ADVERTISEMENT

എത്ര ദൂരെയെങ്കിലെ-

ന്തത്രയുമടുത്തു നീ,

എത്ര വീടുകൾ മാറി-

യാലുമെന്നഭയം നീ.

മറവി മൂടൽമഞ്ഞു

പോലെന്നെപ്പൊതിയുമ്പോൾ

പറഞ്ഞുതരണേ നീ

എന്നിലേയ്ക്കെത്തും വഴി.

 

-സച്ചിദാനന്ദൻ - ദുഃഖം എന്ന വീട് 

 

ezhuthumesha-walter-benjamin
വാൾട്ടർ ബെന്യമിൻ

അപ്രധാനമോ നിസ്സാരമോ ആയ വസ്തുക്കൾ ശേഖരിക്കാൻ വലിയ ഇഷ്ടമുള്ളവരുണ്ട്. എന്റെ വല്യാപ്പയുടെ മേശയിൽ നിറയെ പഴയ ലോട്ടറിടിക്കറ്റുകളായിരുന്നു. അദ്ദേഹം അലമാരയിൽ വിവിധയിനം സിഗരറ്റ്കൂടുകൾ അടുക്കിവച്ചു. ചെറുപ്പത്തിൽ എന്റെ വീടിനു സമീപമുള്ള ടാക്കീസിന്റെ പ്രൊജക്ടർ റൂമിന്റെ പരിസരത്തുനിന്നു പൊട്ടിയ ഫിലിമുകൾ ശേഖരിക്കുക വലിയ ഹരമായിരുന്നു. കണ്ട സിനിമയിലെ പല രംഗങ്ങളും ഞങ്ങൾ അങ്ങനെ സൂര്യനുനേരെ പിടിച്ച ഫിലിമിൽ വീണ്ടും കണ്ടു.

 

ജർമൻ സാംസ്കാരികവിമർശകനും ഗദ്യകാരനുമായ വാൾട്ടർ ബെന്യമിന്റെ കയ്യക്ഷരം വളരെ ചെറുതായിരുന്നു. കടലാസ്സിന്റെ ഒരു പുറത്തു നൂറുവരികൾ എഴുതാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. വസ്തുക്കൾ ചെറുതാകുന്തോറും കൊണ്ടുനടക്കാൻ എളുപ്പമാകും. വാടകവീടുകളിൽ മാറിമാറി താമസിക്കുകയാണെങ്കിൽ, ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ഇഷ്ടവസ്തുക്കളുടെ ശേഖരം അസാധ്യമായിത്തീരും. എടുക്കാവുന്നതു മാത്രമേ നമുക്കു കൊണ്ടുപോകാനാവൂ. ഇങ്ങനെ പോകുമ്പോൾ ആദ്യം ഉപേക്ഷിക്കുക പുസ്തകങ്ങളായിരിക്കും. തന്റെ സ്ഥലമാറ്റങ്ങളിൽ പുസ്തകശേഖരം വിറ്റഴിച്ചുകളയേണ്ടി വന്നതിനെപ്പറ്റി ആനന്ദ് വിശദമായി എഴുതിയിരുന്നു. ഒരിക്കലും ശേഖരിക്കാനാവാത്തവയാണു പുസ്തകങ്ങൾ എന്നു സഞ്ചാരിക്കറിയാം. അതിനാൽ ഏതു വസ്തുവും പരമാവധി ചെറുതാക്കാൻ, miniaturize ചെയ്യാൻ, കഴിയുമെങ്കിൽ വലിയ ഒരു നോവൽ രണ്ടുവരിക്കവിതയായി കൊണ്ടുനടക്കാം. 

 

ezhuthumesha-robert-walser
റോബർട് വാൽസർ

ഇങ്ങനെ എപ്പോഴും കൊണ്ടു നടക്കുന്ന ചില വസ്തുക്കളുണ്ട്. അവയിൽ ചിലതു പറയാം.

