ADVERTISEMENT

നൊബേൽ സമ്മാന ജേതാവിന്റെ മാസ്റ്റർപീസ് വായിക്കാനുള്ള കാത്തിരിപ്പിന് ഈ വർഷം സാഫല്യം. 2019 ൽ നൊബേൽ നേടിയ പോളിഷ് എഴുത്തുകാരി ഓൾഗ തൊക്കാർചുക്കിന് വധഭീഷണി വരെ നേരിടേണ്ടിവന്ന നോവൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച് ഏഴു വർഷത്തിനുശേഷമാണു ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യുന്നത്. ഇക്കഴിഞ്ഞ 7 വർഷം നോവലിന്റെ വിവർത്തനം തുടരാൻ കാരണം വലുപ്പം തന്നെ; 1100 പേജുകളിലധികം. ഇതിഹാസ കഥയാണ് ഓൾഗ പറയുന്നത്. ദ് ബുക് ഓഫ് ജേക്കബ് എന്ന പേരിൽ. പുരസ്കാരം പ്രഖ്യാപിക്കവെ, നൊബേൽ പുരസ്കാര സമിതിയാണ് ഈ നോവലിനെ ഓൾഗയുടെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിച്ചത്. അന്നുമുതലേ പുസ്തകം വായിക്കാനുള്ള കാത്തിരിപ്പിലായിരുന്നു പോളണ്ടിനു പുറത്തുള്ള സാഹിത്യപ്രേമികൾ. ഈ വർഷം നവംബറിൽ ബ്രിട്ടനിൽ നോവൽ പ്രസിദ്ധീകരിക്കും; 2022 ൽ അമേരിക്കയിലും. ഓൾഗയുടെ മറ്റു പുസ്തകങ്ങൾ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയ ജെന്നിഫർ ക്രോഫ്റ്റ് തന്നെയാണ് ഇതിഹാസകഥയും ഏഴു വർഷത്തോളമെടുത്ത് വിവർത്തനം ചെയ്തിരിക്കുന്നത്. 

 

18–ാം നൂറ്റാണ്ടിൽ പോളണ്ടിൽ ജീവിച്ചിരുന്ന ജേക്കബ് ഫ്രാങ്ക് എന്ന മതനേതാവിന്റെ വിവാദ ജീവിതമാണ് ദ് ബുക് ഓഫ് ജേക്കബ് പറയുന്നത്. ഫ്രാങ്കിസ്റ്റ് എന്ന കൂട്ടായ്മ രൂപീകരിച്ച്, കിഴക്കൻ യൂറോപ്പിലെ യഹൂദരുടെ മോചനത്തിനുവേണ്ടി വാദിച്ച അദ്ദേഹം ധാർമികവും സദാചാരവുമായ എല്ലാ നിയമങ്ങളും ലംഘിക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. സ്വതന്ത്ര ലൈംഗിക ബന്ധം ഉൾപ്പെടെയുള്ള ആശയങ്ങളുടെ പേരിൽ‌ ജേക്കബും അനുയായികളും ക്രൂരമായി വേട്ടയടപ്പെട്ടു,  പീഡിപ്പിക്കപ്പെട്ടു. ഒടുവിൽ ജേക്കബ് അനുയായികളുമായി കത്തോലിക്ക മതത്തിൽ ചേർന്നു. എന്നാൽ സ്വന്തം വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത നേതാവായതോടെ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ 10 വർഷം ജയിലിലടച്ചു. എന്നാൽ തടവു കഴിഞ്ഞ് അദ്ദേഹം പുറത്തുവന്നത് രക്ഷകൻ എന്ന വിശേഷണത്തോടെയായിരുന്നു. 

 

ജേക്കബിന്റെ കഥ ഓൾഗ പറയുന്നത് അദ്ദേഹത്തിന്റെ അനുയായികളുടെ കണ്ണുകളിലൂടെ മാത്രമല്ല; എതിരാളികളുടെ കണ്ണിലൂടെയുമാണ്. ശൈലിയിലെ ഈ പ്രത്യേകത കൂടിയാണ് നോവലിനെ സവിശേഷമാക്കുന്നത്. താൻ ജീവിച്ചിരുന്ന കാലത്തിലെ യാഥാസ്ഥിതിക വിശ്വാസങ്ങൾക്കും അംഗീകരിക്കപ്പെട്ട നേതൃത്വത്തിനും എതിരെ നിരന്തരമായി ശബ്ദമുയർത്തിയ വിമത ജീവിതം എല്ലാ വൈരുധ്യങ്ങളോടും സങ്കീർണതകളോടും കൂടിയാണ് ഓൾഗ പറയുന്നത്. 2014 ൽ പോളണ്ടിൽ പ്രസിദ്ധീകരിച്ച കൃതി ഓൾഗയ്ക്ക് നേടിക്കൊടുത്തത് രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ നൈക്ക് അവാർഡ്; ഒപ്പം വധഭീഷണിയും. ചരിത്രം ചികഞ്ഞാൽ പോളണ്ട് നടത്തിയ ക്രൂരകൃത്യങ്ങളുടെ കഥകളും കണ്ടെത്താമെന്ന ഓൾഗയുടെ പരാമർശം അവർക്ക് ഒട്ടേറെ ശത്രുക്കളെ നേടിക്കൊടുത്തു. ചരിത്രത്തെ വീണ്ടും നിഷ്പക്ഷമായി വായിക്കാനാണു താൻ ശ്രമിച്ചതെന്നു വിശദീകരിച്ചെങ്കിലും ഓൾഗയ്ക്കെതിരെയുള്ള എതിർപ്പ് കുറഞ്ഞില്ല. അന്നുമുതൽ സ്വകാര്യ സുരക്ഷാ സേനയാൽ ചുറ്റപ്പെട്ടാണു ജീവിതം. തന്റെ വാക്കുകൾ പിൻവലിക്കാനോ മാപ്പു പറയാനോ അവർ ഇതുവരെ തയാറായിട്ടുമില്ല. 

 

2018–ൽ ഫ്ലൈറ്റ്സ് എന്ന നോവലിന് ബുക്കർ സമ്മാനം ലഭിച്ചതോടെയാണ് ഓൾഗയെ ലോകം കൂടുതലായി അറിയുന്നത്. തൊട്ടുപിന്നാലെ നൊബേൽ സമ്മാനം കൂടി ലഭിച്ചതോടെ പുതിയ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരി എന്ന അംഗീകാരത്തിന്റെ നിറവിലാണ് 59 വയസ്സുള്ള എഴുത്തുകാരി. ഏറ്റവും പുതിയ കാലത്തിന്റെ ചടുലവും തീക്ഷ്ണവുമായ എഴുത്തും പേടിയില്ലാതെ ചരിത്രം കൈകാര്യം ചെയ്യുന്നതും പരിസ്ഥിതി സംരംക്ഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രമേയമാക്കുകയും ചെയ്യുന്ന ഓൾഗയുടെ ഭാഷ  ചിലയവസരങ്ങളിൽ‌ കവിത പോലെ സാന്ദ്രവുമാണ്. ഇംഗ്ലിഷ് കവി വില്യം ബ്ലേക്കിന്റെ ആരാധികയായ അവരുടെ ഒരു നോവലിന്റെ പേര് തന്നെ ബ്ലേക്കിന്റെ കവിതയിലെ ഒരു വരിയാണ്–ഡ്രൈവ് യുവർ പ്ലോ ഓവർ ദ ബോൺസ് ഓഫ് ദ് ഡെഡ്. 

 

English Summary: The Books of Jacob Novel by Olga Tokarczuk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com