ചിന്തയുടെ കനൽ, വായനയുടെ ചൂട്

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • നിശിതമായ രാഷ്ട്രീയ ധ്വനികളാണു വിനോദിന്റെ എഴുത്തിന്റെ പ്രത്യേകത
literature-puthuvakku-series-vinod-krishna-image
വിനോദ് കൃഷ്ണ
SHARE

ചെറു കനലുകളാണു വിനോദ് കൃഷ്ണയുടെ കഥകൾ. വായനയ്ക്കു ശേഷവും അവ കെട്ടുപോകുന്നില്ല. മനസ്സിനുള്ളിൽ പുകഞ്ഞുകൊണ്ടേയിരിക്കും. ആ ചെറുചൂടടിച്ചു യാഥാർഥ്യങ്ങളിലേക്കു നമ്മൾ വീണ്ടും വീണ്ടും ഞെട്ടിയുണരും, ലോകത്തെപ്പറ്റി ആശങ്കപ്പെടുന്ന മനുഷ്യരായി മാറും. നിശിതമായ രാഷ്ട്രീയ ധ്വനികളാണു വിനോദിന്റെ എഴുത്തിന്റെ പ്രത്യേകത. 20 വർഷത്തിനുള്ളിലെഴുതിയത് 20 കഥകൾ മാത്രം. കണ്ണ്സൂത്രം, ഉറുമ്പ്ദേശം എന്നീ രണ്ടു കഥാസമാഹാരങ്ങൾ. എഴുത്തിനെക്കുറിച്ച്, വായനയെക്കുറിച്ച്, നിലപാടുകളെക്കുറിച്ചു വിനോദ് സംസാരിക്കുന്നു. 

∙‘കണ്ണ്സൂത്രം’ എന്ന കഥ വായിച്ചപ്പോൾ കുറച്ചുനാൾ മുൻപ് ഒരു കൂട്ടുകാരി പറഞ്ഞ കാര്യമാണ് ഓർമയിലെത്തിയത്. കൊച്ചിയിലെ മാളിൽ ഒരു യുവനടിക്കുണ്ടായ തിക്താനുഭവത്തിനു ശേഷം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ആത്മവിശ്വാസം നഷ്ടമായെന്നാണ് അവൾ പറഞ്ഞത്. ഉടലൊരു തടവറയായി മാറിയ പോലെ. കഥയിലെ നായിക പാർവതിയെപ്പോലെ നിരന്തരം അസ്വസ്ഥമായ മനസ്സുമായി ജീവിക്കേണ്ടി വരുന്ന സ്ത്രീകളും അവരുടെ അസ്വസ്ഥതകളുടെ കാരണം മനസ്സിലാക്കാനാകാത്ത പുരുഷൻമാരും നമ്മുടെ സമൂഹത്തെ എങ്ങോട്ടേക്കാണു കൊണ്ടുപോകുന്നത്? വിനോദിന്റെ ഒട്ടേറെ കഥകളിൽ അശാന്തരായ സ്ത്രീകൾ മുഖ്യകഥാപാത്രങ്ങളായി വരുന്നുണ്ടല്ലോ? 

ഒരു Y2K കാലത്താണു ഞാൻ ‘കണ്ണ്സൂത്രം’ എഴുതിയത്. പതിനാറു വർഷം കഴിഞ്ഞാണ് അതു മലയാളം വാരികയിൽ അച്ചടിച്ചു വരുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥയാണു കണ്ണ്സൂത്രം. അതുകൊണ്ടു തന്നെ ഒരു ആനുകാലികങ്ങൾക്കും നൽകാതെ ഞാനതു കുറെക്കാലം ‘എന്റെ കഥ’ ഫോൾഡറിൽ സൂക്ഷിച്ചു. തുറിച്ചുനോട്ടം സ്ത്രീകളെ എത്രമാത്രം വേദനിപ്പിക്കുന്നു എന്ന് എനിക്കു മനസ്സിലായത് എന്റെ മേമയിൽ നിന്നാണ്. എന്റെ ജീവിതത്തിൽ ഞാൻ അടുത്തിടപഴകിയ സ്ത്രീകൾക്ക് ഞാൻ നൽകിയ ബഹുമാനമാണ് ഈ കഥ. Male Gaze ഒരു സാമൂഹിക ആൺ രോഗമാണ്. ലോകത്തെവിടെയും ഈ രോഗമുണ്ട്. കണ്ണ്സൂത്രം പ്രസിദ്ധീകരിക്കപ്പെട്ടു വർഷങ്ങൾ കഴിഞ്ഞാണ് യൂക്കോ ഷിമിസു എന്ന ചിത്രകാരൻ The dusting of male gaze എന്ന ചിത്രം വരയ്ക്കുന്നത്. മി ടു മൂവ്മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിൽ ആണ് ആ ചിത്രം സംഭവിക്കുന്നത്. പിന്നീടത് പൊളിറ്റിക്കൽ ആർട് എന്ന നിലയിൽ ലോകപ്രചാരം നേടി. എന്നെ സ്ത്രീകളെ ബഹുമാനിക്കാൻ പ്രാപ്തനാക്കിയത് എന്റെ മേമയാണ്. ഇന്നാണെങ്കിൽ ഞാനീ കഥ മറ്റൊരു തരത്തിലാകും എഴുതുക. കാരണം പുതിയകാലത്തെ പെണ്ണുങ്ങൾ തുറിച്ചുനോക്കുന്ന ആണിനെയും ആനയെയും ചെരുപ്പൂരി മുഖത്തടിക്കാൻ കരുത്തുള്ളവരാണ്. ആണധികാരത്തെയും ആരാധനാപ്രണയത്തെയും തിരിച്ചറിയാൻ അവർക്കറിയാം. മേമ പഴയ മേമയല്ല. പക്ഷേ, പുരുഷന്റെ വൃത്തികെട്ട കാമനകൾക്കു മാറ്റമൊന്നും ഇല്ല. അതുകൊണ്ടു തന്നെ എന്റെ വന്യമായ ആഗ്രഹങ്ങളിൽ എനിക്ക് സ്ത്രീയായി ജീവിക്കാനാണിഷ്ടം. എന്റെ വീടും ഒരു സ്ത്രീ ഭൂരിപക്ഷ പ്രദേശമാണ്. എന്നിലുള്ള നന്മകൾ ഒക്കെയും ഞാൻ ഇടപെട്ട സ്ത്രീകൾ സമ്മാനിച്ചതാണ്. അതുകൊണ്ടു കഥയിൽ ഞാൻ അവരെ ജാഗ്രതയോടെ ആവിഷ്കരിക്കുന്നു. അതൊരു ഓർഗാനിക് പ്രോസസ് ആണ്. 2015 ൽ കലേഷ് കാരണമാണു കണ്ണ്സൂത്രം അച്ചടിച്ചു വന്നത്. യൂക്കോ ഷിമിസുവിന്റെ ചിത്രം വന്ന ശേഷമാണു കണ്ണ്സൂത്രം പ്രസിദ്ധീകരിച്ചു വന്നിരുന്നതെങ്കിൽ അതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്‌ എഴുതിയതാണെന്നു ചിലരെങ്കിലും പറഞ്ഞേനെ. ആ പഴിയിൽനിന്ന് എന്നെ മുക്തനാക്കിയ പത്രാധിപരോടു നന്ദി. എന്റെ കഥയിലെ സ്ത്രീകളിൽ ഏറിയും കുറഞ്ഞും ഒക്കെ എന്റെ മേമയുണ്ട്. ലോകം ചുറ്റിയതു കൊണ്ടല്ല ഞാൻ കഥാകാരനായത്. മേമയെ ചുറ്റിപ്പറ്റി ജീവിച്ചതുകൊണ്ടാണ്. അശാന്തരായ സ്ത്രീകൾ കരുത്തുള്ളവരാണ്. അവർക്ക് ഉറച്ച തീരുമാനങ്ങൾ ഉണ്ട്. പുരുഷനേക്കാൾ പൊളിറ്റിക്കൽ കറക്റ്റ്നെസ് അവർക്കുണ്ട്.

