വെൽസിനെ ആദരിക്കാൻ പുറത്തിറക്കിയ നാണയം അപമാനമായി മാറി; മൗനം പാലിച്ച് അധികൃതർ

HIGHLIGHTS
  • വെൽസിന്റെ പുസ്തകങ്ങളിൽ ഒരിടത്തും ഇങ്ങനെയൊരു വാചകമില്ല.
  • വാചകം വെൽസിന്റേതല്ലെങ്കിൽ പിന്നെ മറ്റാരുടേത് എന്ന അന്വേഷണത്തിനും തുടക്കമായിട്ടുണ്ട്.
H. G. Wells
എച്ച്.ജി.വെൽസ്
SHARE

ശാസ്ത്ര പുസ്തകങ്ങളിലൂടെ ലോകത്തിന്റെ ഭാവി പ്രവചിച്ച ഇംഗ്ലിഷ് എഴുത്തുകാരൻ എച്ച്.ജി.വെൽസിനെ ആദരിക്കാനുള്ള ശ്രമം അപമാനമായി മാറിയതിനെച്ചൊല്ലി വിവാദം പുകയുന്നു. വെൽസ് മരിച്ച് 75 വർഷം തികയുന്നതിന്റെ ഭാഗമായി അനുസ്മരിക്കാൻ പുറത്തിറക്കിയ നാണയങ്ങളാണു തെറ്റുകളുടെ പേരിൽ വിവാദം  ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. 

രണ്ടു പൗണ്ടിന്റെ നാണയമാണു ബ്രിട്ടനിലെ റോയൽ മിന്റ് അധികൃതർ വെൽസിന്റെ ഓർമയ്ക്കായി പുറത്തിറക്കിയത്. എന്നാൽ നാണയത്തിൽ മുദ്രണം ചെയ്ത വാചകം അദ്ദേഹം എഴുതിയതല്ലെന്നു കണ്ടെത്തിയിരിക്കുകയാണ് വെൽസ് കൃതികളെക്കുറിച്ചു ഗവേഷണം നടത്തുന്നവർ. തെറ്റ് ചൂണ്ടിക്കാണിച്ചെങ്കിലും 

കൃത്യമായ വിശദീകരണം നൽകാതെ ഒഴിഞ്ഞുമാറുകയാണ് അധികൃതർ. 

ആശയങ്ങളുടെ കലവറയാണു മികച്ച പുസ്തകങ്ങൾ എന്ന വാചകമാണു വെൽസിന്റെ ചിത്രത്തിനൊപ്പം നാണയത്തിന്റെ അരികിൽ മുദ്രണം ചെയ്തത്. വെൽസിന്റെ പുസ്തകങ്ങളിൽ ഒരിടത്തും ഇങ്ങനെയൊരു വാചകമില്ല. അദ്ദേഹം നടത്തിയ സംഭാഷണങ്ങളിലും ഈ വാചകം കണ്ടെത്താനായിട്ടില്ല. എന്നാൽ വർഷങ്ങളായി പലരും വാചകം വെൽസിന്റേത് എന്ന മട്ടിൽ ഉദ്ധരിക്കാറുണ്ട്. പ്രചോദന വാക്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുണ്ട്. ഇതുകൊണ്ടായിരിക്കാം സത്യാവസ്ഥ പരിശോധിക്കാൻ മിനക്കെടാതെ റോയൽ മിന്റ് അധികൃതർ തെറ്റ് വരുത്തിയതെന്നാണു നിഗമനം. 

എന്നാൽ  എന്നെന്നും നിലനിൽക്കണം എന്ന വിചാരത്തോടെ പുറത്തിറക്കുന്ന നാണയത്തിൽ ശരിയായ വാചകമാണു മുദ്രണം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ അധികൃതർ ശ്രമിക്കാതിരുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്. പല വെബ്സൈറ്റുകളിലും വെൽസിന്റേതെന്ന പേരിൽ വാചകം കണ്ടതോടെ പുസ്തകങ്ങളുമായി ഒത്തുനോക്കുകയോ ഗവേഷകരുമായി ആലോചിക്കുകയോ ചെയ്യാതെ വാചകം നാണയത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. 

വാചകം വെൽസിന്റേതല്ലെങ്കിൽ പിന്നെ മറ്റാരുടേത് എന്ന അന്വേഷണത്തിനും തുടക്കമായിട്ടുണ്ട്. അതോടെ സമാനമായ മറ്റൊരു വാചകം ഗവേഷകർ വെൽസിന്റെ താരതമ്യേന അറിയപ്പെടാത്ത ഒരു പുസ്തകത്തിൽ കണ്ടെത്തി. സെലക്ട് കോൺവെർസേഷൻസ് വിത്ത് ആൻ അങ്കിൾ എന്ന പുസ്തകത്തിലാണു സമാന

വാചകമുള്ളത്. എന്നാൽ ആശയം എന്നതിനു പകരം ആദർശം എന്ന വാക്കാണു വെൽസ് ഉപയോഗിച്ചിരിക്കുന്നത്. 

അനുസ്മരണ നാണയത്തിൽ വേറെ തെറ്റുകളും ഗവേഷകർ കണ്ടെത്തിയിരുന്നു. വെൽസിന്റെ കഥാപാത്രത്തെ ഉയരമുള്ള തൊപ്പി ധരിച്ചാണ് നാണയത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ അത്തരം തൊപ്പി വെൽസിന്റെ കഥാപാത്രങ്ങൾ ഉപയോഗിച്ചിട്ടേയില്ല. ആദരിക്കാൻ പുറത്തിറക്കിയ നാണയം അപമാനമായി മാറിയെങ്കിലും 

പിൻവലിക്കുന്നതിനെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്. 

English Summary : HG Wells Coin Features False Quote

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;