥകളെല്ലാം വായിക്കുകയും അവയുടെ തലക്കെട്ടുകൾ വെട്ടിയെടുത്ത് കൊളാഷാക്കി എല്ലാ മാസവും കൃത്യമായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുമയാൾ. എല്ലാ കഥകളെക്കുറിച്ചും നല്ല വാക്കുകൾ കുറിക്കും. തന്റെ നോവലുകളിലെയും കഥകളിലെയും അസാധാരണ സ്നേഹവും കരുതലുമുള്ള കഥാപാത്രങ്ങളെപ്പോലെതന്നെ സഹഎഴുത്തുകാരെ ഹൃദയത്തോടു ചേർന്നു നിർത്തും. എഴുത്തുകാരൻ അമൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളത്തിന്റെ മനം കവർന്നത് എഴുത്തിനപ്പുറം ഇത്തരം ചില സ്വഭാവ സവിശേഷതകളാൽ കൂടിയാണ്. ജപ്പാനിൽ വർഷങ്ങളായി ജീവിക്കുന്ന അമൽ അവിടുത്തെ ജീവിതം സൂക്ഷ്മമായി പിന്തുടരുന്ന കഥകളിലൂടെ മലയാളിക്കു മുന്നിൽ മറ്റൊരു എഴുത്തുമുഖം കൂടി തുറക്കുന്നു. അമലുമായി ഒരു എരിപൊരി കഥാസഞ്ചാരം.  

∙ എഴുത്തിലേക്കു വരുന്നത് എങ്ങനെയാണ്? വീട്ടിൽ എഴുത്ത് പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷമായിരുന്നോ? വരച്ചു തുടങ്ങുന്നത് എപ്പോഴാണ്?

പല പല അനുഭവങ്ങളിലൂടെ നിരന്തരം കടത്തിവിട്ട ജീവിത പശ്ചാത്തലവും തിരുവനന്തപുരത്തെ മനോഹരമായ പിരപ്പൻകോട് ഗ്രാമത്തിലെ കാഴ്ചകളുമാണ് എഴുത്തിന് ആകെ ഉണ്ടായിരുന്ന മൂലധനം. നാടകം, ഉത്സവം, വയൽ, പലതരം ആളുകൾ. അക്ഷരം പഠിക്കാൻ അമ്മ എവിടുന്നോ കൊണ്ടുവന്നു തന്ന ബാലരമയായിരുന്നു അന്ന് ഏറെ വിസ്മയിപ്പിച്ചത്. അതിൽനിന്നു കഥകളും ചിത്രങ്ങളും പകർത്തുന്നതു ശീലമായി. സ്കൂളിൽ ആ കഥകൾ മാറ്റങ്ങളോടെ കൂട്ടുകാർക്കു പറഞ്ഞു കൊടുക്കുന്നതൊക്കെ നല്ല ഓർമയുണ്ട്. പിന്നെ വർഷങ്ങളോളം ബാലരമ പോലെയുള്ള പ്രസിദ്ധീകരണങ്ങൾ തേടി അലച്ചിലായിരുന്നു. പേരയത്തുമുകൾ, പ്ലാവിള ഒക്കെയുള്ള എല്ലാ വീട്ടിലും പോയി അവിടെ കാണുന്ന മനോരമ, മംഗളം വാരികകൾ എടുത്തു വായിച്ചിരുന്നതും ഓർമയുണ്ട്. സിനിമാമോഹിയായിരുന്ന ചേട്ടൻ ജിത്ത് കൊണ്ടുവരുന്ന സിനിമാവാരികകളിലെ സിനിമാക്കഥകൾ വായിക്കും. ടിവി ഉള്ള വീടുകളിൽ പോയി സിനിമകൾ അത്യാഗ്രഹപ്പെട്ടു കാണും. അല്ലാതൊരു പുസ്തകം വായിക്കാനുള്ള, ലഭിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. വീട്ടിൽ പത്രം വരുത്തിത്തുടങ്ങിയതു തന്നെ ഞാൻ ഹൈസ്കൂളിൽ ആയപ്പോഴാണ്. സക്കറിയ, ബഷീർ, എംടി, ടി. പത്മനാഭൻ, കാരൂർ, തകഴി, മാധവിക്കുട്ടി, ലളിതാംബിക അന്തർജനം, പൊൻകുന്നം വർക്കി, മാലി, കേശവദേവ് എന്നിവരെയൊക്കെ ഹൈസ്കൂളിലെ മലയാളം ഉപപാഠ പുസ്തകം വഴിയാണ് വായിക്കുന്നത്. വായനയെ അമ്പരപ്പിച്ച അവരൊക്കെ അക്കാലത്ത് വളരെ സ്വാധീനിച്ചു. പിന്നെ വായനശാലയിലൊക്കെ പോയി ദിവസവും പുസ്തകങ്ങൾ എടുത്തു തുടങ്ങി. വരയും എഴുത്തും എട്ടാം ക്ലാസ് മുതൽ ഗൗരവമായി തുടങ്ങി. 