literature-puthuvakku-series-vinod-krishna-book-cover

∙ കഥകളിലൂടെ ചരിത്രവും അതിന്റെ തെറ്റായ വ്യാഖ്യാനങ്ങളും ഒളിച്ചുകടത്തുന്ന കാലത്താണു ‘വാസ്കോപോപ്പ’ പോലുള്ള കഥകൾ എഴുതപ്പെടുന്നത്. ഹിംസാത്മകമായ അധികാരം സ്വാതന്ത്ര്യത്തെ നാടുകടത്തുമ്പോൾ കഥയാൽ പ്രതിരോധം ഉയർത്താൻ കഴിയുമെന്നു താങ്കൾ യഥാർഥമായും വിശ്വസിക്കുന്നുണ്ടോ? അതുകൊണ്ടാണോ താങ്കളുടെ കഥകൾ ഇത്ര ഉച്ചത്തിൽ രാഷ്ട്രീയം സംസാരിക്കാൻ ശ്രമിക്കുന്നത്?

നാം ജീവിക്കുന്ന കാലത്തെ അഡ്രസ്സ് ചെയ്യുമ്പോൾ ആണു നല്ല ആർട് ഉണ്ടാവുന്നത്, എഴുത്തുണ്ടാവുന്നത്. ഞാൻ പോയട്രി ഇൻസ്റ്റലേഷൻ ഒക്കെ ചെയ്യാൻ ഇടയായത് അതുകൊണ്ടാണ്. സംഘർഷഭരിതമായ, ജീവിക്കുന്ന ചുറ്റുപാടുകൾ നമ്മളെ കൂടുതൽ മൗലികമാക്കും. സ്വാതന്ത്ര്യബോധമുള്ള ഏതൊരാൾക്കും എഴുതാവുന്ന കഥയാണ് വാസ്കോപോപ്പ. വർഷങ്ങൾക്കു മുമ്പാണ് ഞാൻ വാസ്കോപോപ്പയുടെ ‘കവിയുടെ ഏണി’ വായിക്കുന്നത്. ഈ കവിതയും കവിയുടെ ജീവിതവും എന്നെ വല്ലാതെ സ്പർശിച്ചു. അന്നു ഞാൻ ഒരു പൊടിമീശക്കാരൻ പയ്യനായിരുന്നു. സ്ഥാപനവൽക്കരിക്കപ്പെട്ടതിന് എതിരെ കല്ലെറിയാൻ വെമ്പൽ കൊള്ളുന്ന ഒരു പയ്യന്റെ മനസ്സ് വാസ്കോപോപ്പ എഴുതുമ്പോൾ എന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവണം. അതിന് ഒരു കാരണവും ഉണ്ട്. ഞാൻ കാൽപനികമായ കഥകളും വള്ളുവനാടൻ എഴുത്തുഭാഷയും നെഞ്ചിലേറ്റി നടക്കുന്ന കാലം. കുന്നത്തൂർ രാധാകൃഷ്ണേട്ടൻ ആണ് എന്നെ വഴിതിരിച്ചു വിട്ടത്. യു.പി. ജയരാജിനെയും എം.സുകുമാരനെയും പട്ടത്തുവിളയെയും പി.കെ. നാണുവിനെയും എന്റെ കൈയിലേക്കു വച്ചു തന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തെപ്പറ്റി എന്നെ ബോധവാനാക്കിയത് അദ്ദേഹമാണ്. അന്നൊന്നും ഞാൻ എഴുതുമായിരുന്നില്ല. ചില്ല മാസികയുടെ എഡിറ്റർ ആയ ഗിരീഷ് അത്താണിക്കൽ ആണ് എന്നെ കഥയെഴുത്തുകാരനാക്കിയത്. എഴുത്തിലെ കാൽപനിക ജീവിതവും സമര ജീവിതവും അതിന്റെ എല്ലാ ശക്തിയോടും കൂടി ഗിരിയേട്ടനും രാധാകൃഷ്ണേട്ടനും എനിക്കു പകർന്നു തന്നു. ഈ അനുഭവങ്ങൾ സമ്മാനിച്ച ഊർജമാണ് വാസ്കോപോപ്പ എഴുതാൻ പിൽക്കാലത്തു പ്രേരണയായത്. എന്നെ സംബന്ധിച്ച് എഴുത്ത് സമരമാണ്. എന്റെ അമർഷങ്ങൾ പ്രകടിപ്പിക്കാൻ എനിക്കു ഡൽഹിയിൽ പോകാൻ കഴിയില്ല. എനിക്ക് വശമുള്ള ഒരു ഫോമിലൂടെ മാത്രമേ അതു പ്രകടിപ്പിക്കാൻ പറ്റൂ. ഞാൻ ജീവിക്കുന്ന കാലത്തിന്റെ മരണ സർട്ടിഫിക്കറ്റ് ആണ് എന്റെ കഥകൾ. സാഹിത്യത്തിന്റെ ഡിഎൻഎ തന്നെ പ്രതിരോധമാണ്. അത് പ്രൊപ്പഗാന്റയാവാതെ കഥയാക്കുമ്പോഴാണു മികച്ച കലാസൃഷ്ടിയാവുന്നത്. കഥയിൽ ഞാൻ സമൂഹത്തിന്റെ വിചാരങ്ങൾ ഒളിച്ചുകടത്താറുണ്ട്. അതു ശരിയാണ്. വാസ്കോപോപ്പ വളരെ ലൗഡ് ആയി പോയി എന്നു ചിലർ പറയാറുണ്ട്. അതിന് എന്താണു കുഴപ്പം? തെരുവിൽ ഗർഭിണിയുടെ കുടൽമാല പുറത്തെടുത്തു നൃത്തമാടുന്നതിനേക്കാൾ, നിസ്സഹായരായ മനുഷ്യരെ ആൾക്കൂട്ടം വിചാരണ ചെയ്തു തല്ലിക്കൊല്ലുന്നതിനേക്കാൾ ലൗഡ് ആയി ഇവിടെ എന്താണുള്ളത്. പിന്നെ ഞാൻ എന്തിനു പതുക്കെപ്പറയണം? എഴുത്തുകാരൻ സപ്രസ്ഡ് ക്ലാസ് അല്ല. രസിപ്പിക്കൽ മാത്രമല്ല കഥകളുടെ ദൗത്യം. വാസ്കോപോപ്പ അത്തരം ജോണറിൽ ഉള്ള ഒരു കഥയാണ്. സാഹിത്യത്തിന് ആൾക്കാരെ സ്വാധീനിക്കാൻ കഴിയും. ഹംഗേറിയൻ കവിയായ ലസ്‌ലോ യാവോർ എഴുതിയ ‘ഗ്ലൂമി സൺ‌ഡേ’ എന്ന ഗാനം കേട്ട് അനേകരാണ് ആത്മഹത്യ ചെയ്തത്. എഴുത്തിന്റെ ഇംപാക്ട് പ്രവചനാതീതമാണ്. അതുകൊണ്ട് എന്റെ എഴുത്ത് അത്രയൊന്നും ലൗഡ് അല്ല. എനിക്ക് സംസാരിക്കാൻ പാർലമെന്റോ തെരുവോ മൈക്കോ ഇല്ല, കഥകളെ ഉള്ളൂ.

 

∙നാഗരികതയുടെ ആരംഭസ്ഥലിയാണല്ലോ ‘ഈലം’. ആ കഥയിലെ വൃദ്ധൻ ലൈംഗികതയുടെയും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമാണോ? വെറുപ്പിന്റെ നാഗരികതയാണോ നമ്മുടെയൊക്കെ ജീവിതത്തിന്റെ അടിസ്ഥാനം? 

