2020 മലയാളസാഹിത്യത്തിന് സമ്മാനിച്ച നഷ്ടങ്ങൾ

HIGHLIGHTS
  • 2020 യിൽ വിട പറഞ്ഞ എഴുത്തുകാർ
akkitham-sugathakumari-uakhader
SHARE

താഴെ അത്യഗാധത. ചുറ്റിലും പേടിപ്പെടുത്തുന്ന നിശ്ശബ്ദത. എന്നാല്‍, കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അറിഞ്ഞതും അനുഭവിച്ചതും ‘ഒരു തണുത്ത നക്ഷത്ര സ്മിതാര്‍ദ്രത’. 

സുഗതകുമാരി മരണത്തിനു മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ അവസാന കവിതയാണ് ആര്‍ദ്രം. എട്ടു വരി മാത്രമുള്ള കവിത തുടങ്ങുന്നത് അഗാധതയിലെ നിശ്ശബ്ദതയിലാണെങ്കില്‍ അവസാന വരിയില്‍ തെളിയിന്നത് ഒരു തണുത്ത നക്ഷത്രത്തിന്റെ പുഞ്ചിരിയുടെ ആര്‍ദ്രത. പെണ്ണിനും പ്രകൃതിക്കും പ്രേമത്തിനും വേണ്ടി പാടിയ അനശ്വര കവിതകള്‍ ബാക്കിയാക്കി കടന്നുപോയ സുഗതകുമാരിയുടെ വിയോഗത്തിന്റെ വ്യഥയിലാണ് വര്‍ഷാവസാനം മലയാളം. വര്‍ഷം തീരുന്നതിനു മുന്‍പു തന്നെ മഹാമാരിക്കെതിരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പാട്ടു പിന്നെയും പാടി ഒരുപക്ഷേ സുഗതകുമാരി ഇപ്പോഴും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു. ആ പ്രതീക്ഷ പോലും ഇനി വ്യര്‍ഥം. ഇനി ബാക്കി ചങ്ങമ്പുഴയ്ക്കു ശേഷം ഏറ്റവും ആര്‍ദ്രമധുരമായി പാടിയ കവയത്രിയുടെ എണ്ണമറ്റ കവിതകള്‍. വഴിയിലെ മണലിനും മരക്കൊമ്പിലെ കൊച്ചുകുയിലിനും പോലും നന്ദി ചൊല്ലിയ കവയത്രിക്കു പ്രണാമമര്‍പ്പിച്ച് മലയാളം മനസ്സു നിറയ്ക്കുകയാണു അവര്‍ അവശേഷിപ്പിച്ച കവിതകളുടെ ഒരിക്കലും വാടാത്ത, കൊഴിയാത്ത വസന്തത്തില്‍. 

sugathakumari
സുഗതകുമാരി

മഹാമാരി ലോകം കീഴടക്കിയതിനെത്തുടര്‍ന്ന് സാഹിത്യ സംബന്ധമായ ചടങ്ങുകള്‍ പോലും ഇല്ലാതിരുന്ന വര്‍ഷത്തില്‍ വളരെക്കുറച്ചു പുസ്തകങ്ങള്‍ മാത്രമാണു വെളിച്ചം കണ്ടത്. പുസ്തക മേളകളും ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ പലരും ക്ലാസ്സിക്കുകള്‍ ഉള്‍പ്പെടെ വീണ്ടും വായിച്ചാണ് 2020 നെ യാത്രയാക്കുന്നത്. വായനയുടെ പുതിയ ചക്രവാളത്തില്‍ മനസ്സു നിറയ്ക്കാന്‍ അധികം കൃതികള്‍ ഉണ്ടാകാതിരുന്ന വര്‍ഷത്തില്‍ ബാക്കിനില്‍ക്കുന്നതു ചില മഹനീയ സാന്നിധ്യങ്ങളുടെ വേര്‍പാടു തന്നെ. 