∙ ബിരുദ, ബിരുദാനന്തര ഫൈൻ ആർട്സ് പഠനകാലം എങ്ങനെയായിരുന്നു? അത് എഴുത്തുജീവിതത്തെ എപ്രകാരം സ്വാധീനിച്ചു? വരയിൽനിന്ന് എഴുത്തിലേക്ക് തിരിയുന്നത് എപ്പോഴാണ്? എഴുത്ത് വരയെ വിഴുങ്ങുകയായിരുന്നോ അതോ വരയെ എഴുത്തിനു നൽകുകയായിരുന്നോ?

ചെറുതിലേ എനിക്കാകെ ഉണ്ടായിരുന്ന ഒരു ലോകം അവിടുന്നും ഇവിടുന്നും സംഘടിപ്പിക്കുന്ന പഴയ ബാലപ്രസിദ്ധീകരണങ്ങളുടേതായിരുന്നു. അതിൽ ഞാൻ കാണുന്ന ചിത്രകഥ, കഥ, ചിത്രം ഒക്കെ ആയി മാറി എന്റെ ലോകം. വരയും എഴുത്തും ഒരുമിച്ചു കൊണ്ടുപോകുന്നത് അവിടെനിന്നാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീടിനടുത്തു വാടകയ്ക്കു താമസിക്കാൻ എത്തിയ സാം രാജ് സാമ്പു അണ്ണൻ ആണ് ചിത്രകലയിലെ ആദ്യ ഗുരു. ഫൈൻ ആർട്സ് മോഹം അവിടെ നിന്നാണു കിട്ടിയത്. പ്ലസ് ടു സമയത്ത് പ്രശസ്ത ചിത്രകാരനായ ഡോ. അജിത് എകെജി പിരപ്പൻകോട് വാടകയ്ക്ക് താമസിക്കാനെത്തി. പിന്നെ വർഷങ്ങളോളം അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെ ക്ലാസ്സുകളും സംസാരവുമെല്ലാം ഗൗരവമായി കല പഠിക്കണമെന്ന മോഹം ഉറപ്പിച്ചു. നാലു വർഷം മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളജിൽ ബിരുദവും പിന്നെ കൊൽക്കത്ത ശാന്തിനികേതനിൽ ബിരുദാനന്തര ബിരുദവും പഠിക്കാനായതാണു ജീവിതത്തിലെ സംഭവബഹുലമായ കാലം. ഇന്ത്യയിലെ പല സ്ഥലങ്ങളിലും യാത്ര പോകാനായതും ചിത്രകലയുടെ ചരിത്രവും തത്വശാസ്ത്രങ്ങളും പരമാവധി വായിച്ചറിയാനായതും ജീവിതം തന്നെ മാറ്റിമറിച്ചു. ബൈബിൾ ആഴത്തിൽ പഠിച്ചതും ആ സമയത്താണ്. അത് എഴുത്തിൽ വളരെ സ്വാധീനിച്ചിട്ടുണ്ട്. ധാരാളം ധാരാളം കഥകൾ എഴുതിക്കൂട്ടി. ഏതാണ്ടെല്ലാം അച്ചടിച്ചു വന്നു. ശാന്തിനികേതനിലെ പഠനം കഴിഞ്ഞയുടൻ ഒൻപത് കഥകൾ ഡിസി ബുക്സ് ‘നരകത്തിന്റെ ടാറ്റൂ’ എന്ന പുസ്തകമാക്കി. ബിരുദ കാലത്ത് എഴുതിയ ചില കഥകൾ പിന്നീടു ചിന്ത ‘മഞ്ഞക്കാർഡുകളുടെ സുവിശേഷം’ എന്ന പുസ്തകവുമാക്കി. പൂർണമായും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനമെടുത്തതിനു പിന്നിലൊരു കാരണമുണ്ട്. നമ്മൾ എല്ലാറ്റിലും കൂടി കൈവച്ച് ഒന്നിലും മികച്ചതു ചെയ്യാനാവാതെ വരരുതെന്നൊരു തീരുമാനമെടുത്തു. പൂർണശ്രദ്ധയും ജീവിതവും നൽകി വേണം ഇഷ്ട മേഖലയെ സമീപിക്കാൻ. എഴുത്തിനു തന്നെ വേണം വലിയ സമയ നിക്ഷേപം. അപ്പോൾ വര തീരെ കുറയ്ക്കാൻ തീരുമാനിച്ചു. വരയെക്കൂടി എഴുത്തിനു നൽകി.

manoramaonline-literature-puthuvakku-talk-with-writer-amal-pirappancode-book-cover

∙ കെഎസ്ആർടിസി ടിക്കറ്റിന്റെ പുറത്തും ടിഷ്യു പേപ്പറിലും വരെയാണ് ആശയങ്ങൾ എഴുതി സൂക്ഷിക്കാറുള്ളത്. മെട്രോ യാത്രയ്ക്കിടയിൽ നിന്നു കൊണ്ടു പോലും മൊബൈലിൽ എഴുതുന്നു. രസകരമായ, വ്യത്യസ്തമായ എഴുത്തുരീതികളാണ് അമലിന്റേത്. ഏതു സമയത്താണു കൂടുതലും എഴുതുന്നത്? ഒരാശയം ലഭിച്ചാൽ അത് എങ്ങനെയാണു കഥയായി വികസിപ്പിക്കുന്നത്?

