കഥകളുടെ ലോക്കോ പൈലറ്റ്; വാക്കുകളുടെ ബുദ്ധനും ഗുണ്ടാത്തലവനും

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • വി.ഷിനിലാലിന്റെ എഴുത്തുവണ്ടിയിൽ റിസർവേഷനില്ലാതെയൊരു സഞ്ചാരം
literature-channel-puthuvakku-v-shinilal-wrtier-image
വി.ഷിനിലാൽ
SHARE

ഓർമകൾ പാളംതെറ്റിയോടുന്ന വർത്തമാനകാലത്തു വായനക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന കഥകളുടെ ലോക്കോ പൈലറ്റാണ് വി.ഷിനിലാൽ. തീവണ്ടിയുടെ പശ്ചാത്തലത്തിൽ മലയാളത്തിലിറങ്ങിയ ആദ്യ നോവലെന്ന ഖ്യാതിയുള്ള ‘സമ്പർക്കക്രാന്തി’യുടെ രചയിതാവാണ് ദക്ഷിണ റെയിൽവേയിൽ ടിടിഇ കൂടിയായ ഈ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി. ഒരേസമയം ഒരു ബുദ്ധനും ഒരു ഗുണ്ടാത്തലവനും ഷിനിലാലിന്റെ കഥകളിലുണ്ട്. ‘കാക്കാലസദ്യ’യിലെ രായമ്മയാണെങ്കിലും ‘സമ്പർക്കക്രാന്തി’യിലെ കരംചന്ദ് ആണെങ്കിലും ഇത്തരം വിപരീതഭാവങ്ങളുടെ പകർന്നാട്ടങ്ങളിലൂടെ മനസ്സിൽ നിന്നിറങ്ങിപ്പോകാൻ കൂട്ടാക്കാത്ത തരം മനുഷ്യരാണ്. ചരിത്രവും വർത്തമാനവും ഭാവിയുമെല്ലാം ഇഴപിരിഞ്ഞു ചേർന്ന ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ നാടിന്റെ ആത്മാവ് വാക്കുകളിലാവാഹിച്ച കഥാകൃത്തിന്റെ എഴുത്തുവണ്ടിയിൽ റിസർവേഷനില്ലാതെയൊരു സഞ്ചാരം.

