ADVERTISEMENT

മനുഷ്യനെയും മണ്ണിനെയും സ്നേഹിച്ച മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിക്ക് കേരളം നിറമിഴികളോടെ ആദരാഞ്ജലി അർപ്പിക്കുകയാണ്. പ്രമുഖരും സാധാരണക്കാരുമടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലും അല്ലാതെയും ഓർമകളും പ്രാർഥനകളും പങ്കുവയ്ക്കുന്നു. 

 

∙ പ്രകൃതിയുടെ കാവലാൾ: മന്ത്രി എ.കെ. ബാലൻ

 

മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ടയാളായിരുന്നു പ്രിയപ്പെട്ട സുഗതകുമാരിയെന്നും വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. ‘കോവിഡ്  മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി  കവർന്നെടുത്തിരിക്കുന്നത് ഏറെ ദുഃഖകരമാണ്. കവയിത്രി, പ്രകൃതിസംരക്ഷക, ഭാഷാ സംരക്ഷക, നിരാലംബരുടെ  സംരക്ഷക എന്നീ നിലകളിൽ പ്രശംസനീയമായ  പ്രവർത്തനങ്ങൾ നടത്തിയ അവർ സ്ത്രീകളുടെ സുരക്ഷ, കുട്ടികളുടെ അവകാശങ്ങൾ എന്നിവയ്ക്കു വേണ്ടിയും ശക്തമായി നിലകൊണ്ടു. വനിതാ കമ്മിഷന്റെ ആദ്യത്തെ ചെയർപഴ്സൻ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. രാത്രിമഴ, അമ്പലമണി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി  തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തിയ സാഹിത്യകാരിയായിരുന്നു. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ, ബാലാവകാശങ്ങൾ എന്നിവ കവിതയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൊണ്ടുവരുന്നതിൽ സുഗതകുമാരിയുടെ പങ്കു വലുതാണ്. 

കേരളത്തിൽ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ്. ജീവിതാവസാനം  വരെ കാടിനും പ്രകൃതിക്കും മനുഷ്യർക്കും വേണ്ടി അവർ നിലകൊണ്ടു. പൊതുജീവിതത്തിലെ ഉന്നതമൂല്യങ്ങളെ  ഉയർത്തിപ്പിടിക്കുന്നതിൽ എക്കാലവും ശ്രദ്ധിച്ചു. അഭയ എന്ന സ്ഥാപനം നിരാലംബരായ നിരവധി പേർക്ക് അഭയം നൽകി. സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ രൂപീകരണം മുതൽ ഭരണസമിതി അംഗമായി ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുകയും വിലപ്പെട്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  തളിർ മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. 

സൈലന്റ് വാലി  സംരക്ഷണ സമരത്തിന്റെ മുൻനിരയിൽ അവർ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ പരിസ്ഥിതി സ്നേഹത്തിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയിലെ കൃഷ്ണവനം. ഒരു മൊട്ടക്കുന്നിനെയാണ് നിത്യഹരിതവനമാക്കി അവർ മാറ്റിയെടുത്തത്.  ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലും അവർ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചു. മണ്ണിനെയും മാതൃഭാഷയെയും വളരെയേറെ സ്നേഹിച്ച സുഗതകുമാരിയുടെ വിയോഗം കേരളത്തിന് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.  കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

 

∙ മലയാള കവിതയുടെ മധുരം മാഞ്ഞു: സ്പീക്കർ

 

അത്യന്തം വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് സുഗതകുമാരിയുടെ വിയോഗമെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.

‘മലയാള കവിതയുടെ മധുരം മാഞ്ഞു എന്നാണ് ഒറ്റവാക്കില്‍ പറയാന്‍ തോന്നുന്നത്. മധുരത്തില്‍ ചാലിച്ച പ്രകൃതിയുടെ ഈ ഉപാസക നമ്മുടെ പാരിസ്ഥിതിക ആഘാതങ്ങളുടെ ആകുലതകളെക്കുറിച്ച് എന്നും മലയാളിയെ ഓര്‍മിപ്പിച്ച ഒരു ധീരമാതാവായിരുന്നു.

അവരുടെ കവിതയും ജീവിതവും കരുണനിറഞ്ഞ ഭാവങ്ങളും വ്യത്യസ്തമായിരുന്നില്ല. കവിതയിലെ കരുണയെ ജീവിതത്തിലേക്ക് വിന്യസിപ്പിച്ച മണ്ണില്‍നിന്ന് കാവ്യലോകത്തേക്ക് സഞ്ചരിച്ച കവയിത്രിയായിരുന്നു സുഗതകുമാരിടീച്ചര്‍. അവര്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും എല്ലാ കാലത്തും മലയാളത്തിന്‍റെ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായ നിലയില്‍ ഉയര്‍ന്നു നില്‍ക്കുകതന്നെ ചെയ്യും. പ്രകൃതിയോടുള്ള അനല്‍പമായ അവരുടെ അവബോധം അവരുടെ സ്നേഹം മലയാളികളിലേക്കും പൊതുസമൂഹത്തിലേക്കും വിന്യസിപ്പിക്കുന്നതില്‍ അവര്‍ കാണിച്ച ധൈഷണിക ധീരത എല്ലാകാലത്തും ഓര്‍മ്മിപ്പിക്കപ്പെടാവുന്ന ഒന്നുതന്നെയാണ്. പ്രണയവും കരുണയും ധീരതയും വിരഹവും പ്രകൃതിയും വേദനകളും എല്ലാം ഒരുമിപ്പിച്ച അവരുടെ കാവ്യലോകം മലയാള സാഹിത്യത്തിന്‍റെ ഏറ്റവും സമ്പന്നമായ സുകൃത കാലമാണ്. 