ആധുനിക മനുഷ്യന്റെ ഉള്ളിൽ ഒരുപാടു പേർ താമസിക്കുന്നുണ്ട്. അവർ പരസ്പരം കലഹിക്കുന്നുമുണ്ട്. ഗുഹാ മനുഷ്യരേക്കാൾ പ്രാകൃതരാണിവർ. ഇത്തരം ഒരു കോൺഫ്ലിക്ട് ആണ് ‘ഈലം’ സംസാരിക്കാൻ ശ്രമിച്ചത്. ഒരു വ്യക്തിയെ പൂരിപ്പിക്കുന്നത് ആരാണ്? അയാൾ ഇടപെടുന്ന മനുഷ്യരുടെ ഓർമകളും അനുഭവങ്ങളും സങ്കൽപങ്ങളും അയാൾ പങ്കുവച്ച വെറുപ്പും കാമനകളും ആയിരിക്കും. അതുകൊണ്ടാണ് ഒരാൾക്ക് നല്ലവനായ ഒരു വ്യക്തി മറ്റൊരാൾക്ക് മോശക്കാരൻ ആവുന്നത്. ഇത്തരം പെരുമാറ്റ വൈരുദ്ധ്യങ്ങളെ ആണധികാരത്തിന്റെ കോണിൽ നിന്നു നോക്കിക്കാണാനാണു ഞാൻ ഈലത്തിൽ ശ്രമിച്ചത്. ഒറ്റരാത്രി കൊണ്ട് എഴുതിപ്പൂർത്തിയാക്കിയ കഥയാണിത്. ബാറിൽ ഇരിക്കുന്ന ഒരു വൃദ്ധനെ സഹകുടിയന്മാർ അവരുടെ അനുഭവങ്ങളും സ്നേഹമുറിവുകളും തെറ്റിദ്ധാരണകളും കേട്ടറിവുകളും  കൊണ്ടു തുന്നിയുണ്ടാക്കുന്ന സംസ്കാരം ആണ് ഈലം. പരിണാമത്തിന്റെ റിവേഴ്‌സ് ഗിയറിൽ സഞ്ചരിക്കുന്ന മനുഷ്യനെക്കുറിച്ചുള്ള ആലോചനയാണ് ഇങ്ങനെ ഒരു കഥ എഴുതാൻ ഇടയാക്കിയത്. അതു സിനിമയാക്കിയപ്പോൾ ഹോളിവുഡ് വരെ പോകാൻ പറ്റി എന്നതാണു മറ്റൊരു സന്തോഷം. ബെസ്റ്റ് ഇന്റർനാഷനൽ ഫീച്ചർ ഫിലിം അവാർഡും കിട്ടി. ഈ കഥ എഴുതുമ്പോൾ ഇങ്ങനെയൊക്കെ ആയിത്തീരും എന്നൊന്നും നിനച്ചിരുന്നില്ല. നിങ്ങൾ പറഞ്ഞതു ശരിയാണ്. ഇതിലെ കേന്ദ്ര കഥാപാത്രം ലൈംഗികതയുടെയും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും പ്രതീകമാണ്. ഒരു പൊളിറ്റിക്കൽ ഫാന്റസി ലൈനിൽ ആണു ഞാനിത് എഴുതിയത്. ശവപ്പെട്ടിയിലും ബാറിലും ആണ് എല്ലാവരും നഗ്നരാക്കപ്പെടുന്നത്. മനുഷ്യനെ ആർക്കു നിർവചിക്കാൻ പറ്റും? മരിക്കുമ്പോൾ അവൻ തന്റെ ബ്ലാക്ക് ബോക്സും കൊണ്ടു പോകും. സാമൂഹികജീവിയാണെങ്കിലും മനുഷ്യൻ അവനവനെത്തന്നെ വേലികെട്ടി വച്ചിരിക്കുകയല്ലേ.

article-image-literature-puthuvakku-series-vinod-krishna-book-cover

ആത്മനിഷ്ഠമായ താൽപര്യങ്ങളാണോ എഴുത്ത്? കൃത്യതയുള്ള ബോധപൂർവമായുള്ള ഒരാസൂത്രണം എഴുത്തിൽ ഉണ്ടോ? രചനയുടെ രസതന്ത്രം എന്നതിനെ എങ്ങനെ വ്യാഖ്യാനിക്കുന്നു?

ഞാൻ ഒരുപാട് എഴുതുന്ന ഒരാളല്ല. 20 വർഷത്തിനിടയിൽ 20 കഥകളെ എഴുതിയിട്ടുള്ളു. എന്റെ ഉള്ളിൽ ഉള്ള മറ്റൊരാൾ ആണു കഥകൾ എഴുതുന്നത് എന്നു വേണമെങ്കിൽ പറയാം. പ്രകൃതിയുടെ ഒരു തരം പ്രവർത്തനമാണത്. എഴുതാൻ ഇരിക്കുമ്പോൾ അടുത്ത വരിയോ വാക്കോ എന്താണെന്നുപോലും എനിക്കുതന്നെ പിടികിട്ടാറില്ല. അതങ്ങനെ സ്വാഭാവികമായി വരുന്നതാണ്. ആ പ്രവാഹം എപ്പോഴും ഇല്ലാത്തതു കൊണ്ടാണു ഞാൻ കുറച്ചു മാത്രം എഴുതുന്നത്. വിശേഷാൽ പതിപ്പുകളിലേക്കു സ്വിച്ചിട്ടതു പോലെ എഴുതാൻ എനിക്കാവില്ല. എഴുത്ത് പക്ഷേ, ആനന്ദം തരുന്ന ഒരു സംഗതിയാണ്. രോഗങ്ങളെ മാറ്റാൻ എഴുത്തിനാവുമെന്നു ഞാൻ കരുതുന്നു. സെക്സിൽ ഏർപ്പെടുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻസ്, ഓക്‌സിടോസിൻ ഹോർമോണുകൾ പോലെ എഴുതുമ്പോൾ ആനന്ദം തരുന്ന എന്തോ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് എന്നെനിക്കു തോന്നിയിട്ടുണ്ട്. ആ അനുഭൂതി നുകരാൻ വേണ്ടിയും എഴുതുന്നതാവാം. ഒരു മീറ്റർ വച്ചു കഥ എഴുതാൻ ആവില്ല. എന്നാൽ ശാന്തമായ അന്തരീക്ഷവും ധ്യാനം പോലുള്ള അവസ്ഥയും ഒന്നും എഴുതാൻ ആവശ്യമില്ല. ചോറും കൂട്ടാനും വയ്ക്കുന്നതിനിടയിലും കഥ എഴുതിയിട്ടുണ്ട്. ഡ്രൈവ് ആണു പ്രധാനം. അതുണ്ടെങ്കിൽ പൂരപ്പറമ്പിൽ ഇരുന്നും എനിക്കു കഥ എഴുതാനാവും. ഞാൻ കഥ എഴുതിയില്ലെങ്കിൽ സാഹിത്യത്തിന് ഒന്നും സംഭവിക്കില്ലെന്നും എഴുതിയില്ലെങ്കിൽ ഞാൻ മരിച്ചുപോകില്ലെന്നും എനിക്കു നന്നായറിയാം. എന്റെ കഥകൾ വീണ്ടും എടുത്തു വായിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ട്. ആത്മരതി ഉള്ളതുകൊണ്ടാണ് ഞാൻ എന്റെ കൃതികൾ കത്തിക്കാത്തത്. സ്വയം നവീകരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. സാഹിത്യം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വളരെ ലാഘവത്തോടെ എന്തെങ്കിലും എഴുതിക്കളയാം എന്ന ചിന്ത എനിക്കില്ല. ഒരു ചീത്ത പുസ്തകം ഒരു ഫാഷിസ്റ്റിനേക്കാൾ അപകടം ഉണ്ടാക്കും.