∙പുതിയകാലം എഴുതുമ്പോഴാണെങ്കിലും പഴയകാലം വിവരിക്കുമ്പോഴാണെങ്കിലും ജാതി ഒരു ക്രൂരമായ, മനുഷ്യപ്പറ്റില്ലാത്ത യാഥാർഥ്യമായി ഷിനിലാലിന്റ കഥകളിൽ അലിഞ്ഞു കിടപ്പുണ്ട്. ഒരു രോഷപ്രകടനമായോ പരിഹാസമായോ ആ വിവേചനത്തിനെതിരായ പ്രതികരണങ്ങൾ പുറത്തുവരുന്നുമുണ്ട്. ഈ നിരീക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ജാതിയുടെ ഒരു മ്യൂസിയമാണ് ഇന്ത്യ. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അതു പ്രവർത്തിക്കുന്നുണ്ട്. ജാതി അടിച്ചമർത്തലിന്റെ ഉപകരണമാണ്. ഒറ്റ ആയുധവും പ്രയോഗിക്കാതെയാണ് അതു ദുർബല മനുഷ്യരെ കീഴ്പ്പെടുത്തിക്കളഞ്ഞത്. ചാതുർവർണ്യം കടന്നുവരുന്നതിന് മുമ്പു തദ്ദേശീയരായ, പിൽക്കാലത്ത് അവർണർ എന്നു വിശേഷിപ്പിക്കപ്പെട്ട ജനത തന്നെയായിരുന്നു ഇവിടുത്തെ ഭരണാധികാരികൾ. പക്ഷേ, പിന്നീടു നമ്മുടെ ഫോക്‌ലോറിലേക്ക് അവർ ചുരുങ്ങിപ്പോയി. അധിനിവേശകർ ആയുധം കൊണ്ടല്ല, കഥകൾ കൊണ്ടാണു കീഴ്പ്പെടുത്തിയത്. അതാണു കഥകളുടെ ശക്തി. അതുകൊണ്ട് അധിനിവേശത്തിനെതിരെയും കഥകൾ തന്നെ ആയുധമാക്കാവുന്നതാണ്. കോതറാണിയുടെ കഥ നോക്കൂ, റാണിയുടെ മകളെ മോഹിച്ചു വരുന്ന ക്ഷത്രിയ രാജാവിനോട് കോതറാണി ചോദിക്കുന്നത് ഇങ്ങനെയാണ്: ‘‘ഒരു സാമന്തൻ, അതും കോലത്ത് നാട്ടിൽനിന്നു ദത്തു വന്ന ഒരുത്തൻ മകളെ ചോദിക്കുന്നോ?’’. ഓർക്കേണ്ടതിതാണ്. കോത റാണി പുലയിയും മറ്റേയാൾ ക്ഷത്രിയനും ആയിരുന്നു. അധിനിവേശത്തിന്റെ ആദ്യകാലത്ത് ഉണ്ടായ കഥയാവാം. ഇത്തരം കഥകൾ കേട്ടാണു വളർന്നത്. ഒപ്പം ഞാൻ ജനിച്ചു ജീവിക്കുന്ന പ്രദേശത്തു മിക്കവാറും എല്ലാ ജാതി മതസ്ഥരും ഉണ്ട്. അതിന്റേതായ സ്വതന്ത്രബുദ്ധിയും സഹിഷ്ണുതയും ഉണ്ട്. വേടർ ആണ് എന്റെ നാട്ടിലെ ആദിമ മനുഷ്യർ. ബാക്കിയുള്ളവരെല്ലാം വരുത്തരാണ്. ഓരോ വിഭാഗം കടന്നു വന്നപ്പോഴും ഈ മനുഷ്യർ കൂടുതൽ കൂടുതൽ ഉള്ളിലേക്കു തള്ളപ്പെട്ടു. മറ്റെല്ലാവരും ജനസംഖ്യാപരമായി വളരുകയും ഭൂമി കൈയടക്കുകയും ചെയ്തപ്പോൾ ഇവർ ചെറുകോളനികളിലേക്ക് ഒതുക്കപ്പെട്ടു. എന്റെ കൺമുന്നിൽ തന്നെയാണ് ഈ ഒതുക്കലിന്റെ അവസാനഘട്ടം നടന്നിട്ടുള്ളത്. സ്വാഭാവികമായും എഴുത്തിൽ ഇതെല്ലാം വരുന്നു.

literature-channel-puthuvakku-v-shinilal-book

∙തിരുവനന്തപുരം നഗരത്തിന്റെ വർത്തമാനത്തിലൂടെയാണ് ‘മച്ചിപ്ലാവിലെ’ അമൈലാൻ സഞ്ചരിക്കുന്നത്. അതേ പ്രദേശത്തിന്റെ ഭൂതത്തിലാണ് ‘കാലുകളിലെ’ അയ്യൻ ജീവിക്കുന്നത്. തിരുവനന്തപുരവും നെടുമങ്ങാടും പരിസര ദേശങ്ങളും അവിടുത്തെ ജീവിതവും പുരാവൃത്തങ്ങളും രാഷ്ടീയവുമെല്ലാം ഷിനിലാലിന്റെ എഴുത്തിൽ തുടരെ പ്രത്യക്ഷപ്പെടുന്നുണ്ട്. ജീവിതത്തിൽ വളരെ സ്വാധീനിച്ച പ്രദേശമാണോ തിരുവനന്തപുരം?