പകൽ എഴുതാനാണ് ഇഷ്ടം. 2014-15 വരെ നോട്ടുബുക്കുകളിലായിരുന്നു എഴുത്ത്. പിന്നെ കടലാസിലേക്കു മാറി. കാരണം കംപ്യൂട്ടറോ ലാപ്ടോപ്പോ ഇല്ലായിരുന്നു. ബസ് - ട്രെയിൻ യാത്രകളിൽ ധാരാളം ആശയങ്ങൾ മനസ്സിലുണ്ടാകുന്നതു ടിക്കറ്റിൽ എഴുതിയിടുന്ന ശീലമുണ്ടായിരുന്നു. ‘കൽഹണൻ’ നോവലിന്റെയും പല കഥകളുടെയും ആശയങ്ങൾ ബസ് ടിക്കറ്റുകളിലാണ് എഴുതിയത്. ആ നോവൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ പഠിപ്പിക്കവേ സ്റ്റാഫ് റൂമിലും ലൈബ്രറിയിലും ഇരുന്നാണ് എഴുതിയത്. ദിവസവും ഒന്നോ രണ്ടോ വരി, ഒരു പാരഗ്രാഫ്, കൂടിപ്പോയാൽ ഒരു പേജ് ഇങ്ങനെയാണ് ഇതുവരെയും എഴുത്ത്. ഒറ്റ ഇരുപ്പിനൊന്നും പറ്റില്ല. മാസികകൾ വേഡ് ഫയൽ ചോദിച്ചു തുടങ്ങിയതും ലാപ് വാങ്ങണം എന്ന മോഹം വന്നതും എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്. ഇപ്പോൾ ആശയമൊക്കെ  ബുക്കിലെഴുതിയശേഷം പതിയെ  ടൈപ്പ് ചെയ്യുകയാണ്. വ്യസന സമുച്ചയം, ബംഗാളി കലാപം നോവലുകളൊക്കെ ചെറിയ ഡയറിയിലാണ് എഴുതിയത്. ലാപ് വാങ്ങിയ ശേഷം ഒരു കുറ്റാന്വേഷണ നോവൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബുക്കിലെയും കടലാസു തുണ്ടുകളിലെയും കുറിപ്പുകളുടെ സഹായത്തോടെ ഏകദേശം നേരിട്ട് ടൈപ്പ് ചെയ്ത അനുഭവവുമുണ്ട്. ജപ്പാനിൽ വന്ന ശേഷം സമയമില്ലായ്മ എഴുത്തിനെയും മനസ്സിനെയും ഭീകരമായി ബാധിച്ചു. വീണ്ടും എഴുത്തുരീതി മാറി. ഈനു, സക്കാന, കെനിയാ സാൻ, ഹന എന്നിങ്ങനെ ജപ്പാൻ ജീവിത പശ്ചാത്തലമുള്ള കഥകൾ എല്ലാം ജപ്പാനിലെ മെട്രോ തീവണ്ടിയിലിരുന്നാണ് എഴുതിയത്. റസ്റ്ററന്റിലെ കാറ്റലോഗ് കടലാസ് കീറി തോന്നുന്നതെല്ലാം ധൃതിയിൽ എഴുതിയത് ഒരു കവർ നിറഞ്ഞു. ഒന്നും ടൈപ്പ് ചെയ്യാനോ വികസിപ്പിക്കാനോ സമയം കിട്ടുന്നില്ല. ജോലി ചെയ്യുന്ന ആശുപത്രിയിലാണെങ്കിൽ ടിഷ്യു പേപ്പറിലോ ഐസ്ക്രീം പാക്കറ്റിന്റെ അടിയിലെ കട്ടിയുള്ള നീണ്ട വെള്ള കാർഡ് എടുത്തോ ഇപ്പോൾ ഓരോന്ന് എഴുതിവയ്ക്കുന്നു. മൊബൈൽ നിരോധിതമായ ഒരിടത്തു നമ്മൾ യാന്ത്രിക മനുഷ്യർക്കൊപ്പം ജോലി ചെയ്യവേ നോട്ട്ബുക്കും പിടിച്ച് ആശയങ്ങൾ എഴുതി നിൽക്കാനാവില്ല. അതാണ് ഈ രീതിക്കു വളമായത്. ദിവസവും ഒരു വരിയെങ്കിൽ ഒരു വരി എഴുതിയില്ലെങ്കിൽ ദേഷ്യവും നിരാശയും അസ്വസ്ഥതയുമൊക്കെ ഉണ്ടാവും. എഴുതിയതിനു ശേഷം മിനുക്കുപണികൾ ഒക്കെയായി മാസങ്ങൾ തന്നെ എടുത്താണു പൂർണരൂപത്തിലേക്കു മാറ്റുന്നത്. ഈ വർഷം രണ്ടു കഥകളാണ് എഴുതിയത്. അതിലൊന്നായ ‘ചേന’ ഇങ്ങനെ കഷ്ടപ്പെട്ടു കുറേ നാളെടുത്ത് എഴുതിയതാണ്. ‘ബാർബേറിയൻ’ റസ്റ്ററന്റിലേക്കുള്ള മെട്രോ യാത്രയിലും. ഞായർ മാത്രം വരയ്ക്കുന്ന ചിത്രകാരന്മാരെ കളിയാക്കി Sunday Painter എന്നു പറയാറുണ്ട്. തിങ്കൾ മാത്രമാണ് ഇപ്പോൾ അവധി. എഴുത്തും അന്നു തന്നെ. Monday Writer എന്നു സ്വയം കളിയാക്കി വിചാരിക്കാറുണ്ട്. 

