സെൽഫിക്കാലത്ത് സ്വയം മറന്ന് സംരക്ഷണദൗത്യം ഏറ്റെടുക്കുന്നവരെ എന്തു വിളിച്ച് ആദരിക്കണം?

subhadinam-anonymous-acts-of-kindness
Representative Image. Photo: UfaBizPhoto / Shutterstock.com
SHARE

കാട്ടിലുണ്ടായ തീപിടിത്തത്തിനു ശേഷം ഉദ്യോഗസ്ഥർ നഷ്ടങ്ങളുടെ കണക്കെടുക്കാനെത്തി. സൂക്ഷ്മമായി പരിശോധിക്കുന്നതിനിടെ മരപ്പൊത്തിൽ ഒരു കിളി ഇരിക്കുന്നതു കണ്ടു. രക്ഷപ്പെടുത്താം എന്നു കരുതി മരത്തിൽ കയറി കിളിയെ പിടിച്ചപ്പോഴാണു മനസ്സിലായത്, അതിനു ജീവനില്ലായിരുന്നു. കിളിയെ എടുത്ത ഉദ്യോഗസ്ഥൻ അദ്ഭുതപ്പെട്ടു – അതിന്റെ ചിറകുകൾക്കടിയിൽ മൂന്നു കുഞ്ഞുങ്ങൾ ജീവനോടെയുണ്ട്. കാട്ടുതീയുടെ ചൂടിൽ നിന്നും പുകയിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനിടെ അമ്മക്കിളിക്കു ജീവൻ നഷ്ടപ്പെട്ടതാണ്.

ജീവിക്കാനുള്ളതു നൽകുന്ന ഒട്ടേറെപ്പേർ ഉണ്ടാകും. എന്നാൽ, ജീവൻ നൽകുന്നതും ജീവിതം നൽകുന്നതും കുറച്ചുപേർ മാത്രം. പരിധിക്കുള്ളിൽനിന്നു സഹായിക്കാൻ എല്ലാവർക്കും കഴിയും. അവിടെ സ്വയം സുരക്ഷിതത്വവും നിലനിൽപും ഉറപ്പുവരുത്തിയാണ് ഇടപെടുന്നത്. 

തനിക്കു ലഭിക്കാൻ സാധ്യതയുള്ള നേട്ടങ്ങളും പുരസ്കാരങ്ങളും മുന്നിൽക്കണ്ട് പരസഹായത്തിന് ഇറങ്ങുന്നവരെപ്പോലും ‘സേവകർ’ എന്നു വിളിക്കുന്നുണ്ടെങ്കിൽ സ്വയം മറന്ന് സംരക്ഷണദൗത്യം ഏറ്റെടുക്കുന്നവരെ എന്തു വിളിച്ച് ആദരിക്കണം?

രക്ഷാദൗത്യത്തിനിടെ സ്വയം നഷ്ടപ്പെടുത്താൻ തയാറാകുന്നവരുണ്ട്; സ്വന്തം രക്ഷ ഉറപ്പുവരുത്തുന്നവരുമുണ്ട്. ആദ്യത്തെ കൂട്ടർ ദൗത്യം വിജയിച്ചുവെന്ന് ഉറപ്പുവരുത്തുന്നവരും രണ്ടാമത്തെ വിഭാഗക്കാർ തങ്ങളുടെ ശ്രമം മറ്റുള്ളവർ കണ്ടുവെന്ന് ഉറപ്പുവരുത്തുന്നവരുമാണ്.

anonymous-acts-of-kindness

‌അപകടസാധ്യതകളെ സ്വയം മറികടക്കുന്നവർക്ക് അതിജീവനശേഷിയുണ്ട്; തിരിച്ചുവരാൻ ഒരു സാധ്യതയുമില്ലാത്തവരെ കൈപിടിച്ചുയർത്തുന്നവർക്ക് പുനർനിർമാണ ശേഷിയും. സ്വയം രചിക്കുന്ന വീരകൃത്യങ്ങളിലെ നായകനാകുന്നതിനെക്കാൾ, മറ്റൊരാൾ കൃതജ്ഞതയോടെ എഴുതുന്ന സ്മരണികയിൽ സ്ഥാനം പിടിക്കാൻ കഴിയുമ്പോഴാണ് ജീവിതത്തിന് അർഥവും സംതൃപ്തിയും ഉണ്ടാകുന്നത്.

English Summary : Subhadinam - Anonymous Acts of Kindness

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;