തീർച്ചയായും. തിരുവനന്തപുരവും നെടുമങ്ങാട് പ്രത്യേകിച്ചും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇവിടത്തെ ഭാഷ, ഭക്ഷണ ശീലങ്ങൾ, മനുഷ്യബന്ധങ്ങൾ, നാടോടിക്കഥകൾ ഒക്കെ. നിങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് അമൈലാനും അയ്യനും നടക്കുന്ന കാലം ശ്രദ്ധിച്ചത്. ഒരാൾ നഗരത്തിന്റെ വർത്തമാനത്തിൽ. യഥാർഥത്തിൽ തിരുവനന്തപുരം നഗരം കൊച്ചു ഗ്രാമങ്ങളുടെ ഒരു കൂട്ടമാണ്. പ്രധാന റോഡിൽ നിന്ന് അകത്തേക്കിറങ്ങിയാൽ ഒരു വാഴപ്പണയോ തെങ്ങിൻ കട്ടയ്ക്കാലോ ഇപ്പോഴും കാണാനാവും. അമൈലാൻ നടക്കുന്ന വഴികൾ അതാണ്. കുറവൻകോണം എന്ന സ്ഥലത്ത് അംബരചുംബിയായ ഫ്ലാറ്റ് നോക്കി നിന്ന് അയാൾ ചിന്തിക്കുന്നത്, ഇവിടെ ഒരു കുറവനെങ്കിലും വസിക്കുന്നുണ്ടോ എന്നാണ്. നഗരം കൂടുതൽ നഗരമാകുമ്പോൾ ഈ പച്ചപ്പും പച്ച മനുഷ്യരും കൂടി അപ്രത്യക്ഷരാകും. അയ്യൻ നടക്കുന്നത് ഭൂതകാലത്തിലാണ്. വർത്തമാനം അയ്യനെയും അവന്റെ വംശത്തെയും ക്ഷയിപ്പിച്ചിരിക്കുന്നു. അവനു കാലൂന്നണമെങ്കിൽ ഉറപ്പുള്ള ഒരു തറ വേണം. ആ തറ കുറഞ്ഞത് ആയിരം വർഷം ആഴത്തിൽ ആണ്ടു കിടക്കുകയാണ്. സ്വാഭാവികമായും അവനു ചരിത്രത്തിൽ നടക്കുമ്പോൾ മാത്രമേ ശക്തിയുണ്ടാവൂ. വർത്തമാനം അവനു ഭീതിയാണ്.

 

∙മൈക്രോ ഗ്രീൻ, സ്പർശം, അഭീ കിത്‌നാ ദൂർ ഹേ, ഒരിക്കൽ ഒരു ബസ്, ഏഴു വളവുകൾ തുടങ്ങിയ 2020 ൽ ഷിനിലാൽ എഴുതിയ 5 കഥകളിലും ഏകാകികളായ മനുഷ്യരുടെ വ്യഥകളാണുള്ളത്. നഗരക്കാടിനുള്ളിലാകുമ്പോഴും ആൾക്കൂട്ടത്തിനുള്ളിലായിരിക്കുമ്പോഴും ഒറ്റയ്ക്കായിപ്പോകുന്നവർ. കോവിഡ് കാലം എങ്ങനെ ഈ കഥകളുടെ രൂപപ്പെടലിൽ പങ്കുവഹിച്ചു?

മനുഷ്യൻ ഒറ്റപ്പെടൽ അനുഭവിക്കുന്ന ദുർബല ജീവിയാണ്. അത് മറികടക്കാനാണ് പ്രസ്ഥാനങ്ങൾക്കുള്ളിൽ ചാടിക്കയറി നിന്ന് അലറുന്നത്. കല്യാണം കഴിക്കുന്നത്. പട്ടാളം, രാജ്യം, ഐക്യരാഷ്ട്ര സംഘടന തുടങ്ങിയ സംഗതികൾ ഉണ്ടാക്കുന്നത്. വാട്സാപ് ഗ്രൂപ്പ് തുടങ്ങുന്നത്. ഗൂഗിൾ മീറ്റ് നടത്തുന്നത്. എഴുത്തുകാരും കലാകാരൻമാരും ആണ് ഈ ഒറ്റപ്പെടൽ ഏറ്റവും തീവ്രമായി തിരിച്ചറിയുന്നത്. പിന്നെ സ്ത്രീകളും. സ്ത്രീ പ്രസവ സമയത്തും എഴുത്തുകാർ എഴുതുമ്പോഴും ആ അവസ്ഥ അറിയുന്നു. ഞാനും ഞാനും മാത്രമുള്ള അവസ്ഥ. ഒരു കുഴലിൽ കൂടി നൂഴ്ന്ന് പുറത്തിറങ്ങുന്ന അവസ്ഥ. ചിലപ്പോൾ മനുഷ്യകുലം ഒന്നാകെ ഒരു ഒറ്റയാളായി മാറി, ഒരേ വ്യാകുലത പങ്കുവയ്ക്കുന്ന സാഹചര്യം വന്നു ചേരും. ഭാഗ്യവശാൽ, ഈ കോവിഡ് കാലം അത്തരം ഒരവസ്ഥ അഭിമുഖീകരിക്കുന്ന ഹോമോസാപിയൻസിനെ നേരിട്ട് നിന്ന് നിരീക്ഷിക്കാൻ അവസരം ഉണ്ടാക്കിയിരിക്കുന്നു. മേൽപ്പറഞ്ഞ കഥകൾ ഇൻഡിവിജ്വലിന്റെ എന്ന പോലെ യൂണിവേഴ്സലും ആണെന്നാണു കരുതുന്നത്.