∙കയ്യിലെടുക്കുന്നവനെ സ്വതന്ത്രനാക്കുന്ന കൃതി എന്ന് ‘ഒറ്റക്കാലുള്ള കസേര’യിലെ മുഹമ്മദ് മുസ്‌ലിം ഒരു പുസ്തകത്തെക്കുറിച്ചു കൂട്ടുകാരോടു പറയുന്നുണ്ട്. ഈ അടുത്തകാലത്ത് വിനോദ് വായിച്ച അത്തരമൊരു പുസ്തകത്തെപ്പറ്റിയോ കഥയെപ്പറ്റിയോ പറയാമോ?

റെനി മാർക്വിസിന്റെ കൃതികൾ. പിന്നെ ഈയടുത്തു വീണ്ടും വായിച്ച ഉർവശി ഭുട്ടാലിയയുടെ The other side of silence. ഇതൊരു ഫസ്റ്റ്ഹാൻഡ് അനുഭവസാക്ഷ്യം ആണ്. ജീവിതം ഫിക്‌ഷനേക്കാൾ ഫിക്‌ഷൻ ആണെന്നു തോന്നും ഈ പുസ്തകം വായിക്കുമ്പോൾ. പോർട്ടറീക്കോയിലെ ബയമോൺ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഈലം ഒഫിഷ്യൽ എൻട്രി നേടിയപ്പോഴാണ് ഞാൻ പോർട്ടറീക്കോ സാഹിത്യത്തെപ്പറ്റി അനേഷിച്ചത്. അങ്ങനെയാണു റെനി മാർക്വിസിന്റെ The island of Manhattan വായിക്കുന്നത്. ഞെട്ടിപ്പോയി. നാൽപതുകളിൽ ലാറ്റിൻ അമേരിക്കയുടെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകം ആയിരുന്നു റെനി മാർക്വിസ്. അതുപോലെ എന്നെ സ്വാധീനിച്ചിട്ടുള്ള കഥയാണ് The third bank of a river. ബ്രസീലിയൻ എഴുത്തുകാരനായ ഗുമെറിയോ റോസാ എഴുതിയ കഥയാണിത്. വൈക്കം മുരളി സർ ആണ് ഈ സാഹിത്യകാരനെപ്പറ്റി എന്നോട് ആദ്യം പറയുന്നത്. നദിയുടെ മൂന്നാം കര. എത്ര പോയറ്റിക് ആണ് കഥയുടെ ശീർഷകം. മരിക്കുന്നതിനു മുമ്പ് ഈ കഥ വായിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹം ആകെ നാലു ചെറുകഥാ സമാഹാരങ്ങളേ ഇറക്കിയിട്ടുള്ളൂ, ഒരു നോവലും. വിപണിയുടെ പ്രലോഭനത്തെ അതിജീവിക്കാൻ ശീലിച്ചവർക്കു മാത്രമേ മാസ്റ്റർപീസുകൾ സൃഷ്ടിക്കാൻ പറ്റൂ. റെനിയും റോസയും റൂൾഫോയും അതു നമ്മെ പഠിപ്പിക്കുന്നു. Third bank of a river ഞാൻ ഇടയ്ക്കിടയ്ക്ക് എടുത്തു വായിക്കുന്ന കഥയാണ്. ജീവിതത്തിന്റെ മൂന്നാം കര തിരയുന്നത് സുഖമുള്ള ഒരു നോവാണ്. ഗോർക്കിയുടെ അമ്മ, കസാൻദ്സാകീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങൾ എന്നിവയൊക്കെ ഒരുകാലത്ത് എന്നെ പൊള്ളിച്ച കൃതികളാണ്. ഇതെല്ലാം എന്നെ വിമോചിപ്പിച്ച പുസ്തകങ്ങളാണ്.

∙നിയന്ത്രണമില്ലാതെ പരന്നൊഴുകുന്ന ആശയങ്ങളുടെ പ്രകാശനമായി പുതിയ മലയാളകഥകൾ മാറുന്നുണ്ടോ? അതോ പല അഭിരുചികളും താൽപര്യങ്ങളും മുൻനിർത്തി ബോൺസായ് പരുവത്തിൽ നിലനിർത്തപ്പെടുന്നവയാണോ അവ? വലിയൊരു വായനാസമൂഹത്തെ ആഘോഷപൂർവം ക്ഷണിക്കുന്ന ക്രൈം ഫിക്‌ഷൻ ഉൾപ്പെടെയുള്ള എഴുത്തിലെ പുതിയ പ്രവണതകളെ ശ്രദ്ധിക്കാറുണ്ടോ?