manoramaonline-literature-puthuvakku-talk-with-writer-amal-pirappancode-book-cover-image

∙ ഒരു ആശയം തോന്നിയാൽ അതു കഥയായി വികസിപ്പിക്കുന്നത് എങ്ങനെയാണ്?

ഇപ്പോൾ എഴുതുന്ന കഥ വർഷങ്ങൾക്കു മുൻപു തോന്നിയ ആശയം ആയിരിക്കും. അങ്ങനെ ഒരുപാട് ആശയബുക്കുകൾ ഉണ്ട്. സമയമെടുത്താണ് എഴുത്ത് എന്നതിനാൽ പെട്ടെന്ന് ചെയ്തില്ലെങ്കിൽ പ്രസക്തി നഷ്ടമാകുന്ന പലതും ഉപേക്ഷിക്കേണ്ടിയും വരുന്നു. 2010ൽ എഴുതിയ ‘നരകത്തിന്റെ ടാറ്റൂ’ കഥയുടെ തുടർച്ച ചെയ്യാനായി ഏകദേശം ആശയങ്ങൾ എല്ലാം തയാറാക്കി വച്ചിട്ടും ഇതാ 2020 കഴിയാറായിട്ടും എഴുത്ത് തുടങ്ങിയിട്ടില്ല. ഇങ്ങനെയൊക്കെയാണ് എന്റെ രീതി. 

manoramaonline-literature-puthuvakku-talk-with-writer-amal-pirappancode-family

∙ ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ?

ബംഗാളി കലാപം, കൽഹണൻ, വ്യസന സമുച്ചയം, അന്വേഷിപ്പിൻ കണ്ടെത്തും (നോവൽ), പാതകം വാഴക്കൊലപാതകം, നരകത്തിന്റെ ടാറ്റൂ, പരസ്യക്കാരൻ തെരുവ്, മഞ്ഞക്കാർഡുകളുടെ സുവിശേഷം (കഥാ സമാഹാരം), കള്ളൻ പവിത്രൻ (ഗ്രാഫിക് നോവൽ), ദ്വയാർത്ഥം (ഗ്രാഫിക് കഥ), മുള്ള് (കാർട്ടൂൺ സമാഹാരം),‌ വിമാനം (ബാലസാഹിത്യം-ചിത്രകഥ).

∙ അമൽ ജപ്പാനിൽ എത്തുന്നത് എങ്ങനെയാണ്? 

കൊൽക്കത്ത ശാന്തിനികേതനിൽ കൂടെ പഠിച്ചവർ പല ദേശ രാഷ്ട്രങ്ങളിൽ നിന്നുള്ളവരായിരുന്നു. ശിൽപകല പഠിക്കാനെത്തിയ സഹപാഠി ജാപ്പനീസ് യുവതി കുമിക്കോ തനാകയെയാണ് വിവാഹം കഴിച്ചത്. അങ്ങനെയാണ് ഇവിടെ എത്തുന്നത്.

∙ ജപ്പാനിലെ ജീവിതം എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു? ഏറ്റവും ആധുനികമായ, അതേസമയം വളരെ യാന്ത്രികമായ ജീവിതരീതിയാണവിടെ എന്നു വായിച്ചിട്ടുണ്ട്. അമലിന് അത് എങ്ങനെ അനുഭവപ്പെടുന്നു?

