അടുത്ത നിമിഷം അപ്രത്യക്ഷമാകുന്ന ഒരു ദ്വീപിലേക്കുള്ള യാത്ര

s-joseph
എസ്. ജോസഫ്
SHARE

പുറപ്പെട്ട സ്ഥലത്തേക്കു തിരിച്ചുചെല്ലുക വിചിത്രമായ ആനന്ദമുണ്ടാക്കുന്ന വിചാരമാണ്. ഞാൻ മരിച്ചാൽ, എന്റെ മൃതശരീര പേടകം കുന്നു കയറി ജന്മനാട്ടിലേക്കു പോകുന്നത് ഒരിക്കൽ ഞാൻ സങ്കൽപിച്ചുനോക്കിയിട്ടുണ്ട്. പല കുഴിമാടങ്ങൾക്കു സമീപം ക്രമേണ അദൃശ്യമായിത്തീരുന്ന ഇടം എന്നു വിചാരിച്ചപ്പോഴേക്കും എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. നാട്ടിൽ പതിവായി പോയിരിക്കാറുള്ള ഒരു ചെരിവിൽനിന്നു നോക്കിയാൽ എതിർവശം ഒരു വലിയ പാറക്കെട്ടിന് ഇടയിൽ ആകാശത്തേക്ക് തനിച്ച് ഉയർന്നു നിൽക്കുന്ന ഒരു വടവൃക്ഷം കാണാം. കാറ്റും വെയിലും മഴയും ഉരുൾപൊട്ടലുകളും അതിനെ തൊട്ടിട്ടില്ല. ആ മരത്തോടു ചേർന്നായിരുന്നു മരിച്ചടങ്ങുന്നതെങ്കിൽ രാത്രിയോ പകലോ അത്രയൊന്നും ഏകാന്തമായിരിക്കില്ലെന്ന് എനിക്കു തോന്നി. 

സാധാരണ ജൈനക്ഷേത്രങ്ങളിൽ പ്രതിഷ്ഠയില്ലെങ്കിലും, മട്ടാഞ്ചേരിയിലെ ജൈനക്ഷേത്രത്തിൽ ഒരു പ്രതിഷ്ഠയുണ്ട്. അവിടെ ആരാധനയുമുണ്ട്. കൽവിളക്കുകളുടെ പ്രകാശത്തിൽ തിളങ്ങുന്ന പ്രതിഷ്ഠയ്ക്കു മുന്നിലെത്തിയപ്പോൾ സുഹൃത്ത് പറഞ്ഞത് അതു മടങ്ങിവന്ന മൂർത്തിയാണെന്നാണ്. വർഷങ്ങൾക്കു മുൻപ് കേടുപാടുകൾ പറ്റിയ ആ കൽവിഗ്രഹം കടലിൽ നിമജ്ജനം ചെയ്തു. മാസങ്ങൾക്കുശേഷം മീൻപിടിത്തക്കാരുടെ വലയിൽ അതു കുടുങ്ങി. അവർ അതിനെ കരയിലെത്തിച്ചശേഷം പൊലീസിൽ ഏൽപിച്ചു. അന്വേഷണത്തിനൊടുവിൽ അതു ജൈനക്ഷേത്രത്തിലേക്കു തന്നെ തിരിച്ചുവന്നു. 

അങ്ങിങ്ങായി ശിഥിലമായിട്ടും വെള്ളത്തിലും കരയിലും അലഞ്ഞിട്ടും തിരിച്ചുവരുന്നത് ഈ മൂകമായ പ്രാർഥനകൾ സ്വീകരിക്കാനാണല്ലോ എന്നു ഞാൻ ഓർത്തു. വാക്കുകളും വസ്തുക്കളും തമ്മിലുള്ള ജൈവ ബന്ധത്തെപ്പറ്റി ഓർഗ തൊക്കാർചുക്ക് എഴുതിയിട്ടുണ്ട്, അവ മരത്തിന്മേൽ പറ്റി വളരുന്ന കൂണുകൾ പോലെയാണ് എന്ന്. വസ്തുവിന്മേൽ പറ്റി വളരുമ്പോഴാണ് വാക്കുകൾ ഉച്ചരിക്കപ്പെടുന്നത്. നമ്മുടെ ചുറ്റിനുമുള്ള എത്രയോ അചേതനമായ വസ്തുക്കളെ ചുറ്റിപ്പറ്റിയാണു നമ്മുടെ വാക്കുകളും വളരുന്നത്, സ്വരം നേടുന്നത്. ‘ബുക്കിൽ ഒരു കവിത എഴുതിവച്ചു. തൂക്കിവിറ്റ കടലാസുകളുടെ കൂടെ അതും പെട്ടു’ എന്നു തുടങ്ങുന്ന എസ്. ജോസഫിന്റെ ഒരു കവിതയുണ്ട്. 

