ബഷീറിനെ ഞെട്ടിച്ച ലോക്കപ്പിൽ ഇന്നും മനുഷ്യത്വം തടവിലാണ്!

Vaikom Muhammad Basheer
ബഷീർ
SHARE

ഇടുക്കി നെടുങ്കണ്ടത്തെ രാജ്‌കുമാർ കസ്റ്റഡി മരണത്തിൽ ഒൻപതു പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. പ്രധാന പ്രതികൾക്കെല്ലാം എതിരെ കൊലക്കുറ്റം ചുമത്തി. 

കാലത്തിനനുസരിച്ചു പൊലീസ് സേന ഏറെ മാറിയെങ്കിലും, നന്മയുടെയും മനുഷ്യത്വത്തിന്റെയും എത്രയോ ഉദാഹരണങ്ങൾ പൊലീസിൽ തന്നെ ഉണ്ടെങ്കിലും ലോക്കപ് മർദനമെന്ന നിഷ്‌ഠുര നടപടി ഇനിയും കളങ്കമായി അവശേഷിക്കുന്നു. ഇതിന്റെ ഉദാഹരണങ്ങൾ ഇടയ്ക്കിടെ വാർത്തകളായി പുറത്തു വരുന്നു .

‘പൊലീസ് സ്റ്റേഷനിൽ ആകെ പരിചയമുള്ളത് ഒരു ഏമാനെയാണ്. അദ്ദേഹത്തിന്റെ ഇടിയാണ് സഹിക്കാൻ പറ്റാത്തത്’ എന്ന നാട്ടുപറച്ചിലിന് ഇന്നും വലിയ മാറ്റമില്ലാത്ത സ്ഥിതി.

മുക്കാൽ നൂറ്റാണ്ടു മുൻപ് മലയാളത്തിലെ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു ചെറുകഥയാണ് ‘പൊലീസുകാരന്റെ മകൻ’. അതിൽ ഹൃദയഭേദകമായി വിവരിക്കുന്ന ലോക്കപ് മർദനത്തിന് ഇന്നും മാറ്റംവന്നിട്ടില്ലല്ലോ എന്ന് ചില വായനക്കാർക്കെങ്കിലും തോന്നാം. ഒരു പൊലീസുകാരന്റെ മകനെത്തന്നെയാണ് ലോക്കപ്പിലിട്ട് പൊലീസുകാർ ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്നത് എന്നതും എടുത്തുപറയണം..

ബഷീർ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി കൊല്ലം കസബ പൊലീസ് ലോക്കപ്പിൽ കിടക്കുമ്പോൾ 1943 ൽ എഴുതിയ കഥയാണിത്.

കഥ തുടങ്ങുന്നതു തന്നെ വായനക്കാരെ പിടിച്ചുലച്ചുകൊണ്ടാണ് : 

‘പാതിരാത്രി കഴിഞ്ഞിരുന്നു. പൊലീസ് ലോക്കപ്പിലെ പുള്ളികളെല്ലാം നിദ്രാധീനരുമായിരുന്നു. ആ സമയത്താണ് അയ്യോ എന്നുള്ള ഭയങ്കര നിലവിളി കേട്ടത്. മനുഷ്യ ഹൃദയങ്ങളെ നടുക്കിയ ആ ശബ്ദം പൊലീസ് സ്റ്റേഷന്റെ ഭിത്തികളെ വിറപ്പിച്ചുകളഞ്ഞു. ഭീതരായി ഞെട്ടിയുണർന്ന തടവുകാർ മാളങ്ങളിലെ ജന്തുക്കളെപ്പോലെ ലോക്കപ്പുകളിലെ വാതിലുകളിലൂടെ എത്തിനോക്കി. ശക്തിയോടെ തെളിഞ്ഞു നിന്ന ഇലക്ട്രിക് വിളക്കിനടിയിലെ മേശയ്ക്കു മുന്നിൽ ഇരുന്നിരുന്ന ഹെഡ്‌കോൺസ്റ്റബിളും മുന്നിൽ നിന്നിരുന്ന പൊലീസുകാരും തിണ്ണയിൽ കിടന്ന ചെറുപ്പക്കാരനോട് ആജ്ഞാപിച്ചു: ‘എഴീക്കടാ...’

ഒറ്റമുണ്ടു മാത്രം ധരിച്ചിരുന്ന യുവാവ് വിറച്ച് എണീറ്റുനിന്നു. അയാളുടെ വായിൽനിന്നു ചോര ഒലിക്കുന്നുണ്ടായിരുന്നു.’

ചോദ്യംചെയ്യലിന്റെയും ഭേദ്യം ചെയ്യലിന്റെയും വിവരണത്തിലൂടെ കഥ പുരോഗമിക്കുകയാണ്. കുറ്റം ആഭരണ മോഷണമാണ്. തൊണ്ടിമുതൽ എവിടെ വിറ്റു എന്നാണ് പൊലീസുകാർക്ക് അറിയേണ്ടത്. ഇതിനിടെ കൂറ്റനായ ഒരു കോൺസ്റ്റബിൾ യുവാവിന്റെ പുറത്ത് ഇടിക്കുന്നുണ്ട്. മറ്റൊരു പൊലീസുകാരൻ മാറിടത്തിൽ ആഞ്ഞാഞ്ഞു ചവിട്ടുന്നുണ്ട്. വേറൊരാൾ റൂൾത്തടി കൊണ്ട് കാൽമുട്ടിൽ ശക്തിയായി അടിക്കുന്നുണ്ട്.

‘നിസ്സഹായനായ ഒരു മനുഷ്യജീവിയെ ക്രൂരമായ വിധത്തിൽ ഹേമദണ്ഡം ചെയ്യുന്നതു കണ്ട് ലോക്കപ്പിലെ തടവുകാർ ഭീതിദരായി വിറച്ചു’ എന്നാണ് ബഷീർ എഴുതുന്നത്. രാഷ്ട്രീയ തടവുകാരിലെ ഒരു ചെറുപ്പക്കാരൻ (അത് ബഷീർ തന്നെയാകാം) വിളിച്ചുപറഞ്ഞു: ‘അയ്യോ, നിർത്ത്, നിർത്ത് ! എന്തൊരു ദ്രോഹമാണിത്.’

പരിഹാസത്തോടെ ആയിരുന്നു പോലീസുകാരുടെ മറുപടി. ‘ഉപദേശിക്കേണ്ട, ഞങ്ങൾക്കറിയാം, നിങ്ങളൊക്കെ കിടന്നുറങ്ങ്‌’.

നിർത്താൻ വിളിച്ചുപറഞ്ഞ യുവ തടവുകാരനോട് പഴക്കമുള്ള രാഷ്ട്രീയ തടവുകാരിൽ ഒരാൾ പറയുന്നത് അന്നത്തെ ലോക്കപ്പുകളുടെ പൊതു ചിത്രമാണ്.

‘നിങ്ങൾ ചെറുപ്പം, ആദ്യ തടവ്, ഞാൻ 22 ലോക്കപ്പിൽ കിടന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ, ഭൂഗോളത്തിലെ രാജ്യങ്ങളിലെല്ലാം കൂടി എത്ര ലോക്കപ്പ്? ഓർത്തോളൂ, എല്ലാറ്റിലെയും സ്ഥിതി ഇതാണ്...!

മറ്റെല്ലാവരും ഉറങ്ങി. യുവ രാഷ്ട്രീയത്തടവുകാരന് ഉറങ്ങാൻ കഴിഞ്ഞില്ല. അയാൾ ഭിത്തിയിൽ ചാരി പായയിൽ ഇരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. കുറേക്കഴിഞ്ഞു ഹെഡ്‌കോൺസ്റ്റബിൾ വന്നു ചോദിച്ചു: ‘ഉറങ്ങിയില്ലേ, എന്തിനു കരയുന്നു?’

എന്നിട്ട്‌, മർദ്ദനമേറ്റയാൾ ചെയ്ത കുറ്റങ്ങൾ വിവരിച്ചു. ഒടുവിൽ പറയുന്നു: ‘ഇവൻ ചെയ്തത് വെറും ദാരിദ്ര്യം കൊണ്ടല്ല. ഇവന്റെ അച്ഛന് ജോലിയുണ്ട്. ഒരു പൊലീസുകാരനാണ്. ഞങ്ങളുടെ സഖാവിന്റെ മകൻ...’

ബഷീർ കഥ അവസാനിപ്പിക്കുന്നു: ‘മൂലയിൽ ഇരിക്കുന്ന യുവാവിന്റെ വായിൽനിന്നു ചോര ചെമന്ന കമ്പി പോലെ വീണുകൊണ്ടിരുന്നു. ദൈവം തമ്പുരാനേ... പൊലിസുകാരന്റെ മകൻ!’

ഇന്നും നമ്മൾ പല ലോക്കപ് മർദന വാർത്തകളും വായിക്കുമ്പോൾ ബഷീറിന്റെ ഈ കഥയും ആ കാലവും ഓർത്തുപോകും. കാലം മാറി, പക്ഷേ എല്ലാം മാറിയോ? 

English Summary: ‘Policekarante Makan’ short story by Vaikom Muhammad Basheer in the context of Kerala custodial death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;