literature-channel-puthuvakku-v-shinilal-book-cover-article-image

∙‘‘അതക്കാ, ഒരു വീട്ടില് എല്ലാരും സന്തോഷിക്കണതായിറ്റ് പൊറത്ത് കാണണെങ്കില് നടുവൊടിഞ്ഞ്, നാവടക്കി പണിയെടുക്കണ ഒരു മനുഷ്യ ജന്തു അതിന്റെയുള്ളില് കാണും’’. കാക്കാലസദ്യയിലെ മായമ്മയുടെ ഈ വാക്കുകൾ സമീപകാല മലയാള കഥയിലെ ശക്തമായൊരു സ്ത്രീപക്ഷ അവതരണമാണ്. കുളച്ചൽ യുദ്ധത്തിലെ കുഞ്ഞിയമ്മൂമ്മ, കാക്കാലസദ്യയിലെ രായമ്മ, സ്പർശത്തിലെ കോളജ് അധ്യാപിക - ഇവരെല്ലാം തന്നെ വ്യക്തിത്വമുള്ള, സ്വന്തം തീരുമാനങ്ങൾ നടപ്പാക്കുന്ന, സ്വതന്ത്രജീവികളായ സ്ത്രീകളാണ്. ഷിനിലാലിന്റെ കഥകളിലെ സ്ത്രീകളെപ്പറ്റി പറയാമോ? അവരുരുത്തിരിഞ്ഞു വന്നതെങ്ങനെ?

ഇരട്ടച്ചങ്കുള്ള ധാരാളം സ്ത്രീകൾ എന്റെ ചുറ്റുവട്ടത്തു തന്നെയുണ്ട്. ഗ്രാമ ജീവിതത്തിന്റെ ഒരു ഗുണമാണത്. ഒരേസമയം തന്റേടികളും അതേസമയം അപാരമായ മനുഷ്യസ്നേഹികളും. പിന്നീടു ഞാൻ പരിചയപ്പെട്ട സ്ത്രീകളിൽ ചിലരും ഇത്തരക്കാരാണ്. സ്നേഹിക്കുന്ന തന്റേടികൾ. കാക്കാലസദ്യയിലെ രായമ്മ ഒരു മിശ്രിതമാണ്. അതിന്റെ ക്ലൈമാക്സിൽ ഭർത്താവിനു പച്ച മീൻ വിളമ്പി, തറ്റുടുത്ത് നിന്ന് വിറപ്പിക്കുന്ന സംഭവം സത്യകഥയാണ്. എന്റെ അപ്പൂപ്പന്റെ സഹോദരി ചെയ്ത കാര്യമാണ്. അരുമാനൂർ കുഞ്ഞൻ എന്ന ചട്ടമ്പിയായിരുന്നു ആ അമ്മൂമ്മയുടെ ഭർത്താവ്. ഒരു ദിവസം കള്ള് കുടിച്ചു വന്ന കുഞ്ഞൻ ചട്ടിയും കലവും ഒക്കെ അടിച്ചു പൊട്ടിച്ചു. അമ്മൂമ്മ ഒന്നും മിണ്ടിയില്ല. പിറ്റേന്ന് ഉച്ചയ്ക്ക് ഉണ്ണാൻ വന്നപ്പോഴാണു പ്രതികരിച്ചത്. ബാക്കി കഥയിലുണ്ട്. എന്റെ അമ്മയുടെ അമ്മ ഒരു സ്വാധീനമാണ്. പക്ഷിമൃഗാദികളെയും മനുഷ്യരെയും ഒന്നായി കാണുകയും ചോറ് വയ്ക്കുമ്പോൾ ഒരു പിടി അരി അവർക്കായി കൂടുതൽ ഇടുകയും ചെയ്തു അമ്മൂമ്മ. വ്യവസ്ഥിതികളോടും ആണധികാരത്തോടും ദാരിദ്ര്യത്തോടും പടവെട്ടി നേടിയതാണ് ആ കരുത്ത്. ആത്യന്തികമായി ഈ സ്ത്രീകളെല്ലാം എന്റെ തന്നെ പെൺ പാതിയാണ്. സ്ത്രീയായി ജനിച്ചിരുന്നുവെങ്കിൽ ഞാൻ എങ്ങനെയിരിക്കും എന്ന ഭാവനയാണ്.