 

നോട്ട്ബുക്: വായനാക്കുറിപ്പുകൾ സൂക്ഷിക്കാൻ തുടങ്ങിയപ്പോഴാണ് നോട്ട്ബുക് വന്നത്. ഒരു സിനിമയിൽ, മൂന്നു നിറത്തിലുള്ള കുഞ്ഞു നോട്ട്ബുക്കുമായി സഞ്ചരിക്കുന്ന ഒരു നോവലിസ്റ്റിനെ പരിചയപ്പെട്ടു. അവളുടെ ഹാൻഡ്ബാഗിൽ അത് എപ്പോഴും ഉണ്ടാകും. ഒരു നോട്ട്ബുക്കിൽ അപ്പപ്പോൾ തോന്നുന്നത് എഴുതും. മറ്റൊന്നിൽ നോവലിലേക്ക് ഉപയോഗിക്കാൻ ഉള്ളവ. മൂന്നാമത്തെതിൽ ഭാവിയിൽ എഴുതാനുള്ള ആശയങ്ങൾ. 

ezhuthumesha-k-satchidanandan
സച്ചിദാനന്ദൻ

 

ezhuthumesha-ajay-p-magatthu-book-cover

വായനയ്ക്കിടെ എഴുതുന്ന ചെറിയ കുറിപ്പുകൾ, ഇഷ്ടവാക്യങ്ങൾ, കവിതാശകലങ്ങൾ എന്നിവ പ്രത്യേകിച്ചു ക്രമമില്ലാതെ ഒറ്റ ബുക്കിൽ എഴുതുകയാണു ഞാൻ ചെയ്യുന്നത്. അവയിൽ പലതും ഞാൻ ഇടയ്ക്കിടെ മറിച്ചുനോക്കാറുമുണ്ട്. ഈ നോട്ട്ബുക്കുകളാണ് എഴുത്തുകാരെയും പുസ്തകങ്ങളെയും മറക്കാതിരിക്കാൻ സഹായിക്കുന്നത്. വായിച്ച ഓരോ പുസ്തകവും ഇടയ്ക്കിടെ എടുത്തു മറിച്ചു നോക്കുക എളുപ്പമല്ലല്ലോ. കടം വാങ്ങി വായിച്ചവ കയ്യിലുണ്ടാകുകയുമില്ല. പുസ്തക ഉള്ളടക്കം മറക്കാതിരിക്കാനുള്ള ഗണിതസൂത്രങ്ങൾ പോലെയാണ് അതേപ്പറ്റിയുള്ള നോട്ടുപുസ്തകങ്ങൾ. വായനയ്ക്കിടെ എഴുതിയിട്ട ഏതാനും വാക്യങ്ങൾ കൊണ്ട് നൂറുകണക്കിനു പുസ്തകങ്ങൾ മനസ്സിൽ തുറന്നുവരും.

 

ezhuthumesa-m-mukundan
മുകുന്ദൻ

പെൻസിൽ - എനിക്ക് പ്രത്യേക ഇഷ്ടമുള്ള 10 വസ്തുക്കൾ എടുത്താൽ ആദ്യം പെൻസിൽ വരും. പെൻസിൽ എന്നെ വശീകരിക്കുകയാണു ചെയ്യുന്നത്. പുസ്തകത്തിന്റെ മാർജിനിൽ എഴുതാനും നോട്ട്ബുക്കിൽ എഴുതാനും പെൻസിൽ വേണം. പലതരം പെൻസിലുകൾ. ടോണി മോറിസൻ ഒരു അഭിമുഖത്തിൽ അവർ ഉപയോഗിക്കുന്ന പ്രത്യേക ബ്രാൻഡ് പെൻസിലിനെപ്പറ്റി പറഞ്ഞിരുന്നു. വിദേശത്തുള്ള ഒരു സുഹൃത്ത് നാട്ടിലേക്കു വരാൻനേരം എനിക്കു കുറച്ചു പെൻസിൽ വേണമെന്നു പറഞ്ഞു. Dixon Ticonderoga  എന്ന, ടോണി മോറിസനു പ്രിയപ്പെട്ട അമേരിക്കൻ പെൻസിൽ അങ്ങനെ എന്റെ കയ്യിലെത്തി. സമീപകാലത്തു നെറ്റ്ഫ്ലിക്സിൽ കണ്ട മെതഡ് എന്ന റഷ്യൻ സീരീസിലെ നായിക മുടി ഉയർത്തിക്കെട്ടിവയ്ക്കാൻ ഹെയർക്ലിപ്പിനു പകരം ഉപയോഗിക്കുന്നത് ഒരു കറുത്ത പെൻസിലാണ്. അതുവച്ച് അവൾ ഒരാളുടെ കണ്ണു കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു.

