മലയാളത്തിന്റെ മഞ്ഞൾ പ്രസാദം

HIGHLIGHTS
  • ഒഎൻവിയെ ആദ്യമായി ഒരധ്യാപകനാക്കിയത് ജനതാ ട്യൂട്ടോറിൽ കോളജാണ്
  • മദ്രാസ് മെട്രിക്കുലേഷനുചേർന്ന 18 പേരടങ്ങുന്ന ഒരു ചെറിയ ക്ലാസിലായിരുന്നു ആ അരങ്ങേറ്റം
athmakathayanam-column-by-dr-mk-santhosh-kumar-on-onv-kurupu
SHARE

ഭൂമിയിൽ കുരുത്ത കറുകയുടെ നിറുകയിലെ  മഞ്ഞുനീർ തുള്ളിയിൽപോലും ഒരു കുഞ്ഞുസൂര്യനെ കണ്ട് വിസ്മയഭരിതനാകുന്ന കവി ഒഎൻവി കുറുപ്പ് പക്ഷേ, ഏറെ ആകുലപ്പെട്ടതും ഭൂമിയെക്കുറിച്ചും അതിൽ അധിവസിക്കുന്ന താനടക്കമുള്ള മനുഷ്യരെക്കുറിച്ചുമായിരുന്നു. ആസന്ന മൃത്യുവായ ഭൂമിക്ക് അദ്ദേഹം മുൻകൂട്ടി എഴുതിവച്ച ചരമഗീതം അമ്പലപ്രാവിന്റെ കുറുകലായും ആയിരം പുഴകളുടെ ഓളങ്ങളായും ആസ്വാദക മനസ്സിൽ ഇപ്പോഴുമുണ്ട്. 

ശ്വാസം നിലച്ച ഭൂമിയുടെ മുഖത്ത് കണ്ണീരിനാൽ ഉദകക്രിയ ചെയ്യാൻ  ഇവിടെ ഉണ്ടായിരിക്കുകയില്ലെന്നു പറഞ്ഞ കവി നമ്മെ വിട്ടുപിരിഞ്ഞിട്ട് വർഷം അഞ്ച് കഴിഞ്ഞു. എങ്കിലും ചിറകുകളിൽ സംഗീതമുള്ള കളഹംസമായി, നമ്മുടെ ആത്മഹർഷങ്ങൾക്ക് താളം പിടിക്കാൻ അദ്ദേഹത്തിന്റെ കാവ്യാനുഭൂതികൾ അവിടെ അവശേഷിക്കുന്നു.   

ഒഎൻവി കുറുപ്പ് മലയാളത്തിന്റെ മഞ്ഞൾ പ്രസാദമായി തീർന്നതിനു പിന്നിൽ കഠിന പ്രയത്നത്തിന്റെയും വീറിന്റെയും വാശിയുടെയും കഥയുണ്ട്.  വൈദ്യനും കൊല്ലം നഗരസഭാംഗവും  പഴയ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാ അസംബ്ലിയിലെ അംഗവുമായിരുന്നു  ഒഎൻവിയുടെ അച്‌ഛൻ. മകന് വൈദ്യനാകാനുള്ള കൈപുണ്യമില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം രോഗശയ്യയിൽ കിടക്കുമ്പോഴും  ചൊല്ലിക്കൊടുത്ത വാല്‌മീകി രാമായണമാണ്  ഒഎൻവിയിലെ കവിക്ക് ആദ്യത്തെ ഉണർത്തുപാട്ടായത്.  വൈദ്യന്റെയും രാഷ്ട്രീയക്കാരന്റെയും  വേഷം  വേണ്ടെന്നു വച്ച മകൻ വളർന്നപ്പോൾ കഴിവുറ്റ കവിയാണെന്നു തെളിയിച്ചു.  അച്ഛന്റെ മരണശേഷം പ്രമാണിമാരുടെ കുത്തുവാക്കുകൾക്കു  മുന്നിൽ ചൂളിപ്പോയ എട്ടു വയസ്സുകാരൻ മനസ്സിൽ  കുറിച്ചിട്ട വാശിയും അതായിരുന്നു.

onv-kurupu-poet-profile-image

ഒഎൻവിക്ക് എട്ടുവയസ്സ് തികയും മുൻപാണ് അച്ഛന്റെ മരണം. അതിഭീകരവും അനിവാര്യവുമായ മരണമെന്ന മഹാസത്യത്തിനു മുന്നിൽ ചൂളിനിൽക്കുന്ന ഒരനാഥബാലനായിട്ടാണ് ഞാൻ വളർന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്.  അച്ഛനെ പരസ്യമായി  പുച്ഛിച്ച പ്രമാണിയോട്  ആ കുട്ടി മനസ്സ് ഇങ്ങനെ പറഞ്ഞു. തന്നെക്കാളും തന്റെ മക്കളെക്കാളും മറ്റാരെക്കാളും  അറിയപ്പെടുന്നവനായിട്ട്, നല്ലവനായിട്ട്, ആളുകൾ ഇഷ്ടപ്പെടുന്നവനായിട്ട് ഞാനിവിടെ വളരും’ അതൊരു വല്ലാത്ത വീറും വീര്യവും പകർന്നു തന്നു. സത്യത്തിൽ ആ നീറ്റലാണ്, ആ തോന്നലാണ്  എന്നെ മുന്നോട്ട് ഉന്തി ഇവിടം വരെ എത്തിച്ചത്. അച്ഛന്റെ മരണം  ജിവിതത്തിലെ ദുരന്തമായിരുന്നുവെങ്കിലും അതിനെ അതിജീവിക്കാൻ കഴിഞ്ഞുവെന്ന ആശ്വാസവും അദ്ദേഹത്തിനുണ്ട്. 

