ADVERTISEMENT

നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷൻ പരമ്പരയിൽ നടി അലീസ മിലാനോ അഭിനിയിക്കുന്നതിന്റെ പേരിൽ അമേരിക്കൻ ജനപ്രിയ എഴുത്തുകാരി നോറ റോബർട്സിനെതിരെ ആരാധകരുടെ ഭീഷണിയും പ്രതിഷേധവും. തന്റെ സമൂഹമാധ്യമ പേജിൽ കടുത്ത ഭാഷയിൽ നൂറുകണക്കിനുപേർ കമന്റുകൾ എഴുതിയെങ്കിലും തീരുമാനം തിരുത്താനോ പിൻവലിക്കാനോ ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് 200–ൽ അധികം നോവലുകൾ എഴുതിയിട്ടുള്ള നോറ. 

literature-channel-american-writer-nora-roberts
നോറ റോബർട്സ്

1988–ൽ പ്രസിദ്ധീകരിച്ച ‘ബ്രെയ്സൻ വെർച്യൂ’ എന്ന നോവലിന്റെ ഉടൻ തന്നെ പുറത്തിറങ്ങാനിരിക്കുന്ന പരമ്പരയിലാണ്  ഗ്രേസ് എന്ന എഴുത്തുകാരിയുടെ വേഷത്തിൽ അലിസ എത്തുന്നത്. ഇതാണ് പലരെയും രോഷം കൊള്ളിക്കുന്നത്. 2017–ൽ ട്വിറ്ററിലെ ഒരു പോസ്റ്റിലൂടെ മീടൂ പ്രസ്ഥാനം പുനരുജ്ജീവിപ്പിച്ചത് അലീസയാണ്. ലൈംഗിക ക്രൂരതകൾക്ക് വിധേയരാകുന്നവർക്ക് പീഡനങ്ങളെക്കുറിച്ചു തുറന്നുപറയാൻ ധൈര്യം നൽകുന്നതായിരുന്നു പോസ്റ്റ്. തുടർന്നുണ്ടായ തുറന്നുപറച്ചിലുകളുടെ ഫലമായി ലോകമെങ്ങും ഒട്ടേറെ സ്ത്രീകൾ രംഗത്തുവന്നു. ഹോളിവുഡ് നിർമാതാവ്  ഹെർവെ വെയ്ൻസ്റ്റെയ്ൻ ഉൾപ്പെടെയുള്ള പ്രതാപശാലികൾക്കു പോലും ബഹുമാന്യമായ സ്ഥാനങ്ങൾ നഷ്ടപ്പെടുകയും അപമാനത്തിന്റെ കയ്പുനീർ കുടിക്കേണ്ടിവരികയും ചെയ്തു. അമേരിക്കയിൽ ഒതുങ്ങാതെ മറ്റു രാജ്യങ്ങളിലും സ്ത്രീകൾ പീഡനങ്ങൾ പുറത്തുപറയാൻ തുടങ്ങിയതോടെ സിനിമാ, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ മേഖലകളിലെല്ലാം കൊടുങ്കാറ്റു തന്നെയുണ്ടായി. 

അലീസ മിലാനോ തന്റെ നോവലിന്റെ ദൃശ്യരൂപത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത സമൂഹമാധ്യമത്തിലൂടെയാണ് നോറ പുറത്തുവിട്ടത്. ഉടൻതന്നെ ആയിരത്തോളം പേർ പ്രതിഷേധ കമന്റുകൾ ഇട്ടു. അലീസയുടെ മീ ടൂ പ്രസ്ഥാനത്തിലെ പങ്കും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള വിമർശനവുമാണ് പ്രതിഷേധത്തിനു കാരണമെന്നാണു നിഗമനം. അലിസ അഭിനിയിക്കുന്ന പരമ്പര കാണില്ലെന്നു ചിലർ ഭീഷണി മുഴക്കിയപ്പോൾ നോറയുടെ പുസ്തകങ്ങൾ കത്തിക്കുമെന്നാണു മറ്റുചിലരുടെ ഭീഷണി. എന്നാൽ ഭീഷണിക്കു മുന്നിൽ നോറ തളർന്നിട്ടില്ല. വിശദീകരണവുമായി അവർ സമൂഹമാധ്യമത്തിൽ തന്നെ പുതിയ പോസ്റ്റുമിട്ടു. 

‘എന്റെ സമൂഹമാധ്യമ പേജിൽനിന്ന് പൊതുവെ രാഷ്ട്രീയം മാറ്റിനിർത്തുന്നതായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പലരും രാഷ്ട്രീയത്തിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു. നിങ്ങൾ ഒരു കാര്യം അറിയണം. ഞാൻ സ്വതന്ത്ര ചിന്താഗതിക്കാരിയായ ഒരു ഡെമോക്രാറ്റ് ആണ്. അതു തുറന്നുപറയാൻ എനിക്കു മടിയില്ല. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയ വിശ്വാസങ്ങളും എതിർപ്പുകളും നിലനിർത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണു ഞാൻ വിശ്വസിക്കുന്നത്. അതിനിയും തുടരും. യോജിച്ചുകൊണ്ടു വിയോജിക്കുന്നതാണ് എന്റെ രീതി. 

literature-channel-nora-roberts-brazen-virtue-book-cover

പരമ്പര കാണുന്നില്ല എന്നാരെങ്കിലും തീരുമാനിക്കുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പുസ്തകം കത്തിക്കുന്നതു നല്ലതാണെന്നു വിചാരിക്കുന്നെങ്കിൽ അതുമാവാം. എന്തായാലും എന്റെ അഭിപ്രായം ഞാൻ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. അതിൽ ഒരു മാറ്റം ആരും പ്രതീക്ഷിക്കേണ്ട’ : നോറ വ്യക്തമാക്കി. 

English Summary : Nora Roberts speaks out after attacks on casting of Alyssa Milano in adaptation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com