ആ ധീരമാതാവിന്‍റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു...’

 

∙ മണ്ണിനും മനുഷ്യനും മാതൃഭാഷയ്ക്കും വേണ്ടി പോരാടിയ കവിയിത്രി: കെ.സുരേന്ദ്രൻ

 

ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയിത്രിയായിരുന്നു സു​ഗതകുമാരിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

‘മധുരമായ കവിതകൾ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാൽ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാൻ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചർ. ടീച്ചറുടെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു കവയിത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹിക ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് അവർ. ബാലഗോകുലം, തപസ്യ തുടങ്ങിയ സംഘടനകളുമായി അവരുടെ ബന്ധം ആശയപരവും ദൃഢവുമായിരുന്നു. ആറന്മുളയുടെ പൈതൃകവും പരിസ്ഥിതിയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ നടന്ന സമരത്തിൽ അവരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു. തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേർത്തുനിർത്താനും സാധിച്ചത് അവരിലെ അമ്മമനസിന്റെ നന്മയാണ്. അധികാരവും പണവും ഉപയോ​ഗിച്ച് കേരളത്തിലെ പെൺകുട്ടികളെ പിച്ചിചീന്താൻ ചിലർ ഒരുങ്ങിയപ്പോൾ ഇരകളുടെ ഒപ്പം നിൽക്കാൻ കവിയത്രി ഉണ്ടായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ അവർ പോരാടി. അവരുടെ വിയോഗത്തിൽ എല്ലാ മലയാളികളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു’.

 

∙ അദ്ഭുതം സൃഷ്ടിച്ച കാവ്യജീവിതം: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

 

മലയാള കവിതയ്ക്ക് അനശ്വര സംഭാവനകൾ നൽകിയ എഴുത്തുകാരിയാണ് സുഗതകുമാരിയെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ‘നമ്മുടെയൊക്കെ കവയിത്രി ... ഒരുപാട് അടുത്തുനിന്ന് കാണാനും ഇടപഴകാനുമുള്ള അവസരമുണ്ടായി. അത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. ഏഴു പതിറ്റാണ്ടു നീണ്ട കാവ്യ ജീവിതം സൃഷ്ടിച്ചത് അദ്ഭുതങ്ങളാണ് ... സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ..’

 

∙ നഷ്ടമായത് പരിസ്ഥിതിക്ക് കാവൽ നിന്ന പോരാളിയെ: എ.എ. അസീസ്

പ്രശസ്ത കവയിത്രിയും സാമൂഹിക പ്രവർത്തകയുമായിരുന്ന സുഗതകുമാരി പരിസ്ഥിതിക്ക് കാവൽ നിന്ന പോരാളിയായിരുന്നുവെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്.– ‘ആറന്മുള വിമാനത്താവള വിഷയത്തിലും സ്ത്രീകൾക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്ക് എതിരെയും ജാഗ്രതയോടെ പ്രതികരിച്ച സുഗതകുമാരി സാംസ്കാരിക കേരളത്തിന്റെ കീർത്തി ഉയർത്തുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. സുഗതകുമാരിയുടെ നിര്യാണത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.’

 

∙ പെണ്ണിന്റെയും പ്രകൃതിയുടെയും ശാക്തീകരണത്തിനായി നിലകൊണ്ട ജീവിതം: എം.സി.ജോസഫൈന്‍ 

 

പ്രശസ്ത കവയത്രിയും കേരള വനിതാ കമ്മിഷന്റെ പ്രഥമ അധ്യക്ഷയുമായിരുന്ന സുഗതകുമാരിയുടെ നിര്യാണത്തില്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ അനുശോചിച്ചു.

‘പെണ്ണും പ്രകൃതിയും ദുര്‍ബലരായിക്കണ്ടിരുന്ന ദശാബ്ദങ്ങള്‍ക്കപ്പുറം മുതല്‍ നാളിതുവരെ അവ രണ്ടിന്റെയും ശാക്തീകരണത്തിനും നിലനില്പിനുമായി നിലകൊണ്ട സമര്‍പ്പിത ജീവിതമായിരുന്നു ശ്രീമതി സുഗതകുമാരിയുടേത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായുള്ള കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ ആശയം രൂപപ്പെട്ടത് ശ്രീമതി സുഗതകുമാരി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരിക്കുമ്പോഴായിരുന്നു. ആയിരക്കണക്കിന് സ്ത്രീകളുടെ ചെറുതും വലുതുമായ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയെന്ന നിലയില്‍ ശ്രീമതി സുഗതകുമാരിക്ക് കഴിഞ്ഞിരുന്നു. മൂന്നര പതിറ്റാണ്ടായി തിരുവനന്തപുരം  നഗരത്തിലെ അഭയയില്‍ അഗതികള്‍ക്ക് തണല്‍വീടൊരുക്കി ആ കവിമുത്തശ്ശി കനിവിന്റെ മറ്റൊരു കാവ്യം രചിക്കുകയായിരുന്നു.’

 

∙ കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹികപ്രവർത്തക

 

പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവായ സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായിരുന്നു സുഗതകുമാരിയെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരാഞ്ജലി സന്ദേശത്തിൽ പറഞ്ഞു. പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയായ സുഗതകുമാരി കേരള സംസ്ഥാന വനിതാ കമ്മീഷന്റെ മുൻ ചെയർപഴ്സനുമാണ്.

 

English Summary : Remembering Sugathakumari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com