ജ്ഞാനപീഠത്തെ മോഹിപ്പിച്ച കവിത

HIGHLIGHTS
  • മണലെഴുത്തിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ സരസ്വതീ സമ്മാനവും ലഭിച്ചു.
  • സുഗതകുമാരിക്കല്ലാതെ മറ്റാര്‍ക്കാണ് ജാഞാനപീഠം ലഭിക്കാന്‍ അര്‍ഹത
Sugathakumari
സുഗതകുമാരി
SHARE

മലയാളത്തിന് ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ജി.ശങ്കരക്കുറുപ്പിന്റെ അനുഗ്രഹം ആവോളം ലഭിച്ച കവയിത്രിയാണ് സുഗതകുമാരി. എന്നാല്‍, കവിതയുടെ പേരില്‍ ജ്ഞാനപീഠത്തിന് എല്ലാ അര്‍ഹതയുമുണ്ടായിരുന്ന സുഗതകുമാരിക്ക് മറ്റു പ്രമുഖ പുരസ്കാരങ്ങള്‍ മിക്കതും ലഭിച്ചെങ്കിലും ജ്ഞാനപീഠം മാത്രം അകന്നുനിന്നു. 2006 ല്‍ പത്മശ്രീ ലഭിച്ച കവയിത്രിയുടെ അവസാനത്തെ കവിതാ സമാഹാരമായ മണലെഴുത്തിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ സരസ്വതീ സമ്മാനവും ലഭിച്ചു. ജഞാനപീഠം ലഭിച്ചിരുന്നെങ്കില്‍ പെണ്ണിനും പ്രകൃതിക്കും വേണ്ടി പാടി മലയാളത്തില്‍ ആ വലിയ പുരസ്കാരം എത്തിക്കുന്ന ആദ്യത്തെ പെണ്ണാകുമായിരുന്നു സുഗതകുമാരി; അതായിരുന്നു കാവ്യനീതിയും. കവിതയെ മഴയും വെയിലും നിലാവും പോലെ സ്വാഭാവികമാക്കിയ സുഗതകുമാരിക്കല്ലാതെ മറ്റാര്‍ക്കാണ് ജാഞാനപീഠം ലഭിക്കാന്‍ അര്‍ഹത എന്ന ചോദ്യവും ബാക്കി. എന്നാല്‍ ആ പുരസ്കാരം വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ഒഴിഞ്ഞുനിന്നെങ്കിലും മലയാളത്തിലെ തലമുതിര്‍ന്ന കവികളുടെ നിസ്സീമമായ പ്രശംസ ആവോളം ലഭിച്ചിട്ടുണ്ട്  സുഗതകുമാരിക്ക്. 

കാവ്യസമാഹാരത്തിന് അവതാരിക ചോദിച്ചപ്പോള്‍ സുഗതകുമാരിയോട് ജി. ശങ്കരക്കുറുപ്പ് തിരിച്ചു ചോദിച്ചത് ഒരു ചോദ്യമാണ്. ഏതു കാവ്യാസ്വാദകനും ചോദിക്കുന്ന ചോദ്യം. ഉഷസ്സ് ആരുടെയും അവതാരികയോടുകൂടിയല്ലല്ലോ പ്രപഞ്ചത്തിലേക്കു കടക്കുന്നതെന്ന്. ഈ ഹൃദയംഗമമായ കവിതകള്‍ക്കും ഒരവതാരിക വേണമോ എന്നു ചോദിച്ചത് ബാലാമണിയമ്മ. അകന്നും ഒട്ട് ഉയര്‍ന്നുംനിന്ന് ഈ കവിതകളെ നോക്കിക്കാണാനും അവയെപ്പറ്റി നിസ്സംഗതയോടെ അഭിപ്രായം രൂപീകരിക്കാനും ഇന്നേവരെ എനിക്കു സാധിച്ചിട്ടില്ല എന്നു പറഞ്ഞത് എന്‍.വി. കൃഷ്ണവാരിയര്‍. 