ധാരാളം എഴുതാനാഗ്രഹമുള്ള എന്നെ മനസ്സിന്‌ ഇണങ്ങാത്ത ജോലികൾ ചെയ്യാൻ നിർബന്ധിച്ച് എഴുതാനനുവദിക്കാതെ ശ്വാസം മുട്ടിക്കുകയാണ് ഇവിടം. മറുവശത്ത് എഴുതിയാലും എഴുതിയാലും തീരാത്തത്ര അനുഭവങ്ങൾ ജോലിജീവിതം തരുന്നുമുണ്ട്. ഇവിടുത്തെ ഓരോ കാഴ്ചയും വസ്തുക്കളും രീതികളും ഭക്ഷണവും എല്ലാമെല്ലാം എനിക്ക് അദ്ഭുതവും കൗതുകവുമാണ്. ഇവിടുത്തെ ആളുകളെ വിചിത്രജീവികളായ മറ്റെന്തോ ആയാണ് എപ്പോഴും തോന്നാറുള്ളത്. മെക്കാനിക്കൽ ഡിജിറ്റൽ ക്രേസി കോസ്മോപൊളിറ്റൻ ഫ്യൂച്ചർ സിറ്റിയാണ് ടോക്കിയോ. ആർക്കും ഒന്നിനും ഒരു കുറവുമില്ലാത്ത സ്ഥലം. അഞ്ചു വർഷമാകുന്ന താമസത്തിനിടെ ഒരു സെക്കൻഡ് പോലും കറന്റ് പോയിക്കണ്ടിട്ടില്ല എന്നതിൽനിന്നു മനസ്സിലാക്കാം ജപ്പാൻകാരുടെ പ്രാഗത്ഭ്യം. ട്രെയിൻ സെക്കൻഡ് തെറ്റാതെ ഓടുന്നതൊന്നും അതിശയോക്തിയല്ല. പിന്നെ അതൊന്നും എനിക്കത്ര ഇഷ്ടപ്പെടുന്നില്ല എന്നതാണു സത്യം. ഈ യാന്ത്രികത വിരസമാണ്. ഇടയ്ക്ക് കറന്റ് പോണം. വല്ലപ്പോഴും തീവണ്ടി കാത്തുനിന്നു വലയണം. അല്ലാതെന്തു ജീവിതം? ഒരു വശത്തു മനോഹരമായ സംസ്കാരവും പ്രകൃതിയും കലയും ഏവരും അനുകരിക്കേണ്ട സ്വഭാവ, ജീവിതഗുണങ്ങളും സത്യസന്ധതയും അഴിമതി-കുറ്റകൃത്യരാഹിത്യവും, മറുവശത്ത് അതീവ യാന്ത്രികമായ, വിചിത്രങ്ങളായ മറ്റൊരു മനുഷ്യജീവിതമുഖവും അണിഞ്ഞ കഠിനാധ്വാനികളുടെ ഈ നാട് ചിലപ്പോൾ വല്ല സർറിയൽ ദ്വീപോ മറ്റോ ആവാം എന്നും തോന്നാറുണ്ട്. എന്നും സമ്മിശ്രവികാരങ്ങളോടെയാണു പുറത്തേക്ക് ഇറങ്ങുന്നത്. ഇവിടെ എത്തിയ സമയത്ത് ഏകാന്തതയിലും യാന്ത്രികതയിലും പെട്ട് വല്ലാത്ത മാനസിക സമ്മർദ്ദം അനുഭവിച്ചു. മൂന്നു വർഷം ജീവിച്ചശേഷമാണ് ഇവിടുത്തെ അനുഭവം കടന്നു വരുന്ന ഒരു കഥ എഴുതാനായത്. അതാണ് ‘ഈനു’ എന്ന കഥ. ഇവിടുത്തെ ശാന്തതയ്ക്കും സൗന്ദര്യത്തിനും യാന്ത്രിക നിശബ്ദതയ്ക്കും അടിയിൽ നിഗൂഢമായ, സ്ഫോടനാത്മകമായ പലതും മറഞ്ഞിരിപ്പുണ്ടെന്നു തോന്നുന്നതുകൊണ്ട് അതൊക്കെ പഠിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. 

manoramaonline-literature-puthuvakku-talk-with-writer-amal-pirappancode-family-photo

∙ കുടുംബം, എഴുത്തു ജീവിതത്തിൽ അവരുടെ സ്വാധീനം?

അമ്മ ബേബി വീട്ടമ്മയാണ്. അച്ഛൻ മണിരാജ്. ചേട്ടൻ പിരപ്പൻകോട് ജിത്ത് സജീവ സിനിമാ പ്രവർത്തകനാണ്, ഭാര്യ അതുല്യ. അനിയൻ അമിത്ത് രാജ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്, ഭാര്യ ശിഖ. എഴുത്തു ജീവിതത്തിൽ എല്ലാവരും വളരെ അനുഭവങ്ങൾ തന്നു സ്വാധീനിച്ചു. പക്ഷേ, എഴുത്ത് അതീവ സ്വകാര്യമായ കാര്യമാണ്. ആരോടും അതേപ്പറ്റി ഒന്നും പറയാറില്ല എന്നതാണു സത്യം. അതൊരു മാറ്റാനാകാത്ത സ്വഭാവമാണ്. 

