ADVERTISEMENT

ഏഴു വർഷമായി സ്വന്തമായി ഷർട്ടും പാന്റും വാങ്ങാത്ത എഴുത്തുകാരൻ. അതു സമൂഹമാധ്യമത്തിൽ കമന്റായി ഇട്ടതിനെത്തുടർന്ന് പുതുവർഷദിനത്തിൽ സമ്മാനമായി വില കൂടിയൊരു ഷർട്ട്. ‘നീലച്ചടയൻ’ എന്ന കഥാസമാഹാരത്തിലൂടെ പ്രശസ്തനായ യുവ സാഹിത്യകാരൻ അഖിൽ കെ. ആണു ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ പുതുവർഷ സമ്മാനം ലഭിച്ചയാൾ. നാലു ദിവസം മുൻപാണു പഴയ ഡ്രസ് വേണേൽ ചോദിക്കണമെന്നൊരു പോസ്റ്റിനു താഴെ താൻ 7 വർഷമായി ഷർട്ട് വാങ്ങിയിട്ടെന്ന് അഖിൽ കമന്റിട്ടത്. ഇതു കണ്ടൊരാൾ അഖിലിന്റെ വീട്ടു വിലാസം ചോദിച്ചു വാങ്ങുകയും പുതുപുത്തൻ ഷർട്ട് പാഴ്സൽ ആയി അയച്ചു കൊടുക്കുകയുമായിരുന്നു. പുതുവർഷാരംഭമായ ഇന്നു രാവിലെയാണു വീട്ടിൽ  പാഴ്സൽ എത്തിയത്. 

ജെസിബി ഡ്രൈവറായ അഖിൽ ആ സമയത്തു ജോലി സ്ഥലത്തായിരുന്നു. വീട്ടുകാരാണു പാഴ്സൽ വന്ന കാര്യം വിളിച്ചറിയിച്ചത്. ജോലി കഴിഞ്ഞു വീട്ടിൽ വന്നപ്പോഴാണ് അഖിൽ ഷർട്ട് കാണുന്നത്. ഒരു വർഷം മുൻപു വരെ മാസം 3000 രൂപ മാത്രം ശമ്പളമുള്ള ജെസിബി ക്ലീനർ ജോലി ആയിരുന്നു അഖിലിന്. കോവിഡ് കാലത്താണു ഡ്രൈവറായി ജോലി കിട്ടിയതും ശമ്പളം അൽപം കൂടിയതും. വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പൈസ അനാവശ്യമായി ചെലവഴിക്കുന്നതിനേപ്പറ്റി അഖിലിനു ചിന്തിക്കാൻ കൂടി കഴിയുകയില്ലായിരുന്നു. പുറത്തു നിന്നുള്ള ഭക്ഷണം കൂടി ഒഴിവാക്കി ചെലവു ലാഭിക്കുന്നതിനെപ്പറ്റി അഖിൽ തന്നെ എഴുതിയിട്ടുമുണ്ട്. അധികം ദൂരേക്കു യാത്രകളൊന്നും പോകാറില്ലാത്തിനാൽ ഷർട്ടും പാന്റും വാങ്ങി അനാവശ്യമായി പൈസ കളയേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. ഒരു പാന്റ് മാത്രമാണ് അഖിലിനുള്ളത്. ജോലിയിടത്തിൽ മുണ്ടാണു ധരിക്കുക. കഴിഞ്ഞ വർഷം തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ പുസ്തകമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ തിരഞ്ഞെടുത്തത് അഖിലിന്റെ ‘നീലച്ചടയനെ’യാണ്. 

malayalam-writer-akhil-k-with-new-year-gift-shirt
അഖിലിന് പുതുവൽസര സമ്മാനമായി ലഭിച്ച ഷർട്ട്

അഖിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ്

‘‘നാലഞ്ചു ദിവസം മുൻപു പഴയ ഡ്രസ്സ് വേണേൽ ചോദിക്കാൻ ഒക്കെ പറഞ്ഞൊരു പോസ്റ്റിൽ - ഞാൻ പുതിയ ഷർട്ട് വാങ്ങിയിട്ട് 7 വർഷം ആയെന്നൊരു കമന്റിട്ടിരുന്നു. അതൊന്നും അങ്ങനെ ആരും കാണും എന്നൊന്നും വിചാരിച്ചില്ല. പക്ഷേ നാലു പേര് അതിനെക്കുറിച്ച് ഇൻബോക്സിൽ വന്നു ചോദിച്ചു. ഇന്ന് രാവിലെ വീട്ടിൽ എന്തോ കവർ വന്നിട്ടുണ്ടെന്ന് പറഞ്ഞു വിളിച്ചു. വന്നു നോക്കിയപ്പോൾ ഇതാണ്. അതിന്റെ പ്രൈസ് ടാഗ് കണ്ടപ്പോൾ ആണു കരച്ചിൽ വന്നത്. അവസാനം കടയിൽ പോയി ഡ്രസ്സ് എടുത്തത് നാലു വർഷം മുൻപ് ഒരു പാന്റ് വാങ്ങിയതാണ്. അന്ന് ഇനി ഒരു അഞ്ച് വർഷത്തേക്ക് വേറൊരെണ്ണം വാങ്ങാൻ ചാൻസില്ലെന്ന് അറിയാവുന്നത് കൊണ്ട് നല്ല ക്വാളിറ്റി ഉള്ള ഒരെണ്ണം വാങ്ങാം എന്നോർത്ത് വലിയ വിലയുള്ളത് വാങ്ങി. അതു പോലും 1200ന്റേതാരുന്നു. അതിപ്പോഴും പുത്തൻ പോലെ തന്നെ ഉപയോഗിച്ചോണ്ടിരിക്കുന്നു. അതൊരെണ്ണം തന്നെ ആഡംബരം ആണ്. തേങ്ങ പത്തരച്ചിട്ടെന്തു കാര്യം താളല്ലേ കറി. അങ്ങനെ ന്യൂ ഇയർ കളർ ആക്കി തന്നത് ഇന്നലെ ബിപിൻ ചേട്ടനാണ്. ഇന്ന് രാവിലെ Leena ചേച്ചിയും - ആകെ ഇൻബോക്സിൽ ഒരു തവണ മാത്രമേ സംസാരിച്ചിട്ടുള്ളൂ. അതിനു പകരം തന്നത് ഒരു ആയുഷ്കാലത്തിന്റെ മുഴുവൻ സ്നേഹവും.

.

ഷേർട്ട് വാങ്ങാറില്ലെന്ന് പറഞ്ഞതിന് ഷേർട്ട് ഇല്ലെന്ന് അർത്ഥമൊന്നുമില്ല‌. പണി എടുക്കുന്ന വീട്ടിൽ വണ്ടീടെ ഓണറിനു ചെറുപ്പക്കാരു ചേട്ടന്മാരു മക്കളായുണ്ടേൽ അവരുടെ പഴേതൊക്കെ കെട്ടുകണക്കിന് കൊണ്ടു വരും. അതു മനസ്സിലായപ്പോൾ ഒരു പ്രാവശ്യം വിപി പുതിയതു വാങ്ങിച്ചു തന്നിരുന്നു. ഹർഷേട്ടൻ ടീ ഷർട്ട് വാങ്ങിച്ചു തന്നു. കാവ്യേച്ചി കല്ല്യാണത്തിനു ഷർട്ടെടുത്ത് തന്നിരുന്നു. എനിക്കറിയാത്ത പല കാര്യങ്ങളിൽ ഒന്നാമതെണ്ണാവുന്ന ഒന്നാണ് എന്റെ ഡ്രസ്സിന്റെ അളവ്. ഷർട്ടെന്ന് പറയുമ്പോൾ ന്റെ സങ്കൽപ്പത്തിൽ അതിന്റെ വില മാക്സിമം 500 ആണ്. ലൈം സോഡ കുടിക്കാൻ കടയുടെ മുന്നിൽ നിർത്തി വേണോ വേണ്ടയോന്ന് രണ്ട് പ്രാവശ്യം ആലോചിച്ച്, ഉച്ചക്കത്തെ പൈസ ലാഭിക്കാൻ വീട്ടീന്ന് ഫുഡ് കൊണ്ടു പോയി, 11 മണിക്കത്തെ ചായ കുടി ഒഴിവാക്കി, രാവിലെ 6നു വീട്ടിന്ന് കഴിച്ച് ഇറങ്ങിയാൽ രാത്രി 7നു വന്നിട്ട് ഫുഡ് കഴിക്കുന്ന എനിക്ക് 1,600 എന്നൊക്കെ കേട്ടാൽ നെഞ്ചു വേദന വരേണ്ടതാണ്. പക്ഷേ, ആപത്തൊന്നും പറ്റിയിട്ടില്ല. പൈസ ഒന്നാമതല്ലായിരിക്കും, ഒരുപക്ഷേ, അതിനും മുകളിലായിരിക്കും സ്നേഹം..... അറിയില്ല’’.

English Summary : Literary World - New Year Surprise Gift for writer K. Akhil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com