Puthussery-Ramachandran
പുതുശ്ശേരി രാമചന്ദ്രൻ

വര്‍ഷത്തിന്റെ തുടക്കത്തില്‍ മാര്‍ച്ച് 14 ന് ആയിരുന്നു കവിയും ഭാഷാ ഗവേഷകനുമായിരുന്ന പുതുശ്ശേരി രാമചന്ദ്രന്റെ വിയോഗം. അതേ മാസം അവസാനം മലയാളത്തിനു നഷ്ടമായതു കഥാകൃത്തും നോവലിസ്റ്റുമായ ഇ. ഹരികുമാറിനെ. കരുത്തിന്റെ കവിതകളെഴുതിയ അക്ഷര ചൈതന്യം ഇടശ്ശേരിയുടെ മകനായ ഹരികുമാര്‍ ആരവങ്ങളിലേക്ക് അധികം ഇറങ്ങിച്ചെല്ലാതെ മൗനത്തിലും ഏകാന്തതയിലും അക്ഷരങ്ങളെ ധ്യാനിച്ച് ശ്രദ്ധേയമായ ഒരു പിടി കഥകളും വ്യത്യസ്തമായ നോവലുകളും സമ്മാനിച്ചാണു കടന്നുപോയത്. 

e-harikumar.jpg.image.845.440
ഇ. ഹരികുമാർ

മേയ് മാസത്തില്‍ നഷ്ടബോധത്തിന് ആക്കം കൂട്ടി വൈജ്ഞാനിക- യാത്രാ വിവരണ രംഗത്തെ അതികായന്‍ എം.പി. വീരേന്ദ്രകുമാര്‍ വിടവാങ്ങി. ഹൈമവത ഭൂവില്‍ ഉള്‍പ്പെടെ യാത്രാവിവരണ മേഖലയ്ക്ക് വിലപ്പെട്ട സംഭവനകളാണ് അദ്ദേഹം നല്‍കിയത്. 

mp-veerendra-kumar-mp.jpg.image.845.440
എം.പി. വീരേന്ദ്രകുമാർ

എഴുത്തുകാരെ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളിലൂടെ അനശ്വരനാക്കിയ പുനലൂര്‍ രാജന്‍ കടന്നുപോയത് ഓഗസ്റ്റില്‍. ജീവിതത്തിന്റെ സായാഹ്നത്തില്‍ എഴുത്തിലേക്കും അദ്ദേഹം വൈകി കടന്നുവെങ്കിലും അതു പൂര്‍ത്തിയാക്കാന്‍ വിധി അനുവദിച്ചില്ല. 

punalur-rajan.jpg.image.845.440
പുനലൂർ രാജൻ

മഹാകാവ്യമെഴുതാതെ മഹാകവിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി ഒക്ടോബറില്‍ വിടവാങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ മഹാകവിപ്പട്ടം നേടിയ അദ്ദേഹം ജ്ഞാനപീഠ പുരസ്കാരം കൈരളിക്കു നല്‍കിയാണു മലയാളത്തോടു യാത്ര പറഞ്ഞത്. 

akkitham
അക്കിത്തം

ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ, കഥാലോകത്ത് സജീവമായിരിക്കെ, തൃക്കോട്ടൂര്‍ കഥകളുടെ തമ്പുരാന്‍ യു.എ. ഖാദര്‍ മടങ്ങി. കൂടുതല്‍ നഷ്ടങ്ങളില്ലാതെ വര്‍ഷം കടന്നുപോകുമെന്ന വിചാരത്തിന് മങ്ങലേല്‍പിച്ച് 23-ാം തീയതി സുഗതകുമാരിയും. 

ua-khader.jpg.image.845.440
യു.എ. ഖാദർ

തെളി നീല, നീല നിറവുമായി നറുമയില്‍പ്പീലി തന്‍ അഴകുമായി തൊടിയില്‍ വിരിഞ്ഞ ചെറുപൂക്കളെക്കുറിച്ച് അവസാന കവിതകളിലൊന്നില്‍ സുഗതകുമാരി എഴുതിയിട്ടുണ്ട്. ഒരു ജന്‍മം  മുഴുവന്‍ കായാമ്പൂവര്‍ണനെ തേടി നടന്ന കവിക്കു ലഭിച്ച മോഹസാക്ഷാത്കാരം. അക്ഷരങ്ങളിലൂടെ ആത്മാവ് തൊട്ട എഴുത്തുകാര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട മോഹസാഫല്യത്തിന്റെ പ്രതീകമാണ് ആ കായാമ്പൂക്കള്‍. അക്ഷരപ്പൂക്കളുടെ പുതിയ വസന്തത്തിനു കാത്തിരിക്കുന്ന പുതുവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ മലയാളത്തിന്റെ മനസ്സില്‍ നിറയുന്നതും വിരിഞ്ഞു മണം പരത്തി വാടാതെ കൊഴിയാതെ അവശേഷിക്കുന്ന പൂമണം. 

English Summary: Great losses in 2020 for Malayalam literature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;