∙ മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി? സാഹിത്യകാരൻ? വാക്ക്?

എന്നെ ഞെട്ടിച്ച മലയാളം ഉപപാഠപുസ്തകത്തിലെ എഴുത്തുകാർ തന്നെ എന്റെ പ്രിയപ്പെട്ടവരായി മാറി. ബഷീർ, സക്കറിയ, വിജയൻ, എംടി ഒക്കെ. പിന്നെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും രചനകൾ തേടിപ്പിടിച്ച് വായിക്കുന്ന ശീലമുണ്ട്. എല്ലാവരോടും സ്നേഹാദരങ്ങൾ സൂക്ഷിക്കുന്നു. ഇപ്പോൾ ഇഷ്ടപ്പെട്ട വാക്ക് അതിഥിത്തൊഴിലാളി ആണ്. ഒട്ടേറെ മാനങ്ങളുള്ള, അലകളുള്ള ഗംഭീര പദമാണ്‌ അതിഥിത്തൊഴിലാളി. ‘ബംഗാളി കലാപം’ എന്ന നോവൽ ആ വാക്ക് ഇല്ലാതെ എഴുതേണ്ടി വന്നതിൽ നിരാശ തോന്നുന്നുണ്ട്. ആദ്യം കണ്ടപ്പോൾതന്നെ ആ വാക്ക് ഞാനാണ്‌ അവതരിപ്പിച്ചതെങ്കിൽ എന്ന് അതിയായി ആശിച്ചുപോയി.

∙ ജപ്പാനിൽ നിന്നു നോക്കുമ്പോൾ കേരളം? കേരളത്തിൽ നിന്നു നോക്കുമ്പോൾ ജപ്പാൻ?

ലോകത്തിൽ ഏറ്റവും ഇഷ്ടം കേരളം തന്നെയാണ്. ജപ്പാൻ നമ്മളെപ്പോലെ തന്നെ പ്രകൃതിരമണീയമായ സ്ഥലമാണ്. ഇവരും നമ്മളെപ്പോലെ തന്നെയുള്ള സാധാരണ മനുഷ്യരാണ്. ഗ്രാമങ്ങളൊക്കെ വയലുകളും മലകളും നദികളും നിറഞ്ഞതാണ്. പ്രകൃതി എല്ലാ വർഷവും ഏറെ ദോഷങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ, മായമില്ലാതെ, സത്യസന്ധതയോടെ, കൂട്ടായ കഠിനമായ അധ്വാനം മാത്രം കൊണ്ട് എല്ലാം ഇവർ മറികടക്കും. ഇവർക്ക് ഇതൊക്കെ സാധിച്ചത് ഏറ്റവും ലളിതമായ അടിസ്ഥാന കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതു കൊണ്ടു മാത്രമാണ് എന്നു തോന്നുന്നു. ആഹാരമൊക്കെ ഒട്ടും മായമില്ലാത്തതാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിനിറഞ്ഞ നഗരമായിട്ടും ടോക്കിയോയിലെ വായു ഏറ്റവും ശുദ്ധമാണ്. നദികളൊക്കെ അതീവ ശുദ്ധമായി ജനങ്ങൾ സൂക്ഷിക്കുന്നു. ലോകം സാനിറ്റൈസർ, മാസ്ക് എന്നൊക്കെ ഇപ്പോഴല്ലേ പറയുന്നത്. ഞാൻ നാലു വർഷമായി ഇതൊക്കെ എല്ലായിടത്തും ഇവർ ഉപയോഗിക്കുന്നത് കാണവേ ഇവരെ കളിയാക്കുമായിരുന്നു. അങ്ങേയറ്റം വൃത്തിയൊക്കെ ആണ് എല്ലാ കാര്യത്തിലും. അതു കുട്ടിക്കാലം മുതൽ സ്കൂളിൽ നിന്നേ പഠിച്ചു വരുന്നതാണ്. ഇതിൽ ചിലതെങ്കിലും നമ്മളും ഏറ്റെടുത്താൽ വിദ്യാഭ്യാസത്തിലും ജീവിതപുരോഗതിയിലും സ്വതവേ മുന്നിലുള്ള കേരളം വേറേ ലെവലാകും എന്ന് തോന്നിയിട്ടുണ്ട്.

∙ അമലിന്റെ ‘ദാദ’ വിളി വൈറലാണ്. അതൊരു ശീലമായതെങ്ങനെ?