ഒഎൻവിയെ  ആദ്യമായി ഒരധ്യാപകനാക്കിയത് ജനതാ ട്യൂട്ടോറിൽ കോളജാണ്. മദ്രാസ് മെട്രിക്കുലേഷനുചേർന്ന  18 പേരടങ്ങുന്ന ഒരു ചെറിയ ക്ലാസിലായിരുന്നു ആ അരങ്ങേറ്റം.അതോടെ തന്റെ ഇഷ്ടജോലി  അധ്യാപനമാണെന്നു അദ്ദേഹം തിരിച്ചറിയുകയായിരുന്നു. 

മഹാരാജാസ്  കോളജിൽ  തന്റെ വിദ്യാർഥിനിയായിരുന്ന സരോജിനിയെയാണ് ഒഎൻവി ജീവിതസഖിയാക്കിയത്. വിവാഹശേഷം ഭാര്യയുമൊരുമിച്ച്  സുഹ‍‌ൃത്തായ വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ എറണാകുളത്തെ അദ്ദേഹത്തിന്റെ ബുക്സ്റ്റാളിലെത്തിയപ്പോൾ ബഷീർ സരോജിനിക്ക് ഒരു പുസ്തകമാണ് സമ്മാനിച്ചത്. ആദ്യത്തെ കളിയും ചിരിയും കഴിഞ്ഞു ഒഎൻ‌വി തല്ലാനും ശകാരിക്കാനുമൊക്കെ തുടങ്ങുമ്പോൾ വായിച്ചു രസിക്കാൻ എന്ന ബഷീറിന്റെ കുറിപ്പുമുണ്ടായിരുന്നു ആ പുസ്തകത്തിൽ. 

ഇങ്ങനെ ഓർമകൾ മേയുന്ന തിരുമുറ്റത്തെ നെല്ലിമരം കുലുക്കുമ്പോൾ ചിതറിവീഴുന്ന അനുഭവങ്ങളാണ്  ‘പോക്കുവെയിൽ മണ്ണിലെഴുതിയത് ’എന്ന ഒഎൻവിയുടെ  ആത്മകഥ. ഇതൊരാത്മകഥയല്ല. അങ്ങനെ ഒന്നെഴുതാനുള്ള വലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകൾ അടിച്ചുവാരി, കുഞ്ഞു പൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് ഇങ്ക് കൊടുത്ത്, ഈറൻ വിരികളെല്ലാമുണക്കി, ക്ഷീണിച്ചുപടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്‌നേഹക്കുറിപ്പുകൾ മാത്രമാണിതെന്നാണ് അദ്ദേഹം പറയുന്നത്.

literature-channel-onv-kurupu-manorama-online

ഒഎൻവി കുറുപ്പ്

യഥാർഥ പേര്: ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്

ജനനം: 1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ

പിതാവ്: ഒ.എൻ. കൃഷ്ണക്കുറുപ്പ്

മാതാവ്: കെ. ലക്ഷ്മിക്കുട്ടി അമ്മ

ഭാര്യ : സരോജിനി.

മക്കൾ : വി. രാജീവ് ,ഡോ. മായാദേവി

മരണം : 2016 ഫെബ്രുവരി 13

ജ്ഞാനപീഠ ജേതാവ്, പ്രശസ്ത കവി,ഗാനരചയിതാവ്.കൊല്ലം  ഗവ.ഇംഗ്ലിഷ് ഹൈസ്കൂൾ,ചവറ ഗവ. ഇംഗ്ലിഷ് ഹൈസ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, കൊല്ലം എസ്എൻ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  

എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളജ് ,കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ്, തിരുവനന്തപുരം ഗവ.വനിതാ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി. 

കേരള– കേന്ദ്ര സാഹിത്യ അക്കാദമി ഭരണസമിതി അംഗം, കാലിക്കറ്റ് സർവകലാശാല വിസിറ്റിങ് പ്രഫസർ, കേരള കലാമണ്ഡലം ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. 1989ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.മലയാള ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിക്കുന്നതിലും  കലാമണ്ഡലം കൽപിത സർവകലാശാലയാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു.

പ്രധാന കൃതികൾ
അക്ഷരം, ഭൂമിക്കൊരു ചരമഗീതം, ഉപ്പ്, ഉജ്ജയിനി, മാറ്റുവിൻ‌ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, അഗ്നിശലഭങ്ങൾ,  കറുത്തപക്ഷിയുടെ പാട്ട്, ശാർങ്ഗകപ്പക്ഷികൾ,  മൃഗയ, നീലക്കണ്ണുകൾ, ഭൈരവന്റെ തുടി,തോന്ന്യാക്ഷരങ്ങൾ,സൂര്യന്റെ മരണം.

പ്രധാന ബഹുമതികൾ
12 തവണ ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന അവാർഡ് ,കേരള–കേന്ദ്ര സാഹിത്യഅക്കാദമി അവാർഡുകൾ,  പുഷ്കിൻ മെഡൽ , വയലാർ അവാർഡ്, സോവിയറ്റ് ലാൻഡ് നെഹ്റു അവാർഡ്,  ഉള്ളൂർ പുരസ്കാരം, ഓടക്കുഴൽ  അവാർഡ്, ആശാൻ പ്രൈസ്,  അബുദാബി സാഹിത്യ പുരസ്കാരം,  എഴുത്തച്ഛൻ പുരസ്കാരം,ജ്ഞാനപീഠം (2007), പത്മശ്രീ (1998), പത്മവിഭൂഷൺ (2011). 

English Summary : Athmakathayanam Column by Dr. M. K. Santhosh Kumar - ONV Kurup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;