‘‘പീടികക്കാരൻ മുളകോ ഉള്ളിയോ പൊതിഞ്ഞിരിക്കുമോ?

കുടിലിലെ കുട്ടിക്ക് അതു കിട്ടിയിരിക്കുമോ?

അവന് അത് കൂട്ടിവായിക്കാൻ പറ്റിയിരിക്കില്ലല്ലോ.

അവൻ അനിയത്തിക്കു വള്ളമുണ്ടാക്കിക്കൊടുത്തിരിക്കുമോ?

തോണിയിൽ അവൾ എവിടെപ്പോകാനാണ്?’’

ഒരു കടലാസുതുണ്ടിൽനിന്നു നീ തുഴഞ്ഞുപോകുന്ന തോണിയുണ്ടായത് എങ്ങനെയെന്നു മനസ്സിലായി ജോസഫിന്റെ കവിത വായിച്ചപ്പോൾ. കവി പറയുന്നു, തൂക്കിവിറ്റ ആ കടലാസുകളുടെ കൂടെ നഷ്ടമായ ആ കവിതയും ഒരു വള്ളത്തെക്കുറിച്ചായിരുന്നു. അപ്പോൾ കടലാസ് എന്ന വസ്തു, അതൊരു കവിതയാണെന്ന് അറിയാതെ, ഒരു വള്ളമാക്കി മാറ്റാൻ ഒരു കുട്ടിക്കു കഴിയുമെന്നതുപോലെ, വാക്കുകൾ വിനിമയചിഹ്നങ്ങൾ മാത്രമല്ല, കടലാസ്സിലെ കവിതയായി, വള്ളമായി തീരുന്ന അദ്ഭുതമാണ് എന്നു കൂടി പറയാം. 

എസ്. ജോസഫിന്റെ എനിക്ക് പ്രത്യേക ഇഷ്ടമുള്ള ഒരു കാവ്യസമാഹാരം മീൻകാരൻ (2003) ആണ്. ഈ കവിത ആ സമാഹാരത്തിലേതാണ്. എപ്പോൾ വേണമെങ്കിലും കൈ നീട്ടി എടുക്കാൻ കഴിയുന്ന ഒരു അകലത്തിലാണ് അക്കാലത്ത് ഈ പുസ്തകം ഞാൻ വച്ചിരുന്നത്. വൈകിയ വേളകൾ, പൂവരശിന്റെ ചുവട്ടിൽ, കുടപ്പന, പെങ്ങളുടെ ബൈബിൾ, ലീലാമ്മ, തുടങ്ങി ഇതിലെ പല കവിതകളും ഞാൻ വളരെ ഇഷ്ടപ്പെട്ടു. 60 ൽ താഴെ താളുകളേ ഈ പുസ്തകത്തിലുള്ളു. പക്ഷേ, അതു തുറക്കുമ്പോഴെല്ലാം എനിക്ക് ഉള്ളം നിറയാറുണ്ട്. മീൻകാരൻ ജോസഫിന്റെ രണ്ടാമത്തെ സമാഹാരമാണെന്നു തോന്നുന്നു. പിന്നീടു മീൻകാരൻ എന്റെ മേശപ്പുറത്തുനിന്നു കാണാതായി. വർഷങ്ങളുടെ പോക്കുവരവുകളിൽ അതു സ്ഥാനം തെറ്റി എവിടെയോ മറഞ്ഞു.