ഗുണ്ട എന്നാണോ ഇനി ഉദ്ദേശിക്കുന്നതെന്നതുൾപ്പെടെ പലരും ഇക്കാര്യം കൗതുകത്തോടെ ചോദിച്ചിട്ടുണ്ട്. അഞ്ചാംക്ലാസ് മുതൽ ക്രിക്കറ്റ് വല്ലാത്ത ഭ്രാന്തായിരുന്നു. സച്ചിനും സൗരവ് ഗാംഗുലിയും ഓപ്പൺ ചെയ്യുന്ന കാലം. ‘ഓഫ് സൈഡിലെ ദൈവം’ എന്നും ‘ദാദ’ എന്നും ഒക്കെ ഗാംഗുലിയെ വിളിച്ചു കേട്ടിട്ടുണ്ട്. പക്ഷേ, എന്താണീ ദാദ എന്ന് ബിരുദാനന്തര ബിരുദം പഠിക്കാൻ ഗാംഗുലിയുടെ നാട്ടിലേക്ക് ചെന്നപ്പോഴാണ് പിടികിട്ടിയത്. ഞാൻ ചെല്ലുമ്പോൾ ശാന്തിനികേതനിലെ മലയാളി സീനിയേഴ്സ് ആയ സനുൾ ദാദ, ഷാജു ദാദ, സന്ദീപ് ലൂയിസ് ദാദ, കെന്നത്ത് ദാദ, ജോമി ദാദ, സുമേഷ് കമ്പല്ലൂർ ദാദ, ജിനേഷ് ദാദ, അനൂപ് ദാദ, സുജിത് ദാദ തുടങ്ങിയവരെല്ലാം കൂടി ക്യാംപസിനെ ദാദ വിളി കൊണ്ടങ്ങു നിറയ്ക്കുകയാണ്. ആ വാക്കിന്റെ ഒരു ആഴം മനസ്സിലാക്കിയപ്പോൾ പിന്നെ ദാദ വിളി ഇങ്ങെടുത്തു. ബംഗാളിയിൽ ചേട്ടൻ അല്ലെങ്കിൽ സഹോദരൻ എന്നാണ് ആ വാക്കിന് അർഥം. ശാന്തിനികേതനിൽ പക്ഷേ, ഗ്രാമത്തിലെ കൃഷിക്കാരെ, കച്ചവടക്കാരെ, റിക്ഷാക്കാരെ, കന്റീൻ നടത്തിപ്പുകാരെ, വയസ്സിന് ഇളയവരെ, ജൂനിയേഴ്സിനെ, സീനിയേഴ്സിനെ മുതൽ അധ്യാപകരെയും സാക്ഷാൽ പ്രിൻസിപ്പലിനെ വരെ ദാദ എന്നാണു വിളിക്കുക. കൂടുതൽ സ്നേഹം വന്നാൽ ‘ദ’ എന്നായി ചുരുങ്ങുകയും ചെയ്യും. ആ സമത്വഭാവന എങ്ങനെ കൈവിടും. നാട്ടിൽ എഴുത്തുകാരായ സകല സുഹൃത്തുക്കളെയും പിന്നെ ഫൈൻ ആർട്സ് കോളജുകളിലെ എല്ലാവരെയും ഞാൻ ദാദ എന്നാണ് വിളിക്കുക.

∙ ഓരോ മാസവും ഇറങ്ങുന്ന കഥകളുടെ കൊളാഷ് അമൽ പങ്കുവയ്ക്കുന്നതു വലിയൊരു സഹായമാണ്. ഏതെങ്കിലും കഥ മിസായാൽ അതു തേടിപ്പിടിച്ചു വായിക്കാനാകും. അതിലുപരിയായി അതിലൊരു ചേർത്തു പിടിക്കലുണ്ട്. അതേപ്പറ്റി വിശദമാക്കാമോ?

അതിപ്പോൾ രണ്ടു വർഷമായി ചെയ്യുന്നു. നാട്ടിൽ വച്ചു വാരികകളിൽ ഇറങ്ങുന്ന എല്ലാ കഥകളും വായിച്ചിരുന്നു. പ്രവാസി ആയപ്പോൾ കഥകൾ സംഘടിപ്പിക്കാൻ വളരെ കഷ്ടപ്പെട്ടു. എഴുത്തുകാരും സുഹൃത്തുക്കളും കഥകൾ അയച്ചു തന്നു സഹായിച്ചു. നോവലിസ്റ്റ്‌ ജുനൈത് അബൂബക്കർ ആണു കഥകൾ വായിക്കാൻ ഏറ്റവും അധികം സഹായിച്ചു കൊണ്ടിരിക്കുന്നത്. അപ്പോഴാണു കിട്ടുന്ന കഥകളുടെ വില മനസ്സിലായത്. വായിക്കുന്ന കഥകളുടെ ഓർമയ്ക്കായാണു പേരുകൾ കൊളാഷ് ആക്കി സൂക്ഷിക്കുന്ന രീതി തുടങ്ങിയത്. ഫൈൻ ആർട്സ് കോളജിൽ പഠിക്കുമ്പോഴേ കാലിഗ്രഫി ശ്രദ്ധിക്കുമായിരുന്നു. ഓരോ മാസികയ്ക്കും അതിന്റേതായ ഒരു എഴുത്ത് രീതി കാണാം. ഏതു പ്രസിദ്ധീകരണത്തിലാണ് വന്നതെന്നൊക്കെ തലക്കെട്ട് നോക്കിയാൽ അറിയാനാകും. ഡ്രോയിങ്ങോ പെയിന്റിങ്ങോ ചെയ്യും പോലെ ഒത്തിരി സമയം എടുത്താണ് അവ ചെയ്യാറുള്ളത്. 