 

∙ഷിനിലാൽ എഴുത്തിലേക്ക് വരുന്നതെങ്ങനെയാണ്? വീട്ടിലെ സാഹചര്യങ്ങൾ എങ്ങനെയായിരുന്നു? ആദ്യകാല വായന, ആദ്യ എഴുത്ത്? സ്വാധീനിച്ചവർ?

കഥ പറച്ചിലിന്റെ പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിലുണ്ട്. അപ്പൂപ്പൻ കഥകളുടെ ഖനിയായിരുന്നു. അഭിനയിച്ച് അനുഭവിപ്പിച്ച് തരും. കലിയും നളനും ഒക്കെ മുന്നിൽ വന്നു നിൽക്കും. ഭഗദത്തനും അയാളുടെ ആനയും ഒക്കെ ചിത്രകഥയായി മനസ്സിൽ പതിഞ്ഞു. അപ്പൂപ്പൻ പറയുന്ന കഥകൾ വള്ളിപുള്ളി തെറ്റാതെ, അപ്പൂപ്പന്റെ സഹോദരിമാരും പറഞ്ഞിരുന്നു. അങ്ങനെയാണു മനസ്സിലായത്, ഇവരുടെ സോഴ്സ് ഒന്നു തന്നെയാണെന്ന്. ഇതേ കഥകൾ ഞാൻ എന്റെ മക്കൾക്കും പറഞ്ഞു കൊടുത്ത് ആ ഒഴുക്ക് മുറിയാതെ വയ്ക്കുന്നു. വായന തുടങ്ങുന്നത് ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയിൽ നിന്നാണ്. ആ സമയത്തു തന്നെ എഴുത്തും തുടങ്ങി. അതൊന്നും വെളിച്ചം കണ്ടില്ല.

literature-channel-puthuvakku-v-shinilal-book-cover

∙റെയിൽവേ ജോലി എഴുത്തിന് എത്രമാത്രം സഹായകരമാണ്? ഒരു നോവൽ തന്നെ അതുമായി ബന്ധപ്പെട്ട് വന്നല്ലോ? ജോലിക്കിടയിലെ എഴുത്ത് എങ്ങനെയാണ്? ആശയങ്ങൾ, കഥാപാത്രങ്ങൾ തുടങ്ങിയവ മനസ്സിലേക്കു വന്നാൽ റിസർവേഷൻ ചാർട്ടിനു പുറകിലാണോ കുറിച്ചിടാറുള്ളത്?

റെയിൽവേ എന്നത് വലിയൊരു തുറസ്സാണ്. ഈ സംവിധാനത്തിൽ വന്നു ചേരുന്ന ഒരാൾ, എത്ര അടഞ്ഞ മനസ്സിന്റെ ഉടമയാണെങ്കിലും പുതുക്കപ്പെട്ടുകൊണ്ടിരിക്കും. റെയിൽവേ തന്നിട്ടുള്ള അനുഭവങ്ങൾക്കും ചിന്തകൾക്കും എണ്ണമില്ല. ഇരുപതു വർഷത്തെ റെയിൽവേ ജീവിതത്തിന്റെ കൂടി സൃഷ്ടിയാണ് ഇന്നു കാണുന്ന ഞാൻ. അതിന്റെ ഫലമാണു സമ്പർക്കക്രാന്തി. ‘ട്രെയിൻ എന്നത് ഇന്ത്യയുടെ ഒരു ബയോപ്സി പീസാണ്’ എന്ന് സമ്പർക്കക്രാന്തിയിൽ പറയുന്നുണ്ട്. ജോലിക്കിടയിലും വിശ്രമമുറികളിലും ഇരുന്ന് എഴുതിയിട്ടുണ്ട്. ചുമ്മാ കിട്ടുന്നതു കൊണ്ടു റിസർവേഷൻ ചാർട്ട് പേപ്പറിൽ തന്നെയായിരുന്നു എഴുത്ത്. ടാബിലേക്ക് മാറുന്നതു വരെ അതു തുടർന്നു. ‘സമയരഥം’ എന്ന കഥ മാവേലി എക്സ്പ്രസ്സിൽ ഇരുന്നാണ് എഴുതിയത്. പുലർച്ചെ രണ്ടു മണിക്ക്.