ഒരുപാടു പേർ എഴുതുന്നുണ്ട് എന്നുള്ളതു നല്ല കാര്യം തന്നെ. കാളമൂത്രമാണു പലതും. നവകഥ, പുതുകഥ എന്നൊക്കെ പറയാറുണ്ടെങ്കിലും ആ ലേബലിൽ വരുന്ന കഥകൾക്കു പുതുമയൊന്നും ഇല്ല. അതിലൊക്കെ എഴുത്തുകാരുടെ പേരു മാത്രമേ പുതിയതായിട്ടുള്ളൂ. ഭാഷയിലോ ക്രാഫ്റ്റിലോ നറേഷനിലോ പ്രമേയത്തിലോ പൂർവസൂരികൾ സൃഷ്ടിച്ച അദ്ഭുതങ്ങൾ ഒന്നും പുതിയവർക്ക് ഉണ്ടാക്കാനാവുന്നില്ല. മലയാള ചെറുകഥ ഉണങ്ങിയ പുൽമേടാണ്. എല്ലാവരും തന്നെ പരിശ്രമശാലികളാണ്. അവരെല്ലാം തന്നെ എന്നേക്കാൾ നന്നായി കഥ എഴുതുന്നു എന്ന ആശ്വാസം മാത്രമേ എനിക്കുള്ളൂ. മാറിയ ലോകക്രമത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന ഒരു നല്ല കഥ പോലും കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ പുതു എഴുത്തുകാരിൽനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ അച്ചടിക്കാത്ത ചില കഥകൾ ഞാൻ വായിച്ച് അദ്ഭുതപ്പെട്ടിട്ടുമുണ്ട്. മനോജ്‌ വെങ്ങോല എഴുതിയ മഹത്വമുള്ള ഒരു കഥ ഒന്നര വർഷമായി എഡിറ്ററുടെ ഔദാര്യം കാത്തുകിടക്കുന്നു. ഷെൽ പൊട്ടിച്ചു വരാൻ ഇരിക്കുന്ന ഇത്തരം എഴുത്തുകാർ വലിയ പ്രതീക്ഷയാണ്. അലൻ പോയെ വായിച്ചിട്ടുള്ള ഒരാൾക്ക് മലയാളത്തിലെ ക്രൈം ഫിക്‌ഷൻ നേരമ്പോക്ക് വായനയായിട്ടേ തോന്നൂ. ഞാൻ വളരെ മുമ്പു വായിച്ചതാണ് എഡ്ഗാർ അലൻ പോയുടെ The oblong box. ചെറുകഥയാണ്. ഉദ്വേഗഭരിതമാണ്. ഷെർലക് ഹോംസ് എഴുതിയ ആർതർ കൊനൻ ഡോയലിനു പോലും അലൻ പോയാണു വഴികാട്ടി. പെറി മേസൻ നോവലുകളും അഗത ക്രിസ്റ്റിയുടെ കൃതികളും വായിച്ചവർക്കു മലയാളത്തിലെ ക്രൈം ഫിക്‌ഷൻ അപ്പീലിങ്‌ ആയി തോന്നില്ല. ഗോഡ്‌സെയെ കൊലയാളിയാക്കിയത് പെറി മേസൻ നോവലുകൾ ആണെന്ന് അധികംപേർക്കും അറിയില്ല. മലയാളത്തിലെ പുതു ക്രൈം ഫിക്‌ഷൻ വായിക്കേണ്ടി വന്നാൽ ഗോഡ്‌സെ സ്വയം വെടിയുതിർത്തു ചാവും. മലയാളത്തിലെ ഒടിടി സാഹിത്യമാണു പുതിയ ക്രൈം ഫിക്‌ഷൻ. ഇതിൽ പലരും തന്നെ തിരക്കഥ എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടു ക്രൈം ഫിക്‌ഷൻ ചെയ്തവരാണ്. വിൽക്കി കോളിൻസ്, സ്റ്റീഫൻ കിങ്, ജോർജ് സി. മിനോൻ, ജോൺ ഗ്രീഷം, പി.സി. ജയിംസ്, ഡാൻ ബ്രൗൺ എന്നിവരുടെയൊക്കെ കൃതികൾക്കു ലോകം മുഴുവനും ആരാധകരുണ്ട്. പലതും ബിഗ് സ്‌ക്രീനിൽ വിജയിച്ചവയുമാണ്. യുക്തിക്കു നിരക്കുന്നതാണ് ഇവരുടെ ഭാവനാലോകം. ഞാൻ ടൈപ്പ് റൈറ്റർ എന്നൊരു ക്രൈം ഫിക്‌ഷൻ ഒരു ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടു. മലയാളത്തിലെ ക്രൈം ഫിക്‌ഷൻ എഴുതുന്നവർ അതെങ്കിലും ഒന്നു കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പുതുമഴ കൂണുകൾ അടുത്ത വേനലോടെ അവസാനിക്കും. മലയാളം ക്രൈം ഫിക്‌ഷൻ പോപ്പുലർ കൾച്ചറിന്റെ സന്തതിയാണ്. 

∙ ഒരാളുടെ പാസ്‌വേഡിനെ കുണ്ടിരോമങ്ങൾ എന്നും മറ്റൊരാൾ വാളുവച്ചു വരുന്നതിനെ ചെർണോബിൽ ദുരന്തം ഒഴിഞ്ഞു എന്നും എഴുതുന്നതുൾപ്പെടെയുള്ള കഥകളിലെ ചില പ്രയോഗങ്ങൾ ഇരുണ്ട നർമത്തിന്റെ പൂണ്ടുവിളയാട്ടമായിട്ടാണ് അനുഭവപ്പെട്ടത്. അങ്ങേയറ്റം ശോകമായ അന്തരീക്ഷത്തിലും ഒരു ചെറുചിരിയുണർത്താനുള്ള ഇവയുടെ കഴിവ് അസൂയാവഹമാണ്. എഴുത്തിൽ അവതരിപ്പിക്കുന്ന മോശം കാലഘട്ടത്തിന്റെ സ്വാഭാവികമായ പരിണാമം തന്നെയാണോ ഈ നർമവും?

