ADVERTISEMENT

ദൂരെയാരോ കൊളുത്തിനീട്ടുമാ 

ദീപവും നോക്കിയേറെയേകയായ് 

കാത്തുവയ്ക്കുവാനൊന്നുമില്ലാതെ

തീർത്തുചൊല്ലുവാനറിവുമില്ലാതെ

പൂക്കളില്ലാതെ, പൂലരിയില്ലാതെ 

ആർദ്രമേതോ വിളിക്കു പിന്നിലായ്

പാട്ടു മൂളി ഞാൻ പോകവേ, നിങ്ങൾ 

കേട്ടുനിന്നുവോ തോഴരേ, നന്ദി...നന്ദി ...

 

മനസ്സ് നിറയെ കവിതയും വിനയവുമുള്ള കവയിത്രി ഇമ്പമാർന്ന സ്വരത്തിൽ, ഈണത്തോടെ, ആത്മാവിലേക്കിറ്റുവീഴുന്ന മഴത്തുള്ളികൾ പോലെ കവിത ചൊല്ലുന്നു. മതിവരാതെ വീണ്ടും വീണ്ടും നന്ദി പറയുന്നു. നന്ദി പറയേണ്ടത് കവയിത്രിയല്ല, മലയാളമാണ്: ഒരു ജീവിതം മുഴുവൻ മലയാളികൾക്കുവേണ്ടി കവിത ചൊല്ലിയതിന്... മാതൃഭാഷയ്ക്കുവേണ്ടി തളരാതെ പോരാടിയതിന്. നന്ദി പറയേണ്ടത് കൈരളിയാണ്: കേരളത്തിന്റെ പച്ചപ്പാർന്ന പ്രകൃതിക്കും ആനയും ഉറുമ്പും പൂവും പൂമ്പാറ്റയും പഴുതാരയുമുൾപ്പെട്ട സകല ജീവജാലങ്ങൾക്കും വേണ്ടി വിശ്രമിക്കാതെ പ്രക്ഷോഭപാതയിലിറങ്ങിയതിന്. മലയാള കവിതയുടെ തിരുനെറ്റിയിലെ മായാത്ത, മായ്ക്കാനാവാത്ത സിന്ദുരപ്പൊട്ടാണ് ഈ കവയിത്രി - സുഗതകുമാരി; മലയാളത്തിന്റെ, കൈരളിയുടെ സുഗത ടീച്ചർ.

 

തുലാവർഷത്തിലെ ആദ്യമഴയിൽത്തന്നെ കുളിർത്ത്, പൂത്ത്, തഴച്ച് ആകെ പച്ചയണിയുന്ന പ്രകൃതിയെപ്പോലെ കവിതയുടെ തോരാത്ത മഴയും നിലാവിന്റെ തീരാത്ത ഭംഗിയും പകരുന്ന കവയിത്രി. ജന്മങ്ങളായി മനസ്സിൽ കണ്ണനെ പ്രതിഷ്ഠിച്ച്, ഒരുനാളും കെടാത്ത നെയ്‌വിളക്കായി കണ്ണനുവേണ്ടി തെളിഞ്ഞുകത്തുന്ന കവിതകളുടെ ഉടമ. അവഗണനയുടെ വേദനയും ഒറ്റപ്പെടലിന്റെ നിസ്സഹായതയും പാടേ മറന്ന് പ്രതീക്ഷയുടെ പുതുപുലരിയിലേക്കു സംഘർഷത്തിന്റെയും അസാമാധാനത്തിന്റെയും ഇരുട്ടിലൂടെ തനിച്ചു നടന്നുപോകുന്നവരെക്കുറിച്ചുള്ള കവിതകളുടെ രചയിതാവ്. ആരുമില്ലാത്തവർക്കും എല്ലാവരുമുള്ളവർക്കും ഒരേപോലെ അഭയം പകരുന്ന സാന്ത്വനത്തിന്റെയും സൗമ്യതയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും അമ്മ. സൗമ്യതേജസ്സാർന്ന വാർധക്യത്തിലും കവിതയുടെ കൈ പിടിച്ച് നിത്യതാരുണ്യം വഴിയുന്ന മുഖത്തോടെ, നവയൗവ്വനം തിളങ്ങുന്ന കണ്ണുകളോടെ കാവ്യോപാസന തുടർന്ന സുഗതകുമാരി. സരസ്വതി സമ്മാനം നേടിയ ‘മണലെഴുത്ത്’ എന്ന കവിതാസമാഹാരത്തിലും കവിത്വത്തിന്റെ വറ്റാത്ത ഉറവയുള്ള കവിതകൾ വായിക്കാം.

