മോഹൻലാൽ എനിക്ക് ഒരു കഞ്ചാവു ചെടിയുടെ പേരാണ് !

HIGHLIGHTS
  • ലിജീഷ് കുമാർ എഴുതുന്ന പരമ്പര– പുസ്തകങ്ങൾ പോലെ എന്റെ മനുഷ്യർ.
Mohanlal
മോഹൻലാൽ. ചിത്രം– മണിച്ചിത്രതാഴ്
SHARE

‘ലൈഫ് എന്റെയാണ്, എന്റെ മാത്രം.

ഞാനതലമാരയിൽ വച്ച് പൂട്ടും, ചില്ലു പാത്രം പോലെ എറിഞ്ഞുടയ്ക്കും, റബ്ബർ പന്തു പോലെ തട്ടിക്കളിക്കും, ചപ്പാത്തി പോലിട്ടു പരത്തും, ദോശ പോലെ ചുട്ടു തിന്നും !!’

ലോഹിതദാസ് മോഹൻലാലിനു വേണ്ടി എഴുതിയ ഡയലോഗാണ്, സിനിമ - ദശരഥം. 

mohanlal-1

ചെമന്ന വെളിച്ചം പരക്കുന്ന നക്ഷത്ര മദ്യാലയത്തിൽ നിന്നിറങ്ങിവന്ന് മോഹൻലാൽ അതു പറഞ്ഞ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. ഒരു തുള്ളി കുടിക്കാതെ പൂസായിപ്പോയ ദിവസമാണത്. പിന്നെ, ജീവിതമെന്താണിങ്ങനെ എന്നു ചോദിച്ചവരോടൊന്നും ഒരു യമണ്ടൻ ഫിലോസഫിയും ഞാനടിച്ചിട്ടില്ല, ലൈഫ് എന്റെയാണ് - എന്റെ മാത്രം എന്നാവർത്തിച്ചതല്ലാതെ. 

‘ഇത്രയും സുന്ദരനായ, സൽസ്വഭാവിയായ, ചക്കരക്കുട്ടനായ, ഒരു പെൺകുട്ടിക്ക് മനോഹരമായ ജീവിതം വാഗ്ദാനം ചെയ്യാൻ കഴിവുള്ളവനായ ഈ എന്നെ നിനക്കൊരിക്കലും വെറുക്കാൻ പറ്റില്ല, ഇറ്റ്സ് ഇംപൊസിബിൾ !!’ എന്ന ലാലിസവും നെഞ്ചേറ്റി, ‘ഐ ലവ്യൂ’ എന്നലറി വിളിച്ച് ആത്മാദരത്തിന്റെ കൗമാരവഴികളിലൂടെ എന്നെ നടക്കാൻ പഠിപ്പിച്ച തൊലിക്കട്ടിയുടെ പേരാണ് മോഹൻലാൽ.

mohanlal-thenmavin-kombath
ശോഭന, മോഹൻലാൽ. ചിത്രം– തേൻമാവിൻ കൊമ്പത്ത്

മഹാകാമനകളുടെ ബൈനോക്കുലറുമായി പ്രപഞ്ചം തേടി നടന്ന പ്രായമാണത്. അന്നും മോഹൻലാലായിരുന്നു വഴി. ‘ഫസ്റ്റ് ഡേ ഫുൾ നേക്കഡൊന്നും കാണാൻ പറ്റൂല’ എന്ന് പറഞ്ഞ് അയാൾ കൂടെ നിന്നു. ദിവസങ്ങൾ കടന്നു പോയി. പ്രേമലേഖനമെഴുതാൻ പേന കൈയിലെടുത്ത പ്രായത്തിൽ അയാൾ വന്ന് ചെവിയിൽ മന്ത്രിച്ചു, ‘അതികാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തുപൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും’ എഴുത്, അങ്ങനെയെഴുത് എന്ന്.

mohanlal-vanaprestham
മോഹൻലാല്‍. ചിത്രം – വാനപ്രസ്ഥം

‘ഇന്നലെ ഞാനൊരു ആന്ധ്രക്കാരന്റെ കൂടെയായിരുന്നു’ എന്നു പറഞ്ഞ കാമുകിയെ അസ്വസ്ഥതകളില്ലാതെ അയാൾ നോക്കിയിരിക്കുന്നതു കണ്ട് രതിനോട്ടങ്ങളുടെ തിരനോട്ടകാലത്ത് ഞാനദ്ഭുതപ്പെട്ടിട്ടുണ്ട്, മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുകയല്ലേ എന്നു ശാന്തനായി ചോദിക്കുന്ന കാമുകനെ കണ്ട്. അന്നു പെയ്ത മഴയിലാണ് അതുവരെ പഠിച്ച മൊറാലിറ്റികളെ ഞാൻ കഴുകിക്കളഞ്ഞത്. എന്നെ ജ്ഞാനസ്നാനപ്പെടുത്തിയ തേൻതുമ്പിയുടെ പേരാണ് മോഹൻലാൽ.

