അഭയാര്‍ഥികളായ മനുഷ്യർ എങ്ങനയാവും ലോക്ഡൗണിനെ അതിജീവിച്ചിട്ടുണ്ടാവുക?

HIGHLIGHTS
  • മുന്‍പത്തേതിനേക്കാള്‍ തരക്കേടില്ലാതെ പുസ്തകങ്ങള്‍ വായിച്ച വര്‍ഷം
  • പുതിയ അനുഭവങ്ങള്‍ കഥകളില്‍ കൊണ്ടുചെന്നെത്തിക്കും എന്ന പ്രതീക്ഷയിലാണ്, 2021-ലേക്ക് നടക്കാനിറങ്ങുന്നത്.
abin-joseph
അബിൻ ജോസഫ്
SHARE

ഇന്നലെകളുടെ അനുഭവപരിസരങ്ങളിലൊന്നുമില്ലാത്ത വിധം വ്യത്യസ്തമായ ഒരു വർഷം കടന്നുപോകുന്നു. ജീവൻ മുറുകെ പിടിച്ച് അടച്ചിരിക്കുമ്പോഴും എങ്ങനെ ജീവിക്കുമെന്നോർത്ത് പതറിപ്പോയ മനുഷ്യർ. കാലത്തിന്റെ പുസ്തകം മറിച്ചുനോക്കുമ്പോൾ 2020 എന്ന അധ്യായത്തിൽ ‘ബുക്മാർക്ക്’ ചെയ്തു വച്ച ചിലത് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ.

2020 ലെ ജീവിതം, വായന, എഴുത്ത് അനുഭവങ്ങൾ അബിൻ ജോസഫ് മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു–

നീതിയുടെ എന്ത് തുലാസിലാണ്, കാലം മനുഷ്യനെ വേര്‍തിരിക്കുന്നത്?

ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2020 എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തുടങ്ങിവച്ചിരുന്ന പല പദ്ധതികളും മുടങ്ങി. ആലോചനകളൊക്കെ പാഴായി. ഒന്നും പ്ലാന്‍ ചെയ്യാന്‍ പറ്റാത്തവിധമുള്ള കുരുക്കില്‍പെട്ടു. ഒന്നും ചെയ്യാനാവാതെ മാസങ്ങളോളം വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വന്നു. നിരാശയും വിഷാദവും പലവട്ടം വന്നുപോയി. പുതിയതൊന്നും ചിന്തിക്കാനാവാതെ മനസ്സ് ഇരുട്ടുപിടിച്ചുകിടന്നു. എങ്കിലും പുതിയ വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ശുഭകരമായതെന്തെങ്കിലും സംഭവിക്കും എന്നു പ്രത്യാശിക്കാന്‍ തന്നെയാണിഷ്ടം. കാരണം നമ്മളൊക്കെയും ആനുകൂല്യങ്ങളില്‍ ജീവിക്കുന്നവരാണ്. 

INDIA-HEALTH-VIRUS
ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീടെത്താന്‍ കാൽനടയായി സഞ്ചരിക്കുന്ന തൊഴിലാളികൾ