 

ഒരുകോടി വിരലുകൾ 

കൊതിയോടെ, പിന്നെയും 

ചൊരിമണലിലെഴുതുന്നു 

പ്രേമം

ഒരിക്കലും വറ്റാത്ത പുഴ പോലെയാണ് സുഗതകുമാരിയുടെ കവിത; ടീച്ചർ എന്തിനെക്കുറിച്ചെഴുതിയാലും അതു കവിതയുമാണ്. എന്നും കവിതയുടെ തടവിൽ കിടക്കാൻ വിധിക്കപ്പെട്ട മനസ്സ്. ആ തടവ് ഒരു അനുഗ്രഹമായി കരുതിയ മനസ്സ്. പച്ചപ്പ് നഷ്ടപ്പെടുന്ന പ്രകൃതിയെക്കുറിച്ച്, വെട്ടിത്തെളിക്കപ്പെടുന്ന കാടുകളെക്കുറിച്ച്, മഴു തിന്ന മാമരക്കൊമ്പുകളെക്കുറിച്ച്, പ്രകൃതി വാരിച്ചൊരിഞ്ഞ അനുഗ്രഹങ്ങളായ സൈലന്റ് വാലിയേയും അതിരപ്പിള്ളിയേയും കുറിച്ച്, പിച്ചിച്ചീന്തപ്പെടുന്ന പെൺകുട്ടികളെക്കുറിച്ച്, തെരുവിലേക്കു വലിച്ചെറിയപ്പെടുന്ന വാർധക്യങ്ങളെക്കുറിച്ച്...

 

ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി. 

മഴുതിന്ന മാമരക്കൊമ്പിൽ തനിച്ചിരുന്നൊ-

ടിയാച്ചിറകിന്റെ താളമോടെ.

നോവുമെന്നോർത്തോ, പതുക്കെ യനങ്ങാതെ

പാവം പണിപ്പെട്ടു പാടിടുന്നു. 

 

ഒടിഞ്ഞചിറകു കൊണ്ട് താളമിട്ട്, പാട്ടുപാടുന്ന ഒരു പാവം പക്ഷിയുടെ വേദനയും നിസ്സഹായതയും നിറഞ്ഞതായിരുന്നു സുഗതകുമാരിയുടെ ആദ്യകാല കവിതകൾ. പ്രിയപ്പെട്ടവൻ വിഷപാത്രം സമ്മാനിച്ചപ്പോഴും വിഷത്തിന്റെ കാഠിന്യം മറന്ന് തൊണ്ടപൊട്ടിപ്പാടുന്ന കാമുകി ആ കവിതകളിൽ നിറഞ്ഞുനിന്നു. കാലം പോകെ, പ്രക്ഷോഭത്തിന്റെ ചൂടും പോരാട്ടത്തിന്റെ ചൂരും പ്രതിഷേധത്തിന്റെ അഗ്നിയും ആ കവിതകളെ ജ്വലിപ്പിച്ചു. ഇടവപ്പാതിയുടെ തോരാമഴ,  ഭ്രാന്തിയെപ്പോലെ മുടിയഴിച്ചാടുന്ന രാത്രിമഴയുടെ ഭാവം പകർന്നു. നിസ്സഹായയായി മാറിനിൽക്കുന്നതിനു പകരം ആരും ഇഷ്ടപ്പെടാത്ത ചോദ്യങ്ങൾ ചോദിക്കുന്നതും സമരപാതയിലേക്ക് ഇറങ്ങാൻ ആഹ്വാനം ചെയ്യുന്നതുമായിമാറി കവിതകൾ. പക്ഷേ, അന്നുമിന്നും സുഗതകുമാരിയുടെ കവിതകളുടെ ആത്മാവിൽ രാധ എന്ന ബിംബമുണ്ട് സ്ത്രീയായും പ്രകൃതിയായും ഭാവം മാറുന്ന ബിംബം. നിഗൂഢമായി കൃഷ്ണനെ ആത്മാവ് കൊണ്ട് അർച്ചിച്ചുപോന്ന ഗോപിക. കൃഷ്ണൻ കാലിൽ കോലരക്കിൻചാറണിഞ്ഞുകൊടുക്കുമ്പോൾ പുളകിതയാകുന്ന രാധിക. കാടാണ്.. എന്ന കവിതയിൽ കവയിത്രി എഴുതുന്നു: 

 

കാടാണ്; കാട്ടിൽ കടമ്പിന്റെ കൊമ്പത്തു

കാൽതൂക്കിയിട്ടിരിപ്പാണു രാധ...