നാരായണപിള്ള, ജോൺ ഏബ്രഹാം, വിക്ടർ ലീനസ് എന്നിവരുടെ കഥകളിൽ ഒക്കെ ഇരുണ്ട നർമം കണ്ടിട്ടുണ്ട്. നിങ്ങൾ ചൂണ്ടിക്കാണിച്ചതു പോലുള്ള കാര്യങ്ങൾ ഞാൻ ബോധപൂർവം എഴുതിയതല്ല. അതങ്ങനെ സംഭവിച്ചു പോയതാണ്. ഇരുണ്ട നർമം ഹൃദയത്തിൽ കുത്തുന്ന വേദനയുണ്ടാക്കും. ഒരു അനുഭവം പറയാം. അത്താണിക്കൽ പ്രോഗ്രസീവ് ലൈബ്രറിയുടെ നാടക റിഹേഴ്സൽ നടക്കുന്നു. ക്യാംപിലേക്ക് പഴയ ഒരു നക്‌സൽ അനുഭാവി വന്നു. അദ്ദേഹത്തിനു നാടകത്തിന്റെ അവതരണം ഇഷ്ടപ്പെട്ടില്ല. സംവിധായകനെ നോക്കി അദ്ദേഹം സാമുവേൽ ബെക്കറ്റിന്റെ നാടകത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. മദ്യലഹരിയിൽ ഉള്ള ഒരു പെർഫോമൻസ് ആയിരുന്നു അത്. സംവിധായകനു ദേഷ്യം വന്നു. ‘വിജ്ഞാനം വിളമ്പിയതു മതി’ എന്നദ്ദേഹം അലറി. നക്സൽ അനുഭാവി കുലുങ്ങിയില്ല. ഉരുളയ്ക്കുപ്പേരി പോലെ അദ്ദേഹം പറഞ്ഞു, ‘എങ്കിൽ ഇനി കുറച്ച് അജ്ഞാനം വിളമ്പാം’. വാക്കുകളുടെ ശക്തി എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. കഥകളിൽ ഇരുണ്ട നർമം പ്രയോഗിക്കാൻ എനിക്കു സിദ്ധിയില്ല.

∙ ഏറ്റവും പുതിയ കാലത്തിന്റെ സംവേദനത്വം കഥയിലേക്കു സന്നിവേശിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നയാളാണു വിനോദ്. ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചു വന്ന കഥ ‘ആറടി അകലം’ അമേരിക്കയിലെ ജോർജ് ഫ്ലോയ്ഡ് സംഭവത്തിന്റെ അടിസ്ഥാനത്തിൽ വർണ, വർഗ വിവേചനത്തെ നോക്കിക്കാണുകയാണ്. ചുറ്റുമുള്ള അസ്വസ്ഥതകളെ, പ്രയാസങ്ങളെ, ദുഃഖത്തെയെല്ലാം ഒരു ലിറ്റ്മസ് പോലെ മനസ്സിലൊപ്പിയെടുക്കുന്ന ആളാണോ?

ജീവിക്കുന്ന ചുറ്റുപാടിലെ ജാലകങ്ങൾ എല്ലാം തുറന്നിട്ടു സദാ പുറത്തേക്കു നോക്കിയിരിക്കുന്ന ഒരാൾ എന്നിലുണ്ട്. അയാളാണു കഥ എഴുതുന്നത്. ‘ആറടി അകലം’ ഉണ്ടായത് അങ്ങനെയാണ്. പി.എഫ്. മാത്യൂസ് സർ അതിനൊരു കാരണമായിട്ടുണ്ട്. ഞാൻ അമേരിക്കയിൽ എത്തി കൊറോണ കാരണം അവിടെ കുടുങ്ങിപ്പോയപ്പോൾ അദ്ദേഹം മിക്കപ്പോഴും എന്നെ വിളിക്കാറുണ്ടായിരുന്നു. അവിടുത്തെ കാഴ്ചകൾ, ജീവിതം ഒക്കെ കുറിച്ചുവയ്ക്കണം എന്നദ്ദേഹം പറയും. അങ്ങനെ ഞാൻ കുറിപ്പുകൾ എഴുതാൻ തുടങ്ങി. വർണവെറി ഒരു അമേരിക്കൻ യാഥാർഥ്യമാണ്. അതിനെ ചെറുക്കുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പോലെയുള്ള മൂവ്മെന്റ്സ് ഒക്കെയുണ്ട്. ആറടി അകലം യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയ കഥയാണ്. ഞാൻ കലിഫോർണിയയിൽ താമസിച്ചതു ‘വെള്ളം’ സിനിമയുടെ നിർമാതാവായ ജോസ് കുട്ടി മഠത്തിലിന്റെ വീട്ടിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ നാഥൻ ആണ് ഹിപ് ഹോപ്‌ സംഗീതജ്ഞനായ ആഡം ലെവിനെപ്പറ്റി എനിക്കു പറഞ്ഞുതന്നത്. വെള്ളക്കാർ ആഫ്രിക്കൻ അമേരിക്കനെ പട്ടാപ്പകൽ തെരുവിൽ വെടിവച്ചു കൊല്ലുന്നതിന്റെ ഒരു വിഡിയോ നാഥൻ എന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതെല്ലാം കൂടി ചേർന്നപ്പോഴാണ് മൗദിയുടെ കഥയുണ്ടായത്. അമേരിക്കയിൽ കഴിഞ്ഞ നാളുകളിൽ എഴുതിയ കുറിപ്പുകൾ എന്നെ സംബന്ധിച്ചു കഥയേക്കാൾ വലിയ സമ്പാദ്യമാണ്. ഞാൻ സങ്കടങ്ങൾ മാത്രമേ ഓർത്തുവയ്ക്കാറുള്ളു. ആ ഭാരം ഇറക്കിവയ്ക്കുന്നതു കഥകളിലാണ്. 

