മണ്ണിനും മരത്തിനും വേണ്ടി നെഞ്ചുപൊട്ടിപ്പാടിയ മലയാളത്തിന്റെ മനസ്സാക്ഷി

HIGHLIGHTS
  • അങ്ങനെയാണ് സുഗതകുമാരിയും സൈലന്റ്‍വാലി കവി എന്നറിയപ്പെട്ടത്.
  • കാടിനു തീപിടിക്കുന്നു എന്നാദ്യം വിളിച്ചുപറയുന്നത് കാട്ടുകിളിയാണ്.
Sugathakumari
സുഗതകുമാരി
SHARE

കവിതയെഴുതിയ സുഗതകുമാരിയെ മലയാളം കൈനീട്ടി സ്വീകരിച്ചെങ്കില്‍ സാമൂഹിക പ്രവര്‍ത്തനത്തിന്റെ പേരില്‍ അവര്‍ സൃഷ്ടിച്ചത് ശക്തമായ ശത്രുസൈന്യത്തെ. മണ്ണിനെ മലിനമാക്കിയവർക്കും കാടിന്റെ അന്തകർക്കും പരിസ്ഥിതിയെ വിഷമയമാക്കിയവര്‍ക്കുമെതിരെ കവിത പടവാളാക്കി അവര്‍ പോരാടിയപ്പോള്‍ സുഗതകുമാരിക്കെതിരെ അപവാദ പ്രചാരണങ്ങള്‍പോലുമുണ്ടായി. കുളം വറ്റിച്ചു മണ്ണിട്ടുയര്‍ത്തി മണിമേടകള്‍ പണിയുമ്പോള്‍, കാട് വെട്ടിത്തെളിക്കുമ്പോള്‍, മരത്തിന്റെ കൊമ്പൊടിക്കുമ്പോള്‍.. അരുത് എന്ന ശബ്ദമുയര്‍ത്തി സുഗതകുമാരി. അതിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ പുരസ്കാരമായി കണ്ടു കവയിത്രി. അവരുടെകൂടി നിരന്തരവും നിര്‍ഭയവുമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പാരിസ്ഥിതിക ജാഗ്രത മലയാളത്തില്‍ വേരുറപ്പിച്ചത്. 

എന്നാല്‍ കവിത എന്തായിരിക്കണം, എന്തിനുവേണ്ടിയായിരിക്കണം എന്നൊന്നും കവികളോടു കല്‍പിക്കുന്നത് അവര്‍ അംഗീകരിച്ചുമില്ല. 

കാടിനു തീപിടിക്കുന്നു എന്നാദ്യം വിളിച്ചുപറയുന്നത് കാട്ടുകിളിയാണ്. പാട്ടു മൂളുകയും തേനുണ്ണുകയും ഇണയോടൊത്ത് വിഹരിക്കുകയും ആകാശത്തില്‍ പറന്നുയര്‍ന്ന് ഉല്ലസിക്കുകയും കൂടുകൂട്ടി കുട്ടികള്‍ക്ക് കൂട്ടിരിക്കുകയും അവയെ പറക്കാനും തീറ്റതേടാനും പഠിപ്പിക്കുകയുമൊക്കെ ചെയ്യാനുണ്ട് കിളിക്ക്. എങ്കിലും വസന്തത്തെപ്പറ്റി പാടിപ്പുകഴ്ത്തി പൂമരക്കൊമ്പത്ത് മയങ്ങിയിരിക്കുമ്പോള്‍ത്തന്നെ, വിദൂരതയിലെങ്ങോ ഒരു പുകമണമുയരുമ്പോള്‍ കിളി പിടഞ്ഞുണരുന്നു. അസ്വസ്ഥതയോടെ ശ്രദ്ധിക്കുന്നു. എന്നിട്ടുറക്കെ വിളിച്ചുചൊല്ലുന്നു: അതാ കാടിനു തീ പിടിക്കുന്നു എന്ന്. സുഗതകുമാരി കവിതയിലൂടെ നിരന്തരം ആവിഷ്കരിച്ചതും ഈ കവികര്‍മം തന്നെ. അതു കവിതയുടെ ധര്‍മവും കവിയുടെ മോക്ഷവും കൂടിയാകുന്ന അപൂര്‍വതയ്ക്കാണ് മലയാളം സാക്ഷ്യം വഹിച്ചത്. 