 

തീരെ ദരിദ്രമായ തന്റെ നാട്ടിലെ ഏതൊരു സ്ത്രീയും ഉള്ളിന്റെയുള്ളിൽ ഒരു രാധയാണെന്ന് കവയിത്രിക്ക് അറിയാം. കണ്ണീർ നിറഞ്ഞ മിഴിയുമായി ആ രാധ കണ്ണനെത്തന്നെ തേടിനടക്കുന്നു. ദൈവത്തിനും മുകളിൽ സ്നേഹത്തെ ഇരുത്തിപ്പൂജിക്കുന്നവൾ. കാലത്തിന്റെ കരങ്ങളിൽ മാത്രം സമാശ്വാസം തേടുന്നവൾ. കടലോളം കണ്ണീർ കുടിക്കുമ്പോഴും ചിങ്ങവെയ്‌ലൊളി പോലെ ചിരിക്കുന്നവൾ. ഉള്ളിൽ കൊടുംതീയാളിടും ധരിത്രിയെപ്പോലെ തണുത്തിരുണ്ടവൾ. ഇങ്ങനെയുള്ള രാധയെ ഉള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ തന്റെ ജൻമം തീരാത്ത തേടലാകുന്നുവെന്ന് ടീച്ചർ എഴുതുന്നു. അവഗണനയും ആത്മവേദനയും ദുരിതങ്ങളുമെല്ലാം സഹിക്കേണ്ടിവരുന്നുവെങ്കിലും രാധയുടെ പരിശുദ്ധപ്രേമം കാണാതിരിക്കാൻ കണ്ണനുപോലും കഴിയുന്നില്ല. 

 

കൃഷ്ണ നീയെന്നെ അറിയില്ല എന്ന പ്രശസ്ത കവിത രാധാ-കൃഷ്ണ പ്രണയത്തിന്റെ സമ്മോഹന മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. അക്രൂരൻ മഥുരയിൽനിന്നു കൃഷ്ണനെ കൂട്ടിക്കൊണ്ടുപോകുമ്പോൾ ഒരു ഗോപികയുടെ മനസ്സിലൂടെ കടന്നുപോകുന്ന വിചാരങ്ങളുടെ രൂപമാണ് ഈ കവിതയ്ക്ക്. കൃഷ്ണന്റെ രഥത്തിനു പിന്നാലെ കരഞ്ഞുകൊണ്ട് ഗോപികമാർ. കവിതയിലെ ഗോപിക മാത്രം വീട്ടുവേലയും മറ്റു കുടുംബകാര്യങ്ങളും തീർക്കാനാകാത്തതിനാൽ അവന്റെ അടുത്തു ചെല്ലാത്തതിനാൽ, നേരിട്ടു കാണാനാകാത്തതിനാൽ കൃഷ്ണനു തന്നെ അറിയില്ലെന്നാണ് ഗോപികയുടെ വിചാരം. പക്ഷേ യാത്രയ്ക്കിടെ ഗോപികയുടെ വീടെത്തവേ കൃഷണന്റെ രഥം ഒരു മാത്ര ഗോപികയുടെ വീടിനു മുന്നിൽ നിൽക്കുന്നു. കരുണയാലാതെ തളർന്നൊരു സ്മിതം കൃഷ്ണൻ ഗോപികയ്ക്കു നൽകുന്നു. കൃഷ്ണ നീയറിയില്ല എന്നെ എന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഗോപിക അപ്പോഴാദ്യമായി കൃഷ്ണ നീയറിയുമോ എന്നെ എന്ന്  ചോദിച്ചുപോകുന്നു. നിർമലമായ സ്നേഹം തിരിച്ചറിയപ്പെടുകതന്നെ ചെയ്യും എന്ന ശുഭാപ്തിവിശ്വാസമാണ് കവിതയുടെ കാതൽ.

 

സമാനഹൃദയ നിനക്കായ് പാടുന്നേൻ എന്ന കവിതയിൽ ടീച്ചർ എഴുതുന്നു: 

നിഷ്ഫലമല്ലീ ജൻമം , തോഴ

നിനക്കായ് പാടുമ്പോൾ 

നിഷ്ഫലമല്ലീ ഗാനം, നീയിതു 

മൂളിനടക്കുമ്പോൾ...! 

സഫലമായൊരു കാവ്യജീവിതമാണ് സുഗതകുമാരിയുടേത്. ആ കവിതകൾ ഏറ്റുപാടാൻ, ഉൾക്കൊള്ളാൻ കവിതയെ സ്നേഹിക്കുന്ന അനേകം പേരുണ്ട്.

 

English Summary: Sugathakumari - a poetess with a unique style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com