ഇഷ്ടമുള്ള ഒന്ന് മറഞ്ഞിരിക്കുക അസാധ്യമല്ല. പക്ഷേ അത് അവിടെത്തന്നെയുണ്ട് എന്ന കാര്യത്തിലും സംശയമില്ല. എത്രയോ പുസ്തകങ്ങൾ നമ്മുടെ മുറിയിലും ലൈബ്രറിയിലും ഇങ്ങനെ മറഞ്ഞിരിക്കുന്നുണ്ട്. എത്രയോ മനുഷ്യർ തൊട്ടടുത്തും അകലെയും നമ്മെ വന്നു തൊടാതെ കഴിയുന്നു. മടങ്ങിവരവിനുള്ള പല സന്ദർഭങ്ങൾ ഓർത്തുനോക്കുകയായിരുന്നു. അതായത്, വർഷങ്ങൾക്കുശേഷം നീ പഴയ വഴികളിലൂടെ വീണ്ടും ചെല്ലുമ്പോൾ അവിടെ ഒരു വയസ്സിനിരിക്കുന്നതു കാണുന്നു. അയാൾ നിന്നോടു പറയുന്നു, നിങ്ങളൊക്കെ ഞങ്ങളുടെ അടിയാന്മാരായിരുന്നു. അപ്പോൾ നിനക്കു മനസ്സിലാകുന്നു, ഓർമ എന്നതു കൂടുവിട്ടുപോന്ന പീഡിത മൃഗങ്ങളുടെ പറ്റമാണ്. അവർ വിട്ടുപോയെങ്കിലും കൂട് അവരെ കാത്തിരിക്കുന്നു. അപമാനത്തിൽനിന്ന് അന്തസ്സിലേക്ക് എത്തിയാലും അപമാനത്തിന്റെ കൂടുകൾ അങ്ങനെ തന്നെ ശേഷിക്കുന്നു.

‘‘മണ്ണുകൊണ്ട് ഇവനൊരു മനുഷ്യനെ ഉണ്ടാക്കുന്നു

ചുറ്റും മണ്ണുകൊണ്ടുള്ള മൃഗങ്ങളെ ഉണ്ടാക്കുന്നു

വാ തുറന്നവ,

ഓടുന്നതും ചാടുന്നവയും.

ആരുമറിയുന്നില്ലിത്. 

എങ്കിലെന്ത്?

എന്നെങ്കിലും 

പൂക്കളും കിടാങ്ങളും പെൺതരികളുമായൊരാൾ

ഈ പൊടിവഴി ചുറ്റിപ്പോകുമ്പോൾ

ഇവന്റെ പണികൾ

കാറ്റിലോടുന്ന വെയിലിലും

കാടുമായ്ക്കുന്ന രാവിലും

മിണ്ടാതെ നിൽക്കുന്നതു കാണും.’’ (എസ് ജോസഫ്-ഒരു കണ്ടുമുട്ടൽ)

tomas-transtromer
ടോമസ് ട്രാൻസ്ട്രോമർ. ചിത്രം: വിക്കിപീഡിയ

സ്വീഡിഷ് കവി ടോമസ് ട്രാൻസ്ട്രോമറിനു നൊബേൽ സമ്മാനം പ്രഖ്യാപിച്ച ദിവസം സന്ധ്യക്കു ഞാൻ കൊച്ചിയിൽ ഒരു ഹോട്ടലിന്റെ മട്ടുപ്പാവിൽ കൂട്ടുകാരനെയും കാത്തിരിക്കുകയായിരുന്നു. കൂട്ടുകാരൻ വന്നതും എന്നോടു ട്രാൻസ്ട്രോമറിനെപ്പറ്റി ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്കറിയില്ല, ഞാൻ വായിച്ചിട്ടില്ല. അപ്പോൾ അയാൾ ബാഗ് തുറന്ന് ഒരു പുസ്തകം എനിക്ക് എടുത്തുനീട്ടി. അതു ട്രാൻസ്ട്രോമറുടെ തിരഞ്ഞെടുത്ത കവിതകളുടെ ഇംഗ്ലിഷ് വിവർത്തനമായിരുന്നു. അദ്ഭുതവും ആഹ്ലാദവും കൊണ്ട് എനിക്ക് കണ്ണുനിറഞ്ഞുപോയി. അയാൾ പറഞ്ഞു, നിനക്ക് 24 മണിക്കൂർ നേരം തരാം. വായിച്ചു മടക്കിത്തരണം. 

അന്നു രാത്രി വീട്ടിലേക്കു പോകുമ്പോൾ ഞാൻ ഒരു നോട്ട്ബുക് വാങ്ങി. ആ രാത്രി മുതൽ പിറ്റേന്നു വൈകിട്ടു വരെ അതിൽനിന്ന് കവിതകൾ ഓരോന്നായി പകർത്തിയെഴുതി. മറ്റൊരു കവിയെ പകർത്തിയെഴുതും പോലെ അനുഭൂതിദായകമായ പ്രവൃത്തി വേറെയില്ല. നാം വായിക്കുന്നു. വാക്കുകൾ ഓരോന്നായി എടുക്കുന്നു. എഴുതുന്നു. ശ്വാസത്തോടൊപ്പം അവ ഉള്ളിലേക്കു സഞ്ചരിക്കുന്നു. മാസങ്ങൾക്കുശേഷം ട്രാൻസ്ട്രോമറുടെ പുസ്തകം വാങ്ങും വരെ ഞാനെഴുതിയ ട്രാൻസ്ട്രോമർ കവിതകളാണു ഞാൻ വായിച്ചത്. ഞാൻ ആദ്യം പകർത്തിയ കവിത, ഉണർവിനും നിദ്രയ്ക്കുമിടയിലെ വിചിത്രമായ ഒരു അവസ്ഥയായിരുന്നു. ഉറക്കം പറ്റിപ്പിടിച്ചിരിക്കുന്ന വാക്കുകൾ ശ്വസിക്കുന്ന ട്രാക്ക് എന്ന കവിത.