(കാഫ്ക തന്റെ ഗുരുവായി കരുതിയ റോബർട് വാൽസർ വടിവൊത്ത കയ്യക്ഷരമുള്ള എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന് അവസാനകാലത്തു പേന ഉപയോഗിക്കാൻ കഴിയാതെ വന്നു. ഒരുതരം അലർജി. പിന്നീട് അദ്ദേഹം പെൻസിൽ ഉപയോഗിച്ച് ഒരുതരം ഷോർട്ട്ഹാൻഡിലാണ് എഴുതിക്കൊണ്ടിരുന്നത്. ചിത്തരോഗാശുപത്രിയിലായിരുന്ന കാലത്ത് അദ്ദേഹം ഇങ്ങനെയെഴുതിയ കുറിപ്പുകൾ പിന്നീട് Microscripts എന്ന പേരിൽ പുസ്തകമായി).

 

സിഗരറ്റ് – ഞാൻ പുകവലി നിർത്താനുള്ള ഒരു പ്രധാന കാരണം വായനയ്ക്കിടെ വലിക്കുന്നതു വലിയ distraction ആണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ്. പഴയ ഗോൾഫ് ഫ്ലേക് പ്ലെയിൻ സിഗരറ്റായിരുന്നു ഫേവറിറ്റ്. പിന്നീട് പുകവലിക്കാതെ വായിക്കാൻ പറ്റില്ലെന്ന സ്ഥിതി വന്നു. പുകവലി നിർത്തിയതോടെ വായന കുറെക്കൂടി ഏകാഗ്രമായി. പുകവലി മൂലമുള്ള ക്ഷീണവും ഒഴിവായി. സമകാലിക സ്പാനിഷ് നോവലിസ്റ്റുകളിൽ ശ്രദ്ധേയനായ അലഹന്ത്രോ സാമ്പ്ര, തന്റെ കയ്യിലുള്ള പഴയ പുസ്തകങ്ങളിലെല്ലാം പീത്‌സയുടെ അവശിഷ്ടങ്ങൾ കാണുമെന്നു പറഞ്ഞത് ഓർക്കുന്നു - അക്കാലത്ത് ലോഡ്ജിലെ കട്ടിലിലിരുന്നായിരുന്നു വായനയും തീറ്റയും. ഭക്ഷണം കഴിക്കുമ്പോഴും പുസ്തകം മടിയിലുണ്ടാവും. അതേപോലെ പുകവലിയുടെ കാലത്തെ നോട്ട്ബുക്കുകൾക്കും പുസ്തകങ്ങൾക്കും പെൻസിലുകൾക്കും തണുത്ത നിക്കോട്ടിൻ മണമായിരുന്നു.

 

പോസ്റ്റ്കാർഡ്സ് - ഞാൻ കോളജിൽ പഠിക്കുമ്പോൾ അടുത്ത കൂട്ടുകാർക്കുള്ള എല്ലാ കത്തുകളും പോസ്റ്റ് കാർഡിലായിരുന്നു. ദീർഘമായ സംഭാഷണങ്ങൾ ഒന്നിലധികം പോസ്റ്റ് കാർഡുകളിൽ എഴുതി ഒന്ന്, രണ്ട്, മൂന്ന് എന്നു നമ്പരിട്ട് എഴുതി ഒരുമിച്ച് അയയ്ക്കുമായിരുന്നു. പോസ്റ്റ് കാർഡിൽ എന്തെങ്കിലും ഒട്ടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും എത്രയോ ചിത്രങ്ങൾ അങ്ങനെ ഒട്ടിച്ച് അയച്ചിരിക്കുന്നു. സൂസന്നയുടെ ഗ്രന്ഥപ്പുര ഇറങ്ങിയശേഷം പഴയ സ്നേഹിതരിലൊരാൾ ഞാനെഴുതിയ കുറെ പോസ്റ്റ്കാർഡുകളുടെ ഫോട്ടോകൾ എനിക്ക് വാട്സാപ് ചെയ്തു തന്നു.

 

പേരുകൾ - ഇഷ്ടകൃതിയുടെ പേരുകൾ തന്നെ ആ കൃതിയായി സ്വാംശീകരിക്കപ്പെടുന്ന സ്ഥിതിയുണ്ട്. കരുണ എന്ന വാക്ക് മാത്രം മതി ആശാൻകാവ്യം ഒപ്പം വരാൻ. മരണം ദുർബലം (കെ.സുരേന്ദ്രൻ) എന്ന രണ്ടുവാക്കിന് എത്രയാഴമാണ്. ഏറ്റവും കാവ്യാത്മകവും ധ്വനിസാന്ദ്രവുമായ പേരുകളാണു സച്ചിദാന്ദൻ എഴുതുക. കവിബുദ്ധൻ, ഒടുവിൽ ഞാനൊറ്റയാകുന്നു, ഇവനെക്കൂടി, എഴുത്തച്ഛനെഴുതുമ്പോൾ’ എന്നിവ മുതൽ ‘നിൽക്കുന്ന മനുഷ്യൻ’, ‘പക്ഷികൾ എനിക്ക് പിറകെ വരുന്നു’, ‘ദുഃഖം എന്ന വീട്’ തുടങ്ങിയവ വരെ സച്ചിദാനന്ദൻ എഴുതിയതിൽ എപ്പോഴും ചില വരികളോ പേരുകളോ വേറിട്ട് ഉയർന്നുകാണും. സച്ചിദാനന്ദൻ ഒരുപാടു കവിതകളെഴുതുമ്പോൾ സൂക്ഷ്മതയുള്ള വായനക്കാരൻ അതിൽനിന്ന് ഒന്നോ രണ്ടോ വരിയോ വാക്കുകളോ മാത്രം എടുക്കുന്നു. 