literature-channel-puthuvakku-v-shinilal-writer
വി.ഷിനിലാൽ

∙കുടുംബം

ഭാര്യ റീന ഗവണ്മെന്റ് ജീവനക്കാരിയാണ്. മകൻ റിഷി പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസ്സ് വിദ്യാർഥി. മകൾ സൂര്യകാന്തി പൂവത്തൂർ ഗവ. സ്കൂളിൽ മൂന്നാം ക്ലാസ്സിൽ. അമ്മ വസന്തകുമാരി. അമ്മ തന്നെയാണ് വീടിന്റെ സിഇഒ. ഞാൻ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു.

∙പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, ഇനി വരാനിരിക്കുന്ന കഥകൾ? നോവൽ? പുസ്തകം?

രണ്ട് നോവലുകൾ: ഉടൽ ഭൗതികം, സമ്പർക്കക്രാന്തി. രണ്ട് കഥാസമാഹാരങ്ങൾ: നരോദ പാട്യയിൽ നിന്നുള്ള ബസ്, ബുദ്ധപഥം. 124 എന്ന നീണ്ടകഥ നോവലായി മാറ്റി എഴുതുന്നു. 2021ൽ പ്രസിദ്ധീകരിക്കുമെന്നു കരുതുന്നു. മറ്റൊന്ന് വലിയൊരു കാൻവാസിൽ എഴുതുന്ന ഇതുവരെ പേരിടാത്ത ഒരു നോവലാണ്.

∙ഏകാന്തത കൊണ്ട് തലനരച്ചു പോയ ഒരു സ്റ്റേഷൻ മാസ്റ്റർ, അപരിചിതരായ എട്ടു പേരെ മുഖാമുഖം കൊണ്ടിരുത്തുന്ന മാന്ത്രിക ചാർട്ട്, ചെറിയ ചെറിയ ഓർമകളുടെ ഭണ്ഡകശാലയാണ് തീവണ്ടി, മധ്യവർഗ ജാഡ ബാധിച്ച എ വൺ കോച്ച് തുടങ്ങിയവ ഉൾപ്പെട്ട പല നിരീക്ഷണങ്ങളും വായിച്ചപ്പോൾ തീവണ്ടികളും മനുഷ്യരുമായുള്ള അസാധാരണ ബന്ധങ്ങളെ ഇഴകീറി പരിശോധിക്കുന്ന ഒരു ലബോറട്ടറി ആയിട്ടാണ് സമ്പർക്കക്രാന്തി അനുഭവപ്പെട്ടത്. ചിന്തോദ്ദീപകമായ വാചകങ്ങളാൽ അതു നോവലിൽ അവിടവിടെ ബന്ധിക്കപ്പെട്ടു കിടക്കുന്നു. മനുഷ്യാവസ്ഥയെയും റെയിൽ ജീവിതത്തെയും അത്രമേൽ ആഴത്തിൽ മനസ്സിലാക്കാനുണ്ടായ സാഹചര്യമെന്താണ്?

ഇന്ത്യൻ തീവണ്ടി എല്ലാ അർഥത്തിലും ഒരു മിനി ഇന്ത്യ തന്നെയാണ്. മനുഷ്യ സ്വഭാവങ്ങളുടെ പ്രദർശനശാലയാണവിടം. ഒരു ടിക്കറ്റ് പരിശോധകൻ എന്ന നിലയിൽ പതിനായിരക്കണക്കിന് മനുഷ്യരോട് ഇടപഴകിയിട്ടുണ്ട്. ഒരു നിമിഷം മാത്രം കണ്ടു മറഞ്ഞവർ, നിത്യ സൗഹൃദമായി തീർന്നവർ, പല ഭാഷക്കാർ, പല ക്ലാസ്സിലുള്ളവർ അങ്ങനെ. ഇതിനും പുറമെ ഒറ്റയ്ക്കും കൂട്ടായും നടത്തിയ അസംഖ്യം യാത്രകളുമുണ്ട്. ഒരു പക്ഷി നിരീക്ഷകൻ പക്ഷികളെ നിരീക്ഷിക്കുന്നത് പോലെ, നമ്മൾ മനുഷ്യരെ നിരീക്ഷിച്ചറിയാൻ ശ്രമിക്കുന്നു.