literature-puthuvakku-series-vinod-krishna
വിനോദ് കൃഷ്ണ

∙ ഒറ്റക്കാലുള്ള കസേരയിലും ഉറുമ്പ്ദേശത്തിലും വാസ്കോപോപ്പയിലും ഭരണകൂട ഭീകരത, കണ്ണ് സൂത്രത്തിലും നരച്ച കുപ്പായങ്ങളിലും ആൾമാറാട്ടത്തിലും അശാന്തമായ സ്ത്രീമനസ്സ്, ഇറച്ചി മിഠായിയിൽ പ്രത്യയശാസ്ത്ര ഭീകരത, വിപരീതത്തിലും ആറടി അകലത്തിലും ആൾക്കൂട്ട ഭീകരത തുടങ്ങി കഥകളിലേറെയും സീൻ ആകെ ഡാർക് ആണ്. വായനക്കാരനെ അടപടലം കുലുക്കിമറിക്കുന്ന ഈ കഥകൾ എഴുത്തുകാരനെ എങ്ങനെയാണു ബാധിക്കുന്നത്? എഴുത്തിന്റെ ആഘാതത്തെ എങ്ങനെ അതിജീവിക്കുന്നു?

എഴുത്തുകാരന്റെ പ്രസവവേദനയൊന്നും എനിക്കില്ല. എഴുത്ത് എനിക്ക് നിത്യത്തൊഴിൽ അഭ്യാസവുമല്ല. എഴുത്തിനേക്കാൾ പ്രധാനം ജീവിതം തന്നെയാണ്. ആരെങ്കിലും തോക്കു ചൂണ്ടി ജീവിതത്തിലെ ഇഷ്ടങ്ങളിൽ ഒന്ന് ഉപേക്ഷിക്കാൻ പറഞ്ഞാൽ ഞാൻ ആദ്യം ഉപേക്ഷിക്കുക എഴുത്തായിരിക്കും. എന്റെ എഴുത്ത് എന്നെ ബാധിക്കാറേയില്ല. ഭക്ഷണം കഴിക്കുന്നതു പോലെയോ പല്ല് തേക്കുന്നതു പോലെയോ ഉള്ള ഒരു പ്രവർത്തനമാണത്. എഴുതുമ്പോൾ ആനന്ദം ഉണ്ട്. അതിസങ്കീർണമായ ജീവിതപരിസരത്തിൽ നിന്നുള്ള വസ്തുനിഷ്ഠ യാഥാർഥ്യങ്ങൾ വിമർശനാത്മകമായ നിരീക്ഷണത്തോടുകൂടി അവതരിപ്പിക്കാനാണു കഥയിൽ ശ്രമിക്കുന്നത്. കലാപപ്രചോദിതമായ ആഗ്രഹങ്ങൾ ഉള്ളിലുണ്ട്. ഫീൽ ഗുഡ് കഥകൾ എനിക്ക് എഴുതാൻ കഴിയാത്തത് അതുകൊണ്ടാവാം. എഴുതുമ്പോൾ എനിക്കു സംഘർഷങ്ങളില്ല. അതൊരു കൂൾ പ്രോസസ് ആണ്.

∙ജനിച്ചതു ബിഹാറിൽ, ജീവിക്കുന്നതു കൊച്ചിയിൽ. ജീവിതത്തെ എങ്ങനെ കാണുന്നു?

ഞാൻ വേരുകൾ ഇല്ലാത്ത മനുഷ്യനാണ്. എതെങ്കിലും ഒരു നാടിനോടു ചേർത്തുവയ്ക്കാൻ കഴിയില്ല. ഞാൻ ജനിച്ചതു ബിഹാറിലാണ്. പിന്നെ ഒഡീഷയിലേക്കു പോയി. അതുകഴിഞ്ഞു കോഴിക്കോട് വന്നു. പിന്നെ മുംബൈയിലും ഡൽഹിയിലും ജോലി ചെയ്തു. അതു കഴിഞ്ഞു കൊച്ചിയിൽ. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു ദേശത്തിന്റെ ഓർമകൾ എനിക്കില്ല. ഒരു കാലത്ത് എന്റെ മാതൃഭാഷ എന്താണെന്നുപോലും എനിക്ക് സംശയമായിരുന്നു. ഇപ്പോൾ കൊച്ചി വടുതലയിൽ ഭാര്യയും മകളുമൊത്തു വാടകവീട്ടിൽ താമസിക്കുന്നു. അമ്മയും അച്ഛനും രണ്ട് അനിയൻമാരും കോഴിക്കോട്. നല്ല ചങ്ങാതിമാരാണ് ഏക സമ്പാദ്യം. ജേണലിസം പഠിക്കാതെ ജേണലിസ്റ്റാവുകയും കവിത എഴുതാതെ പോയട്രി ഇൻസ്റ്റലെഷൻ ചെയ്യുകയും സംവിധാനം പഠിക്കാതെ സിനിമ സംവിധാനം ചെയുകയും കഥാ ക്യാംപിൽ പോകാതെ കഥ എഴുതുകയും ചെയ്യുന്ന ദ്രോഹി എന്നാണു ചങ്ങാതിമാർ പറയുക. ജീവിതം ചോർന്നു പോകുന്നുണ്ടെങ്കിലും ക്രിയാത്മകമായിരിക്കുന്നതിൽ സന്തോഷം ഉണ്ട്. എഴുത്തിലെ താങ്ങും തണലും ചങ്ങാതിമാരാണ്.

English Summary : Puthuvakku column written by Ajish Muraleedharan- Talk with writer Vinod Krishna

MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA
;