∙ ജീവിതപങ്കാളി കുമിക്കോ ഇപ്പോൾ ആർട്ടിൽ സജീവമാണോ? അവരുടേത് കലാകുടുംബമാണോ? കുമിക്കോയ്ക്കു നമ്മുടെ നാടിനെക്കുറിച്ച് ഇഷ്ടമില്ലാത്തതെന്താണ്?

കുമിക്കോയുടെ അച്ഛൻ ഹിരോയോഷി തനാക കല്ല്‌ മാധ്യമമാക്കി ശിൽപങ്ങൾ ചെയ്യുന്നുണ്ട്. പരമ്പരാഗത ജാപ്പനീസ് കൊത്തുപണികൾ ചെയ്യുന്ന 200 വർഷം പഴക്കമുള്ള കുടുംബംവക കമ്പനിയിലാണ് എല്ലാവരും ജോലി ചെയ്യുന്നത്. കുമിക്കോ ഇപ്പോൾ തീരെ ചെറിയ ശിൽപങ്ങൾ ഇടയ്ക്ക് ചെയ്യാറുണ്ട്. കുമിക്കോയ്ക്ക് ഇന്ത്യയിലും കേരളത്തിലും ഏറ്റവും ഇഷ്ടമല്ലാത്ത കാര്യം ചവർ വലിച്ചെറിയുന്നതാണ്. പ്രത്യേകിച്ചു നദികളിൽ. പിന്നെ വിദേശി ആണെന്നു കണ്ടാൽ എല്ലായിടത്തും സാധനങ്ങൾക്ക് ഇരട്ടി വില ചോദിക്കുന്നതും ഒട്ടും ഇഷ്ടമല്ല. 

∙ ജപ്പാനിൽ കലാകാരൻമാർക്കുള്ള നിലയും വിലയും എങ്ങനെയാണ്? അവിടുത്തെ സാഹിത്യരംഗം എങ്ങനെയാണ്?

ലോകകലയെത്തന്നെ സ്വാധീനിച്ച തനതായ കലാസംസ്കാരം ഉള്ളവരാണ് ജാപ്പനീസ് ജനത. അനേകം ഗാലറികൾ ഉണ്ട്. ലോകകലയുടെ പ്രദർശനങ്ങൾ എപ്പോഴും വിവിധ ഗാലറികളിൽ നടക്കുന്നുണ്ട്. അവിടെയെല്ലാം നീണ്ട ക്യൂവും തിരക്കുമാണ്. സ്കൂൾ കുട്ടികൾ മുതൽ വയോജനങ്ങൾ വരെ കലാകുതുകികളാണ്. പാരമ്പര്യകല ഒരു വശത്തുള്ളപ്പോൾ മറുവശത്ത് ഡിജിറ്റൽ ഫ്യൂച്ചർ ആർട്ട് മ്യൂസിയം, റോബട്ട് മ്യൂസിയം ഒക്കെയുണ്ട്. പുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള സകല ചിത്രകാരന്മാരുടെയും രചനകൾ കാണാൻ സാധിച്ചതാണു വലിയ കാര്യമായി ഞാൻ കാണുന്നത്. ഇവിടെ എഴുത്തും പുസ്തകശാലകളും വളരെ ലൈവാണ്. നല്ല പുസ്തകങ്ങൾ ഉടനടി ഇംഗ്ലിഷിലേക്കൊക്കെ വിവർത്തനം ചെയ്യാൻ പ്രസാധകർ തന്നെ മുൻകൈ എടുക്കുന്നതായി തോന്നി. എഴുത്തുകാരെ ആരെയും കാണാൻ പോലും കിട്ടില്ല. പുസ്തകപ്രകാശനം, എഴുത്തുകാരുടെ നിരന്തരപ്രസംഗം, പുസ്തകമേളകൾ ഒന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. നോവലിനു പുറമേ മാംഗ എന്ന കോമിക്സ്, ആനിമേഷൻ പുസ്തകങ്ങൾ ഇവയ്ക്കൊക്കെ വളരെ വലിയ വായനാസമൂഹം ഉണ്ട്.


English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Amal Pirappancode

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;