∙സമ്പർക്കക്രാന്തി തിരുവനന്തപുരത്തുനിന്നു യാത്ര തുടങ്ങി ഡൽഹി നിസാമുദ്ദീനിൽനിന്നു ചണ്ഡീഗഡിലേക്കു യാത്രയാകുമ്പോഴേക്കും ഇന്ത്യൻ ഭൂത, വർത്തമാനകാല ചരിത്രത്തിലൂടെയൊരു ഓട്ടപ്രദക്ഷിണം വായനക്കാരൻ പൂർത്തിയാക്കിയിട്ടുണ്ടാകും. പോർച്ചുഗീസ് നാമവും പൈതൃകവും പേറുന്ന ട്രെയിൻ കണ്ടക്ടർ, നേതാവ് ദ്വി, ഗാന്ധിനാമം പേറുന്ന ആഖ്യാതാവ് കരംചന്ദ് തുടങ്ങി അസംഖ്യം കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ ചരിത്രത്തിലൂടെ തന്നെയാണ് ഈ നോവൽ കൂവിപ്പായുന്നത്. ഭീതിപ്പെടുത്തുന്ന ഭൂതകാല, വർത്തമാനകാല യാഥാർഥ്യങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണോ? എഴുത്തുകാരൻ അശുഭവിശ്വാസിയാണോ?

ചരിത്രത്തിന്റെ പുറംപാളിയിലാണ് നമ്മൾ ജീവിച്ചിരിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, നമ്മുടെ ഭക്ഷണ ശീലം, തുടങ്ങി എല്ലാം ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ബിന്ദുവിൽ നിന്നും ആരംഭിച്ചതാണ്. ഷിനിലാൽ എന്നയാൾക്ക് നാൽപതുകളല്ല പ്രായം. അയാൾ മനുഷ്യവംശത്തിന്റെ പ്രായവും ചരിത്രവും ഒപ്പം വഹിക്കുന്നുണ്ട്. ഒരു കഥാപാത്രവും ഇപ്പോൾ പിറന്നു വീണതല്ല. അത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഇതാണു കഥാപാത്രങ്ങളോടും കഥയോടും പൊതുവായുള്ള കാഴ്ചപ്പാട്. ഇവിടെയാണു നോവലിലെ ചരിത്രമില്ലാത്ത കുട്ടി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. അയാൾക്ക് പൂർവകാലമില്ല. ആരോടും ബാധ്യതയുമില്ല. ചരിത്രത്തിൽനിന്നു വർത്തമാനം ഉണ്ടായതു പോലെ വർത്തമാനത്തിൽനിന്നു ഭാവി ഉണ്ടാവുന്നു. അഥവാ, വർത്തമാനം എന്നത് ഭാവിയുടെ ചരിത്രമാകുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ ജനത അനുഭവിക്കുന്നത് ഭാവി മനുഷ്യനുള്ള മുതൽക്കൂട്ടാണ്. ഞാൻ ശുഭാപ്തി വിശ്വാസിയാണ്. മനുഷ്യവംശത്തിന്റെ അതിജീവന ശേഷിയിലാണ് എന്റെ ഉറപ്പ്. ദീർഘകാലയളവിൽ പരിണാമം കൊണ്ട് ഇന്നു കാണുന്ന ബൗദ്ധികവും വൈകാരികവുമായ കുറവുകളെ നമ്മൾ മറികടക്കും. മനുഷ്യനും മനുഷ്യനുമായും മനുഷ്യനും പ്രകൃതിയുമായും ഉള്ള ബന്ധങ്ങളൊക്കെ പുനർനിർവചിക്കപ്പെടും. സമ്പർക്കക്രാന്തി ഒറ്റനോട്ടത്തിൽ അശുഭകരമായി അവസാനിക്കുന്നതായി തോന്നിയേക്കാം. എന്നാൽ അതങ്ങനെയല്ല, അൽമേഡ കൊല്ലപ്പെടുന്നു എന്നത് എല്ലാ ഏകാധിപതികൾക്കും ക്രൂരൻമാർക്കും ഉള്ള പാഠമാണ്. ‘‘ഒരു ക്രൂരൻ ജനിക്കുമ്പോൾ, വിഷം പുരട്ടിയ ഒരമ്പും ജനിക്കുന്നു. അതെയ്യാൻ ഒരു വേടനും’’.

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer V. Shinilal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;