അന്ന് വൈറ്റില വഴി പോയാൽ ‘വഴിയിൽ തല വീഴും’ ; ഇന്നത്തെ വൈറ്റിലയായതിങ്ങനെ

HIGHLIGHTS
  • വൈറ്റില നഗരത്തിന്റെ ഭാഗമായിട്ട് 4 പതിറ്റാണ്ടേ ആയിട്ടുണ്ടാകൂ
  • മേൽപാലം വരുന്നതോടെ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഒഴിയുമെന്നാണു പറയുന്നത്.
Vyttila
SHARE

അറുപതുകളിലെല്ലാം രാത്രികാലത്തു വൈറ്റില വഴി പോയാൽ ‘വഴിയിൽ തല വീഴും’ എന്നായിരുന്നു പറച്ചിൽ. അത്രമാത്രം വിജനവും ഒറ്റപ്പെട്ടതുമായ സ്ഥലം. ‘വഴിത്തല’ ആണു വൈറ്റിലയായത്. 1962ലാണ് എന്റെ കുടുംബം വൈറ്റിലയിൽ എത്തിയത്. സഹോദരൻ അയ്യപ്പൻ റോഡിലായിരുന്നു വീട്. വൈറ്റില ഒരു കൊച്ചു സ്ഥലമായിരുന്നു അന്ന്. രണ്ടോ മൂന്നോ ബസുകൾ മാത്രം ഓടുന്ന കാലം. ആ ഭാഗത്ത് എന്റെ വീട്ടിൽ മാത്രമാണ് അന്നു ടെലിഫോൺ ഉണ്ടായിരുന്നത്. അന്നുതൊട്ട് ഇന്നോളം വൈറ്റിലയുടെ വികസനം നേരിൽ കാണാനായി. 

Vyttila

മെട്രോ നിർമാണം പോലുള്ളവയുടെ സമയത്തെ ദുരിതവും അനുഭവിച്ചു. എന്റെ കുട്ടിക്കാലത്തു വൈറ്റിലയിലൂടെ കടന്നുപോയിരുന്നത് തൃപ്പൂണിത്തുറ റോഡ് മാത്രമായിരുന്നു. ഇപ്പോൾ വെൽകെയർ ആശുപത്രി നിൽക്കുന്ന സ്ഥലത്ത് ഒരു കൂറ്റൻ കാട്ടുമാവ് നിന്നിരുന്നു. വൈകുന്നേരങ്ങളിൽ എറണാകുളം മാർക്കറ്റിൽ നിന്നു വരിവരിയായി കാളവണ്ടികൾ വരും. രാത്രിയിലും മണിയൊച്ചകളുമായി കാളവണ്ടികളുടെ യാത്ര തുടരും. തൃപ്പൂണിത്തുറ, ചോറ്റാനിക്കര, മുളന്തുരുത്തി ഭാഗങ്ങളിലേക്കുള്ള സാധനങ്ങളാകും വണ്ടികളിൽ. 

Vyttila

ഇന്നത്തെ ഹൈവേയിൽ ആലപ്പുഴ ഭാഗത്തേക്കുള്ള സ്ഥലത്ത് അന്ന് ചായക്കടകളായിരുന്നു. ഒരു സൈക്കിൾ ഷോപ്പ്, പ്രഭാകരന്റെ സി ക്ലാസ് കട, കുറച്ചു മാറി ദിനേശന്റെ ചായക്കട, അതിനപ്പുറത്തു ദിനേശന്റെ സഹോദരന്റെ മുരുഗ ഹോട്ടൽ, ചെറിയൊരു ബേക്കറി, ഗോതമ്പു പൊടിപ്പിക്കുന്ന മിൽ എന്നിവയാണ് ഇന്നത്തെ ഏറ്റവും വലിയ ജംഗ്ഷനിലെ അന്നത്തെ കാഴ്ച. ജംഗ്ഷനിൽനിന്നു മാറി ജയശ്രീ ടാക്കീസ് ഉണ്ടായിരുന്നു. രാത്രി 10 മണിക്കുപോലും ചെറുപ്പക്കാർ ടാക്കീസിനു മുന്നിലുണ്ടാകുമായിരുന്നു. കപ്പലണ്ടിക്കച്ചവടവും മറ്റും തകൃതി. ശുദ്ധ നാട്ടിൻപുറമായിരുന്ന വൈറ്റില നഗരത്തിന്റെ ഭാഗമായിട്ട് 4 പതിറ്റാണ്ടേ ആയിട്ടുണ്ടാകൂ.

Vyttila

ഇപ്പോൾ വൈറ്റിലയിൽ  നഗരസഭയുടെ ഓഫിസ് ഇരിക്കുന്ന സ്ഥലത്തു വലിയ കുളമായിരുന്നു. അതിനടുത്ത് ചെറിയൊരു പഞ്ചായത്ത് ഓഫിസും ഉണ്ടായിരുന്നു. അന്നു ഹൈവേ ഇല്ല. എൺപതുകളുടെ അവസാനം ആലപ്പുഴയിലേക്കുള്ള ഹൈവേ ബൈപാസ് വന്നതോടെയാണു വൈറ്റിലയുടെ വികസനം തുടങ്ങിയത്. ഹൈവേയും തൃപ്പൂണിത്തുറ റോഡും സംഗമിച്ചതോടെ വൈറ്റില ജംഗ്ഷനായി. അനന്തരം വൈറ്റില വികസിച്ചുകൊണ്ടേയിരുന്നു. സഹോദരൻ അയ്യപ്പൻ റോഡിന്റെ വികസനത്തിനു സൗജന്യമായി ഒന്നര സെന്റ് സ്ഥലം വിട്ടുകൊടുത്ത് എന്റെ കുടുംബവും ആ വികസനത്തിൽ പങ്കാളികളായി. 

മേൽപാലം വരുന്നതോടെ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഒഴിയുമെന്നാണു പറയുന്നത്. തൃപ്പൂണിത്തുറ ഭാഗത്തുനിന്നു പാലാരിവട്ടം ഭാഗത്തേക്കു പോകുന്ന വാഹനങ്ങളുടെയും നഗരത്തിൽനിന്നു തൃപ്പൂണിത്തുറ ഭാഗത്തേക്കു പോകുന്ന വാഹനങ്ങളുടെയും സിഗ്നൽ സമ്പ്രദായം യോജിച്ചു പോയില്ലെങ്കിൽ ഗതാഗതക്കുരുക്കു തുടരുമെന്ന സംശയമുണ്ട്. ഒരു അണ്ടർ പാസ് കൂടിയുണ്ടായിരുന്നു എങ്കിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു.

English Summary : Story About Vyttila

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;