ADVERTISEMENT

യാത്രികൻ ആദ്യമായാണ് ആ നാട്ടിലെത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ അവിടെയാകെ ഒരു നിശ്ശബ്ദത. അടുത്ത മേശയ്ക്കപ്പുറം ഇരുന്ന ആളോടു സൗഹൃദസംഭാഷണത്തിനു ശ്രമിച്ചെങ്കിലും ചോദ്യങ്ങൾക്കു മറുപടി നൽകി എന്നതല്ലാതെ അയാളൊന്നും മിണ്ടിയില്ല. ക്ഷമകെട്ട് അയാളോടു ചോദിച്ചു: ഈ നാട്ടിൽ സംസാരിക്കരുതെന്നു നിയമമുണ്ടോ? അയാൾ പറഞ്ഞു: നിയമമൊന്നുമില്ല. പക്ഷേ, സംസാരിക്കണമെങ്കിൽ അത് നിശ്ശബ്ദതയേക്കാൾ മികച്ചതായി എന്തെങ്കിലും നൽകാനുണ്ടെങ്കിൽ മാത്രമേ ആകാവൂ എന്നൊരു പരസ്പര ധാരണയുണ്ട്. 

കാര്യമായി എന്തെങ്കിലും സംസാരിക്കാനുള്ളതു കൊണ്ടു മാത്രം സംവദിക്കുന്നവരും എപ്പോഴും എന്തെങ്കിലും സംസാരിച്ചേ മതിയാകൂ എന്ന ദുശ്ശീലം ഉള്ളതുകൊണ്ടു വാ തുറക്കുന്നവരുമുണ്ട്. കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നവർക്ക് എന്തെങ്കിലും വിഷയമുണ്ടാകും; അറിഞ്ഞതിനുശേഷം മാത്രമേ അവർ സംസാരിക്കൂ; അവർ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും; കേൾവിക്കാർക്കു ശ്രദ്ധിക്കാനും ജീവിതത്തിൽ പകർത്താനും ഉതകുന്ന എന്തെങ്കിലും അതിലുണ്ടാകും. വാചാലത ശീലമാക്കിയവർക്ക് കാര്യഗൗരവമുള്ള ഒന്നും പറയാനുണ്ടാകില്ല. ച്യൂയിങ്ഗം ചവയ്ക്കുമ്പോലെ അവർ വിഷയങ്ങളെ സമീപിക്കുന്നു; ഒന്നു കഴിയുമ്പോൾ മറ്റൊന്ന്. അനാവശ്യമായി സംസാരിക്കുന്നവർക്ക് ഒന്നിനെക്കുറിച്ചും ആധികാരികമായി പറയാനുണ്ടാകില്ല. കേട്ടറിവുകൾ പ്രചരിപ്പിക്കുന്നതാണ് അവരുടെ വിനോദം; സ്വന്തം അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഉണ്ടാകില്ല. 

subhadinam-speak-with-more-clarity-and-confidence-illustration

വ്യക്തമായി ധാരണയില്ലാത്തതിനെക്കുറിച്ചും അവാസ്തവങ്ങളെക്കുറിച്ചും സംസാരിക്കില്ല എന്നു തീരുമാനിച്ചാൽ തന്നെ നാട് തെളിമയുള്ളതാകും. അകലെയിരുന്നും അസാന്നിധ്യത്തിലും അപരനെക്കുറിച്ച് സംസാരിക്കുന്ന കാര്യങ്ങൾ അയാളുടെ നന്മമാത്രമാകണമെന്ന നിയമമോ ധാരണയോ ഉണ്ടായാൽ അവിടെ പടരുന്ന സന്തോഷവും മനസ്സമാധാനവും അത്രമേൽ വലുതായിരിക്കും.

English Summary : Subhadinam - Speak with more clarity and confidence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com