ലോക്ഡൗണ്‍ സമയത്ത്, ഞാനാലോചിച്ചത് അഭയാര്‍ഥികളാകേണ്ടി വന്ന മനുഷ്യരെക്കുറിച്ചായിരുന്നു. കാരണം എന്തുതന്നെയാവട്ടെ, സ്വന്തം വീടും ഇടവും വിട്ട് പലായനം ചെയ്യേണ്ടിവരുന്ന ലക്ഷക്കണക്കിനു മനുഷ്യര്‍. ഏതെങ്കിലും രാജ്യത്ത് അനുവാദമില്ലാതെ, ഒളിച്ചും പാത്തും കഴിയേണ്ടിവരുന്നവര്‍. അവര്‍ എങ്ങനെയാവും ലോക്ഡൗണിനെ അതിജീവിച്ചിട്ടുണ്ടാവുക? ആരെങ്കിലും അവരെ സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുമോ? സ്വന്തം പൗരന്മാര്‍ക്കുതന്നെ അവശ്യസാധനങ്ങളെത്തിക്കാന്‍ പല രാജ്യങ്ങളും പ്രയാസപ്പെടുന്ന സാഹചര്യത്തില്‍, നിയമത്തിന്റെ കണക്കുപുസ്തകത്തില്‍ പേരില്ലാത്ത മനുഷ്യര്‍ ജീവിതത്തെ മുറുകെപ്പിടിച്ച് എവിടേക്കാവും ഓടിയിട്ടുണ്ടാവുക? പലായനം ചെയ്ത മോശയ്ക്കും ജനതയ്ക്കും വിശന്നപ്പോള്‍ ദൈവം മന്നാ പൊഴിച്ചതിനെക്കുറിച്ച് ബൈബിളില്‍ വായിച്ചിട്ടുണ്ട്. ഭൂമിയിലെ അഭയാര്‍ഥികളുടെ വിശപ്പാറ്റാന്‍ കുറച്ച് അപ്പക്കഷണങ്ങളുമായി ഏതു ദൈവം അവതരിക്കും? തണുപ്പും രോഗഭീതിയും അതിജീവിക്കാനാവാതെ, തലചായ്ക്കാന്‍ ഇടമില്ലാതെ അവര്‍ എന്തു ചെയ്തിട്ടുണ്ടാകും? സത്യമായും എനിക്കറിയില്ല. അപ്പോഴും ലോകത്തിന്റെ മറ്റൊരു കോണില്‍ നാം സുരക്ഷിതരായി തുടരുകയും ചെയ്യുന്നു. നീതിയുടെ എന്ത് തുലാസിലാണ് കാലം മനുഷ്യനെ വേര്‍തിരിക്കുന്നത്? എന്തോ, കുറേ ചിന്തകളും ആശങ്കകളുമാണ് ഈ ലോക്ഡൗണ്‍ കാലം ബാക്കിവച്ചത്.

നോവലുകളോടുള്ള ഗൂഢമായ ഇഷ്ടം വീണ്ടും വര്‍ധിച്ചു

മുന്‍പത്തേതിനേക്കാള്‍ തരക്കേടില്ലാതെ പുസ്തകങ്ങള്‍ വായിച്ച വര്‍ഷമാണെന്നു പറയാം. മലയാളത്തില്‍ ഇറങ്ങിയ പ്രധാനപ്പെട്ട കൃതികളൊക്കെ വായിച്ചു. മുതിര്‍ന്ന എഴുത്തുകാരുടെ, ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ പലതും പുനര്‍വായന നടത്തി. ലോക സാഹിത്യത്തിലെ ചിലരെ അടുത്തു പരിചയപ്പെടാന്‍ സാധിച്ചു. കാര്‍ലോസ് റൂയി സാഫോണിന്റെ ദ് ഷാഡോ ഓഫ് ദ് വിന്‍ഡ് ഒരുപാടിഷ്ടപ്പെട്ടു. സത്യത്തില്‍ ആ പുസ്തകത്തെക്കുറിച്ച് പലയിടത്തും കേട്ടിരുന്നു. വായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. സാഫോണിനെക്കുറിച്ചുള്ള ഏതോ കുറിപ്പ് വായിച്ചു കഴിഞ്ഞ ദിവസങ്ങളിലാണ്, അദ്ദേഹത്തിന്റെ ചരമവാര്‍ത്ത മുന്നിലെത്തിയത്. അമേരിക്കയിലെ ലൊസാഞ്ചലസിലിരുന്ന് സ്പാനിഷ് ഭാഷയില്‍ എഴുതിയെ ഒരു മനുഷ്യനെക്കുറിച്ച്, ഇന്ത്യയിലെ കേരളത്തിലിരുന്ന് മലയാളം പറയുന്ന ഒരാള്‍ നിരന്തരം ഓര്‍ത്തു. അയാളുടെ എഴുത്തുമുറിയും എഴുത്തുദിനങ്ങളും സങ്കല്‍പിച്ചു. പിന്നീട്, കൊച്ചിയില്‍ തിരികെയെത്തിയപ്പോള്‍ ‘കാറ്റിന്റെ നിഴല്‍’ വാങ്ങി, വായിച്ചു. നോവലുകളോടുള്ള ഗൂഢമായ ഇഷ്ടം വീണ്ടും വര്‍ധിച്ചു.