പുലർച്ച രണ്ടുമണി സമയം ഒരു സമതലത്തിനു നടുവിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ. അകലെയെങ്ങോ ഉള്ള ഒരു പട്ടണത്തിന്റെ വിളക്കുകൾ ചക്രവാളത്തിൽ തണുത്തു മിന്നുന്നുണ്ട്. ഒരു മനുഷ്യൻ അയാളുടെ ഉറക്കത്തിലേക്ക് ആണ്ടുപോകുന്നു. സ്വപ്നം കാണുന്നു. അയാൾ പിന്നീടു തന്റെ മുറിയിൽ തിരിച്ചെത്തുമ്പോൾ, ഒരിക്കൽ താനവിടെ, വെട്ടം മിന്നുന്ന ചക്രവാളം കാണാവുന്ന സമതലത്തിനു നടുവിൽ, നിർത്തിയിട്ട ട്രെയിനിൽ ആ രാത്രി കഴിഞ്ഞതായി ഓർമിക്കാൻ പോകുന്നില്ല. അല്ലെങ്കിൽ മറ്റൊരു മനുഷ്യൻ ഉറക്കത്തിലേക്കല്ല, രോഗത്തിലേക്ക് ആണ്ടുപോകുമ്പോൾ, തന്റെ ദിവസങ്ങളെല്ലാം ചക്രവാളത്തിലെ തണുത്ത മിന്നലുകൾ മാത്രമായി മാറുന്നത് അറിയുമായിരിക്കും. പുലർച്ചെ രണ്ടുമണി- നിശ്ചലമായ ട്രെയിൻ, നക്ഷത്രങ്ങളില്ലെങ്കിലും നിറഞ്ഞ നിലാവെളിച്ചം. 

ഇതാണ് ആ കവിതയുടെ ഏകദേശ സാരം. നിഗൂഢവും വിചിത്രവുമായ സന്ദർഭത്തെ, ആധി പൂണ്ട ഏതോ ഏകാന്ത നിമിഷത്തെ കവിതയിലേക്കു പരിവർത്തനം ചെയ്യുന്ന ഈ സ്വീഡിഷ് കവിതയുടെ ഓരോ വിവർത്തനവും വ്യത്യസ്തമായ ചില അടരുകൾ കൊണ്ടുവന്നു. അത് പിന്നീട് വാക്കുകളുടെ ധ്വനികൾ സംബന്ധിച്ച എന്റെ ജിജ്ഞാസകളെയും വളർത്തി. ഈ വാക്കുകളുടെ രഹസ്യമറിയാൻ അവിടേക്കു വീണ്ടും വീണ്ടും ചെല്ലുമ്പോഴെല്ലാം  ഇരുണ്ടുവിസ്തൃതമായ സമതലത്തിനു നടുവിൽ, രാവിന്റെ അന്ത്യയാമങ്ങളിൽ, ജീവനുള്ള മൃഗത്തെപ്പോലെ ആ ട്രെയിൻ കിതയ്ക്കുന്നതും ഞാൻ അറിഞ്ഞു. 

നിശ്ചിതത്വത്തിന് അടിമയായ ഒരാളാണു താങ്കളെങ്കിൽ ഒരിക്കലും ട്രാൻസ്ട്രോമറുടെ കവിത വായിക്കാൻ പോകരുതെന്ന്, വിവർത്തകനായ റോബർട്ട് ബ്ലൈ ഒരിക്കൽ പറയുകയുണ്ടായി. കാരണം ‘ആ കവിതകൾ നിങ്ങളെ അടുത്ത ക്ഷണം അപ്രത്യക്ഷമാകുന്ന ഒരു ദ്വീപിലേക്കാണു കൊണ്ടുപോകുക’.

English Summary: Ezhuthumesha column written by Ajay P Mangattu, Poems of S Joseph and Tomas Transtomer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA
;