വൈകിട്ടെന്താണ് പരിപാടി എന്ന് ഒളികണ്ണിട്ടു ചോദിക്കുന്ന മോഹൻലാലിനെത്തന്നെയാണ് എനിക്കിഷ്ടം. പിൽക്കാലം ഞാൻ ചുറ്റും നിറച്ച മനുഷ്യരെല്ലാം ഏറിയും കുറഞ്ഞും ഇങ്ങനെയായിരുന്നു. ഏറിയും കുറഞ്ഞും അവരെല്ലാം മനുഷ്യരായിരുന്നു.

mohanlal-kanmadam
മോഹൻലാൽ, മഞ്ചു വാര്യർ. ചിത്രം – കന്മദം

ഞാനുണ്ടായതിനു ശേഷം ഇന്നുവരെയുള്ള കാലത്തിന് ഞാനിട്ട പേര് ലാൽനൂറ്റാണ്ട് എന്നാണ്. കുത്തനെയും വിലങ്ങനെയുമായി നാലു വിരലുകൾ കൂട്ടിയിണക്കി പടമെടുക്കാൻ പഠിച്ച കുട്ടിക്കാലം മുതൽ, ലാലേട്ടന്‍ നമ്മളുദ്ദേശിക്കുന്ന ആളല്ല എന്നു പലരും പരാതിപ്പെട്ട ഇക്കാലം വരെ അതിന് ദൈർഘ്യമുണ്ട്. ലാലേട്ടന്‍ പക്ഷേ ഞാനുദ്ദേശിക്കുന്ന ആളാണ് എന്ന മറുപടി അന്നുമിന്നും എനിക്കുണ്ട് കേട്ടോ. ആരാണ് മോഹൻലാൽ എന്ന ചോദ്യത്തിന്, ഉൽപത്തിയോളം പഴക്കമുള്ള നമ്മുടെ ത്വരകളെ ഊതിക്കത്തിച്ച പാപിയായ പുണ്യാളൻ എന്നാണ് എന്റെ ഉത്തരം. വിലക്കപ്പെട്ട കനികളെ തേടാൻ പഠിപ്പിച്ച വിശുദ്ധൻ, പതിനാറായിരത്തൊരുന്നൂറ്റെട്ടുകളുടെ കൃഷ്ണൻ !!

എന്നിട്ടും ‘എന്തോ, എന്നെ ഇഷ്ടമാണ് ആളുകൾക്ക്’ എന്നു മോഹൻലാൽ പറയും. അതാണ് സത്യം. എന്നിട്ടും എന്തോ, നിങ്ങളെ ഇഷ്ടമാണ് ആളുകൾക്ക്. അതൊരാദർശ പുരുഷനോടുള്ള അനുരാഗമല്ല. അത് ഞങ്ങളുടെ ആത്മാന്വേഷണങ്ങളുടെ അവസാനമാണ്.  

mohanlal-kireedam
മോഹൻലാൽ. ചിത്രം – കിരീടം

ജീവിതം സത്യത്തിൽ ഒരു മോഹൻലാൽ ഡയലോഗാണ്, ‘എന്റെ ഉള്ളിൽ ഞാൻ ചങ്ങലക്കിട്ട് കിടത്തിയ ഒരാളുണ്ട്’ എന്ന വെളിപാട്. സത്യം, പല വിധമായ വിലക്കുകളിൽ ഞെരുങ്ങി ശ്വാസം മുട്ടിക്കിടപ്പുള്ള സ്വാതന്ത്ര്യാന്വേഷിയായ ഒരാളുണ്ട് നമ്മുടെ അകത്ത്. അയാളാണ് മോഹൻലാലിനെ സ്നേഹിച്ചത്, നമ്മളല്ല. അയാളാഗ്രഹിച്ച ജീവിതമാണ് മോഹൻലാൽ. 

mohanlal-kamaladalam
മോഹൻലാൽ. ചിത്രം – കമലദളം

ആരാണു മോഹൻലാൽ എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ എന്റെയുത്തരം, ലോകവിപണി കണ്ടതിൽ വച്ച് ഏറ്റവും വീര്യമുള്ള ഒരു ലഹരിമരുന്ന് എന്നാണ്. എനിക്കാരാണ് ലാലേട്ടൻ എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതു തന്നെയാണ്. ഞാൻ നട്ടുവളർത്തിയ രഹസ്യ കാമനകളുടെ ഒരു കഞ്ചാവു ചെടിയുണ്ട് ടെറസ്സിനു മുകളിൽ, അതിന്റെ പേരാണ് മോഹൻലാൽ.

English Summary: Lijeesh Kumar writes on different people he has met - Pusthakangal pole ente manushyar - Mohanlal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;