ചിറകൊടിഞ്ഞു പോകുന്നുവെന്നും ഇനിയീ മനസ്സില്‍ കവിയില്ലെന്നും, ഞാനിമിതുപോലെ രാത്രിമഴ പോലെ എന്നുമൊക്കെ ചില നേരത്ത് നിരാശയോടെ വിലപിച്ചുവെങ്കിലും ആരുമില്ലെങ്കിലെന്തായിരം കൊമ്പത്തു താരുകളുണ്ട്, താരങ്ങളുണ്ട് എന്നവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരേ മനസ്സോടെ, വിങ്ങലോടെ, പ്രാര്‍ഥനയോടെ മലയാളം സുഗതകുമാരി എന്ന കവിയെ കേട്ടുനിന്നു. 

ഒക്കെയും പതിവുപോല്‍, 

എങ്കിലുമോര്‍മ്മിക്കുവാ- 

നിത്രയും കുറിക്കുന്നേന്‍ 

ഇളയ യാത്രക്കാരേ, 

ഇത്തിരി മാത്രം നേരം 

കൈകോര്‍ക്കു നടക്കുവാന്‍ 

ഇത്തിരയല്ലോ നേരം 

കൊതിക്കാന്‍, സ്നേഹിക്കാനും. 

ഹരിതാവബോധം സൃഷ്ടിക്കാന്‍ ശ്രമിച്ച കവികളെ പല പേരില്‍ പലരും കളിയാക്കി. അങ്ങനെയാണ് സുഗതകുമാരിയും സൈലന്റ്‍വാലി കവി എന്നറിയപ്പെട്ടത്. പാരിസ്ഥിതികാവബോധത്തിനു വിത്തിട്ട താനുള്‍പ്പെട്ട കവികളുടെ തീവ്രയത്നത്തിന്റെ ധന്യതയെ ഇരുപതിറ്റാണ്ടുകള്‍ക്കു ശേഷം അവസാന കവിതാ സമാഹാരത്തില്‍ സുഗതകുമാരി ഓര്‍മിക്കുന്നുണ്ട്: സൈലന്റ് വാലിയില്‍ വീണ്ടും. അരുത് പേടിക്കരുതെന്ന് കവിതയുടെ മന്ത്രം ജപിക്കുകയാണ് അവര്‍ സൈലന്റ്‍വാലിയില്‍. എന്നാല്‍ പരിസ്ഥിതിയെ കാക്കാന്‍ കവിത മാത്രം പോരെന്ന തിരിച്ചറിവില്‍ ആ കണ്ണുകള്‍ നനയുന്നു. ആടിക്കറുപ്പാര്‍ന്ന കന്യയായ കാടിനോട് കവി വീണ്ടും മന്ത്രിക്കുന്നു: അരുത് പേടിക്കേണ്ട, ഞാനിവിടെയുണ്ടെന്ന്. കലമാനിനെപ്പോലെ കൊമ്പുകളുയര്‍ത്തി കാവല്‍ നില്‍ക്കുന്നു കവി; മലനാടിന്റെ മനസ്സാക്ഷി. 

കവി യാത്രയായാലും ആ കവിത മലയാളത്തിന്റെ മണ്ണില്‍നിന്നു വിടവാങ്ങുന്നില്ല. മരത്തില്‍, ചെടിയില്‍, പൂവില്‍, മൊട്ടില്‍, മഴയില്‍, ആകാശത്തും ഭൂമിയിലും ആ ശബ്ദം ഇനിയും അലയടിക്കും. 

ചുറ്റിലും കുളുര്‍പ്പച്ച, യലിവ്, നിരാര്‍ദ്രമാം 

ഹൃത്തിലും മഴക്കൂണിന്‍ വെളുത്ത കുടക്കൂട്ടം. 

തോരാതെ വാരിത്തന്നു നീയിന്നും മഴക്കാറേ, 

നീരറ്റ കണ്ണില്‍ കണ്ണീര്‍, കരളില്‍ കവിതയും... 

English Summary : Sugathakumari Who Fight For Environment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRIBUTE TO SUGATHAKUMARI
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;