പുതിയ തലമുറയിലെ ആത്മാരാമന്‍ എന്ന കവിയെഴുതി: ഞാനിതാ ആ കാവ്യപാദങ്ങളെ തൊട്ടൊന്നു കണ്ണില്‍ വയ്ക്കട്ടെ. കാരണം എന്റെ ഹൃദയത്തില്‍ ഞാന്‍ നിന്റെ പാദങ്ങളെ പണ്ടേ പ്രതിഷ്ഠിച്ചിരിപ്പൂ ! 

ജി. ശങ്കരക്കുറുപ്പ് മരണവുമായി മല്ലിട്ട് ആശുപത്രിയില്‍ കിടക്കുന്ന സമയം. എന്തൊക്കെയോ പുലമ്പിക്കൊണ്ട്, തലയിട്ടുരുട്ടിക്കൊണ്ട് കിടക്കുന്ന ഒരു സായാഹ്നം. പല സുഹൃത്തുക്കളും അടുത്തുചെന്നിട്ടും ആരെയും അദ്ദേഹം തിരിച്ചറിയുന്നില്ല. ‘ഇന്നു മീറ്റിങ്ങിന് വരുന്നില്ലെന്ന് പറയൂ, എനിക്കു സുഖമില്ല’ എന്നൊക്കെ പറയുന്നുണ്ട്. അരികില്‍ ചെല്ലാന്‍ മനസ്സിനു ബലമില്ലാതെ ദൂരെ മാറിനിന്ന സുഗതകുമാരിയില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തറച്ചു. അവര്‍ ഒടിച്ചെന്ന് കട്ടിലിനു താഴെ മുട്ടുകുത്തിയിരുന്നു. അദ്ദേഹത്തിന്റെ മകള്‍ രാധ ചോദിച്ചു: ആരാണെന്ന് അച്ഛനു മനസ്സിലായോ? 

മനസ്സിലായെന്നദ്ദേഹം ശിരസ്സ് ചലിപ്പിച്ചു. 

ആര് എന്നു വീണ്ടും രാധ ചോദിച്ചപ്പോള്‍ തളര്‍ന്ന ശബ്ദത്തില്‍ ‘സുഗത’ എന്നദ്ദേഹം മന്ത്രിച്ചു. വിറയ്ക്കുന്ന കൈ കവയിത്രിയുടെ ശിരസ്സിനു മേലേക്ക് ഉയര്‍ന്നു. തലയില്‍ കൈവച്ചുകൊണ്ട് അദ്ദേഹം അനുഗ്രഹിച്ചു: നല്ല കവിത, കേട്ടോ, നല്ല കവിത. 

‘ഒരു ചെറിയ കുട്ടിയെ ആശ്വസിപ്പിക്കുന്നതുപോലെ ആ ശബ്ദം. ഇതിനപ്പുറം ഒരനുഗ്രഹം കിട്ടാനില്ല എനിക്കും എന്റെ കവിതയ്ക്കും’ എന്നാണ് ആ നിമിഷത്തെക്കുറിച്ച് കവയിത്രി പറഞ്ഞത്. ജ്ഞാനപീഠ ജേതാവിന്റെ അനുഗ്രഹം ജ്ഞാനപീഠം പോലെ ഏറ്റുവാങ്ങിയ സുഗതകുമാരിയുടെ കവിതയ്ക്ക് ഒരു പുരസ്കാരവും അളവുകോലല്ല. മലയാളത്തിന്റെ ഹൃദയത്തിന്റെ കൊമ്പിലാണ് അവര്‍ കവിതയുടെ കൂട് കൂട്ടിയത്. പാടിയത് ആത്മാവിന്റെ ശബ്ദത്തില്‍. വിശുദ്ധമായ കവിതയുടെ മുഗ്ധ ലാവണ്യപ്പൊന്‍തിടമ്പ്. 

English Summary : Sugathakumari Who Writes For Women And Nature 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;