Book-2

ഈ വര്‍ഷത്തെ വായനയില്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമാണ്. എങ്കിലും ഒപ്പം എഴുതുന്ന രണ്ടുപേരുടെ കൃതികള്‍ എന്നെയും എഴുതാന്‍ പ്രേരിപ്പിച്ചു. നോവലില്‍ അജിജേഷ് പച്ചാട്ടിന്റെ ഏഴാം പതിപ്പിന്റെ ആദ്യപ്രതി. പല അടരുകളുള്ള ആഖ്യാനമാണ് ആ നോവലിന്റേത്. ഒരു വാതില്‍ തുറക്കുമ്പോള്‍ മറ്റു വാതിലുകളിലേക്കുള്ള വഴികള്‍ തെളിയുന്നതുപോലെ, കഥകളുടെ കോട്ട കെട്ടുന്ന എഴുത്ത്. കഥപറച്ചിലിനപ്പുറം വാക്കുകളില്‍ പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും തിരികൊളുത്തുന്ന ജീവിതദര്‍ശനം. സമീപഭാവിയില്‍ ഏറെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യണം എന്നാഗ്രഹിക്കുന്ന കൃതിയാണ് ഏഴാം പതിപ്പിന്റെ ആദ്യപ്രതി. കഥാസമാഹാരങ്ങളില്‍ ഷാഹിന കെ. റഫീഖിന്റെ ഏക് പാല്‍തൂ ജാന്‍വര്‍ ആണ് ഇഷ്ടമായത്. കഥപറച്ചിലിന്റെ അനായാസതയാണ് ഷാഹിന കെ. റഫീഖിന്റെ മുഖമുദ്ര. തട്ടും തടവുമില്ലാതെ, ഒഴുക്കോടെ കഥപറയുന്നു. പറയുന്ന കഥയില്‍ സൂക്ഷ്മവും ശക്തവുമായ രാഷ്ട്രീയം വിളക്കിച്ചേര്‍ക്കുന്നു. ജീവിതത്തോട് അത്രമേല്‍ അടുത്തുനില്‍ക്കുന്ന ഭാഷ. അതിലളിതം, എന്നാല്‍ അതിഗാഢം. കഥ ജീവിതത്തിന്റെ പര്യായമായി മാറുന്ന പുസ്‌തകമാണ് ഏക് പാല്‍തൂ ജാന്‍വര്‍.

പറഞ്ഞതും പാതിയിൽ നിന്നതുമായ കഥകൾ

abin-joseph

ഞാന്‍ ഈ വര്‍ഷം മൂന്ന് കഥകള്‍ എഴുതി. കൂര്‍ഗിഞ്ചി, റൂറല്‍ നക്‌സല്‍സ്, ടെന്നിസ് ബോളും വേണു നാഗവള്ളിയും. രണ്ടു കഥകളും ഒരു ലഘുനോവലും പാതിയില്‍നിന്നു. ചില കഥകള്‍ സിനിമയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. 2021-ല്‍ കുറച്ചുകൂടി എഴുതണം എന്നാണ് ആഗ്രഹം. ഇരുപതുകള്‍ പിന്നിട്ട്, ജീവിതത്തിന്റെ പരുക്കന്‍ മുഖം കുറച്ചുകൂടി അടുത്ത് കണ്ടുതുടങ്ങുന്ന കാലമാണ്. പുതിയ അനുഭവങ്ങള്‍ കഥകളില്‍ കൊണ്ടുചെന്നെത്തിക്കും എന്ന പ്രതീക്ഷയിലാണ്, 2021-ലേക്ക് നടക്കാനിറങ്ങുന്നത്.

English Summary: Writer Abin Joseph on his life, writing and book reading in 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;