 

‘ലോകം അവസാനിക്കുന്നില്ല’ എന്ന പേരിൽ ആദ്യം ഒരു ലേഖനവും പിന്നീട് അതേ പേരിൽ ഒരു പുസ്തകവും (2018) എഴുതാൻ എനിക്കു പ്രേരണയായത് സച്ചിദാനന്ദന്റെ കവിതയിലെ ‘ അതിനാൽ ലോകം അവസാനിക്കുന്നില്ല, കവിതയും’ എന്ന വരിയായിരുന്നു. ചാൾസ് സിമിക്കിന് യുഎസ് നാഷനൽ പോയട്രി അവാർഡ് നേടിക്കൊടുത്ത ഗദ്യകവിതകളുടെ സമാഹാരത്തിന്റെ പേരും The World Doesn’t End എന്നായിരുന്നു. ‘പറവയുടെ സ്വാതന്ത്ര്യം’ (2020) എന്ന എന്റെ പുസ്തകത്തിന്റെ പേർ ഓൾഗ തൊക്കാർച്ചൂക്കിന്റെ ‘ഫ്ലൈറ്റ്സ്’ എന്ന നോവലിലെ സഞ്ചാരമാണു സ്വാതന്ത്ര്യം എന്ന ആശയം സ്വീകരിച്ച് ഇട്ടതാണ്.

 

പുറമേ അപ്രധാനമായ വസ്തുക്കളുടെയും സന്ദർഭങ്ങളുടെയും വിശദാംശങ്ങളെ ആശ്രയിക്കുക എന്നത് കലയിലെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. വിശദാംശങ്ങൾ മറക്കരുതെന്നാണ് എഴുത്തിലെ അടിസ്ഥാന പാഠം. എം. മുകുന്ദനിൽ ഇത്തരം വിശദാംശങ്ങൾ ഏറ്റവും മനോഹരമാണ്. ഇപ്പോൾ ഓർമയിൽ വന്ന ഉദാഹരണം കേശവന്റെ വിലാപങ്ങൾ എന്ന നോവലിലേതാണ്- അയൽപക്കത്തെ അയയിൽ ഉണങ്ങാനിട്ട തുണികളുടെ ഇടയിലൂടെ കടന്നുപോകുമ്പോൾ വെള്ളം ഇറ്റുന്ന അടിപ്പാവാടയുടെ ചരട് ആ ചെറുപ്പക്കാരന്റെ കവിളിൽ തട്ടി നനവുണ്ടാക്കുന്നു. അപ്രധാനമെന്നു തോന്നിയേക്കാവുന്ന ചില സന്ദർഭങ്ങൾ വായനക്കാരിലുണ്ടാക്കുന്ന സ്മരണകളാണ് നോവലുകളുടെ വലിയ ലോകം പൊളിഞ്ഞുവീഴാതെ നിലനിർത്തുന്നത്. 

 

ഓരോ വർഷാവസാനത്തിലും എത്രയുപേക്ഷ വിചാരിച്ചാലും എടുത്തുവയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ചെറുതാണ്, അവയില്ലാതെയും ജീവിതം മുന്നോട്ടു പോകും. എങ്കിലും എടുത്തുവയ്ക്കാതെ വയ്യ. സ്നേഹിതൻ പോയാലും സ്നേഹിച്ചതിന്റെ ഓർമ തുടരുന്നതുപോലെ, വേദനിച്ചവൾ പോയാലും വേദന തുടരുന്നതു പോലെയാണു ദൈനംദിന അലച്ചിലുകളിലും വീണുപോകാത്ത ഈ ശേഷിപ്പുകൾ.

 

English Summary : Ezhuthumesha Column written by Ajay P Mangattu, Simple but beautiful things what a writer nurtures in his life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com